01-02-20

ഫെബ്രുവരിയിലെ ആദ്യ നവ സാഹിതിയിലേക്ക് എല്ലാ സഹൃദയർക്കും ഹൃദ്യമായ സ്വാഗതം..🙏🌹🌹🙏
പഴയതൊക്കെയും ....!
സുരേഷ് കുമാർ.ജി

പഴയതൊക്കെയും കുമിഞ്ഞു കൂടിയീ
സ്ഥലം മുഴുവനും മെനക്കെടുത്തവേ
പഴയതായൊന്നും കളയുവാനാവാ-
തൊടുവിലിങ്ങനെയിരിക്കയാണു ഞാൻ
പഴയതോ,വിറ്റുതുലയ്ക്കയാവും,നന്നെ-
ന്നധികവും ജനം പറയുമെങ്കിലും
പഴയതൊന്നും വിറ്റൊഴിക്കുവാനാവാ
തെവിടെയും തോറ്റു മടങ്ങിടുന്നൊരാൾ
തിരികെയെത്തുവാനൊരു വസന്തമി-
ല്ലൊഴുകുവാനിനി പുഴകളി,ല്ലെന്നാൽ
ഒരിക്കലത്രമേൽ പ്രിയതരങ്ങളായ്
കരുതിയോമനിച്ചിരുന്നതാണവ
പഴയ കൂട്ടുകാർ, പഴയ കാമുകി
പഴകുമോർമ്മകൾ, പഴയ പാട്ടുകൾ
പഴയ വാർഷികപ്പതിപ്പുകൾ, ജീർണ്ണി-
ച്ചൊടുങ്ങിയ കുറേ പഴയ പുസ്തകം
പഴകിപ്പിഞ്ചിപ്പൊയ്ക്കഴിഞ്ഞുവെങ്കിലും
ഒരിക്കൽ നെയ്തൊരാ കനവിൻ നൂലുകൾ
പ്രണയം പോലെന്നോ മുഷിഞ്ഞു പോയൊരാ
മൊഴികളിൽ മഴ നനഞ്ഞ സന്ധ്യകൾ
പഴയ ജാലകവിരികൾ ,ഉന്മാദം
സ്ഖലിച്ചിരുന്ന നിൻ മിഴികൾ,ജീവിത
മൊഴുകിപ്പോയൊരപ്പുഴകൾ,ആയിരം
നിറങ്ങളിൽ പൂത്തുമലർന്ന കാടുകൾ
ഒടുവിലീ വഴിയരികിലിങ്ങനെ
പഴയ കൗതുകം നിരത്തിവെയ്ക്കവെ
തിരിഞ്ഞു നോക്കാതെ കടന്നു പോകുന്നു
എവിടേയ്ക്കോ പാഞ്ഞങ്ങകലും ജീവിതം ...!

സർഗ്ഗാത്മകം
ഗീതു പൊറ്റെക്കാട്ട്

കണ്ണിൽ കവിതയുടെ നീല ഞരമ്പുകളുള്ള
ഒരമ്മക്കിളിയായിരുന്നു  ഞാൻ..
എന്റെ വായ്പാട്ടിൻ കുളിരേറ്റ്
ഋതു മാറി വിരിഞ്ഞ
നേരറിവായിരുന്നു, മകൻ...
അവൻറെ നെഞ്ചിൽ കനത്തു
കിടന്ന ഇളം പച്ച മറുകിൽ
മറഞ്ഞിരുന്ന ഒരു കാട്
എന്നെ നോക്കി പുഞ്ചിരിച്ചു
അവന്റെ കൈരേഖകളിൽ
പതഞ്ഞൊഴുകുന്ന പുഴകൾ...
അവന്റെ കണ്ണിമകളിൽ
പെയ്തു തീർന്ന ഏതോ
സുന്ദര മഴയുടെ
ചിറകുകൾ  അഭയം തേടിക്കൊണ്ടിരുന്നു
അവന്റെ കാൽവണ്ണയിൽ
പറ്റി നിന്ന മണ്ണിന്
ചോരയുടെ നിറമായിരുന്നു
അവന്റെ കാലടികളിൽ
വെട്ടിയും നിരത്തിയും,
കൊന്നും വെന്നും
ഉണങ്ങി വരണ്ട് ഭൂതകാലം
കയ്ച്ച് കയ്ച്ച് കറുത്തു കിടന്നു
അവന്റെ മിഴിയാഴങ്ങളിൽ
കത്തിനിന്ന ചുവന്ന സൂര്യൻ
എന്നെ ഭയപ്പെടുത്തി...
അവന്റെ പരന്ന നെറ്റിത്തടം
ശലഭങ്ങൾക്ക് അതിരില്ലാത്ത
ആകാശമായിരുന്നു...
കാറ്റിലാടിയുലഞ്ഞ
മുടിയിഴകൾക്ക്
കവിതയുടെ നീല നിറം  കണ്ട്
ഞാൻ അതിശയിച്ചു...
അവിടെ പൂക്കുന്ന കവിതയ്ക്കും
കായ്ക്കുന്ന കവിതയ്ക്കും
തളിർക്കുന്ന കവിതയ്ക്കും
ഒരേ ചേല്!!!
വാളുമായവരിങ്ങെത്തും മുമ്പ്
ചുട്ടു ചാമ്പലാക്കും മുമ്പ്
ചവിട്ടിയരക്കും മുമ്പ്
മകനേ...,നെഞ്ചേറ്റുക..
നന്മ മരമായ് പൂത്തുലയാൻ
പാലരുവിയായ് നിലതെറ്റി ഒഴുകാൻ
തോരാമഴയായ് പെയ്തൊഴിയാൻ
അതിരെഴാവാനിൽ
 ശലഭമായ്‌ ഉയരാൻ
 ഈ അമ്മയെ കൂടി
 നിന്നിലെ കവിതയായ് അണിയൂ..

അവള്‍ വളരെ ക്ഷീണിതയാണ്
അനീഷ് ഫ്രാൻസിസ്

“നിങ്ങള്‍ക്ക് എത്ര കുട്ടികളുണ്ട് ?”
ഡോക്ടര്‍ മുന്നിലിരുന്ന യുവതിയോട് ചോദിച്ചു.അവളുടെ ഭര്‍ത്താവാണ് മറുപടി പറഞ്ഞത്.
“അഞ്ചു കുട്ടികള്‍ ഡോക്ടര്‍...”
അത് പറയുമ്പോള്‍ അയാളുടെ കണ്ണില്‍ ഒരു ജേതാവിന്റെ ചിരിയുണ്ടായിരുന്നു.
“നാല് കുട്ടികളും ,സ്കൂളില്‍ പോയിരിക്കുകയാണ്..ഇളയ കുട്ടിക്ക് ഒരു വയസ്സ് കഴിഞ്ഞതെയുള്ളൂ..വീട്ടില്‍ വേലക്കാരിയുണ്ട്.അവരെ ഏൽപ്പിച്ചാണ് ഞങ്ങള്‍ വന്നത്.”
അയാള്‍ തുടര്‍ന്നു.
അവള്‍ ഒന്നും മിണ്ടിയതേയില്ല.ചത്ത മീനിന്റെ കണ്ണുകള്‍ പോലെ ,വികാരരഹിതമായ് അവള്‍ ഡോക്ടറുടെ മുഖത്തേക്ക് നോക്കി.അതിനുശേഷം പുറത്തേക്കും.പുറത്തു വെളുത്ത കെട്ടിടങ്ങളില്‍ ,നഗരത്തിന്റെ ഉച്ച നേരം എരിയുന്നു.
“എത്ര നാളായി ഇങ്ങനെ തുടങ്ങിയിട്ട് ?” ഡോക്ടര്‍ വീണ്ടും  ചോദിച്ചു.
“ഒരു അഞ്ചു  കൊല്ലമായി ..” യുവതി ഓര്‍മ്മകളില്‍ ശ്രമപ്പെട്ടു പരതിയതിനു ശേഷം പറഞ്ഞു.
ഡോക്ടറുടെ പുരികക്കൊടികള്‍ ഉയര്‍ന്നു.
“എന്ത് ..അതെന്താ ഇത്രയും നാള്‍ വച്ച് കൊണ്ടിരുന്നത്...?” ഒരു രണ്ടു നിമിഷത്തിനുശേഷം ഡോക്ടര്‍ ചോദിച്ചു.ഒരു സൈക്യാട്രിസ്റ്റായത് കൊണ്ടാവാം , ശബ്ദമുയരാതിരിക്കാന്‍ അദ്ദേഹം ശ്രമിച്ചു.ഡോക്ടര്‍ ചോദിച്ചു തീരുന്നതിനു മുന്‍പ് ഭര്‍ത്താവ് ഇടപെട്ടു.
“ഡോക്ടറെ,തിരക്കിനിടയില്‍ ഞാന്‍  അത് വലിയ കാര്യമാക്കിയില്ല.മാത്രമല്ല ഇത് വലിയ ഇഷ്യൂ ആണെന്ന് എനിക്ക് തോന്നുന്നുമില്ല...ഇത് പിന്നേം മൂത്ത മോളുടെ നിര്‍ബന്ധം കാരണാ ഞങ്ങള്‍ ഇന്ന് ഡോക്ടറെ കാണാന്‍ വന്നത്...” അയാള്‍ പറഞ്ഞു.
ഡോക്ടര്‍ ആ യുവതിയെ വീണ്ടും നോക്കി.
ക്ഷീണിച്ച ശരീരം.അവളുടെ നഷ്ടപ്പെട്ട ഉറക്കം കറുത്ത വലയങ്ങളായി കണ്ണുകൾക്ക് കീഴെ കൂട് കൂട്ടിയിരിക്കുന്നു.ഈ നിമിഷവും അവള്‍ ഉറക്കംതൂങ്ങുന്നുണ്ടെന്ന് അദ്ദേഹത്തിനു തോന്നി.
“എപ്പോഴാണ് ഈ  കരച്ചില്‍ വരുന്നത് സാധാരണയായി ?”
“ചിലപ്പോള്‍ ,പുലര്‍ച്ചെ എഴുന്നേറ്റു അടുക്കളയില്‍ ജോലി ചെയ്യാന്‍ തുടങ്ങുമ്പോള്‍ ".അവള്‍ പറഞ്ഞു തുടങ്ങി..”
“എപ്പോള്‍ എഴുന്നേല്‍ക്കും ?”ഡോക്ടര്‍  ചോദിച്ചു.
“വെളുപ്പിന്  രണ്ടരക്ക് ..”അവള്‍ പറഞ്ഞു.
ഡോക്ടര്‍ ഒന്ന് ഞെട്ടിയെന്നു തോന്നുന്നു.അത് കണ്ടിട്ടാവണം ഭര്‍ത്താവ് വിശദീകരിച്ചു.
“അവള്‍ക്ക് എറണാകുളത്താ ജോലി.വെളുപ്പിനെ വഞ്ചിനാടിനു പോയാലെ ഓഫീസില്‍ ഒരു പത്തു മണിക്ക് എത്താന്‍ പറ്റൂ.”
അഞ്ചു കുട്ടികള്‍ .പകലത്തെ ജോലി.രാവിലെ എഴുന്നേല്‍ക്കണം.ഭര്‍ത്താവിനും അഞ്ചു കുട്ടികള്‍ക്കും കഞ്ഞിയും കറിയും മറ്റും റെഡിയാക്കണം.പിന്നെ ട്രെയിനില്‍ രാവിലെയും വൈകുന്നേരവും നാല് മണിക്കൂര്‍ വീതം നീണ്ട യാത്ര.
“സര്‍ക്കാര്ജോലിയാ ഡോക്ടറെ . കളയാന്‍ പറ്റുമോ?”ഭര്‍ത്താവ് വീണ്ടും  പറഞ്ഞു.
ഡോക്ടര്‍ അയാളെ നോക്കി ഒന്ന് ചിരിച്ചു.
“ഒന്ന് പുറത്തിരിക്കുമോ ..ഞാന്‍ പേഷ്യന്റുമായി ഒന്ന് തനിച്ചു സംസാരിക്കട്ടെ..”ഡോക്ടര്‍ സൗമ്യമായി പറഞ്ഞു.അയാള്‍ എഴുന്നേറ്റു പുറത്തേക്ക് പോയി.എങ്കിലും ആ ഇഷ്ടക്കേടു  മുഖത്ത് കാണാമായിരുന്നു.
അയാള്‍ ഡോക്ടറുടെ മുറിയുടെ വെളിയില്‍ നിരന്നുകിടന്ന കസേരകളിലൊന്നില്‍ പോയി ഇരുന്നു.അതിനു ശേഷം മൊബൈല്‍ എടുത്തു യൂടൂബ് തുറന്നു.ഫിറോസ്‌ ചുട്ടിപറമ്പില്‍ ടര്‍ക്കി കോഴിയെ കറി വയ്ക്കുന്ന വീഡിയോ കാണാന്‍ തുടങ്ങി.മസാല തയ്യാറാക്കുന്നതും മറ്റും കണ്ടുകൊണ്ടിരുന്നപ്പോള്‍ അയാളുടെ വായില്‍ വെള്ളമൂറി. തിരിച്ചു പോകുന്ന വഴി കുറച്ചു കോഴിയിറച്ചി വാങ്ങണം. അയാള്‍ മനസ്സില്‍ ഉറപ്പിച്ചു.അപ്പോള്‍ അയാളുടെ അടുത്തേക്ക്  ഒരു പ്ലേറ്റിൽ ലഡുവുമായി ഒരു നഴ്സ്  നടന്നു വന്നു.
“ഇന്നെന്റെ ഹാപ്പി ബര്‍ത്ത്ഡേയാ കേട്ടോ...”ലഡ്ഡു നീട്ടി കൊണ്ട് അവര്‍ പറഞ്ഞു.
“താങ്ക്യൂ..”
“ആരാ വൈഫാണോ അകത്ത്?” നഴ്സ് ചോദിച്ചു.വല്ലാത്ത ഒരു ആര്‍ത്തിയോടെ അയാള്‍ ലഡ്ഡു കടന്നെടുക്കുന്നതും ഞെരിച്ചു പൊട്ടിച്ചു വായിലിടുന്നതും അവര്‍ ശ്രദ്ധിച്ചു.
“അതെ...”ലഡ്ഡു തിന്നുന്നതിനിടയില്‍ അയാള്‍ പറഞ്ഞു.
“എന്ത് പറ്റി..?”
“ഓ ,ഒന്നുമില്ലെന്നെ..അവള്‍ക്ക് അങ്ങനിരിക്കുമ്പോള്‍ കരച്ചില്‍ വരുവാ..പ്രത്യേകിച്ച് കാരണം ഒന്നുമില്ലാതെ...പിന്നെ പിള്ളാരോട് ഒക്കെ ഭയങ്കര ദേഷ്യം..എന്റെ അടുത്ത് ദേഷ്യപ്പെടാന്‍ പറ്റത്തില്ലല്ലോ...ഞാന്‍ നല്ല വീക്ക് വച്ച് കൊടുക്കും എന്ന് അവള്‍ക്കറിയാം..” അയാള്‍ വികൃതമായി ചിരിച്ചുകൊണ്ട് പറഞ്ഞു.
നഴ്സ് അതിനു മറുപടി ഒന്നും പറഞ്ഞില്ല.അവര്‍ ചിരിച്ചതേയുള്ളൂ. രോഗികളോടും കൂടെ വരുന്നവരോടും മാന്യമായി പെരുമാറണം എന്ന് അവരോട് ആശുപത്രി മാനേജ്മെന്റ് വാണിംഗ് കൊടുത്തിരുന്നു. ഒരിക്കല്‍  തന്റെ അമിതവണ്ണത്തെ കളിയാക്കിയ ഒരു രോഗിയെ തല്ലിയതിനായിരുന്നു  അവര്‍ക്ക് വാണിംഗ് കിട്ടിയത്.
“സൂസി ..പ്ലീസ് കം..”ഡോക്ടര്‍ അകത്തു നിന്ന് വിളിക്കുന്നത്‌ കേട്ടപ്പോള്‍ നഴ്സ് വേഗം ചെന്നു.
ഡോക്ടറുടെ മുന്‍പിലിരുന്ന  യുവതി തല കുനിച്ചിരുന്നു വിതുമ്പുന്നു.
“മെഡിസിന്‍ കൊടുത്തിട്ട് കുറച്ചു നേരം ഒബ്സര്‍വേഷനില്‍ വയ്ക്കാം...”ഡോക്ടര്‍ കേസ് ഷീറ്റ് സൂസിക്ക് നല്‍കി.
കേസ്ഷീറ്റിലെ ഡിപ്രഷന്‍ എന്ന വാക്കിന്റെ മുകളിലേക്ക് ലഡ്ഡുവിന്റെ പൊടി വീണു.അത് തുടച്ചു  കളഞ്ഞതിനു ശേഷം സൂസി ആ യുവതിയുടെ കൈ പിടിച്ചു വാര്‍ഡിലേക്ക് നടന്നു.
അപ്പോള്‍ അയാള്‍ മുറിയിലേക്ക് കയറി വന്നു.
“അയ്യോ ഡോക്ടര്‍..അവളെ കെടത്തിയാ ശരിയാകില്ല..ഞങ്ങള്‍ ചെന്നിട്ടു വേണം വേലക്കാരിയെ പറഞ്ഞു വിടാന്‍..എളേ കൊച്ചിനെ നോക്കണമെങ്കില്‍  അവള്‍ തന്നെ വേണം..” തിരികെ പോകുന്ന വഴിക്ക് കോഴിയെ മേടിക്കുന്ന കാര്യം മാത്രം  അയാള്‍ പറഞ്ഞില്ല.
“ഇപ്പോ മെഡിസിന്‍ കൊടുക്കും..അതിനു ശേഷം ഒരു മൂന്നു മണിക്കൂര്‍ ഒബ്സര്‍വേഷന്‍...അത് കഴിഞ്ഞാല്‍ പോകാം.ബട്ട് ഒരു കാര്യം..അവളുടെ കാര്യത്തില്‍ നിങ്ങള്‍ക്ക് കൂടുതല്‍ കരുതലും ശ്രദ്ധയും വേണം..അല്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ടു പോകും.”
ഇപ്രാവശ്യം ഡോക്ടറുടെ ശബ്ദം ശാന്തമല്ലായിരുന്നു.
“അവള്‍ വളരെ ക്ഷീണിതയാണ്.” അദ്ദേഹം കൂട്ടിചേര്‍ത്തു.
ആ തടിച്ച നഴ്സിനൊപ്പം നടക്കുന്ന തന്റെ ഭാര്യയെ അയാള്‍ ഇച്ഛാഭംഗത്തോടെ നോക്കി.
"ഇന്ന് എന്റെ പിറന്നാളാ..”
കട്ടിലില്‍ ബെഡ് ഷീറ്റ് വിരിക്കുന്നതിനിടയില്‍ സൂസി അവളോട്‌ പറഞ്ഞു.
“ഇന്ന് ആദ്യമായി പരിചയപെടുന്ന ഒരാള്‍ക്ക് , അവര്‍ ചോദിക്കുന്ന,എനിക്ക് ചെയ്തു കൊടുക്കാന്‍ പറ്റുന്ന കാര്യം ഞാന്‍ ചെയ്തു കൊടുക്കും.കുട്ടിക്കാ ആ ചാന്‍സ്.പറഞ്ഞോ..എന്താ വേണ്ടേ..”സൂസി ഉത്സാഹത്തോടെ ചോദിച്ചു.
“എനിക്ക് കുറെ നേരം ഉറങ്ങണം.എന്നെ ഉടനെ വിടാതിരിക്കാന്‍ പറ്റുമോ ?”
“എത്ര നേരം ഉറങ്ങണം..?”സൂസി ചോദിച്ചു.
“ഒരു രാത്രി.ഒരു പകല്‍.”ഒരിക്കലും നടക്കാത്ത ഒരു കാര്യം പറയുംപോലെ അവള്‍ പറഞ്ഞു.
“ഷുവര്‍.അത് ഞാന്‍ കൈകാര്യം ചെയ്തോളാം.ധൈര്യമായി കിടന്നോളൂ..”
അവള്‍ ശാന്തമായി ഉറങ്ങുന്നതു സംതൃപ്തിയോടെ  നോക്കി സൂസി അവളുടെ അരികില്‍നിന്നു.

അവനെവിടെ ?
മുനീർ അഗ്രഗാമി

ചെരിഞ്ഞു കിടക്കുന്നു
മേശമേൽ
ഒരു പ്ലാസ്റ്റിക്ക് കുപ്പി
നാല് കടലാസ്ച്ചുരുളുകൾ
നല്ല നേരത്തിന്റെ
വികൃതമാമോർമ്മ പോൽ
പാറാനാവാതെയിരിക്കുന്നു
ക്രമം തെറ്റിയ കസേരയിൽ
ആരെയും സ്വീകരിക്കുവാൻ
ശൂന്യതയുടെ മനസ്സുണർന്നിരിക്കുന്നു
പത്രം
അരുംകൊലകളുടെ
രക്താക്ഷരങ്ങളിൽ ചുവന്ന്
നിലത്ത് മലർന്നു കിടക്കുന്നു
തുറന്ന ജനലിന്റെ
തുറന്ന മനസ്സിലൂടെ
സൂര്യൻ പടിഞ്ഞാട്ടു പോകുന്നു
അതു കാണുവാൻ അവനെവിടെ ?
ഏറെത്തണുത്ത ചോദ്യം
കാറ്റേറ്റെടുക്കുന്നു
അവനെത്തിരഞ്ഞ്
തെരുവിലും ജയിലിലും ചെല്ലുന്നു
അതിരുകാക്കും മരത്തിന്റെ
ഇലയടർത്തി ചോദിക്കുന്നു
അവന്റെ ആത്മാവിലൊളിച്ചവൾ
ആദ്യമായ്
അവനെത്തിരഞ്ഞ്
പുറത്തേക്കൊഴുകി വന്നു
അലിഞ്ഞിട്ടും
അവളവനെ കണ്ടില്ല
അവനുണ്ടായിരുന്നതിൻ രേഖകൾ
ആ മേശയിലില്ല
ആ കസേരയിലില്ല
ആ കടലാസിലില്ല
പക്ഷേ
ഇല്ലാതിരിക്കുമോ?
ഉപേക്ഷിക്കപ്പെട്ട നിലയിൽ
ഒരൊച്ചയെങ്കിലും അവൻ
ബാക്കി വെച്ചിട്ടുണ്ടാവണം!
മറ്റൊരാളെ ഓർത്തുള്ള
നിശ്വാസമെങ്കിലും
എവിടെയോ തങ്ങിനിൽപുണ്ടാവണം

കുട്ടിക്കാലത്തെ കയ്യിലിരുപ്പുകള്‍..
പ്രസാദ് പഴുവിൽ

എന്‍റെ കുട്ടിക്കാലത്ത്
മാവുംതോപ്പിലെ കുടുംബങ്ങളുടെ റവന്യൂ വരുമാനമൊക്കെ വളരെ കമ്മിയായിരുന്നതിനാല്‍ കുട്ടികളുടെ പുറം ചെലവുകള്‍ക്കുള്ള ഫണ്ടൊന്നും അച്ഛനമ്മമാര്‍ ബജറ്റുകളില്‍ വകയിരുത്തിയിരുന്നില്ല. കുട്ടികളുടെ ഏക ആദായമാര്‍ഗ്ഗം മാവുംതോപ്പില്‍ വീണുകിട്ടുന്ന കശുവണ്ടികളും പിന്നെ കൊല്ലത്തിലൊരിക്കല്‍ കിട്ടുന്ന വിഷുക്കൈനീട്ടവും മാത്രമായിരുന്നു. അതുകൊണ്ടെന്താവാന്‍?
ഐസ് ഫ്രൂട്ട് വാങ്ങാന്‍ പോലും തികയില്ല. പിന്നെയൊരു സാധ്യത കടയില്‍ പോയി വരുമ്പോള്‍ ബാക്കികിട്ടുന്ന നാണയത്തുട്ടുകളാണ്. പക്ഷേ അന്നൊക്കെ അമ്മമാര്‍ സാമ്പത്തീക ശാസ്ത്രത്തിലും
വാണിജ്യ ശാസ്ത്രത്തിലും
 അങ്ങാടി നിലവാരത്തിലുമൊക്കെ ഡോക്ടറേറ്റുള്ളവരായിരുന്നതിനാല്‍ ആ സാധ്യതയും വളരെ വളരെ വിരളമായിരുന്നു.
മിഠായിയും കളിസാധനങ്ങളും വാങ്ങാനും “തറ”ടിക്കറ്റെടുത്ത്
കീര്‍ത്തി ടാക്കീസില്‍ മാറ്റിനി കാണാനും മാര്‍ഗ്ഗമില്ലാതെ ഹൃദയമുരുകി നടന്നിരുന്ന കാലമായിരുന്നു അത്. വീട്ടില്‍ നിന്നും പൈസ മോഷ്ടിക്കാനുള്ള ധൈര്യം ഒരുകാലത്തും ഉണ്ടായിരുന്നില്ല. വീട്ടിലുള്ള മറ്റുള്ളവന്മാരൊക്കെ  മര്യാദാപുരുഷോത്തന്മാരായിരുന്നതിനാല്‍ ഏതെങ്കിലും തരത്തിലൊരു ശ്രമം നടത്തിയാല്‍പ്പോലും
ഞാന്‍ കയ്യോടെ പിടിക്കപ്പെടുമെന്നുറപ്പായിരുന്നു.          അതുകൊണ്ട് പൈസ ഡയറക്റ്റായി അടിച്ചുമാറ്റാതെ ഒരു “ഇന്‍ ഡയറക്റ്റ് " മെത്തേഡാണ്  ഞാന്‍ പലപ്പോഴും ശ്രമിച്ചു നോക്കിയിട്ടുള്ളതും  അത്യപൂര്‍വ്വമായ സന്ദര്‍ഭങ്ങളിലെങ്കിലും ഓപ്പറേഷന്‍ വിജയിപ്പിച്ചെടുക്കാനെനിക്ക് കഴിഞ്ഞിട്ടുള്ളതും.
         സംഗതി ബുദ്ധിപൂര്‍വ്വമായൊരു  സിമ്പിള്‍ ട്രിക്കാണ്. എവിടെയെങ്കിലും ചില്ലറപ്പൈസ  ഇരിക്കുന്നതുകണ്ടാല്‍ അതവിടെ നിന്നുമെടുത്ത്, അടുത്തുതന്നെയുള്ള, പെട്ടെന്നാരും കാണാത്ത, ഒരു സ്ഥലത്തേക്ക്  മാറ്റിവെയ്ക്കും. ഒന്നുരണ്ടു ദിവസത്തേക്ക് അന്വേഷണമൊന്നുമില്ലെങ്കില്‍
ഞാന്‍ സന്തോഷത്തോടെ ആ പൈസ കൈക്കലാക്കും. അഥവാ വീട്ടുകാര്‍ ആ  പൈസ അന്വേഷിക്കുകയാണെങ്കില്‍  അവരുടെ കൂടെച്ചേര്‍ന്ന്, സ്വയമൊരു മര്യാദാപുരുഷോത്തമനായവതരിച്ച്  പൈസയന്വേഷണത്തില്‍ ഊര്‍ജ്ജിതമായി പങ്കെടുക്കും,
സംഗതി കുഴപ്പത്തിലേക്ക് നീങ്ങുകയാണെന്നു കണ്ടാല്‍
“ആഹ് പൈസ ദേ ഇരിക്ക്ണ്, ഇവ്ടൊക്കെ കൊണ്ടെച്ചാല്‍ പിന്നെ എങ്ങന്യാ മനുഷ്യന്‍ കാണ്വാ, ഒരു സാധനം എടുത്തുവെയ്ക്കുമ്പോള്‍ കാണണോടത്ത് വെയ്ക്കെണ്ടേ!” 
എന്നൊക്കെ പറഞ്ഞ് ആ പൈസ എടുത്ത് അവര്‍ക്ക് കൊടുത്ത് കുടംബത്തോടുള്ള എന്‍റെ ഉത്തരവാദിത്വബോധം തെളിയിക്കും. വളരെയേറെ ക്ഷമയോടെയും ശ്രദ്ധയോടും കൂടി എക്സിക്യൂട്ട് ചെയ്യേണ്ട ഒരു ഓപ്പറേഷനാണിത്. അഭിനയം അത്രയ്ക്കും പെര്‍ഫെക്റ്റ്‌ ആയിരിക്കണം. ആര്‍ക്കെങ്കിലും ചെറിയൊരു സംശയം തോന്നിയാല്‍ അതോടെ എല്ലാം തീരും. വീട്ടില്‍ മുഴുവന്‍ ചാരക്കണ്ണുകളാണ്, പ്രത്യേകിച്ചും സദാ എന്നെച്ചുറ്റി വലംവെയ്ക്കുന്ന പെങ്ങന്മാരുടെ കഴുകന്‍ കണ്ണുകള്‍. ഒറ്റയെണ്ണത്തി”നെന്നെ” വിശ്വാസമുണ്ടായിരുന്നില്ല!!
           മാറ്റിനി കാണാന്‍ പൈസ തികയാതെ വരുമ്പോള്‍ പിന്നെയെനിക്കു സമീപിക്കാവുന്ന ഒരാള്‍ക്കൂടിയുണ്ടായിരുന്നു.
പക്ഷെ വീട്ടിലറിഞ്ഞാല്‍ ആകെ കുഴപ്പമാകും. ഞങ്ങള്‍ തമ്മിലുള്ള ഇരിപ്പുവശം അങ്ങനെയായിരുന്നു. അന്ന് ഈ കക്ഷി ആളത്ര പൈസക്കാരനൊന്നുമായിരുന്നില്ല, അത്താഴം തന്നെ പൊത്തും
പിടിയുമായ ആളുകള്‍ക്കിടയിലല്ലേ താമസം. എന്നാലും എനിക്കു സിനിമ ടിക്കറ്റിനു തികയാതെ വരുന്ന ചില്ലറയൊക്കെ ആളുടെയടുത്തു പോയാല്‍ കിട്ടുമായിരുന്നു. “ഈയൊരു പ്രാവശ്യം കൂടി മാത്രം പൈസ കടം തന്നാല്‍ മതിയെന്നും, എത്രയും പെട്ടെന്ന് പലിശയടക്കം തിരിച്ചു തരാമെന്നും” ആളുടെത്തന്നെ തലയില്‍ത്തൊട്ടു സത്യം ചെയ്തിട്ടൊക്കെയാണ് പലപ്പോഴായി ഞാന്‍ പൈസ കടം വാങ്ങിയിട്ടുള്ളത്. പക്ഷേ, മിക്കവാറും സന്ദര്‍ഭങ്ങളില്‍ പലിശ പോയിട്ട് മുതല്‍ പോലും തിരിച്ചു കൊടുക്കാന്‍ സാധിച്ചിട്ടില്ല. എന്നു  മാത്രമല്ല വീണ്ടും വീണ്ടും പൈസ കടം ചോദിച്ചു ചെന്ന് ആളെ പരമാവധി ബുദ്ധിമുട്ടിക്കുകയും ചെയ്തിട്ടുണ്ട്. എന്നിട്ടും പുള്ളി ഒരിക്കലുമെന്നോട് പൈസ തിരിച്ചു ചോദിക്കുകയോ
 ആ ഒരു കാരണം കൊണ്ടെനിക്ക് എന്തെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകളുണ്ടാക്കുകയോ ചെയ്തിട്ടില്ല.
കുറെയൊക്കെ തിരിച്ചു കൊടുത്തിട്ടുണ്ടെങ്കിലും കടം മുഴുവനായി  കൊടുത്തു തീര്‍ക്കാന്‍ നാട്ടില്‍വെച്ചെനിക്ക് കഴിഞ്ഞിരുന്നില്ല. പിന്നീട് ഞാന്‍ ഗള്‍ഫിലൊക്കെ പോയി കൂടുതല്‍ കടക്കാരനായി 
തിരിച്ചു വന്നപ്പോള്‍, വേറെ മാര്‍ഗ്ഗമൊന്നുമില്ലാത്തതിനാല്‍, തിരിച്ചടവിനുള്ള അവധി കുറച്ചു കൂട്ടിച്ചോദിക്കാമെന്നു കരുതി. പക്ഷേ  അന്വേഷിച്ചു ചെന്നപ്പോള്‍ കക്ഷിയെ ആ പഴയസ്ഥലത്ത്‌ കാണാന്‍ സാധിച്ചില്ല, പലരോടുമന്വേഷിച്ചെങ്കിലും ആരില്‍ നിന്നും വ്യക്തമായ സൂചനകളൊന്നും ലഭിച്ചുമില്ല. എന്തായാലും പക്ഷേ, കടം വാങ്ങിയ മുതല്‍ തിരിച്ചു കൊടുത്തല്ലേ മതിയാവൂ. എന്‍റെ ഗതികേടുകൊണ്ട് കടം വാങ്ങുകയും പിന്നീട് ജീവിത  പ്രാരാബ്ധങ്ങള്‍ക്കൊണ്ട് വിചാരിച്ചപോലെ തിരിച്ചു കൊടുക്കാന്‍ സാധിക്കാതിരിക്കുകയും ചെയ്ത ആ ബാധ്യത, മുതലും പലിശയും ചേര്‍ത്ത് ഞാന്‍ തിരിച്ചു കൊടുക്കുക തന്നെ ചെയ്തു, കുറച്ചു വൈകിയിട്ടാണെങ്കിലും.
        കുറച്ചു വൈകിയിട്ട് എന്നുപറഞ്ഞാല്‍ എന്‍റെ വിവാഹത്തിനു ശേഷം. ഭാര്യവീട്ടുകാര്‍ കക്ഷിയുമായി വളരെ അടുപ്പമുള്ളവരാണെന്ന് വിവാഹത്തിനു ശേഷമാണ് ഞാനറിയുന്നത്.  രണ്ടാളും കൂടി ഒരുമിച്ച് ആളെ കാണാന്‍ പോകണമെന്ന് അവര്‍ ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ഇക്കാര്യത്തില്‍ ഭാര്യയ്ക്കായിരുന്നു കൂടുതല്‍ നിര്‍ബന്ധം, ഭര്‍ത്താവിനേയും കൂട്ടി കാണാന്‍ ചെല്ലാമെന്ന് അവള്‍ കക്ഷിക്ക് വാക്കുകൊടുത്തിട്ടുണ്ടത്രേ. എനിക്ക് അക്കാര്യത്തില്‍ എതിരഭിപ്രായമൊന്നുമുണ്ടായിരുന്നില്ല. ഒരു തരത്തില്‍ പറഞ്ഞാല്‍ എനിക്കു വളരെ ആശ്വാസമായെന്നും പറയാം. തിരിച്ചടവ് ഇത്ര വൈകിയതിനാല്‍  ആളെക്കാണാന്‍ പോകാനെനിക്ക് ചെറിയൊരു മന:പ്രയാസമുണ്ടായിരുന്നു. ഒരാളുകൂടി ഒപ്പമുണ്ടെങ്കില്‍ അത്രയും നല്ലതല്ലേ, പ്രത്യേകിച്ചും ആളുമായി വളരെ അടുപ്പമുള്ള ഒരാള്‍. പക്ഷേ, ഞങ്ങള്‍ തമ്മിൽ ഇങ്ങനെ ഒരിടപാടുണ്ടെന്നകാര്യം ഇതെഴുതുന്ന ഈ നിമിഷം വരെ ഞാന്‍ ആരോടും  പറഞ്ഞിട്ടില്ല. ആരോടെങ്കിലും പറയാന്‍ പറ്റിയ കാര്യം വല്ലതുമാണോ ഞാന്‍ ചെയ്തുവെച്ചിട്ടുള്ളത്?

വിവാഹത്തിരക്കുകള്‍ കഴിഞ്ഞ് ഒഴിവുകിട്ടിയ ഒരുദിവസം രണ്ടാളും കൂടി നേരെ ആളുടെ സ്വന്തം തട്ടകമായ  ഗുരുവായൂരിലേക്കു തന്നെ പോയി. ചുറ്റമ്പലം വലം വെച്ച് ശ്രീകോവിലിനു മുന്നില്‍ ദര്‍ശനത്തിനുള്ള വരിയുടെ  മുന്നിലെത്തിയപ്പോള്‍ മനസ്സില്‍ പ്രതിഷ്ഠിച്ചിരിക്കുന്ന ഉണ്ണിക്കണ്ണന്‍റെ കനക വിഗ്രഹം നേരിട്ടുകണ്ട  അനിര്‍വചനീയമായ നിര്‍വൃതിയോടെ എന്‍റെ നല്ലപാതി, എല്ലാം മറന്ന്  ഉണ്ണിക്കണ്ണനെ കേശാദിപാദം തൊഴുതു നില്‍ക്കുന്ന നേരത്ത് ഞാന്‍ പതുക്കെ തിരക്കിനുള്ളിലൂടെ മുങ്ങാംകുഴിയിട്ട് പുറത്തു കടന്ന് എന്‍റെ കുട്ടിക്കാലത്തെ കളിക്കൂട്ടുകാരനുമായി  ആ പഴയ ഇടപാടുകള്‍ ആരുമറിയാതെ സൂത്രത്തില്‍ സെറ്റില്‍ ചെയ്തെടുത്തു. സമസ്താപരാധം ബോധിപ്പിച്ച് ഉപകാരസ്മരണയോടുകൂടി അങ്ങോട്ടുചെല്ലാനുള്ള തുക പലിശയടക്കം അമ്പലത്തിലെ ഭണ്ടാരത്തില്‍ സ്വന്തം കൈകൊണ്ടു തന്നെ സമര്‍പ്പിച്ചു.
                        വീട്ടില്‍ പണ്ട് ഉണ്ണികൃഷ്ണന്‍റെ (ഗുരുവായൂരപ്പന്‍) ഒരു ചെറിയ പടം ഫ്രെയിം ചെയ്തു വെച്ചിരുന്നു. വീട്ടുകാരില്‍ പലരും ചെറിയ നേര്‍ച്ചകള്‍ക്കും വഴിപാടുകള്‍ക്കും ഉഴിഞ്ഞിടുന്ന നാണയങ്ങള്‍ ആ പടത്തിനു മുന്നിലാണ് സൂക്ഷിക്കുക പതിവ്. (അതായിരുന്നു അക്കാലത്ത് പുള്ളിയുടെ  ആകെ വരുമാനം. അതില്‍ നിന്നുമാണ്, ഞങ്ങള്‍ത്തമ്മിലുണ്ടായിരുന്ന അടുപ്പത്തിന്‍റെ പേരില്‍, ഞാന്‍ നാണയത്തുട്ടുകള്‍ അടിച്ചു മാറ്റിയിരുന്നത്.) പിന്നീട് വീട് പുതുക്കിയപ്പോള്‍, കേടുവന്ന ആ പഴയ ഫോട്ടോ അവിടെനിന്നും മാറ്റി.
(അവളെങ്ങാനും ഇക്കാര്യം അന്നറിഞ്ഞിരുന്നെങ്കില്‍ ഒരു ഡിവോഴ്സ് നോട്ടീസ് ഒപ്പിട്ടുവാങ്ങേണ്ട യോഗം എനിക്കു കൈവരുമായിരുന്നു എന്ന കാര്യത്തില്‍ എനിക്ക് യാതൊരു സംശയവുമില്ല.
ഇനി അബദ്ധത്തിലെങ്ങാനും ഈ കുറിപ്പ് വായിച്ചിട്ടിപ്പോഴെങ്ങാനും ....? ങ്...ഹൂം.... ഏയ്‌ ഇല്ല, കൊല്ലം പത്തുപതിനേഴായില്ലേ!!)
 
ഒറ്റാൽ
ഷീബ ദിൽഷാദ്

വെയിൽ
ഉരുകിയിറങ്ങിയ ഒരു പകലിൽ
ഉപമകൾ തേടി നടക്കുകയാണ് ഞാൻ..
പകൽ മുഴുവൻ നിന്നെക്കുറിച്ചോർത്ത്
നടന്ന ശേഷം,
നിന്നിൽ നിന്നും ഒളിച്ചോടുന്നതിന്...
പടർന്നു കിടന്ന വേരുകൾക്കിടയിൽ
ഒരു ഉപ്പൻ കുഞ്ഞ്
പതുങ്ങിയിരിക്കുന്നത് ഞാൻ കണ്ടു.
കുറച്ചു നേരം നിന്നെ മറന്നു
ഉപ്പനെ നോക്കിയിരുന്നു....
നീയപ്പോൾ ആറ്റിന്റെ അടിത്തട്ടിൽ
മണപ്പൂന്തയെ കുടുക്കാൻ ഒറ്റാൽ
കമിഴ്ത്തി വെക്കുകയായിരുന്നു...
എനിക്ക് അതിന്റെ പ്രാണന് വേണ്ടിയുള്ള
പിടപ്പ് കാണാൻ പറ്റില്ല
തലങ്ങും വിലങ്ങുമുള്ള
വാലിട്ടിളക്കവും..
നീ അവഗണിക്കുന്ന നേരമെല്ലാം
ഞാനും കഴുത്തറ്റം മുങ്ങിത്താണു....
കുറേ നേരം ചെളിവെളളത്തിൽ
ഇറങ്ങി നിന്ന്
എന്റെ തൊലി വലിഞ്ഞു.
മണപ്പൂന്തയെല്ലാം
വഴുതിപ്പോണേന്ന്,
ഒന്നിനേയും പിടിക്കാൻ പറ്റാതെ
നീ ഒറ്റാലെടുത്ത് വേങ്കാട്ടിലേക്ക്
വലിച്ചെറിയണേന്ന് ഞാൻ പ്രാർത്ഥിച്ചു.
ക്ഷമയുടെ
അലയില്ലാത്ത കടലായി
നിന്റെ നിഴലിപ്പോൾ.....
മറ്റൊരു ഒറ്റാൽ പോലെ
തലയും കഴുത്തും
ചേർന്നു കൂടി ഒരു ത്രികോണം ..
നിന്റെ വാക്കുകൾ പോലും
ത്രികോണരൂപത്തിൽ
തൊണ്ടയിൽ നിന്ന് താഴേയ്ക്കോ
ചെവിക്കകത്തു കൂടി
ഹൃദയത്തിലേക്കോ ഇറങ്ങാതെ....
വേരിന്റെ ഇടയിൽ നിന്നും ഉപ്പൻ
പൂവരശിന്റെ
ചാഞ്ഞു കിടക്കുന്ന കൊമ്പിലേക്ക്
ചാടിക്കയറി...
ഒരു വലിയ മണപ്പൂന്ത പുളയുന്നു
ഞാനാ കെണി തട്ടിയെറിഞ്ഞു.
നിന്റെ പൂച്ചമേനിയിൽ നിന്ന്
നഖം പുറത്തുചാടി
ചോരയൊലിച്ചിറങ്ങുന്ന
മീനുടലാണിപ്പോൾ ഉപമകൾ ...
നീ വലിച്ചെറിഞ്ഞ
ഒറ്റാലിനുള്ളിൽ നിന്നും
ഉപ്പൻ കുഞ്ഞിന്റെ കണ്ണ്
ആകാശത്ത്
ഒരു ചുവന്ന മുത്ത് പോലെ
കുറേ നേരം...
എന്റെ കടലിൽ
താഴ്ന്നു താഴ്ന്നു നീയും!!! 
 
കണ്ണാടി
സൂര്യ മനു

  കഞ്ഞിപ്പശ മുക്കി വടിവിൽ തേച്ച കോട്ടൺ സാരി ഭംഗിയായി ഞൊറിഞ്ഞുടുത്ത് കൃഷ്ണ കണ്ണാടിയിൽ നോക്കി. കൊള്ളാമെന്ന് കണ്ണാടി അവളെ നോക്കിച്ചിരിച്ചു. വലതു നെറ്റിക്കു മുകളിലായി തെളിഞ്ഞ വെള്ളിനൂലിഴ ഇരുവിരലുകളാൽ നീട്ടിയെടുത്ത് അവൾ പരിഭവത്തോടെ നോക്കി. കണ്ണാടി വീണ്ടും നിറഞ്ഞു ചിരിച്ചു.
  മുഖത്തു പൗഡറിട്ട് ചെറിയൊരു പൊട്ടുതൊട്ട് പുറത്തേക്കിറങ്ങും മുമ്പേ ഒരിക്കൽ കൂടി കൃഷ്ണ കണ്ണാടിയിൽ നോക്കി. വാതിലടയ്ക്കും മുമ്പായി കർട്ടനെയൊന്നു തലോടി. ഗേറ്റിനരികിലേക്കു നടക്കുമ്പോൾ തന്നെ നോക്കി തലയാട്ടിയ ചെണ്ടുമല്ലിപ്പൂവിനെ ഒന്നു തഴുകി അവൾ ധൃതിയിൽ ഇറങ്ങി നടന്നു.
  "കൃഷ്ണാ... സാരി നന്നായിരിക്കുന്നു." തന്റെ സീറ്റിലിലിരുന്ന് കൈയിൽ തടഞ്ഞ ആദ്യത്തെ ഫയലെടുത്തു തുറക്കുന്ന നേരത്ത് സൂപ്രണ്ട് ജോസഫ് സാറിന്റെ അഭിനന്ദനം. കൃഷ്ണ പതിയെ ചിരിച്ചെന്നു വരുത്തി. അടുത്ത സീറ്റിലിരുന്ന് അടക്കിച്ചിരിച്ച പ്രിയയുടെ കൈത്തണ്ടയിൽ അവൾ ചെറുതായൊന്നു നുള്ളി.
    ജോസഫ് സാറിന് ഈയിടെയായി ചേച്ചിയുടെ നേർക്കൊരു സോഫ്റ്റ് കോർണറുണ്ടെന്ന് പ്രിയ തലേന്നു പറഞ്ഞത് കൃഷ്ണയോർത്തു. "തന്റേതല്ലാത്ത കാരണത്താൽ വിവാഹമോചനം നേടിയ യുവാവിന് വധുവിനെ ആവശ്യമുണ്ട് " എന്ന പത്രപ്പരസ്യത്തിന് താഴെ കൊടുത്ത നമ്പർ സാറിന്റെയാണെന്ന് കണ്ടുപിടിച്ച്, ആ പരസ്യം വെട്ടിയെടുത്തു കൊണ്ടുവന്ന് സ്റ്റാഫിനിടയിൽ  രഹസ്യമായി പ്രചരിപ്പിച്ചതും പ്രിയ തന്നെയാണ്. അല്ലെങ്കിലും ഇത്തരം വേലത്തരങ്ങളിൽ അവളെ വെല്ലാൻ ഈ ഓഫീസിൽ മറ്റാരുമില്ല. കൃഷ്ണ ഓർത്തു ചിരിച്ചു..
  "എന്താ ചേച്ചീ... ഒരു ചിരി...? സാറിന്റെ കോംപ്ലിമെൻറങ്ങു സുഖിച്ചോ? " പ്രിയ ശബ്ദമടക്കി ചോദിച്ചു. കൃഷ്ണ അവളെ നോക്കി കണ്ണുരുട്ടി.
 താനിങ്ങനെ വിവാഹം കഴിക്കാതെ നിന്നു പോകുന്നതിൽ പലർക്കുമുണ്ട് വേവലാതി. ജോസഫ് സാറിനെപ്പോലെ ചിലർക്കെങ്കിലും പ്രതീക്ഷയും. കൃഷ്ണ ഫയലടച്ചു വെച്ച് കസേരയിലേക്കു ചാരി കണ്ണുകളടച്ചു.
 നെറ്റിയിലേക്കു പാറി വീണ മുടിയൊന്നു വെട്ടിച്ച് മീശത്തുമ്പ് പിരിച്ച് കണ്ണുകളിൽ കുസൃതി നിറച്ച് ആനന്ദ് ഉള്ളിലിരുന്നു ചിരിച്ചു. അവൾ ഒന്നു നിശ്വസിച്ചു. ഇരു കൈകൾ കൊണ്ടും മുഖം അമർത്തിയൊന്നു തുടച്ച ശേഷം ഫയലിലേക്കു തന്നെ മുഖം താഴ്ത്തി.
 ലഞ്ച് ബ്രേക്കിന് സീറ്റിൽ നിന്നെണീക്കുന്നതിനു മുമ്പായി കൃഷ്ണ ഫോണെടുത്ത് തന്റെ എൽ. ഐ. സി ഏജന്റിനെ വിളിച്ചു. മെച്ചപ്പെട്ട പെൻഷൻ പ്ലാനുകൾ വല്ലതുമുണ്ടെങ്കിൽ അറിയിക്കണമെന്നു പറഞ്ഞു.
  " പ്രായമാകുന്നു... ആരുമില്ലാത്തവർക്കും ജീവിക്കണ്ടേ... " ചോദ്യഭാവത്തിൽ നോക്കിയ പ്രിയയോടായി അവൾ പറഞ്ഞു.
  " അപ്പോൾ ഞങ്ങൾക്കൊരു സദ്യ തരാൻ ഉദ്ദേശ്യമില്ല എന്നു തന്നെ അല്ലേ.... " പ്രിയ ജോസഫ് സാറിനെ ഒന്നു പാളി നോക്കി. അയാൾ പഴ്സെടുത്തു തുറന്ന് എന്തോ തിരയുന്നതായി ഭാവിച്ച് തിടുക്കത്തിൽ എഴുന്നേറ്റു പോയി.
  സുബാഷ് പാർക്കിൽ, സിമൻറ് ബഞ്ചിലിരുന്ന് ഒരു കപ്പലണ്ടിപ്പൊതിയിൽ സമയം കൊറിച്ചുകളയുമ്പോൾ  പ്രിയ വീണ്ടും കൃഷ്ണയോടു പറഞ്ഞു. " ചേച്ചീ... ജോസഫ് സാറു വേണ്ട. വേറെ ആരെയെങ്കിലും ചേച്ചിക്കു വിവാഹം കഴിച്ചുകൂടേ... എത്ര നാളിങ്ങനെ തനിച്ചു ജീവിക്കും.... ചേച്ചിയുടെ മനസ്സിനിണങ്ങിയ ഒരാൾ വരും. വരാതിരിക്കില്ല."
  കൃഷ്ണ പ്രിയയ്ക്കു നേരെ തിരിഞ്ഞു. "ദേ... എന്നെ നോക്ക് പ്രിയ... എന്റെ മുഖത്തെന്തെങ്കിലും വിഷമമുണ്ടോയെന്നു നോക്കൂ..."  അവൾ പ്രിയയുടെ കണ്ണുകളിലേക്ക് നോക്കി. ആ കണ്ണുകളിലെ നിഷ്കളങ്കമായ നൈർമല്യത്തെ നേരിടാനാവാതെ പ്രിയ തന്റെ കണ്ണുകൾ പിൻവലിച്ചു.
  കൂട്ടിലൊരു തത്തയുമായി ഒരു കൈ നോട്ടക്കാരി അവരെ കടന്നു മുന്നോട്ടു പോയി. പ്രിയ കൗതുകത്തോടെ തത്തയെ നോക്കുന്നതു കണ്ട് കൃഷ്ണ മെല്ലെ ചിരിച്ചു. ഒരു പറ്റം കിളികൾ ആർത്തു ചിലച്ച് അവർക്കു മുകളിലൂടെ പറന്നു പോയി.
 "പ്രിയ ആ തത്തയുടെ കണ്ണുകളിലേക്കു നോക്കിയോ..." അവൾ ചോദിച്ചു.
 പ്രിയ ഒന്നു മൂളിയതല്ലാതെ ഉറപ്പിച്ചൊരുത്തരം നൽകിയില്ല.
 "പറന്നു നടക്കാൻ ഒരാകാശമുണ്ടെന്ന് ആ പക്ഷിക്കറിയാത്തതല്ല. പക്ഷേ അവളത് മറന്നു പോയ മട്ടാണ് " കൃഷ്ണ പറഞ്ഞു.
 "ഇനിയൊരു പക്ഷേ സ്വാതന്ത്ര്യത്തിലേക്കു പറത്തി വിട്ടാലും അതു തിരിച്ചു വന്നെന്നിരിക്കും... ഏകാന്തത അങ്ങനെയാണ്. സമയമെടുത്തേക്കാം..., പക്ഷേ പൊരുത്തപ്പെട്ടു കഴിഞ്ഞാൽ അതിനോളം മനോഹരമായ മറ്റൊന്നുമില്ല പ്രിയാ..."
  പിന്നീട് ഇരുവഴി പിരിയും വരെയും അവർ ഒന്നും പറയുകയുണ്ടായില്ല.
 പ്രസരിപ്പോടെ വാതിൽ തുറന്ന് വീട്ടിനകത്തു കയറിയ കൃഷ്ണ വീണ്ടും കണ്ണാടിയിലേക്കു നോക്കി.
   "പ്രിയ പറഞ്ഞത് പാടെയങ്ങ് തള്ളിക്കളയണ്ട." കണ്ണാടി പറഞ്ഞു. "മനസ്സിനിണങ്ങിയ ആരെയെങ്കിലും..." പൂർത്തിയാക്കാൻ കൃഷ്ണ അനുവദിച്ചില്ല. അവൾ കണ്ണുകളടച്ച് കണ്ണാടിയിലേക്കു മുഖമടുപ്പിച്ചു. മെല്ലെ ചുണ്ടുകൾ അതിലേക്കു ചേർത്തു
  "അതിനു നീയെന്നിൽ നിന്നും ഇറങ്ങിപ്പോയെങ്കിലല്ലേ ..." അവൾ പതിയെ മന്ത്രിച്ചു.
 
പ്രിയനേ,നിനയ്ക്കായ്...
ജസീന റഹീം

കാത്തിരിപ്പ്
സുഖമാണ്..
ചിലപ്പോൾ നോവും..
പ്രവാസത്തിന്റെ
ഇരുകരകളിൽ
എത്ര കാലങ്ങളായി
നാമിങ്ങനെ..
ആഗമനവാതിൽക്കലെത്തി
ആകാംക്ഷയോടെ
നീയെന്നെ
ഓരോ വട്ടം തിരയുമ്പോഴും..
തിരികെ..
ഡിപാർച്ചർ ലോഞ്ചിലേക്ക്
കരളും പറിച്ച്
നീ നടന്നു മറയുമ്പോഴും
നഷ്ടകാലങ്ങളുടെ
കൂട്ടിക്കിഴിക്കലുകൾക്കിടയിൽ
ചോർന്നു പോകുന്ന കാലത്തെ
നമുക്കൊപ്പം ചേർക്കാൻ
പാഴ്ശ്രമങ്ങളിലാണ്ടു പോകുന്നു ഞാൻ...




Comments