04-01-20


പുതുവർഷത്തിലെ ആദ്യ നവ സാഹിതിയിലേക്ക് എല്ലാവർക്കും ഹൃദ്യമായ സ്വാഗതം....🙏🌹🌹🙏

ഗ്രൂപ്പംഗവും ആകാശവാണിയിലെ സ്ഥിരം ശബ്ദ സാന്നിധ്യവുമായ ജസീന റഹീമിന്റെ വൈവിധ്യ സമ്പന്നമായ അനുഭവാവിഷ്കാരം..." ഇതാണ് ഞാൻ..." തുടർന്ന് വായിക്കാം..👇🏻

ആലത്തിയ ൂർ: ഒരു വാക്കു പോലും മിണ്ടാതെ വിമാനം കയറിയവനോട് മനസ്സ് നിറയെ ദേഷ്യവും സങ്കടവുമായി ഒറ്റപ്പെടലിന്റെ തീച്ചൂളയിൽ ....☺👇🏻

🙏🌹🌹🙏
ആത്മായനം
ജസീന റഹീം

ഇടുക്കി ജില്ലയിലേക്ക് പി.എസ്.സി വിളിച്ച എച്ച്.എസ്.എ മലയാളത്തിന്റെ ഒഴിവുകളിലേക്ക് ഞങ്ങൾ അപേക്ഷ അയയ്ക്കുമ്പോഴും നേരിയ പ്രതീക്ഷപോലും എങ്ങും .. എവിടെയും എനിയ്ക്കുണ്ടായിരുന്നില്ല..
മനുവാകട്ടെ ഫാത്തിമാ കോളേജിലെ ഞങ്ങളുടെ ക്ലാസ് ടോപ്പറായിരുന്നു. തികഞ്ഞ ബുദ്ധിജീവി.. കോളേജിൽ പഠിക്കുമ്പോഴേ ചന്ദന എന്ന തൂലികാനാമത്തിൽ  നന്നായി കവിതകൾ എഴുതുമായിരുന്നു.. മിടുക്കനായ മനുവിന് പി.എസ്.എസി പരീക്ഷയൊക്കെ രാമനൊടിച്ച ത്രയംബകം വില്ലിനെക്കാൾ നിസാരമായി നേടാനാവുമായിരുന്നു.. മനു കൂടി ഇടുക്കി ജില്ല തെരഞ്ഞെടുത്തത് എനിക്കേറെ ആശ്വാസമായി.. ഞങ്ങൾ ഒരു കോച്ചിംഗ് ക്ലാസിനും പോയിരുന്നില്ല...
ഭാഷാപോഷിണിയും വൃത്തമഞ്ജരിയും ലീലാതിലകവും.. ചൈൽഡ് സൈക്കോളജിയും പെഡഗോഗിയുമൊക്കെ എന്നും തലവേദനയായിരുന്ന എനിക്ക് ആകെ ആശ്വാസം അഞ്ചു മുതൽ പത്തുവരെ ക്ലാസ്സുകളിലെ പാഠ പുസ്തകങ്ങൾ സ്കൂളിലും ട്യൂട്ടോറിയലിലും പഠിപ്പിച്ചു കൊണ്ടിരിക്കുന്നു എന്നതു മാത്രമായിരുന്നു... ആ ഒരൊറ്റ ധൈര്യത്തിലാണ് പി.എസ്.എസി പരീക്ഷ എഴുതാൻ ഞാൻ വാപ്പായ്ക്കും മനുവിനുമൊപ്പം ആദ്യമായി ഇടുക്കിയിലേക്ക് വണ്ടി കയറിയത്..
                 എന്നോടൊരു വാക്കു പറയാതെ ഖത്തറിലേക്ക് വിമാനം കയറിയവനോട് മനസു നിറയെ ദേഷ്യമായിരുന്നു എനിയ്ക്ക്.. ഈ മനുഷ്യനാണല്ലോ.. ഞാൻ കഷ്ടപ്പെട്ട് വായിട്ടലച്ച് സമ്പാദിച്ച അമ്പതും നൂറുമൊക്കെ പലപ്പോഴും കൊടുത്തത് എന്ന് നിരാശയോടെ ഓർത്തു..ഇനി എന്നെങ്കിലും കണ്ടാൽ എല്ലാം തിരികെ വാങ്ങണം.. ഞാൻ മനസിൽ കണക്കു കൂട്ടി.
               ഗൾഫിൽ പോയി പണക്കാരനാകുമ്പോൾ പാവപ്പെട്ട വീട്ടിലെ എന്നെ ഒഴിവാക്കാൻ മനപ്പൂർവ്വമുള്ള ശ്രമമായിട്ടാണ് ആ മിണ്ടാപ്പോക്കിനെ എനിക്ക് തോന്നിയത്... അവൻ വീണ്ടും ഗൾഫിലേക്ക് പോയത് അറിഞ്ഞിട്ടും വീട്ടിലോ കൂട്ടുകാരോടോ ഞാൻ പറഞ്ഞില്ല... എന്നെ.. എന്റെ സ്നേഹത്തെ..ഒക്കെ അവൻ വലിച്ചെറിഞ്ഞിട്ട് പോയതായി തോന്നിയതിനാൽ മനസിനേറ്റ മുറിവും ..അതിൽ നിന്ന് കിനിഞ്ഞിറങ്ങിയ രക്തവും .. അത്ര വേഗമൊന്നും ഉണങ്ങുന്നതോ .. ഒടുങ്ങുന്നതോ ആയിരുന്നില്ല..
               ഒന്നിച്ച് പഠിക്കുമ്പോൾ പോലും വെറുതെ ഒരു കറക്കം പോലും ഒരുമിച്ച് നടത്തിയിട്ടില്ലാത്ത ഞങ്ങൾ.. അവൻ ഗൾഫിൽ നിന്ന് വന്നു നിന്ന ആറുമാസക്കാലം.. ഞങ്ങൾ നടത്തിയ ഞങ്ങളുടേത് മാത്രമായ ചെറിയ യാത്രകൾ.. ഒന്നിച്ചു കണ്ട ഒരേയൊരു സിനിമ.. അവന്റെ ഉമ്മായ്ക്ക് കാണാൻ വേണ്ടി അവനെന്നെ വീട്ടിൽ കൊണ്ടുപോയത്.. അങ്ങനെ ഏറ്റവും സുന്ദരമായ ഒട്ടേറെ പ്രണയ നിർഭരമായ നിമിഷങ്ങൾ.. എന്നിട്ടും എന്നോട് പറയാതെ പോയല്ലോയെന്നോർത്ത് ഞാൻ സങ്കടപ്പെട്ടു കൊണ്ടേയിരുന്നു...
                  എം.ഇ.എസ് സ്കൂളിൽ അന്ന് എൽ.കെ.ജി മുതൽ ഏഴാം ക്ലാസ്സുവരെയായിരുന്നു. ശ്രീ.സമദ് ആയിരുന്നു അന്ന് സ്കൂളിന്റെ സെക്രട്ടറി..ദരീഫാ ടീച്ചറായിരുന്നു അപ്പോൾ പ്രിൻസിപ്പൾ.. യു.പി.ക്ലാസ്സുകളിൽ കുട്ടികൾ നന്നെ കുറവായിരുന്നു.. ചെറിയ സ്കൂളിൽ മിടുക്കരായ  കുട്ടികളായിരുന്നു അധികവും .. കുട്ടികളെ സ്വന്തം മക്കളായി കാണുന്ന ശോഭ ടീച്ചറായിരുന്നു എൽ.കെ.ജിയുടെ ജീവൻ.. ഒരു കുഞ്ഞു മിഠായി നാല്പതു കഷണമാക്കി പങ്കിടുന്ന ടീച്ചറിനോട് കുട്ടികൾ പുലർത്തിയിരുന്ന അടുപ്പം അതിശയകരമായിരുന്നു. ആ വർഷത്തെ ആനിവേഴ്സറിയിൽ സന്ധ്യ ടീച്ചറിന്റെ മേൽനോട്ടത്തിൽ സംഘടിപ്പിച്ച കുട്ടികളുടെ ഫാഷൻ ഷോ .. മികച്ച മോഡലുകളെ പോലും വെല്ലുന്ന വിധം ഗംഭീരമായിരുന്നു.. കുട്ടികളുടെ പേരുകൾ മറവിയിലായെങ്കിലും അന്നത്തെ കുഞ്ഞു മുഖങ്ങൾ ഇന്നും ഓർമയിൽ മായാതെ നിൽക്കുന്നുണ്ട്.
സിമിയും സിനിയയും കൂട്ടുകാരായി ഉള്ളതിനാൽ ഞങ്ങളുടെ എം.ഇ.എസ് ദിനങ്ങൾ രസകരമായിരുന്നു .
              നാലാം ക്ലാസിനും ഓഫീസ് മുറിയ്ക്കും ഇടയിലുള്ള നന്നേ ഇടുങ്ങിയ,ഒരു ഡസ്കും രണ്ടു ബഞ്ചുകളും മാത്രമുള്ള സ്റ്റാഫ് റൂമെന്ന് വിളിച്ചിരുന്ന ഇടത്ത് ..ഞങ്ങൾ ഉച്ച ഇടവേളകളെ അച്ചാറിലും ചമ്മന്തിയിലും പൊരിച്ച മീനിലും മുക്കി രുചിക്കൂട്ടുകളാൽ നിറച്ചു.. സിമിയുടെ വിഷയം സയൻസും സിനിയയുടേത് കണക്കുമായിരുന്നു.. വീട്ടുകാരുടെ എതിർപ്പുകളെ പുല്ലുപോലെ തോണ്ടിയെറിഞ്ഞ് സ്വന്തം നാട്ടുകാരനും ഏറെക്കുറെ വീടിനടുത്തുള്ളതുമായ നദീർലാലുമായുള്ള സിനിയയുടെ ഗാഢപ്രണയം ഞങ്ങൾ മൂന്നു പേർക്കുള്ളിൽ ഒതുങ്ങിയ രഹസ്യമായി നിലനിന്നു... എന്റെ പ്രണയം നാട്ടിൽ പാട്ടായിരുന്നതിനാൽ രഹസ്യ സ്വഭാവം സൂക്ഷിച്ച് ടെൻഷനടിക്കണ്ട ആവശ്യമെനിക്ക് വന്നതേയില്ല..
               ഒരിക്കൽ ഒരുച്ച ഇടവേളയിൽ ഭക്ഷണം കഴിക്കാനായി സ്കൂളിൽ നിന്ന് വീട്ടിലേക്ക് പോകവേ.. പിന്നിൽ നിന്നൊരു വിളി കേട്ട് ഞാൻ തിരിഞ്ഞു നോക്കി.. എനിക്ക് നല്ല പരിചയമുള്ളൊരാൾ.. എന്നാൽ കുറച്ച് നാളായി നാട്ടിലുണ്ടായിരുന്നില്ലല്ലോ .. എന്ന് ഞാനോർക്കവേ ആ ചെറുപ്പക്കാരൻ മുഖവുര കൂടാതെ എന്നോട് താൻ വിളിച്ചതിന്റെ കാര്യമവതരിപ്പിച്ചു.. "ഒരാൾക്ക്.. ടീച്ചറെ വല്യ ഇഷ്ടമാണ്.. അവന് ടീച്ചറെ കല്യാണം കഴിച്ചാൽ കൊള്ളാമെന്നുണ്ട്.. വീട്ടിലേക്ക് വന്ന് ചോദിക്കട്ടെ .. "
സംഗതി കേൾക്കാൻ കൊള്ളാമായിരുന്നെങ്കിലും ഞാനാകെ ഉച്ചച്ചൂടിനെക്കാൾ വലിയ വേവിൽ വിയർത്തൊലിയ്ക്കാൻ തുടങ്ങി..
🙏🌹🌹🙏
മടക്കം
ദേവാംഗന. പി

ഫോൺ ഹാങ്ങായപ്പോഴാണ്
പുറത്തേക്കൊന്നിറങ്ങിയത്.
അടച്ചുപൂട്ടലുകളുടെ മടുപ്പുകളെ
എവിടെ നിന്നോ വന്ന
കാറ്റ് കൊണ്ടുപോയി....
ആദ്യമായ് മഴ നനഞ്ഞു;
പുഴയറിഞ്ഞു..
മഴയ്ക്ക് മണമുണ്ടെന്നും
പുഴയ്ക്ക് കുളിരുണ്ടെന്നും
അറിഞ്ഞത് ഇപ്പോഴാണ്..
കാണാത്ത ലോകത്ത്
മുഖമില്ലാത്തവർക്ക് മുന്നിൽ
കച്ചവടങ്ങൾ സംസാരിച്ചപ്പോൾ
തൊട്ടടുത്ത പുൽനാമ്പിൽ
മഞ്ഞ് വരച്ച മഴവില്ലിനെ
കാണാതെ പോയി...
സെർച്ചിങ്ങുകളിൽ കാണാത്ത
പൂക്കൾ; പുൽച്ചാടികൾ!!
നിലത്തിറങ്ങിയപ്പോൾ
പലയിടങ്ങളിൽ
പല വിതുമ്പലുകൾ; തീപ്പൊരികൾ
പതഞ്ഞൊഴുകിയ കടലുകൾ !!
ഇപ്പോഴാണറിഞ്ഞത്
ഇവിടെ
ലോകങ്ങൾ പലതാണ്.
🙏🌹🌹🙏
ആത്മാവിനൊരു കുപ്പായം
സുനിത ഗണേഷ്

ആത്മാവ് നഗ്നമാണ്..
പുറത്തേക്കിറങ്ങാൻ മടിച്ച്
ഉള്ളിൽ ചുരുണ്ടു കൂടുന്നു..
നീലസാഗരമുടുപ്പിക്കണോ
കാട്ടുപച്ചയുടുപ്പിക്കണോ
ചെമ്മേഘപ്പട്ടു കുപ്പായം
തുന്നിക്കണോ ?
ശുഭ്രവസ്ത്രത്തിൽ പൊതിയണോ
പീതമോ കാഷായമോ
അതിലെളുപ്പം ?
ചിന്തിച്ചിരുന്ന മാത്ര
ഞാനുറങ്ങിപ്പോയെന്നോ !
വറമണൽ പുതച്ചാത്മാവ്
വെന്തുപൊള്ളിയെന്നോ?
ഹാ, കരിക്കട്ടയായ് ഞാൻ
മാറിയെന്നോ ?
ഇനി,ഇനിയുമേറെയെൻ
ചിന്ത പുകയേണ്ടതില്ലെന്നോ ?
ഇനി,ഇനിയുമീ
ആത്മാവിനൊരു കുപ്പായം
ഞാൻ നെയ്യേണ്ടതില്ലയെന്നോ !!
🙏🌹🌹🙏
മാലുക്കുന്ന്‌
ആച്ചു ഹെലൻ

അമ്മ വന്നു വിളിച്ചപ്പോഴാണ് ഞാൻ സ്വപ്നം കാണുകയായിരുന്നു എന്നറിഞ്ഞത് .എന്ത് നല്ല സ്വപ്നമായിരുന്നു . ഞാൻ വളർന്നതറിയാതെ എന്നിലെ ഞാൻ പെറ്റിക്കോട്ടു നടക്കുന്ന ആ പഴയ പത്തുവയസ്സുകാരി ദേവുട്ടിയായി കളിച്ചു നടക്കുകയായിരുന്നു . അല്ലലറിയാത്ത പ്രായം .
ഹോ ആ സ്വപ്നം  ഓർത്തെടുക്കാൻ വീണ്ടും കൊതി തോന്നിപ്പോയി . കളിയ്ക്കാൻ കൂട്ടുകാരെ തേടി സ്ഥിരം കളിസ്ഥലത്തിരുന്നു മടുത്തപ്പോഴാണ് അകലെ ആ കുന്ന് ശ്രദ്ധിച്ചത്.....മാലുക്കുന്ന് .കൂട്ടുകാർ ആരും പേടിച്ചിട്ടു അങ്ങോട്ട് പോകാറില്ല .അവിടെ അതിനു മോളിൽ ഏതോ മരത്തിലാണ് മാലു എന്ന പെണ്ണ് തൂങ്ങിച്ചത്തത് .രാത്രി അവിടന്നു അവളുടെ പാട്ടു കേൾക്കാമെന്നൊക്കെ മുത്തശ്ശിയും പറഞ്ഞിരുന്നത് ഓർത്തെങ്കിലും ആ കുന്ന് എന്നെ കൈകാട്ടി വിളിക്കുന്നപോലെ തോന്നി .
ആരുമില്ലാത്ത ആ കുന്നിനു മോളിലേക്കു എന്തൊരു ആവേശത്തോടെയാണ് ഓടിക്കയറിയത് .ചവിട്ടിക്കയറുമ്പോൾ കാലിനടിയിൽ കല്ല് താഴേക്ക് ഉരുണ്ടു പോയിരുന്നു .ഏറെക്കുറെ കുത്തനെയാണ് കയറ്റവും .പുറം പൊള്ളിക്കുന്ന വെയിലും, നടന്നിട്ടും തീരാത്ത വഴിയും ആണെങ്കിലും ആവേശം ഒട്ടും കുറഞ്ഞില്ല .മുകളിൽ എത്തിയപ്പോൾ ഹൃദയം പടാപടാന്നു ഇടിക്കുന്നുണ്ടായിരുന്നു .ഈ കയറ്റം എങ്ങനെ ഇറങ്ങിത്തീർക്കുമെന്നു അല്പം താഴേക്ക് നോക്കി ആലോചിച്ചു നിന്നു പോയി .
മോളിൽ പരന്നു കിടക്കുന്ന പുൽമൈതാനത്തിൽ ഒരറ്റത്ത്
മറ്റു മരങ്ങളിൽ നിന്നും മാറി നിൽക്കുന്ന നിറയെ കുഞ്ഞു വെളുപ്പ് നിറമുള്ള പൂക്കളുള്ള ആ മരം ഇപ്പോഴും കണ്ണിൽ കാണാം . അതിൽ വള്ളികൾ കൊണ്ടൊരു ഊഞ്ഞാൽ ആരാകും കെട്ടിയത് ?
ഊഴമിട്ടു മാത്രം കളിക്കൂട്ടുകാരുമൊത്തു  ആടാൻ കിട്ടിയിരുന്ന തൊടിയിലെ ഊഞ്ഞാൽ ഓർത്തപ്പോൾ  മതിവരുവോളം ഒറ്റയ്ക്ക് ആടാൻ കിട്ടിയ ഊഞ്ഞാൽ എന്നെ സന്തോഷത്തിലാഴ്ത്തി .
മഞ്ഞു പൊഴിയുംപോലെ കുഞ്ഞു വെള്ളപ്പൂക്കൾ മരത്തിൽ നിന്നും പൊഴിയുന്നുണ്ടായിരുന്നു .കുഞ്ഞു കിളികൾ  പറന്നുകൊണ്ട് നിറയെ തേനുണ്ണുന്ന കാഴ്ച ഒന്ന് വേറെതന്നെയാണ് . വല്ലാത്ത ഒരു കുളിർമ ആ മരത്തിനു താഴെ അനുഭവപ്പെട്ടിരുന്നു .
അല്പം ഉയർന്നിട്ടാണ് ഊഞ്ഞാൽ എങ്കിലും കുറെ ചാടിയിട്ടെങ്കിലും അതിന്മേൽ ഇരിപ്പുറപ്പിച്ചു .
കുന്നിനു മോളിൽ വെയിൽ ഉണ്ടെങ്കിലും ഒപ്പം നല്ല കാറ്റും കിട്ടിയിരുന്നു . കാറ്റെന്നെ ഊഞ്ഞാലാട്ടി .അതോ സ്നേഹത്തോടെ ആരോ പിന്നിൽ നിന്നും ആട്ടിത്തരുന്നതോ ? അമ്മയുടെ തൊട്ടിലിൽ കിടക്കുന്ന കുഞ്ഞിനെപ്പോലെ ഞാൻ മയങ്ങി .ആരോ എന്നെ ചേർത്ത് പിടിച്ചു നെറ്റിയിൽ  ഉമ്മവെച്ചു .കാതിൽ സ്നേഹത്തോടെ ഇനിയെങ്ങോട്ടും പോകല്ലേയെന്നു പറഞ്ഞപോലെ ..
അപ്പോഴാണ്  ഈ 'അമ്മ' എന്നെ ഉണർത്തിയത് .ആ പത്തു വയസ്സിൽ നിന്നും പെട്ടന്ന് ഞാൻ മുപ്പതുകളിലേക്കു എത്തിയപ്പോൾ ..അല്ല എത്തിച്ചപ്പോൾ അമ്മയോട് ദേഷ്യം തോന്നി . ഇത്രയും പാടുപെട്ടിട്ടും മാലുചേച്ചിയെ കണ്ടില്ലലോ എന്നും പിറുപിറുത്തു കൊണ്ട് ഞാൻ എഴുന്നേറ്റു പോന്നു .
🙏🌹🌹🙏
നൈവേദ്യം
ദിവ്യ.സി.ആർ

നിൻ മൃദുഹാസത്തിൽ
അലിയുന്നു ഞാൻ കൃഷ്ണാ..
ശ്രീ ഗുരുവായൂർ നട
തേടുന്നു ഞാൻ കൃഷ്ണാ..
അഭയമില്ലാതെ ഞാനി-
ടറി വീഴും നേരം..
അഴലുകളായ് മനം തേങ്ങിടുന്നൂ കൃഷ്ണാ..
നേർത്തൊരു കാറ്റിൽ
പാറി നിൻത്തിരുമുടി
ഓർത്തു ഞാനീയോ-
രത്തിരിക്കവേ..
ചേർത്തൊന്നു പുൽകിയ
നിന്നെ ഞാൻ കൃഷ്ണാ..
കണ്ണുനീർ ചേർത്തോരാ
നിവേദ്യമൂട്ടാം..
🙏🌹🌹🙏
തോറ്റവർക്ക്...
ഗീതു പൊറ്റെക്കാട്ട്

ആടിയുലഞ്ഞ് മങ്ങിയമർന്ന്
കരിന്തിരി കത്തുന്ന
ഇരുണ്ട ജന്മങ്ങളുണ്ട്,
കെട്ടുപോകുമെന്ന് തോന്നിപ്പോകുന്ന
നിമിഷങ്ങളിൽ പ്രിയപ്പെട്ടവരെ
അണച്ചു പിടിച്ചവരങ്ങാളി പടരും
നോക്കി നോക്കി നിൽക്കെ
ഉമ്മറം നനച്ച്
കോലായ കടന്ന്,
പുഞ്ചിരി കവർന്ന്,
പുഴപോലൊരു മഴയങ്ങൊലിച്ചു പോയി..
ഇക്കരെ കുതിർന്നിരിക്കവെ
അക്കരെ നിന്ന് അവർ കൂക്കിവിളിക്കും,
മുങ്ങാങ്കുഴിയിട്ടു വന്ന് കാലിലിക്കിളിക്കൂട്ടും,
'പോരുന്നോ' എന്ന്
ഓളങ്ങളായ് വന്ന് വിരൽ കോർക്കും
പെയ്ത് പെയ്ത് ഉറ്റവരുടെ
വിയർപ്പിന്റെ മണമാണിപ്പോൾ മഴയ്ക്ക് ...
വിജയികളുടെ തേരാളിയായ,
സമ്പന്നർക്ക് മാത്രം വരമരുളുന്ന,
ഉന്നതരുടെ കാണിക്കകൾക്ക്
അനുഗ്രഹം വർഷിക്കുന്ന ദൈവമേ..
കണ്ണീരും കിനാവും ഉളളിലിന്നോളം
കെടാതെ കാത്ത വെട്ടവും നീട്ടി
ചങ്കുകാട്ടി വിളിച്ചിട്ടും
തോറ്റവരുടെ ദൈവമായ്
ഉയിർക്കൊള്ളാത്തതെന്ത്??
'ഏങ്ങൾക്ക്‌ ഉയിരേറ്റവനും
ഉടയോനും അങ്ങു തന്നെയല്ലയോ ?'
🙏🌹🌹🙏
മത്തൻ കുത്തിയാൽ....
രാജീവ് പണിക്കർ

പഴയകാല ഗവൺമെന്റ്‌ സ്കൂളുകൾക്ക് എല്ലാം ഏകദേശം ഒരേ ഛായയാണ്.
കെട്ടിടത്തിന്റെ ഒരു ഘടനയും ഓട് മേച്ചിലും വലിയ ക്ലാസ് മുറികളും വളരെ വീതി കൂടിയ ഭിത്തികളും നല്ല മരം ഉപയോഗിച്ച് ഉണ്ടാക്കിയ വലിയ ജനലുകളും വലിയ ജനൽപ്പാളികളും വിജാഗിരിയുടെ ക്വാളിറ്റി കൊണ്ടുമാത്രം സ്മൂത്ത് ആയി തുറക്കുകയും അടയ്ക്കുകയും ചെയ്യാവുന്ന കൂറ്റൻ വാതിലുകളും എല്ലാം.
എന്തിന്, അടിക്കുന്ന നിറങ്ങൾ പോലും ഒരേപോലെ ആയിരിക്കും. ഒരു ചാരനിറം അല്ലെങ്കിൽ ഇളം നീല നിറമുള്ള ജനൽപ്പാളികളും കതകുകളും....
അന്നത്തെ സ്കൂളുകളിലെ ജനലുകൾക്കും പ്രത്യേകതയുണ്ടായിരുന്നു. ജനലഴികൾ ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ, ഒരു ചെറിയ വാതിൽ പോലെ തോന്നിച്ചിരുന്നു ഓരോ ജനലും. രണ്ടു പാളികളും തുറന്നിട്ടാൽ ഒരു വലിയ വാതിൽ തുറന്നു വെച്ചിരിക്കുന്നത് പോലെ തോന്നും.. ക്ലാസിൽ അലമ്പൻമാർ എന്ന പേര് കേട്ടിരുന്ന ഒരു വലിയ വിഭാഗം വിദ്യാർത്ഥികൾ, ക്ലാസ് നടന്നു കൊണ്ടിരിക്കുന്നതിനിടയിൽ തന്നെ ജനൽവഴി അധ്യാപകൻ അറിയാതെ അകത്തേക്കും പുറത്തേക്കും നിർബാധം സഞ്ചരിച്ചിരുന്നു...
ഞാൻ പഠിച്ചതും ഇതുപോലെ ഒരു ഗവൺമെന്റ്‌ സ്കൂളിൽ ആയിരുന്നു.
ഞങ്ങൾ പഠിച്ച ഓരോ ക്ലാസിലെയും ജനൽപ്പാളികൾ തുറക്കുന്നത് വ്യത്യസ്തങ്ങളായ പല കാഴ്ചകളിലേക്കും ആയിരുന്നു. ഒരു ക്ലാസ്സ് റൂമിലെ ജനൽ തുറക്കുന്നത് തൊട്ടപ്പുറത്തെ ടെക്നിക്കൽ സ്കൂളിന്റെ ഗ്രൗണ്ടിലേക്ക് ആയിരുന്നു. അന്നത്തെ കുട്ടികളുടെ പ്രധാന എന്റർടെയ്ൻമെന്റ് അവിടെ കളിച്ചുകൊണ്ടിരിക്കുന്ന കുട്ടികളെ വായിൽ നോക്കുക എന്നതായിരുന്നു.
മറ്റൊരു ക്ലാസ്സിൽ ആകട്ടെ തൊട്ടപ്പുറത്തെ പറമ്പിലെ വലിയൊരു മാവ് ആയിരുന്നു പ്രധാന ആകർഷണം. ചില സീസണിൽ അവിടെ മാമ്പഴം വീഴുമ്പോൾ ക്ലാസ് റൂമിൽ നിന്നും ജനൽവഴി ചാടിപ്പോയി, മാമ്പഴം പെറുക്കി, തിരികെ ടീച്ചർ അറിയാതെ, ക്ലാസിൽ കയറിയിരിക്കുന്ന വിരുതന്മാർ വരെ ഉണ്ടായിരുന്നു.
മറ്റൊരു ക്ലാസിലെത്തിയപ്പോൾ ഈ ജനൽ തുറക്കുന്നത് സ്കൂളിനു പുറത്തുള്ള, ധാരാളം മരങ്ങളും ചെടികളും പുല്ലുകളും വളർന്നു നിൽക്കുന്ന ഒരു പ്രദേശത്തേക്ക് ആയിരുന്നു. അതിനടുത്തായി സ്കൂളിലെ പെൺകുട്ടികളുടെ മൂത്രപ്പുര സ്ഥിതി ചെയ്തിരുന്നു. കുറച്ചു പേർ മൂത്രപ്പുരയിൽ നിന്ന് ദുർഗന്ധം വരുന്നതായി പരാതിപ്പെട്ടിരുന്നു എങ്കിലും കുറച്ചു പേരെങ്കിലും അവിടെ ഒരു ജനൽ ഉണ്ടായിരുന്നതിൽ രഹസ്യമായി ആനന്ദിച്ചിരുന്നു..
അങ്ങനെ, എട്ടാം ക്ലാസിലെ ക്രിസ്മസ് അവധി കഴിഞ്ഞുള്ള ക്ലാസ് ദിനങ്ങളിൽ ഒരു ദിവസം....
പരീക്ഷാ പേപ്പറുകൾ എല്ലാം കിട്ടി സെറ്റ് ആയി എന്ന് വിശ്വസിച്ചിരുന്ന ഞങ്ങളുടെ ക്ലാസിലേക്ക് അന്ന് ടീച്ചർ കയറി വന്നത് ഒരു ബോംബുമായിട്ടായിരുന്നു.
സാധാരണ, വീട്ടിലേക്ക് തന്നുവിട്ട്‌ രക്ഷകർത്താവിന്റെ ഒപ്പ് വാങ്ങിക്കൊണ്ടുവരാൻ തന്നു വിടാറുള്ള പ്രോഗ്രസ് കാർഡ് ഇത്തവണ സ്കൂളിൽ തന്നെ വെക്കും. പിറ്റേന്ന് രക്ഷകർത്താവ് സ്കൂളിൽ വന്ന് ഒപ്പിടണം.
ഇതിനോടകം പല പ്രാവശ്യം അച്ഛന്റെ ഒപ്പൊക്കെ ഇട്ട് പഠിച്ച് ഈ ഒരവസരത്തിനായി കണ്ണിൽ എണ്ണയൊഴിച്ച് കാത്തിരിക്കുന്ന ഞങ്ങളിൽ പലർക്കും ഇതൊരു ഇരുട്ടടി ആയിരുന്നു. മാത്രമല്ല, ഇക്കാര്യം വീട്ടിൽ അവതരിപ്പിക്കാൻ പല വീടുകളിലും ആലോചിക്കാൻ പോലും ആവുമായിരുന്നില്ല.
പലരും രക്ഷകർത്താവ് എന്ന മട്ടിൽ വാടകയ്ക്ക് ആരെയെങ്കിലും എത്തിക്കാം എന്ന പ്ലാനുകൾ ഇട്ടുനോക്കി എങ്കിലും ഞങ്ങളുടെ സ്കൂൾ ഒരു കൊച്ചു ഗ്രാമത്തിലെ ഒരു സർക്കാർ സ്കൂൾ ആയതിനാൽ, മിക്കവരുടെയും അച്ഛനമ്മമാരെ പല ടീച്ചർമാർക്കും നന്നായി അറിയാമായിരുന്നു. അതുകൊണ്ട് ഈ ഐഡിയ അത്ര എളുപ്പമായിരുന്നില്ല. ഒടുക്കം ടെൻഷനടിച്ചും അടിക്കാതെയും പറഞ്ഞും പറയാതെയും പലരും വീട്ടിൽ കാര്യം അവതരിപ്പിച്ചു.
അങ്ങനെ ആ സുദിനം വന്നെത്തി.
ആദ്യമായി നടക്കുന്ന സംഭവം ആയതിനാൽ പലരും കുടുംബസമേതം സ്കൂളിൽ എത്തി. വരാൻ സാധിക്കില്ല എന്ന് കത്ത് കൊടുത്തവരും ഉണ്ടായിരുന്നു. ക്ലാസിൽ ഒപ്പിടാൻ വന്നവരുടെയും കുട്ടികളുടെയും നീണ്ട നിര രൂപപ്പെട്ടു. ഒരവസരം കിട്ടിയ തക്കം നോക്കി ടീച്ചർമാർ ഓരോരുത്തർക്കും ഒരുപാട് സമയം വീതമെടുത്ത് അച്ഛനമ്മമാരോട് കത്തിപ്പടർന്നു.
അങ്ങനെ ഓരോരുത്തരെയും പ്രത്യേകം പ്രത്യേകം സ്കാൻ ചെയ്ത് പൊളിച്ചടുക്കുന്നതിനിടെ, സേമിയാപായസത്തിലെ അണ്ടിപ്പരിപ്പ് പോലെ, ഒരുഗ്രൻ കാർഡ് ടീച്ചറുടെ കൈയിൽ തടഞ്ഞു. ആദ്യത്തെ നാല് പരീക്ഷയുടെയും മാർക്ക് വർഷങ്ങൾക്കു ശേഷം വരാനിരിക്കുന്ന പുതുവർഷത്തെ ഓർമിപ്പിക്കുന്നുണ്ടായിരുന്നു - 2020!
ഇവന്റെ അപ്പൻ, വരാൻ സാധിക്കില്ല എന്ന കത്ത് കൊടുത്ത ലിസ്റ്റില് ഉണ്ടോ എന്ന് ടീച്ചർ ഒത്തുനോക്കി, ഇല്ല എന്ന് ഉറപ്പുവരുത്തി. പിന്നെ വലിയ സന്തോഷത്തിൽ ഒരു ശ്വാസം ഉള്ളിലേക്കും രണ്ടെണ്ണം പുറത്തേക്കും വിട്ട് ഇവന്റെ പേര് വിളിച്ചു.
വിളിച്ച് അല്പം കഴിഞ്ഞിട്ടും പയ്യൻ മുന്നിൽ വന്നതല്ലാതെ അപ്പനെ കാണാതെ ടീച്ചർ വറീഡായി. വീണ്ടും വീണ്ടും വിളിച്ചു. ഇനി അപ്പൻ വരൂലേടെ എന്ന മട്ടിൽ പയ്യനെ നോക്കിയപ്പോൾ ലൂസിഫറിലെ ബോബിയുടെ പോലെ, അപ്പൻ വരും എന്നൊരു ഭാവത്തോടെ ചെക്കൻ നിന്നുകളഞ്ഞു.
അക്ഷമയായ ടീച്ചർ ക്രുദ്ധ ഭാവത്തോടെ ചെക്കനെ നോക്കി, നിരാശയോടെ അടുത്ത പേര് വിളിക്കാൻ ആരംഭിച്ചു.
പെട്ടെന്ന് എവിടെ നിന്നോ അശരീരി പോലെ അല്പം വഴുക്കിയ ഒരു ശബ്ദം കേട്ടു...
"ദേ വന്നൂ ടീച്ചറെ....."
ഒരു ഞെട്ടലോടെ ചുറ്റും നോക്കിയ ടീച്ചറിനെ അസ്ത്രപ്രജ്ഞയാക്കിക്കൊണ്ട് ഹിരണ്യകശിപുവിനെ വധിക്കാൻ തൂണ് പിളർന്ന് പ്രത്യക്ഷപ്പെട്ട നരസിംഹത്തെപ്പോലെ, അപ്പൻ, മേൽപ്പറഞ്ഞ ജനൽ വഴി ചാടി അകത്തെത്തി, ഹാജർ വെച്ചു.
എവിടെയോ കുത്തപ്പെട്ട മത്തനെക്കുറിച്ചോർത്ത് ഞെട്ടിയിരിക്കുന്ന ടീച്ചറിനെ ഒന്നുകൂടി ഞെട്ടിച്ചു കൊണ്ട് പ്രോഗ്രസ് കാർഡ് നോക്കിയ അപ്പൻ വീണ്ടും സ്കോർ ചെയ്തു..
"ഇപ്രാവശ്യം എന്നെ വിളിച്ചത് വിളിച്ചു... ഇനി ചെർക്കന് മാർക്ക് കുറവാണെങ്കിൽ എന്റെ സമയം വെറുതെ മെനക്കെടുത്തരുത്!"
🙏🌹🌹🙏
ഗ്രഹണം
ശ്രീലാ അനിൽ

സൂര്യപ്രണയത്തിലാണ്
ഓരോ പുലരിയും
തുടുത്തത്
അവൻ കൈ നീട്ടി തൊടുമ്പോൾ
അവളിൽ
ആയിരം കതിരോൻ
ഒരുമിച്ച്
ചിരിതൂകി
ഒരു നേർരേഖയുടെ
നേരിനായി
കാത്തിരിക്കവേ
അതിനിടയിലേയ്ക്ക്
ഏതമ്പിളിയാണ്
അവളിൽ
ഇരുൾ നിഴലൊഴുക്കിയത്
ആ വെളിച്ചത്തെ
ഗ്രസിച്ചത്,,,
ഗ്രഹണത്തിൽ
അവളുടെപേടി
അമ്പിളിക്കല പോലെ
വളർന്നു
അത് പൂർണമായപ്പോഴും
പകൽ വെട്ടത്തിൽ വീണ
അതിന്റെ ഇരുളിലും
ഒരു തെളിച്ചം
പരക്കാനായ്
കാത്തിരിക്കയാണ്
ഇപ്പോഴും...
🙏🌹🌹🙏
🙏🌹🌹🙏
🙏🌹🌹🙏

Comments