07-03-2020

ചോദ്യങ്ങൾ ??
സ്വപ്നാ റാണി
ജനിച്ചിട്ടേയില്ലാത്തവർ
ജീവിക്കാത്തവർ
മരിച്ചുവെന്ന്
എങ്ങനെ തെളിയിക്കാനാണ് !
കണ്ണടയ്ക്കുമ്പോൾ
ഇരുട്ടാവുന്ന ഒരു രാജ്യത്ത്
വെളിച്ചം വിധിക്കപ്പെട്ടിട്ടുള്ളത്
ആർക്കാണ് !
അംഗീകരിക്കപ്പെടാത്ത
ജനനങ്ങൾ പോലെയാണ്
അനാവശ്യ മരണങ്ങളും.
അതെങ്ങനെ സംഭവിച്ചു
എന്നതിനെച്ചൊല്ലി
മാഴ്കേണ്ടതില്ല.
അങ്ങനെയൊന്ന് സംഭവിച്ചിട്ടേയില്ല.
ഇനിയൊരിക്കലും ഉണ്ടാവുകയുമില്ല.
അത്തരത്തിൽ ഒരു ഊരും
അങ്ങനെയൊരു പേരും
ഉണ്ടായിരുന്നുവെന്ന്
നിങ്ങൾക്കൊരിക്കലും
തെളിയിക്കാനാവില്ല.
പാഴ്ച്ചെടികൾ
ചതഞ്ഞരയുന്നത്
ഏതു കാലടിവെപ്പിലാണെന്ന്
ആരോർത്തു വയ്ക്കാൻ!
വഴിമുടക്കുന്നതൊക്കെയും
നിലംപതിക്കേണ്ടവ മാത്രമാണ്.
നീതിയെന്നത്
ചിലർക്കു മാത്രം
വായിക്കാനറിയുന്ന
ഒരു ഭാഷയുടെ പേരാണ് !


ഇലഞ്ഞിപ്പൂക്കൾ..
ബിനോജ് കുര്യൻ

ഉച്ചയ്ക്ക് ഊണുകഴിക്കാൻ വീട്ടിൽ പോയതായിരുന്നു ഞാൻ ;
തിരിച്ചിറങ്ങാൻ തുടങ്ങിയപ്പോൾ മഴയുടെ ലക്ഷണം.
സ്കൂളുകളിൽ , ഇൻസ്പെക്ഷന് പോകേണ്ടതാണ് .
ബൈക്കിൽ കോട്ടുമിട്ട് പോയാൽ മെനക്കേടാണ്..
എന്നാൽ ,കാർ എടുത്തേക്കാം എന്നു വച്ചു.
ആദ്യം , ഞാൻ പഠിച്ച  പ്രവിത്താനം സ്കൂളിലേക്കാണ് പോയത്.
ബാലാവകാശ കമ്മിഷന്റെ  ഉത്തരവുപ്രകാരം,  കെ.എസ്.ഇ.ബിയിൽ നിന്ന്,  സുരക്ഷാപരിശോധനക്ക് വന്നതാണെന്ന് അറിയിച്ചു .
ഹെഡ്മാസ്റ്റർ പറഞ്ഞു " ഇടതുവശത്തേക്ക് തിരിഞ്ഞാൽ, ആദ്യം കാണുന്ന വരാന്തയുടെ അവസാന ഭാഗത്താണ് ,ഉച്ചക്കഞ്ഞി വയ്ക്കുന്ന മുറി.
ആ മുറിയുടെ അകത്താണ് മീറ്റർ ബോർഡും ,മെയിൻ സ്വിച്ചും.
ഞാൻ ആ വഴി ചെന്നു.
മുറിയ്ക്കകത്ത്, കഞ്ഞി വയ്ക്കുന്ന യുവതി ഇരിപ്പുണ്ടായിരുന്നു.
കാര്യം പറഞ്ഞ്, അകത്തു കയറി.
ഇ എൽ സി ബി ഉണ്ട്.
മെയിൻ സ്വിച്ചും, മീറ്റർ ബോർഡും കുഴപ്പമില്ല.
തിരിഞ്ഞു നടന്നപ്പോൾ പുറകിൽ നിന്ന് അവൾ വിളിച്ചു
ഞാൻ തിരിഞ്ഞു നിന്നു
"സാറിന്റെ പേര് ബിനോജ് എന്നാണോ ? ''
ഞാൻ :  "അതെ... എന്നെ അറിയുമോ ? ''
അവൾ  "പിന്നെ,.. എത്രകൊല്ലം നമ്മൾ ഈ സ്കൂളിൽ ഒരേ ക്ലാസ്സിൽ പഠിച്ചതാ ?; ''
ഞാൻ : "എനിക്ക്,.. ആളെ മനസ്സിലായില്ല, എന്താ പേര് ? ''
അവൾ : “  ദിവ്യ തോമസ് ''
എനിക്ക് വിശ്വസിക്കാൻ പറ്റിയില്ല  ;
ഞാൻ ഹൈസ്കൂളിൽ പഠിച്ചിരുന്ന കാലത്ത്, എല്ലാവരുടെയും സ്വപ്നകാമുകിയായിരുന്ന ദിവ്യ ആണോ ഇത് ?
അവളുടെ അന്നത്തെ സൗന്ദര്യം എവിടെപ്പോയി ?
അതുമല്ല, പഠിക്കാൻ മിടുക്കിയായിരുന്ന അവളെ, ഒരു കഞ്ഞിവപ്പുകാരിയുടെ രൂപത്തിൽ ഞാൻ ഒരിക്കലും പ്രതീക്ഷിച്ചില്ല.
ഞാൻ അമ്പരന്നു നിൽക്കുന്നതുകണ്ട് അവൾ പറഞ്ഞു
"സംശയിക്കേണ്ട ഞാൻ തന്നെ,ദുരിതം പിടിച്ച ജീവിതം എന്നെ ഇങ്ങനെ  മാറ്റിയതാണ് .''
ഞാൻ ചോദിച്ചു : "ഭർത്താവിന്റെ വീട് ചങ്ങനാശ്ശേരിയിൽ അല്ലേ ? ''
അവൾ : "അതെ , എങ്ങനെയറിഞ്ഞു ? ''
ഞാൻ : "അത്...., അത്...,നമ്മുടെ കൂടെയുണ്ടായിരുന്ന സന്ധ്യയെ ഞാൻ ഈയിടെ കണ്ടിരുന്നു.
പഴയ കാര്യങ്ങൾ പറഞ്ഞ കൂട്ടത്തിൽ നിന്റെ കാര്യവും പറഞ്ഞു .''
ഞാൻ പറഞ്ഞത് നുണയാണ്,
കാരണം , ഞാൻ ജോലി കിട്ടിക്കഴിഞ്ഞപ്പോൾ ആദ്യം അന്വേഷിച്ചത്, ദിവ്യയുടെ കല്യാണം കഴിഞ്ഞോ എന്നാണ്.
അതുകഴിഞ്ഞു എന്നറിഞ്ഞതിനു ശേഷമാണ്, ഞാൻ മറ്റു കല്യാണം ആലോചിക്കാൻ തുടങ്ങിയത്.
സന്ധ്യയെ ,ഞാൻ സ്കൂൾ വിട്ടതിനുശേഷം ഇതേവരെ കണ്ടിട്ടില്ല.
ഞാൻ "നിന്റെ ഭർത്താവ് എവിടെയാണ് ? ''
അവൾ : "അറിയില്ല ,അയാളുടെ ഉപദ്രവം കൊണ്ട് മടുത്താണ് ഞാനും കുട്ടികളും എന്റെ വീട്ടിലേക്ക് പോന്നത്. അയാൾക്ക് എന്നെ സംശയമായിരുന്നു .''
ഞാൻ ,അവളുടെ മുഖത്തേക്ക് സഹതാപത്തോടെ നോക്കി.
അപ്പോളാണ്, അവളുടെ മുഖത്ത്  ചെറുതായി നീരുവച്ചിരിക്കുന്നതു കണ്ടത്
ഞാൻ : "ഇതെന്തു പറ്റി ; മുഖത്തൊരു നീര് ? ''
അവൾ : "ഒരു പല്ല് കേടാണ്,  എടുക്കാൻ ഇന്ന് ചെല്ലണം ;
ഭരണങ്ങാനത്ത് ആൻസി ഡോക്ടറെയാണ് കാണുന്നത് . ''
ഞാൻ : "എന്റെ കൂടെ പോരുന്നോ ?,, എനിക്ക് ഭരണങ്ങാനം ഓഫിസിൽ ഒന്ന് പോകണ്ട കാര്യമുണ്ട് .''
ആ പറഞ്ഞതും നുണയാണ്
അവൾ  : "വേണ്ട , അതു ശരിയാകില്ല. ''
ഞാൻ  : "കുഴപ്പമില്ല , ഞാൻ കാറിനാണ് പോകുന്നത് ; നമുക്ക് വർത്തമാനം പറഞ്ഞു പോകാം . ''
വീണ്ടും നിർബന്ധിച്ചപ്പോൾ, അവൾ റൂം പൂട്ടിയിറങ്ങി.
സ്കൂളിന് താഴെ റോഡിൽ ,കാർ ഇട്ടിരുന്നതുകൊണ്ട്, ഞങ്ങൾ കാറിൽ പോകുന്നത് ആരും ശ്രദ്ധിച്ചില്ല.

പോയവഴിക്ക് എന്റെ ചിന്തകൾ, സ്കൂൾ കാലഘട്ടത്തിലേക്ക് പോയി.
ഞാനും ദിവ്യയും , ക്ലാസ്സിൽ പഠിക്കുന്ന കാര്യത്തിൽ മത്സരമായിരുന്നു;
ക്ലാസ്സിൽ ഉഴപ്പനല്ലാത്ത എന്നോട്, അവൾക്കൊരു ബഹുമാനം ഉണ്ടായിരുന്നു.
അവൾ മിക്കവാറും ദിവസങ്ങളിൽ, വീട്ടിൽ നിന്ന് ഇലഞ്ഞിപ്പൂക്കൾ കൊണ്ടുവരുമായിരുന്നു;
മറ്റു പെൺകുട്ടികൾക്കു പോലും അത് കൊടുക്കാത്ത അവൾ, എനിക്ക് ആ പൂക്കളുടെ സുഗന്ധം ഇഷ്ടമാണെന്നറിഞ്ഞപ്പോൾ, ആരും കാണാതെ വഴിയിൽ വച്ച് പൂക്കൾ  തന്നിരുന്നു.
ഒരു ദിവസം പൂക്കൾ വാങ്ങുന്നതിനിടെ ,ഞാൻ എന്തോ ശബ്ദം കേട്ട് ശ്രദ്ധ മാറിപ്പായി.
അറിയാതെ അവളുടെ കയ്യിൽ പിടിച്ചെങ്കിലും, അവൾ കൈ വലിച്ചില്ല.
പക്ഷേ, അബദ്ധം മനസ്സിലാക്കി ഞാൻ പെട്ടെന്ന് കൈമാറ്റി.

ഞങ്ങൾ ക്ലിനിക്കിലെത്തി.
ഡോക്ടറെ കാണാൻ വേണ്ടി ,പുറത്തിരുന്നു.
അടുത്തടുത്ത കസേരകളിൽ ഇരുന്ന സമയത്ത്, ആ പഴയ ഇലഞ്ഞിപ്പൂമണം ഒഴുകി വരുന്നതുപോലെ;
ഞാൻ വീണ്ടും  പ്രായം കുറഞ്ഞ്  കൗമാരത്തിലേക്ക് പോയതുപോലെ !.
പല്ലെടുത്തു കഴിഞ്ഞു.
കുറച്ചുകഴിയുമ്പോൾ ,വായിൽ വെച്ച പഞ്ഞി എടുത്തിട്ട്, ഐസ്ക്രീം കഴിക്കണമെന്ന് ഡോക്ടർ  പറഞ്ഞു.
ഞാൻ അവളെ നിർബന്ധിച്ച് ,ഭരണങ്ങാനത്തെ പ്രശസ്തമായ ഐസ്ക്രീം പാർലറിൽ കൊണ്ടുപോയി.
ആ സ്ഥാപനം, 50 വർഷം പിന്നിട്ടതിന്റെ ആഘോഷങ്ങൾ നടക്കുകയായിരുന്നു.
ഞങ്ങൾ ബഹളത്തിനിടയിൽ നിന്നുമാറി , ഒരിടത്ത് സ്വസ്ഥമായിരുന്നു.
ഐസ്ക്രീം കഴിക്കാൻ തുടങ്ങി.
എന്റെ ഫോൺ ബെല്ലടിച്ചു. ഞാൻ നോക്കി;
ഭാര്യയാണ്;
ഞാൻ എടുത്തില്ല.
കുറച്ചു കഴിഞ്ഞ് , ഓഫീസ്  നമ്പറിൽ  കോൾ വന്നു.
അസിസ്റ്റന്റ് എൻജിനീയർ , നീതു മാഡം ആണ്.
ഞാൻ  : "ഹലോ ,എന്താ മാഡം ? ''
മാഡം: “  ബിനോജേ, എവിടെയാ ? ''
ഞാൻ  : " പ്രവിത്താനം സ്കൂളിൽ  ഇൻസ്പെക്ഷൻ കഴിഞ്ഞ് അടുത്ത സ്കൂളിലേക്ക് പോകുവാ ,. ''
മാഡം : "എന്നാലും ഭരണങ്ങാനം  ഓഫിസിന്റെ ഏരിയയിലുള്ള സ്കൂളിൽ പോകാൻ ഞാൻ പറഞ്ഞില്ലല്ലോ  ബിനോജേ ? ''
ഒരു ഞെട്ടലോടെ ,ഞാൻ : "അതെന്താ മാഡം ? ''
മാഡം : "അല്ല, നിങ്ങൾ ഭാര്യയും ഭർത്താവും ഐസ്ക്രീം  പാർലറിലിരിക്കുന്നത് ഞാൻ ടി.വി.യിൽ കണ്ടു.ഏംഗൽസും ബോബിയും കൂടിയാ എന്നെ വിളിച്ചു കാണിച്ചത്. ''
ലൈൻമാൻമാർ ആയ അവന്മാർക്ക് എന്നോട് എന്തോ വൈരാഗ്യം ഉണ്ടെന്നു തോന്നുന്നു .
ആ ദുഷ്ടന്മാരെ മനസ്സാ ശപിച്ചു കൊണ്ട് ഞാൻ ചോദിച്ചു
" എന്നെ ടിവിയിൽ കണ്ടെന്നൊ ? ''
മാഡം :"ഐസ്ക്രീം പാർലറിന്റെ  വാർഷികാഘോഷം   ലൈവ് ആയി ലോക്കൽ ചാനലിൽ കാണിക്കുന്നുണ്ട് ; കുറച്ചുമുമ്പ്, ബിനോജ് എതിർവശത്തിരുന്ന ഭാര്യയുടെ മുഖത്ത് പറ്റിയ ഐസ്ക്രീം തുടയ്ക്കുന്നതുവരെ ഞങ്ങൾ കണ്ടു.  . ''
'നീതു മാഡം എന്റെ ഭാര്യയെ കണ്ടിട്ടില്ല ഭാഗ്യം' എന്നു സമാധാനിച്ച് ഫോൺ കട്ട് ചെയ്തു കഴിഞ്ഞപ്പോൾ, ഇതാ ഓവർസിയർ ബാലചന്ദ്രൻ വിളിക്കുന്നു !!
ബാലചന്ദ്രൻ : "സാറിന്റെ ഭാര്യ ,ഇപ്പോൾ ഓഫീസിലേക്ക്  വിളിച്ചിരുന്നു. സാറിനെ ഫോണിൽ വിളിച്ച് കിട്ടാഞ്ഞിട്ടാണ് . ''
ഞാൻ : "എന്താ കാര്യമെന്നു പറഞ്ഞോ ? ''
ബാലചന്ദ്രൻ : ''സാർ ഓഫിസിലുണ്ടോ ,അതോ ഭരണങ്ങാനത്തിനെങ്ങാനും പോയോ എന്നു ചോദിച്ചു. ''
ഞാൻ : "എന്നിട്ടെന്തു പറഞ്ഞു ? ''
ബാലചന്ദ്രൻ : "നിങ്ങൾ രണ്ടുപേരും കൂടിയല്ലേ പോയത് ? ഞങ്ങൾ    ടി വി യിൽ കണ്ടല്ലോ, എന്നു ചോദിച്ചു. പെട്ടെന്ന് കരഞ്ഞുകൊണ്ട്, പുള്ളിക്കാരി ഫോൺ കട്ട് ചെയ്തു . ''
'ദൈവമേ  അവളും ആ ചാനൽ  കണ്ടുകാണും' .!!
എന്റെ കാര്യത്തിൽ തീരുമാനമായി....
അന്തംവിട്ടിരുന്ന എന്നോട് , അവൾ ചോദിച്ചു " എന്തു പറ്റി  ? ''
ഞാൻ പറഞ്ഞു " എന്റെ ഭാര്യ കുളിമുറിയിൽ തെന്നി വീണു ,.കാലൊടിഞ്ഞെന്നാണ് തോന്നുന്നത്  ''
അവൾ : "എന്നാൽ നമുക്ക് ഇറങ്ങിയേക്കാം ,. ബിനോജ് പൊക്കോ, എന്റെ വീട്ടിലേക്ക് ഇവിടുന്ന് നടക്കാവുന്ന ദൂരമേയുള്ളൂ . ''
ഞങ്ങൾ വേഗം പുറത്തിറങ്ങി .
യാത്ര പോലും പറയാതെ, ഞാൻ കാറിൽ കയറി .
തിരിച്ചു പോരുന്ന വഴി എനിക്ക് ഒരു കാര്യം മനസ്സിലായി;
'ഇലഞ്ഞിമരം എന്നും  പൂക്കാറില്ല ;
ആ സുഗന്ധം,  അങ്ങനെ  എപ്പോഴും പരക്കാറുമില്ല...

എത്ര വേഗം..
സജിത അനിൽ

എത്ര വേഗമാണ്
നാമന്യരായത് .
എത്ര വേഗമാണ്
നാമിരുധ്രുവങ്ങളിലേക്ക്
ചേക്കേറിയത്.
എത്ര വേഗമാണ്
നാമിരുവഞ്ചിയിലെ
യാത്രക്കാരായത് .
എത്ര വേഗമാണ്
നമ്മിൽ മൗനം
വിരുന്നുകാരനായത് .
എത്ര വേഗമാണ്
നമ്മിൽ അസ്വസ്ഥതയുടെ
കടന്നുകയറ്റമുണ്ടായത് .
എത്ര വേഗമാണ്
നമുക്കപരിചിതമായ
വാക്കുകൾ
നമ്മിൽ ആധിപത്യം
സ്ഥാപിച്ചത് .
എത്ര വേഗമാണ്
നീയെന്റെ വാക്കുകൾക്ക്
കാണാപ്പുറം തേടിയത് .
എത്ര വേഗമാണ്
എന്റെ പുഞ്ചിരി
നിന്നിൽ അസ്വസ്ഥതയുടെ
മതിൽക്കെട്ട് തീർത്തത് .
എത്ര വേഗമാണ്
നാമിന്നന്യരായത്....

കാണ്മാനില്ല.....
ഷബ്ന
വർഷം : 1986
സ്‌കൂൾ വിട്ട ഒരു വൈകുന്നേരം...
പച്ച പാവാടയും വെള്ള ഷർട്ടും ധരിച്ച ഞാൻ നാലാം ക്ലാസിൽ നിന്നും ബാഗും തൂക്കി ഇറങ്ങുന്നു. വലിയ ഗ്രൗണ്ടിൽ കുട്ടികൾ  ആഘോഷത്തിമിർപ്പിലാണ്. സ്‌കൂൾ ബസ്സിലോ ഓട്ടോയിലോ വാനിലോ പോകാനുള്ള  കുട്ടികളാണ് ഭൂരിഭാഗവും. ഞങ്ങൾ പാട്ടവണ്ടി എന്നു വിളിക്കുന്ന സ്‌കൂൾ ബസ് ഒരു ട്രിപ്പ് പോയിക്കഴിഞ്ഞു. അടുത്ത ട്രിപ്പ് വരുംവരെ ആർമാദിക്കാൻ ഏറെ സമയമുണ്ട്.ദിവസവും ബസ്സ് വന്നു ഒതുക്കി നിർത്തുന്നയിടത്ത് സ്‌കൂൾ ബാഗും വരിവരിയായി നിരത്തി പിള്ളേഴ്‌സ് പലവഴി കളിക്കാൻ പോയിരിക്കുന്നു.

അതേ സ്‌കൂളിൽ പഠിക്കുന്ന എന്റെ അനിയൻ എന്റെ അടുക്കലേയ്‌ക്ക്‌ ബാഗും വലിച്ചെറിഞ്ഞു അവിടെ നിന്നു കളിക്കുന്നുണ്ട്.  അടക്കവും ഒതുക്കവും ഉള്ള കുഞ്ഞാടായി ഞാൻ ആരോടോ കള്ളകഥ പറഞ്ഞുകൊണ്ട് സ്‌കൂൾ ബസിനായി കാത്തു നിൽപ്പാണ്.

പെട്ടെന്നാണ് ബസ് വീണ്ടും വന്നത് . ബസ് കണ്ടതും  പലയിടങ്ങളിൽ ഓട്ടപ്രാന്തിയും  കിളിമാസും ഒളിച്ചിട്ടു പിടുത്തവും  കളിച്ചോണ്ടിരുന്ന കുട്ടികൾ  മിട്ടായിപ്പൊതി കണ്ടപോലെ കൂട്ടം കൂടി വരിയിൽ നിരന്നും പിന്നെ സർവ്വ ശക്തിയും എടുത്ത് ബസ്സിലെ ജനൽസീറ്റിനായി ഇടിപിടിച്ചു കയറാനും ശ്രമിച്ചുകൊണ്ടിരിന്നു.  അന്നേ മുന്നിൽ നിൽക്കാനും  ഇടിപിടിക്കാനും മത്സരിക്കാനും വലിയ താൽപ്പര്യം ഇല്ലാത്ത ഞാൻ പതിവ്പോലെ പിൻവലിഞ്ഞു ചുറ്റിനും നോക്കി. ഇടി പിടിച്ചു കയറുന്ന കൂട്ടത്തിൽ അനിയൻ ചെക്കനില്ല

. ഉള്ളിലൊരാന്തൽ വന്നതറിഞ്ഞു. കുട്ടികളിൽ ഭൂരിഭാഗവും ബസ്സിൽ കയറി കഴിഞ്ഞു.ബസ്സിന്റെ പിന്നിൽ കൂടി ഞാനോടി ഗ്രൗണ്ടിൽ നോക്കി.കുറച്ചു കൂടി കുട്ടികൾ അവിടെ കളിക്കുന്നുണ്ട്. അവരുടെ കൂട്ടത്തിലെങ്ങും അവനില്ല.എന്റെ ശരീരം തളർന്നു പോകുന്നത് ഞാനറിഞ്ഞു. ഒരക്ഷരം മിണ്ടാൻ പറ്റുന്നില്ല. എന്റെ കയ്യിൽ അവന്റെയും എന്റെയും ബാഗും പിടിച്ച് ഞാനന്ധളിച്ചുനിൽപ്പാണ്. എന്ത് ചെയ്യണം എന്നറിയില്ല.  ഒരെട്ടു വയസ്സുകാരി പെണ്കുട്ടി  ആറു വയസ്സുകാരൻ അനിയനെ  കാണാതെ നിശ്ചലയായ നിമിഷം.

എല്ലാ കുട്ടികളും കയറി കഴിഞ്ഞു. ഒടുവിലായി ഞാനും. ഇനി  അവൻ ബസിൽ കയറി കാണുമോ? നല്ല വികൃതിയാണവൻ !  ഞാൻ കാണാതെ പോയതാണോ?  ആ ചിന്തയോടെ ഞാൻ ബസ്സിൽ ചാടിക്കയറി അകത്തു നോക്കാൻ തുടങ്ങി. ഉടൻ ബസ്സിലെ ചേച്ചി മണിയടിച്ചതും ബസ് മുന്നോട്ട്‌ നീങ്ങാൻ തുടങ്ങി. എനിക്ക് കരച്ചിൽ വരുന്നുണ്ടായിരുന്നു. ഒരു വിതുമ്പലോടെ തിരക്കുള്ള ബസ്സിൽ ഞാൻ അവനെ നോക്കാൻ തുടങ്ങി.

ബസ്സ് , സ്‌കൂൾ പരിസരം വിട്ടു കഴിഞ്ഞു.പുറകിലെ ബസ്സിലെ ചില്ലിലൂടെ സ്‌കൂൾ മൈതാനം  ഓടിയകലുന്നു. സ്‌കൂളും വീടിനും ഇടയ്ക്ക് നാലോ അഞ്ചോ സ്റ്റോപ് മാത്രേ ഉള്ളു. ബസ്സിനുള്ളിൽ അവനില്ല എന്നുള്ള സത്യം തിരിച്ചറിഞ്ഞതും എന്റെ ചുണ്ടുകൾ വിതുമ്പാൻ തുടങ്ങി...

"എന്റനിയൻ കയറിയിട്ടില്ല."

ഞാൻ പറഞ്ഞു കൊണ്ടിരുന്നു.
ബസ്സിലെ കുട്ടികളുടെ തിരക്കിൻറെയിടയിൽ എന്റെ സ്വരം മുങ്ങിപ്പോയി. ഒച്ച വെച്ചു ബസ് നിർത്താനോ ബഹളം കൂട്ടാനോ ഉള്ള തന്റേടമില്ലാതെ നിസ്സഹായതയോടെ ഞാൻ വിതുമ്പി നിന്നു.  തൃശൂർ മിഷൻ ക്വാർട്ടർസിൽ നിന്നും പുറപ്പെട്ട ബസ് കുരിയച്ചിറയും കനാൽ സ്റ്റോപ്പും കഴിഞ്ഞ് എന്റെ വീടിന്റെ വഴിയിലേയ്ക്...

"എന്റെ അനിയനെ കാണാനില്ല..."

ബസ്സിൽ നിന്നിറങ്ങാൻ നേരത്ത് ബസ്സിലെ ചേച്ചിയോട് ഇതും പറഞ്ഞു കൊണ്ട് ഞാനോടി.
എങ്ങിനെയെങ്കിലും വീട്ടിലെത്താനുള്ള തിടുക്കമായിരുന്നു എനിക്ക്..എന്റെ കാലുകൾക്ക് വേഗത പോരായിരുന്നു. ഉള്ളിലെ നെഞ്ചിടിപ്പ് പുറത്തേക്കു കേൾക്കാമായിരുന്നു. സാധാരണ കഥകൾ പറഞ്ഞും പാട്ടു പാടിയും ഇടതു വശത്തുള്ള കരിയാട്ടിയിലെ പറമ്പിലെ പ്രേതകഥകൾ പറഞ്ഞും നടക്കാറുള്ള ഞാനന്ന് ഒന്നും കണ്ടില്ല...കേട്ടില്ല..

വീട്ടിൽ ചെന്ന് ഓടികയറിയതും അതുവരെ അടക്കി വെച്ച സങ്കടം അണപൊട്ടിയൊഴുകി.

അവനെ കാണാനില്ല മമ്മി...

ഞാൻ പൊട്ടിക്കരഞ്ഞു പറഞ്ഞു..

"എന്തിനാടി നീ ഇങ്ങട് വന്നേ .. അവനില്ലാതെ.?.."
മകനെ കാണാനില്ലെന്ന് അറിയുന്ന അമ്മയുടെ മാനസികാവസ്‌ഥ  കാരണമാകാം  അലറി നിലവിളിച്ച് , അവനെ കൂടാതെ ബസ്സിൽ കയറി പോന്നതിനു ഉടനടി എനിക്ക് പൊതിരെ കിട്ടി...ശരീരവും മനസ്സും ഒരുപോലെ നൊന്ത ഞാൻ കട്ടിലിൽ കിടന്നു തേങ്ങിതേങ്ങി കരഞ്ഞുകൊണ്ടിരുന്നു .

മമ്മിയും മമ്മയുടെ ആങ്ങളയും കൂടി ഉടൻ പുറപ്പെട്ടു. സ്ക്കൂളിൽ തന്നെ അധികം ആരും ചെല്ലാത്ത മറ്റൊരു   മൂലയ്ക്കായി  കളിച്ചുകൊണ്ടിരുന്ന അവനെ എന്റെ ക്ലാസിലെ ദീപക് എന്ന കുട്ടികണ്ടപ്പോൾ സിസ്റ്റർമാരെ ഏല്പിച്ചിരുന്നു.  എന്റെ അനിയനെ കണ്ടുപിടിച്ചു സുരക്ഷിതമായി ഏൽപ്പിച്ച ദീപക് എന്റെ മനസ്സിൽ കുറേക്കാലം  ഹീറോ ആയിരുന്നു.

മണിക്കൂറുകളോളം അവനെ കാണാതെ വന്നപ്പോൾ ഉണ്ടായ മാനസികാവസ്ഥ ഇന്നും കാലങ്ങൾക്കിപ്പുറവും എന്നിൽ നിന്നും  മാഞ്ഞിട്ടില്ല. സ്വന്തം അനിയനെ കാണാതായി ഒരല്പ സമയം ഉരുകി ഒരു കൊച്ചു പെണ്കുട്ടി സഹിച്ച മാനസികാവസ്ഥ .അന്ന് , നിസ്സഹായതയോടെ ഓടിവന്നപ്പോൾ കിട്ടിയ തല്ലിന്റെ ചൂടും നഷ്ടപ്പെട്ട ഒന്നിന്റെ ഭാരവും കൊണ്ടാണെന്നു തോന്നുന്നു ഇന്നും ഇതെഴുതുമ്പോൾ എന്റെ കണ്ണിൽ നിന്നും ജലം ഒഴുകുന്നുണ്ട്.

കഴിഞ്ഞ ദിവസങ്ങളിൽ കാണാതായ കുഞ്ഞുകുരുന്നിന് വേണ്ടി ഈ നാടു ഉരുകിയ അവസ്‌ഥ നാം കണ്ടതാണ്. ഒരിക്കൽ ആ അവസ്‌ഥ അറിഞ്ഞത് കൊണ്ടാണെന്നു തോന്നുന്നു ഇത്തരം വാർത്തകൾ കേൾക്കുമ്പോൾ മനസു പഴയ എട്ടു വയസുള്ള പെണ്കുട്ടിയിലേയ്ക് യാത്ര തിരിക്കും.

കഴിഞ്ഞ വർഷം കേരളത്തിൽ നിന്നും മാത്രം കാണാതായ കുട്ടികൾ 400 ഇൽ അധികമാണ്.എവിടെയാണ് ഈ കുട്ടികൾ?
 സൂചന പോലും ഇല്ലാതെ , ജീവിച്ചിരിക്കുന്നുണ്ടോ എന്നു പോലും അറിയാതെ ആ കുഞ്ഞുങ്ങളുടെ മാതാപിതാക്കൾ... ! !
നഷ്ടപ്പെടുന്നതിന്റെ വേദന അറിയണമെങ്കിൽ അതു നമുക്കു അത്രയും പ്രിയപ്പെട്ടതാവണം  , അതുമല്ലെങ്കിൽ അന്യന്റെ വേദന എന്റേതുമാണെന്ന് തിരിച്ചറിയുന്ന മനുഷ്യത്വം മരിക്കാതെയിരിക്കണം. !!

വളരുന്ന സമൂഹത്തിൽ  പൈശാചികമാനസികനിലയുള്ള ഒരു വിഭാഗവും വളർന്നു വരുന്നുണ്ട്. അധികാരവും സമ്പത്തും പുതിയ സമൂഹത്തിന്റെ മുഖമുദ്രയാകുമ്പോൾ മൂല്യം നഷ്ടപ്പെടുന്ന ഒരു സമൂഹം ഇന്നിന്റെ ശാപമാണ്. അപകടകാരമായ വിധത്തിൽ ഇവരുടെ എണ്ണം വർധിക്കുന്നത്  ഭയപ്പെടേണ്ട ഒന്നാണ്. സ്വന്തം സ്വർത്ഥതയ്ക്കായിവരെ മക്കളെ ഇല്ലാതാക്കാൻ ശ്രമിക്കുന്ന ഒരു സമൂഹമായി ഇത് അധഃപതിച്ചു കഴിഞ്ഞിരിക്കുന്നു. സ്വാർത്ഥത തേടുന്ന സമൂഹത്തിൽ മൂല്യങ്ങൾ വളർത്താൻ  നമ്മൾ ഓരോരുത്തരും ബാധ്യസ്ഥരാണ്.  അതിനു നാം ഇനിയെങ്കിലും ശ്രമിച്ചില്ലെങ്കിൽ ഓർക്കുക...

 നാളെയുടെ  ഇരയാവാൻ അധികം നേരമൊന്നും വേണ്ട!!

വസന്തം
ശ്രീലാ അനിൽ

ഒരു നീണ്ടമൗനത്തിന്റെ,,,,
കാരണമില്ലാത്ത
ഒരു പരിഭവത്തിന്റെ
അപ്പുറത്തുമിപ്പുറത്തും നിന്ന്
കാലങ്ങൾക്കു ശേഷം
നമുക്കിടയിൽ ഒരു പുഞ്ചിരി വിരിയുന്നു,,,,

അത്ര നാളായി വീർപ്പിച്ചു വച്ച ശൂന്യതയുടെ
നീർക്കുമിള
പൊട്ടിത്തകരുന്നത്
എത്ര പെട്ടെന്നാണ്,,,

പഴയ സ്നേഹത്തിന്റെ ധാരാളിത്തത്തിലേയ്ക്ക്
നമ്മൾ കൈ കോർത്ത്
നടക്കുക
പൊടുന്നനെയാവും

 നിശബ്ദതകളെ തൂത്തെറിഞ്ഞ്
 അത്ര മേൽ പ്രിയമോടെ
 അത്ര മേൽ ഊഷ്മളമായി
 നിന്നെ ഞാൻ അണച്ചു
 പിടിക്കുകയാവും പിന്നെയെപ്പോഴും.....
 പിന്നീടങ്ങോട്ട് നിന്റെ ഇഷ്ടങ്ങളോട്
 സമരസപ്പെട്ട്
 അവയെ എന്റേതു
 കൂടിയാക്കും ഞാൻ,,,,,
നിന്റെ സന്തോഷങ്ങൾക്ക് മാറ്റുകൂട്ടാൻ,,,,,
എന്റെ സങ്കടങ്ങൾ
സന്തോഷമാക്കാൻ
വാക്കുകളുടെ പൂക്കൾ കൊണ്ട് വസന്തം ചമയ്ക്കയാവും
നാമെപ്പോഴും

ശ്വാസം
സിറാജ് ശാരംഗപാണി

ശ്വാസം നിലച്ചിരിക്കുന്നു,
നിലച്ചതല്ല,
ആരുടെയോ
അദൃശ്യമായ കരങ്ങൾ
കഴുത്തിൽ
മുറുകിയിരിക്കുന്നു.
"കുറച്ചുനേരത്തേക്ക്
ശ്വസിക്കേണ്ട."
അശരീരി മാത്രം കേട്ടു.
"മരിച്ചു പോവില്ലേ ?"
മറ്റാരോ ചോദിച്ചു.
"ചത്തുജീവിക്കുന്നവർക്ക്
എന്തു മരണം,
ശ്വസിക്കുന്നതുകൊണ്ടുമാത്രം
ജീവിക്കുന്നതായി
പരിഗണിക്കപ്പെടുന്നവരല്ലേ,
അതും തീർക്കണം,
മരണാനന്തരചടങ്ങുകൾ
പൂർത്തിയാക്കട്ടെ.
കഥയിൽ ചോദ്യമില്ല,
കഥ മാത്രം,
ഉത്തരവുമില്ല.
ഉത്തരത്തിൽ
കെട്ടിത്തൂക്കിയിടുംവരെ
ക്ഷമിക്കൂ.
രുചിയുള്ള മാംസമാണ്,
മുറിച്ചു തരാം,
ചുട്ടു തിന്നാം,
കറിവച്ചും കഴിക്കാം."
വീണ്ടും ഒരശരീരി,
എല്ലാം നിലച്ചു,
ശുഭം.
ഉറക്കം കെടുത്താൻ വന്ന സ്വപ്നമോ?
അതോ
സത്യമോ?
സത്യത്തിന്റെ കുപ്പായമിട്ട
മറ്റൊരു നുണയോ?

തെരുവ് ചിത്രം
യൂസഫ് നടുവണ്ണൂർ
പുകയുയരുന്ന തെരുവിന്
ചോര പൂത്ത നിറം നൽകി
ആർപ്പുവിളിയെന്ന്
അടിക്കുറിപ്പെഴുതാം

നാം വരയ്ക്കാറുള്ള
കിങ്ങിണിക്കിടാവിന്റെ
കൊമ്പിനിപ്പോൾ
എന്തൊരു മൂർച്ചയാണ്!

ആദി പുരാതന വർണങ്ങളിൽ
കല്ലിച്ച ചിത്രങ്ങൾ
ഓരോ നോട്ടങ്ങളിൽ
ഓരോ നിറം ചാർത്തി
ഒറ്റയ്ക്കും കൂട്ടമായും വരച്ച്
ആണിയടിച്ചു തൂക്കണം!

ഇനിയുമുണ്ടേറെ
വരയ്ക്കാൻ
കണ്ടു കൊണ്ടേയിരിക്കാം
നമുക്ക്
ഒരു ചിത്രമായ്ത്തീരും വരെ!

വേട്ടാളൻ
പ്രീത സുധീർ
വീട് നഷ്ടപ്പെട്ട വേട്ടാളൻ വീണ്ടും കൂടൊരുക്കുകയാണ്.. മരത്തിന്റെ അഴികളുടെ താഴെ പടിയിൽ മണ്ണിന്റെ വീടൊരുങ്ങുന്നു.  വേട്ടാളന്റെ ഗർഭഗൃഹം. നനഞ്ഞ മണ്ണും പശിമയും.. ഇടയ്ക്കു  പറന്നു പുറത്തു പോയി തിരിച്ചു വരുന്നു. ആ ചെറിയ  പെൺകുട്ടി കൗതുകത്തോടെ അത് നോക്കിയിരിക്കുകയാണ്.
പിന്നെപ്പോഴോ ഇരുട്ട് പരന്നത് പോലെ.. കൈയിലെ ചെറിയ വടി കൊണ്ടു ആ കുട്ടി ആ കൂട് ഇളക്കി.. പൊട്ടിച്ചു താഴെയെറിഞ്ഞു.. തറയിൽ മൺപുറ്റുകൾക്കിടയിൽ വെളുത്ത പാടക്കുള്ളിൽ.. എന്തായിരുന്നു അത്.. ഒരു പ്രാണൻ പിടയുന്നു. ചെവിയിലേക്ക് ആർത്തു വരുന്ന വേട്ടാളന്റെ മൂളൽ.. ദേഹം വിറച്ചു.. തുടകൾക്കിടയിലൂടെ എന്തോ ഒലിച്ചിറങ്ങുന്നുവല്ലോ.. കാല്പാദങ്ങളിൽ രക്തം.. മൺപുറ്റുകളെ മൂടി ആ രക്തം പരന്നൊഴുകുന്നു.. വേദന... വേദന.. ഉരുകിയൊലിച്ച ഭ്രുണത്തിന്റെ വേദന.. കാതിൽ മുഴങ്ങുന്ന വേട്ടാളന്റെ കരച്ചിൽ... മീനാക്ഷി അലറി വിളിച്ചു...
സ്വപ്നം... വിയർത്തു കുളിച്ചിരുന്നു.. ഒഴുകുന്നത് വിയർപ്പു തന്നെയോ.. അതോ ചോരയാണോ.. വയറിൽ കൈഅമർത്തി പിടിച്ചു. കാല്പാദങ്ങളിൽ ചോരയില്ലെന്നു ഉറപ്പു വരുത്തി...
മീനാക്ഷി.... വിഷ്ണു പരിഭ്രമത്തോടെ വിളിച്ചു.. ആ കണ്ണുകളിലെ പിടച്ചിൽ..
"എന്റെ കുഞ്ഞ്... ഞാൻ കണ്ടു.. പതിവ് പോലെ ആ വേട്ടാളൻ എന്റെ കുഞ്ഞിനെ കൊന്നു.. "
വിറക്കുന്ന സ്വരം.. അവളെ വിഷ്ണു നെഞ്ചോട് ചേർത്തു പിടിച്ചു.. ആ നെഞ്ചിൽ തലയിടിച്ചു അവൾ കരഞ്ഞു കൊണ്ടിരുന്നു.. "ഈ കുഞ്ഞ് കൂടെ പോയാൽ... മീനാക്ഷി പിന്നെ ഉണ്ടാവില്ല വിഷ്ണു.. "

"ഒന്നുമില്ല..എല്ലാം നിന്റെ തോന്നലാണ്.. ഒന്നും വരില്ല.. ഈ കുഞ്ഞ്.. നിന്റെ നെഞ്ചിൽ ചേർന്നു കിടക്കും.."വിഷ്ണു അവളെ ആശ്വസിപ്പിച്ചു കൊണ്ടിരുന്നു..

ഏറെ നേരം.. അവൾ ശാന്തമായി അയാളുടെ നെഞ്ചിൽ ചേർന്നു കിടന്നു.പിന്നെ മെല്ലെ എഴുന്നേറ്റു..
തുറന്നിട്ട ജനലിലൂടെ ആകാശം കാണാം.. കാവിൽ ഉറങ്ങുന്ന പാലമരം. പൂത്ത പാരിജാത പൂവിന്റെ ഗന്ധം. അഴിഞ്ഞുലഞ്ഞ മുടിയുമായി നിൽക്കുന്ന പനമരം. മുൻപൊക്കെ ഈ കാഴ്ചകളെ എത്ര മാത്രം സ്നേഹിച്ചിരുന്നു.
പിന്നെ എപ്പോഴോ ഭയമായി മാറി ഈ തറവാട്. വരാൻ കൂട്ടാക്കാതെ ഭയന്നു ഭയന്നു..
എന്നിട്ടും വരേണ്ടി വന്നു.
മരത്തിന്റെ അഴികൾക്കു താഴെ.. മൺപുറ്റിന്റെ പാട്.. അതിൽ മെല്ലെ വിറക്കുന്ന കൈകളോടെ തലോടി.
പക്വതയില്ലാത്ത പ്രായത്തിൽ ചെയ്തു പോയ തെറ്റ്.. അതിന്റെ കറ ഇപ്പോഴും മനസ്സിലെവിടെയോ പറ്റി പിടിച്ച്.. വിട്ടുപോകാതെ...

വയറിൽ അറിയാതെ കൈകൾ ചേർത്തു പോയി.അവിടെ വെളുത്ത പാടക്കുള്ളിൽ തുടിക്കുന്ന പ്രാണൻ.. ഇത് നാലാമത്തെ തവണ.. ഉടഞ്ഞു ചിതറിയൊഴുകിപോയ മൂന്ന് ഭ്രുണങ്ങളുടെ കഥ.. അമ്മ നോവറിയിക്കാത്ത അലസി പോവുന്ന ഗർഭപാത്രത്തിന്റെ വേദന.. ഓർത്തെടുക്കുമ്പോൾ ഓർമ്മയിലെങ്ങോ ഗർഭഗൃഹം നഷ്ടപ്പെട്ട ഒരു വേട്ടാളന്റെ നോവ് ഹൃദയത്തിൽ ഒഴുകി പടരും..
വിഷ്ണു പറയും.. ഒക്കെയും നിന്റെ അന്ധവിശ്വാസം ആണെന്ന്.. ആയിരുന്നുവോ?

അവധിക്കു നാട്ടിൽ അച്ഛമ്മയുടെ വീട്ടിൽ ഓടിയെത്താറുള്ള മീനാക്ഷി. ആ പഴയ വീടും കാവും തൊടിയുമെല്ലാം മീനാക്ഷിക്കു അത്ഭുതമായിരുന്നു.. ആ വീട്ടിലെ മുകളിലെ ചെറിയ മുറിയിൽ അച്ഛമ്മയോട് ചേർന്നു കിടക്കുമ്പോഴാണ്  പഴയ കഥകൾ കേൾക്കുക. അന്നൊരിക്കൽ ആദ്യമായി മരത്തിന്റെ ജനലഴികളിൽ താഴെ കണ്ണുകളിൽ തെളിഞ്ഞ ആ  മൺപുറ്റ്.. "ഇതെന്താ അച്ചമ്മേ "
"അത് വേട്ടാളൻ കൂടു കൂട്ടണതാ.. "
വേട്ടാളൻ... മീനാക്ഷി പിറുപിറുത്തു.. എന്തോ ആ പേര് ഒരു ഭയം പോലെ..
പിന്നെ പിന്നെ ആ കൂട്ടിലേക്ക്‌ നോക്കിയിരുന്നപ്പോൾ പുറത്തു വന്ന ആ ജീവിയെ കണ്ടു.. അറപ്പ് തോന്നി..
അന്ന് ഒരു കോലെടുത്തു ആ പുറ്റ് പൊട്ടിച്ചു കളഞ്ഞു. പിന്നെയാണ് ശ്രദ്ധിച്ചത്.. ആ വീടിനുള്ളിൽ പലയിടങ്ങളിലും ആ പുറ്റ് ഉണ്ട്.. മച്ചിനുള്ളിൽ.. പത്തായപ്പുരയിൽ.. ഓടിന്മേൽ.
അങ്ങനെ അങ്ങനെ ആ വീട് മുഴുവൻ വേട്ടാളന്റെ ആയി മാറുമോന്നു ഭയന്നു പോയി.. ഒരു കോലെടുത്തു എല്ലാ കൂടുകളും പൊട്ടിച്ചെറിഞ്ഞു.. പക്ഷേ ആ ജനലരികിലെ പടിയുടെ താഴെ ഓരോ തവണ വീട് നഷ്ടപെടുമ്പോഴും കൂടൊരുക്കുന്ന വേട്ടാളനെ മീനാക്ഷി  കണ്ടു.

അതിനുള്ളിൽ വെളുത്ത പാടക്കുള്ളിലെ പ്രാണനും.. ഒരിക്കൽ പൊട്ടിച്ചെറിഞ്ഞ കൂടു കണ്ടു അച്ഛമ്മ വഴക്കു പറഞ്ഞു.. "എന്ത് ദ്രോഹമാണ് കുട്ട്യേ ചെയ്യണേ.. അത് അതിന്റെ  കുട്ട്യോൾക്കു വേണ്ടി കഷ്ടപ്പെട്ടു ഉണ്ടാക്കണതല്ലേ.. അതില്  വേട്ടാളന്റെ മുട്ടയുണ്ടാവും.. ശാപം കിട്ടുലോ ന്റെ കുട്ടിക്ക്.. "
അച്ഛമ്മ തലയിൽ കൈ വച്ചു പിറുപിറുത്തു.
അന്ന് തെല്ലൊന്നു വിറച്ചു. കൺമുന്നിൽ അതാ വേട്ടാളൻ.. കണ്ണുകളിലേക്കു പകയോടെ നോക്കുന്നു.. ചെവിയിൽ അതിന്റെ സ്വരം ഇരമ്പിയാർക്കുന്നു. നോക്കിയിരിക്കെ അത് പറന്നു കൈകളിൽ അമർത്തി കുത്തിയിട്ട് തിരികെ പോയി.. വേദന കൊണ്ട് അലറി കരഞ്ഞു..
ഉള്ളിലെവിടെയോ കുറ്റബോധത്തിന്റെ കനൽ.. നീറി നീറി..
പിന്നീടൊരിക്കലും അച്ഛമ്മയുടെ വീട്ടിൽ വേട്ടാളന്റെ കൂട് കണ്ടിട്ടില്ല.
ഓരോ തവണ തറവാട്ടിലെത്തിയാൽ ആദ്യം തിരയുക ആ കൂടാണ്.. പിന്നീട് ഒരിക്കൽ പോലും അതവിടെ കണ്ടിട്ടില്ലല്ലോയെന്ന് അതിശയത്തോടെ ഓർത്തു പോകും.. ഒപ്പം ഉള്ളിൽ പടർന്നു കയറുന്ന അസ്വസ്ഥതയും..
പുറ്റിന്റെ ഒരു പാട് അവശേഷിപ്പിച്ചു കൊണ്ടു വേട്ടാളൻ എവിടെയോ പോയി മറഞ്ഞിരുന്നു.

വർഷങ്ങൾ എത്രയോ കഴിഞ്ഞിരിക്കുന്നു.. വിവാഹം കഴിഞ്ഞു പത്തു വർഷങ്ങൾ.. ഒരു കുഞ്ഞിനെ കാത്തിരിക്കുന്ന മനസ്സിലേക്ക് എപ്പോഴും തെളിഞ്ഞു വരുന്ന ഒരു ചിത്രം.. തച്ചുടച്ച ഒരു വേട്ടാളന്റെ കൂട്.. തുടയിലൂടെ ഒഴുകിയിറങ്ങുന്ന ഉടഞ്ഞ ഗർഭത്തിന്റെ നോവ്.. മൂന്ന് തവണ... ഗർഭപാത്രത്തിലൂറിയ പ്രാണനെ നെഞ്ചോട്‌ ചേർക്കാനാവാതെ... പാതിയിൽ പിടയുന്ന പ്രാണനായി ഉരുകിയൊലിച്ചു...

നാലാമത് ഗർഭം ധരിച്ചപ്പോൾ വിഷ്ണുവിനോട് വാശി പിടിച്ചു.. എനിക്കു തറവാട്ടിൽ പോണം..
എന്റെ കണ്ണുനീര് നനഞ്ഞൊരു മൺപുറ്റ്‌.. പ്രായശ്ചിത്തം ചെയ്യണം.
അങ്ങനെയൊരു തോന്നൽ. മരിക്കുന്നതിന് മുൻപ് അച്ഛമ്മ പറഞ്ഞ വ്യക്തമല്ലാത്ത കുറേ വാക്കുകൾ.. ആ തണുത്ത കൈക്കുള്ളിൽ കൂട്ടി പിടിച്ചിരുന്നു എന്റെ കൈകൾ..ദൃഷ്ടി മേല്പോട്ടുയർന്നിരുന്നു. വേട്ടാളൻ.. വരും.... പുറ്റിൽ കണ്ണു നീർ വീഴ്ത്തി മാപ്പ് ചോദിക്ക് ന്റെ കുട്ടി... പിന്നെ എന്തോ പറയാൻ തുനിഞ്ഞു.. കണ്ണുകൾ മറഞ്ഞിരുന്നു. അമർത്തി പിടിച്ച കൈകൾ മെല്ലെ അയഞ്ഞു.
മനസ്സ് മന്ത്രിച്ചു കൊണ്ടിരുന്നു. "വേട്ടാളൻ വരും.. "

പുറത്തു മഴ പെയ്യുന്നുണ്ട്. വിഷ്ണു ബാംഗ്ലൂർക്കു തിരിച്ചു പോയി.
തുറന്നിട്ട ജനലിലൂടെ വീശിയടിക്കുന്ന കാറ്റിൽ മഴതുള്ളികൾ അകത്തേക്ക്.. അഴികൾക്കു താഴെ പടിയിൽ ഒന്നു കൂടി നോക്കി. പുറ്റിന്റെ ആ പാട്.. ന്റെ കുഞ്ഞ്.. മനസ്സൊന്നു പിടഞ്ഞു. കണ്ണടച്ചിരുന്നു. നിറഞ്ഞൊഴുകുന്ന കണ്ണുകൾ. പടിയിൽ തല ചേർത്തു. പുറ്റിൽ ഇറ്റു വീഴുന്ന നീർ തുള്ളികൾ.. മാപ്പ്.. നെഞ്ചുരുകി ഞാനിങ്ങനെ.. ന്നോട് ക്ഷമിക്ക്.. "
ചെവിയിൽ ഇരമ്പിയാർത്തു വരുന്ന ഒരു സ്വരം. ഞെട്ടി എഴുന്നേറ്റു. കൺമുന്നിൽ വേട്ടാളൻ. അതങ്ങനെ പാറി പറക്കുകയാണ്. മീനാക്ഷി ആ പടിയിൽ തല ചേർത്തു പൊട്ടി കരഞ്ഞു തളർന്നു കിടന്നു. വേട്ടാളൻ അവളുടെ നനഞ്ഞ കവിളുകളിൽ വന്നിരുന്നു. അതിന്റെ ചിറകുകളിൽ കണ്ണുനീർ പറ്റി പിടിച്ചിരുന്നു.
മീനാക്ഷി അനങ്ങാതെ നോക്കിയിരുന്നു..വേട്ടാളൻ കൂട് പണിയാൻ തുടങ്ങിയിരിക്കുന്നു. കൈകൾ വയറിൽ ചേർത്തു വച്ചു. ഗർഭഗൃഹം.. എനിക്കും നിനക്കും. ഞാനാണ് കാവൽ.. പ്രായശ്ചിത്തം..
കണ്ണുനീരിൽ നേർത്ത സമാധാനത്തിന്റെ ചിരി. വേട്ടാളൻ പാറി പറന്നു പുറത്തു പോയി.. തിരിച്ചു വന്നു.. നനഞ്ഞ മണ്ണിൽ കൂട് ഉയരുകയാണ്.. മീനാക്ഷി നോക്കിയിരുന്നു..

വർഷങ്ങൾക്ക് ശേഷം..

ആ മുറിയിൽ മീനാക്ഷിയുടെ മാറിൽ ചേർന്നു കിടന്ന് ദേവൂട്ടി കൊഞ്ചി.. അമ്മ ഒരു കഥ പറയണം.. ആരും പറയാത്ത ഒരു കഥ..
മീനാക്ഷി ചെവിയോർത്തു.. വേട്ടാളൻ വരുന്നു.. പടിയിൽ ഇപ്പോഴും ആ കൂട് അങ്ങനെ... അതിനുള്ളിൽ തുടിക്കുന്ന ഒരു പ്രാണൻ..
അച്ഛമ്മ പറയും.. ഈ ലോകത്തിനു  മനുഷ്യരേക്കാൾ അവകാശം പ്രാണികൾക്കും മൃഗങ്ങൾക്കും പക്ഷികൾക്കുമാണ്.. ആയിരിക്കും..
"അമ്മേ കഥ... "
മീനാക്ഷി കഥ പറയാൻ തുടങ്ങി.. ഒരിടത്തൊരിടത്തു ഒരു വേട്ടാളൻ ഉണ്ടായിരുന്നു.. ആ വേട്ടാളൻ........കഥ തുടർന്നു..

വായിക്കുക ..
ആസ്വദിക്കുക...
വിലയിരുത്തുക...
അഭിപ്രായങ്ങൾ പങ്ക് വെയ്ക്കുക...
🙏🌹🌹🌹🙏

Comments