07-12-19

ഗ്രൂപ്പംഗവും ആകാശവാണിയിലെ സ്ഥിരം ശബ്ദ സാന്നിധ്യവുമായ ജസീന റഹീമിന്റെ വൈവിധ്യ സമ്പന്നമായ അനുഭവാവിഷ്കാരം..." ഇതാണ് ഞാൻ..." തുടർന്ന് വായിക്കാം..👇🏻കത്തുകളും ഫോട്ടോകളും ഇനി മതിയാക്കാം...ഒടുവിൽ,അവൻ കടന്നെത്തി..എന്നിട്ടോ...?
ഇതാണ് ഞാൻ..
🙏❤🌹🙏❤🌹
ആത്മായനം
ജസീന റഹീം

കുണ്ടറ എം.ഇ .എസിലെ ആദ്യ വർഷം.ഒന്നാം ക്ലാസിന്റെ ക്ലാസ് ടീച്ചറായി ഞാൻ.. രണ്ടാം ക്ലാസിലെ പരിസ്ഥിതി പഠനം ..നാലിലെ മലയാളം.. അഞ്ചിലെ മലയാളം.. ആറിലെ സോഷ്യൽ സയൻസ്.. ഇത്രയുമാണ് എം.ഇ.എസിൽ പഠിപ്പിക്കേണ്ടിയിരുന്നത്.. ഒരു ദിവസം ക്ലാസിലെത്താൻ രണ്ടു മിനിട്ട് വൈകിയപ്പോൾ " ആ മങ്കീ-- ഡോങ്കീ ടീച്ചർ എവിടെ പോയി എന്ന് ഒരു വിരുതന്റെ  ശാസന കേട്ടു കൊണ്ടാണ് ഞാൻ ചെന്നത്.. അവന്റെ ആ വിളിയെക്കുറിച്ച് അതിലെ നിഷ്ക്കളങ്കതയെപ്പറ്റി പിന്നെത്രയോ വട്ടം  ആലോചിച്ചിട്ടുണ്ട്..
                 എം.ഇ.എസിൽ മലയാളമല്ലാതെ മറ്റെന്തെങ്കിലും പഠിപ്പിക്കുന്നത് ആദ്യമൊക്കെ ബുദ്ധിമുട്ടിച്ചെങ്കിലും പിന്നീട് അതൊരു ശീലമായി.. സിമിയും സിനിയയും ഞാനും.. ഞങ്ങൾ മൂന്നു പേരായിരുന്നു കൂട്ടുകാരികൾ..മാസം അഞ്ഞൂറു രൂപയായിരുന്നു എം.ഇ.എസിലെ ശമ്പളം.. ചെയ്യുന്ന ജോലി ..കിട്ടുന്ന ശമ്പളത്തെക്കാൾ എത്ര വലുതായിരുന്നു.. പലപ്പോഴും വിശ്രമമില്ലാതെ ഏഴു പിരീഡും പഠിപ്പിച്ചു. സ്കൂൾ വിട്ടാൽ ക്ഷീണിതയായി വീണ്ടും വിദ്യാനികേതൻ.. അവിടെയും അഞ്ഞൂറു രൂപയായിരുന്നു കിട്ടിയിരുന്നത്.. ശമ്പളമായി കിട്ടുന്ന തുകയുടെ വലിപ്പത്തെക്കാൾ അധ്യാപനത്തെ ഞാനിഷ്ടപ്പെട്ടിരുന്നു എന്നതാണ് വാസ്തവം.. എം.ഇ.എസിൽ ഒന്നു മുതൽ ഏഴു വരെ പല വിഷയങ്ങൾ പഠിപ്പിക്കേണ്ട സങ്കടം ഞാൻ തീർത്തത് വിദ്യാനികേതനിൽ ഹൈസ്കൂൾ ക്ലാസ്സുകളിൽ മലയാളം മാത്രം പഠിപ്പിച്ചു കൊണ്ടായിരുന്നു..
         ജൂണിൽ സ്കൂൾ തുറന്നപ്പോൾ മുതൽ എന്റെ ഓട്ടവും തുടങ്ങിയിരുന്നു.. രാവിലെ ഏഴു മുതൽ വൈകിട്ട് 6 വരെ സ്കൂളിലും ട്യൂട്ടോറിയലിലുമായി തിടുക്കപ്പെട്ടോടിയ നാളുകൾ..
               അപ്പോഴേക്കും അവൻ സൗദിയിൽ പോയിട്ട് ഒരു വർഷമായി.തമ്മിൽ കണ്ടിട്ട് ഒരു വർഷം.. ആഴ്ചയിൽ മൂന്നും നാലും കത്തുകൾ .. മാസത്തിൽ ഒന്നോ രണ്ടോ.. ചിലപ്പോൾ ആഴ്ചയിലൊരിക്കലോ ഉള്ള ഫോൺ വിളികൾ.. ഇതിനിടയ്ക്ക് ഞങ്ങൾ പതിവായി ഫോട്ടോകൾ അയച്ചിരുന്നു... ദിവസങ്ങളും മാസങ്ങളൂം  വരുത്തിയ മാറ്റങ്ങൾ ഫോട്ടോകളിലൂടെ കണ്ടറിയുന്നുണ്ടായിരുന്നു.. ബി.എഡ് പഠനവും ഹോസ്റ്റൽ താമസവും എല്ലാം ചേർന്ന് നൽകിയ ആത്മവിശ്വാസം പഴയതിനെക്കാൾ എന്നിൽ പ്രസരിപ്പേറ്റി... ആ മാറ്റത്തെ കൗതുകത്തോടെ.. ഫോട്ടോയിലൂടെ കാണുമ്പോഴുള്ള സന്തോഷം അവന്റെ ശബ്ദത്തിൽ നിന്നും ഞാൻ തിരിച്ചറിഞ്ഞു.. ഒന്നു കാണാനുള്ള കൊതി രണ്ടു പേരിലും തീവ്രമായി.എന്നാൽ വാപ്പായുടെ മരണത്തോടെ വന്നു ചേർന്ന ഭാരിച്ച സാമ്പത്തിക ബാധ്യതകൾ തീർക്കുന്ന തിരക്കുകൾ.. ചേട്ടന്റെയും പെങ്ങളുടെയും വിവാഹം ഇവയെല്ലാം കഴിഞ്ഞാൽ മാത്രം ചിന്തിക്കാവുന്ന ഒന്നായിരുന്നു നാട്ടിലേക്കുള്ള വരവും ഒന്നിക്കലുമെല്ലാം.. എത്ര നാൾ വേണമെങ്കിലും കാത്തിരിക്കാൻ ഞാൻ തയ്യാറുമായിരുന്നു.. എന്നാലും പെൺകുട്ടികളെ നേരത്തെ വിവാഹം കഴിപ്പിക്കുന്ന ഒരു സാമുദായിക പരിസരത്ത് പലരുടെയും ചോദ്യങ്ങളെ നേരിടേണ്ടി വന്നത് വാപ്പായെയും ഉമ്മായെയും അസ്വസ്ഥരാക്കിയിരുന്നു.. ഈ അസ്വസ്ഥകൾ പലപ്പോഴും എന്നോടുള്ള നീരസമായി വാക്കിലും പ്രവൃത്തിയിലും അവർ പ്രകടിപ്പിക്കുകയും ചെയ്തു.. എന്റെ സങ്കടങ്ങളെ രാത്രികളിൽ തനിയെ കരഞ്ഞു തീർത്തു.. പകലുകൾ കുട്ടികൾക്കിടയിൽ  ഞാനെല്ലാം മറന്നു..
                      ജൂണിലെ ഒരു അവധി ദിവസം  രണ്ടു ദിവസം നിൽക്കാനായി ഞാൻ ചവറയിലേക്ക് പോയി. എന്നാൽ ഞാൻ പോയതിന്റെ പിറ്റേ ദിവസം ഉമ്മ ചവറയിലേക്ക് വന്നു...
                            പെട്ടെന്ന് ഉമ്മ എന്തിനാണ് വന്നതെന്ന് ഞാൻ അതിശയിച്ചു പോയി.. അതിനെക്കാൾ അത്ഭുതപ്പെടുത്തിയത് ഉമ്മ എന്നോട് പെട്ടെന്ന് വീട്ടിലേക്ക്‌ പോകാൻ റെഡിയാകാൻ പറഞ്ഞപ്പോഴായിരുന്നു.. ഇനി ഏതെങ്കിലും ചെറുക്കൻ പെണ്ണുകാണാൻ വരുന്നോ.. ?അതോ മറ്റെന്തെങ്കിലും സംഭവിച്ചോ ?എന്നൊക്കെ ഞാൻ അതിശയിച്ചു. .ഫോൺ ചെയ്യാനാണെങ്കിൽ അന്ന് ഞങ്ങളുടെ വീട്ടിലോ മാമാടെ വീട്ടിലോ ഫോൺ ഉണ്ടായിരുന്നില്ല... അതു കൊണ്ടു തന്നെ ഉമ്മാടെ ഓടിപ്പിടിച്ചുള്ള വരവ് എന്നെ ഞെട്ടിച്ചു... എത്ര ചോദിച്ചിട്ടും ഉമ്മ ഒന്നും പറഞ്ഞുമില്ല..
                                  വേഗം ഒരുങ്ങ്.. പോകാമെന്ന് ഉമ്മ ധൃതി കൂട്ടി. ഞാൻ ഓടിപ്പോയി കുളിച്ച് വന്ന് സാരിയുടുക്കുമ്പോൾ ഉമ്മുമ്മ ആണ് അത് വെളിപ്പെടുത്തിയത്.
                                        " നിന്റെ ചെറുക്കൻ ഗൾഫീന്ന് വന്നു.. നിന്നെ കാണാൻ വീട്ടിൽ വന്ന് കാത്തിരിക്കുന്നു... "
                                              എന്തു വേണമെന്നറിയാത്ത വിഭ്രാന്തിയുടെ നിമിഷങ്ങൾ.. സന്തോഷം കൊണ്ട് ഞാൻ പൊട്ടിപ്പോകുമെന്ന് തോന്നി. പക്ഷേ ഒത്തിരി സന്തോഷിക്കുകയും ചിരിക്കുകയും ചെയ്താൽ മറ്റുള്ളവർ എന്ത് കരുതുമെന്ന് കരുതി മനസ്സിനെ അടക്കിപ്പിടിച്ചു.. പറയാതെ വന്നതിൽ പരിഭവം തോന്നിയെങ്കിലും അവന്റെ അരികിലണയാൻ മനസ്സ് തിടുക്കപ്പെട്ടു.. നാട്ടിൽ വരുന്നതിന്റെ ഒരു സൂചന പോലും കത്തുകളിലോ വിളികളിലോ ഉണ്ടായിരുന്നുമില്ല.. ഇതെന്താണിപ്പോൾ.. ഇങ്ങനെ.. വന്നതെന്ന ആകാംക്ഷയോടെ ഞാൻ ഉമ്മായ്ക്കൊപ്പം വീട്ടിലേക്ക് തിരിച്ചു...
🙏❤🌹🙏❤🌹
ഉറവ്.
സ്വപ്നാ റാണി

ഒരു വരി കൂടി കുറിച്ചിടേണമീ -
ക്കവിതയിലെന്നു നീ
മൗനമായ് മൊഴിയുന്നു.
പൂക്കളിൽ, ശലഭച്ചിറകടിയിൽ
നേർത്ത കാറ്റിന്റെ സംഗീതത്തിൽ
ആഴിയി,ലാകാശത്തിൽ
ആർത്തു പെയ്യും മഴച്ചന്തത്തിലൊക്കെയും
തേടി നടന്നു ഞാനാ വരി.
കണ്ടതില്ലെങ്ങും തന്നെയൊരു വാക്കും
 എനിക്കായ് കാത്തു നിന്നില്ലെവിടെയു-
 മൊരൊറ്റ വരി പോലും
 പാതിയിലുപേക്ഷിച്ച കവിത തൻ
 സങ്കടപ്പേച്ചുകൾ,
 നിദ്രാവിഹീനങ്ങളാം രാവുകൾ പോൽ
 അത്രമേൽനിരാർദ്രമായ്
 വരിഞ്ഞുമുറുക്കവേ,
 ദുഃഖമുറഞ്ഞ പർവ്വതശിഖരത്തിൽ
 നിന്നൊഴുകിയെത്തിടുന്നൂ
 രക്തവർണ്ണമാംവാക്കുകൾ
 കുത്തിയൊലിച്ചു വരുമൊരു നദി.
 ഭീതിയാൽ കണ്ണുകളിറുകെപ്പൂട്ടി ഞാൻ
 നോവിന്റെയാഴങ്ങളെത്താണ്ടി
മുന്നേറാൻ നോക്കീ.
അലച്ചും കിതച്ചുമത്തീരത്തു വന്നെത്തുമ്പോൾ
 എത്ര വാക്കുകൾ ചോരയിറ്റുന്നവ,
 നിലയ്ക്കാത്ത വേദനച്ചിന്തുകൾ,
അറ്റമില്ലാത്ത വരികൾ
കണ്ണി ചേർത്തനന്തയിലേക്കു
നീളുമീക്കവിത ഞാനെ-
ങ്ങനെയിനിപ്പാടി നിർത്താൻ സഖേ!
🙏❤🌹🙏❤🌹
മനഃപാഠം..
ശ്രീലാ അനിൽ

മനഃപാഠമാക്കാതെ പോയ
ഒരു പത്തക്ക നമ്പറിന്റെ അറ്റത്തെവിടെയോ നീയുണ്ട്
എന്നെനിക്കറിയാം
അക്കങ്ങളെ മാറ്റി മാറ്റി ആയിരവട്ടം അടുക്കിയടുക്കി
മടുത്തിട്ടും നിന്നിലേയ്ക്കെത്താനാവാതെ
വെപ്രാളപ്പെടുകയാണ് ഞാൻ
പൂജ്യം മുതൽ ഒൻപതു വരെ
ഒറ്റയ്ക്കൊറ്റക്ക് എത്ര പരിചിതരാണ്
ഓരോ അക്കവും
അവ പല രീതിയിൽ അണിനിരന്നെന്നെ
കളിയാക്കി കളിയാക്കി
ചിരിച്ചതല്ലാതെ
ഒരിക്കലും നീയെന്ന സംഖ്യയിലെത്താൻ എനിക്കായില്ല
പൂജ്യത്തിൽ തുടങ്ങിയ ഈ മായാജാലം
നമുക്കിടയിലെ ശൂന്യതകളെ പൂരിപ്പിക്കാതെ പോകുമോ?
നീ വെറുമൊരു നമ്പറായ് പരിണമിച്ചത് ഞാനറിഞ്ഞത്
അത് ഓർത്തെടുക്കാൻ
പണിപ്പെട്ടപ്പോഴാണ്
എന്നെപ്പോലെ തന്നെ നീയും
ഞാനെന്ന നമ്പർ മറന്നതിനാലാവാം
നമുക്കിടയിൽ
നിശബ്ദതയിങ്ങനെ കനക്കുന്നത്,,,,
🙏❤🌹🙏❤🌹
ആത്മ ബലി...
ദിവ്യ.സി.ആർ

ഏത് ബലിക്കല്ലിലാണ്
ഞാനെൻെറ പ്രണയത്തിൻ
ശ്രാദ്ധമൂട്ടേണ്ടത്..?
ഓർമ്മകൾ മരിക്കാത്ത
കണ്ണുനീർ നനവിനൊപ്പം
നെഞ്ചോടു ചേർത്ത
ഹൃദയ സ്പന്ദനങ്ങൾ
ഒരു പിടിയരിയ്ക്കൊപ്പം
വിഷാദപുഷ്പങ്ങളായി
ഘനീഭവിച്ചിരിക്കുന്നു..!
വസന്തോത്സവത്തിൻ
ശീതളിമയാൽ തെളിയുന്ന ;
സ്നേഹത്തിൻ ഹിമബിന്ദുക്കളാൽ
ആത്മതർപ്പണം നടത്തണം..!
മോക്ഷപ്രാപ്തിയാൽ
കരയെ പുണരുന്ന
ആർദ്രതക്ക് പോലും
നിൻെറ ചുടു നിശ്വാസത്തിൻ
ഗന്ധമുണ്ടാകും..!!
🙏❤🌹🙏❤🌹
നിധി കാക്കുന്ന ഭൂതങ്ങൾ...
നരേന്ദ്രൻ.എ.എൻ

പാങ്ങ് ഗവൺമെന്റ് യു പി സ്കൂൾ. പത്തുപതിനെട്ടു കൊല്ലം മുമ്പാണ്.നല്ല മഴക്കാലം. കുട്ടികൾ ഉച്ചഭക്ഷണം കഴിച്ചു കഴിഞ്ഞിരുന്നു. ഞങ്ങൾ കഴിച്ചു കൊണ്ടിരിക്കുന്നു. പെട്ടെന്ന് കുറേ കുട്ടികൾ ഓടിവന്ന് പറഞ്ഞു. മാഷേ, ഒരു കുട്ടി കിണറ്റിൽ ചാടിയിരിക്കുന്നു... അവരാകെ പരിഭ്രമിച്ചിരുന്നു.
ചോറുംകൈ കുടഞ്ഞ് ഞങ്ങൾ കിണറ്റിൻകരയിലേക്കു പാഞ്ഞു. ഞങ്ങൾ പായുന്നത് കണ്ടു കുറേ കുട്ടികളും. ഞങ്ങൾ കിണറും ചുറ്റുപാടും നോക്കി. ഒരു ചെരിപ്പോ ബാഗോ എന്തെങ്കിലും അടയാളം? ഇല്ല. മാത്രമല്ല, കിണറിന്റെ ഇരുമ്പ് നെറ്റ് അടഞ്ഞുതന്നെയിരിക്കുന്നു... ചാടീട്ട്ണ്ട് മാഷേ... കുട്ടികൾ ആവർത്തിച്ചു കൊണ്ടേയിരുന്നു...
അപ്പോഴേക്കും വിവരമറിഞ്ഞ് നാട്ടുകാരും രക്ഷിതാക്കളും കൂട്ടമായി എത്തിക്കൊണ്ടിരുന്നു. മുങ്ങൽക്കാര് ആരാ? രണ്ടു മൂന്നു പേരു കിട്ടി. വിളിക്കാൻ ആളു പാഞ്ഞു.അന്ന് മൊബൈലില്ല. ബൈക്കും... വന്നവർ കിണറ്റിലേക്കു നോക്കിപ്പറഞ്ഞു.മൂന്നാള് വെള്ളം ണ്ടാവും. മുങ്ങ്യാൽ എത്തൂല. എഞ്ചിൻ കൊണ്ടരിൻ... മൂന്നുനാലെഞ്ചിനുകൾ എത്തി വെള്ളം അടിച്ചുവറ്റിക്കാൻ തുടങ്ങി. വറ്റിക്കും തോറും കിണറ് ഏന്തിയേന്തി വന്നു. മാസം കർക്കടകമാണ്!
അതിനിടയിൽ ഫയർ ഫോഴ്സിന് വിളി പോയി.മലപ്പുറത്ത് നിന്നു വരണം. ഇടുങ്ങിയ വഴി. ഒരു മണിക്കൂറെങ്കിലും എടുക്കും... അവർ വരട്ടെ. വെള്ളവുമായി തീ കെടുത്താനല്ല. മനസ്സിലെ തീയുമായി വെള്ളത്തെ തോൽപ്പിക്കാൻ...
കുട്ടികളെ മുഴുവൻ ആ സമയം കൊണ്ട് ക്ലാസ്സിൽ കയറ്റിയിരുത്തി.ഞങ്ങൾ കുറച്ചു പേർ ക്ലാസുകൾ കയറിയിറങ്ങി. ഓരോരുത്തരോടും സ്വന്തം ബാഗും കുടയും കൈയിൽ എടുക്കാൻ പറഞ്ഞു. അനാഥമായ ഒരു ബാഗോ കുടയോ കണ്ടെങ്കിൽ... ഇല്ല. ഒന്നും കണ്ടില്ല. രാവിലെ വന്നവർ ആരെങ്കിലും മിസ്സിങ് ഉണ്ടോ? ഇല്ല. ആരുമില്ല...
അപ്പോഴേക്കും കിണർ വറ്റിക്കഴിഞ്ഞു. മുങ്ങൽക്കാർ ഇറങ്ങി. പാറകളും പൊത്തുകളും ചളിക്കുഴമ്പിലും പരതി. ഇല്ല സർ, ആരുമില്ല... ആരുമില്ലേ? പിന്നെ കിണറ്റിൽ ചാടിയത് ആരാ?
ആരുമില്ലെന്നുറപ്പായപ്പോൾ വിചാരണ തുടങ്ങി. കണ്ടതാര്? കണ്ടവർ ആരുമില്ല. എല്ലാരും പറഞ്ഞു കേട്ടതാണ്. ആദ്യം പറഞ്ഞതാര്? അന്വേഷണം ഒരു രണ്ടാം ക്ലാസ്സുകാരനിൽ എത്തി നിന്നു. അവൻ തീർത്തു പറഞ്ഞു.ഞാൻ കണ്ടതാണ്...
ആവർത്തിച്ചുള്ള ചോദ്യം ചെയ്യലിനിടയിൽ അവൻ ഒരു കാര്യം പറഞ്ഞു. ചാടുന്നത് അവൻ കണ്ടിട്ടില്ല. കിണറിന്റെ നെറ്റിനു മുകളിൽ ഒരു കുട്ടി ഇരിക്കുന്നത് കണ്ടു. തിരിഞ്ഞപ്പോൾ ഒരൊച്ച കേട്ടു .ഒന്നുകൂടി നോക്കിയപ്പോൾ അവനെ കാണാനില്ല... അപ്പൊ ഞാങ്കെര്തി...
കൈ നിവർത്തി ഒന്നു കൊടുക്കാനാണ് തോന്നിയത്. പക്ഷേ ചെയ്തില്ല. കാരണം, അവൻ അവന്റെ യുക്തി ഉപയോഗിക്കുകയാണ് ചെയ്തത്.ഒരു സാദ്ധ്യത. അതൊരു സാദ്ധ്യതയാണ്.അതുകൊണ്ടുതന്നെ ഒന്നും ചെയ്യാതെയിരിക്കാൻ കഴിയുമായിരുന്നില്ല...ഞങ്ങളന്ന് ഞങ്ങൾക്ക് ആവുന്നതെല്ലാം ചെയ്തു. ഒറ്റക്കെട്ടായി. ഒറ്റ മനസ്സായി...
ടെൻഷൻ അയഞ്ഞു. ആൾക്കാർ സംസാരം തുടങ്ങി. ചെയ്തതൊക്കെ വെറുതെയായല്ലോ എന്ന പരാതിയായി...
അത് ശരി. ങ്ങക്ക് പ്പൊ ഒരാളെ കെണറ്റ്ന്ന് കിട്ടാത്തതായി പ്രശ്നം അല്ലേ? അൽഹംദുലില്ലാ.ആരും ചാടീട്ടില്ല എന്ന് സമാധാനിക്കിൻ... കാരണവൻമാർ ശകാരിച്ചു...
പിന്നെയും കുറേ മഴക്കാലം പെയ്തു തീർന്നു. ആ രണ്ടാം ക്ലാസ്സുകാരൻ മുതിർന്ന മനുഷ്യനായിക്കഴിഞ്ഞു. അന്നത്തെ അധ്യാപകർ പലയിടത്തായി പിരിഞ്ഞു പോയിക്കഴിഞ്ഞു. പക്ഷേ, ഞങ്ങൾക്കുറപ്പുണ്ട്.ഒരു നേരിയ സാദ്ധ്യതയ്ക്കു പോലും ഞങ്ങളാരും ഇടകൊടുക്കാറില്ല. ഞങ്ങൾ നിധി കാക്കുന്ന ഭൂതങ്ങളാണ്. നിങ്ങൾ ഏൽപ്പിച്ചു തന്ന അമൂല്യ നിധി... ഹുസൂർ,ഞങ്ങൾ ഇനിയും എന്താണ് ചെയ്യാൻ ബാക്കിയുള്ളത്?
🙏❤🌹🙏❤🌹
അവൾക്കു പിന്നിൽ....
അനന്യ

പിന്നാമ്പുറങ്ങളിൽപ്പമ്മിയിരിക്കാതെ,
പിൻവിളിനാടയിൽക്കാലുടക്കീടാതെ,
പിഞ്ഞാണക്കിണ്ണത്തി,ലൊറ്റക്കുണങ്ങുന്ന,
പട്ടിണിവറ്റാൽപ്പശിയകറ്റീടാതെ,
പാത്രക്കലമ്പലിൽ,പ്പാട്ടു മറക്കാതെ,
പാച്ചിലിനിടയിലും പിച്ചയെടുക്കാതെ
പിച്ച നടന്നിടും പിഞ്ചോമനക്കുമേൽ-
'പ്പണ്ടി'ൻ കിനാച്ചുമടേറ്റി മടങ്ങാതെ,
പിന്നെയും പാതകൾ താണ്ടിക്കുതിക്കുന്ന
പെണ്ണിനെക്കണ്ടുപകച്ചൊരാൾ ചൊല്ലുന്നൂ;
"പേടിക്കണം,പേടിയില്ലാത്തൊരുത്തിക്കു-
പിന്നിലുണ്ടാമൊരു  'വില്ലന'ത്രേ!"
അനന്യ.ഒ
പത്താം തരം വിദ്യാർത്ഥിനി
ജി.വി.എച്ച്.എസ്.എസ് ഇരിഞ്ഞാലക്കുട

🙏❤🌹🙏❤🌹
പെൺകുഞ്ഞ്...
അബ്ജ കല്യാണി

ആരോ പുറകിലുണ്ടിപ്പോൾ
പാറയിൽ തലതല്ലി ചത്ത
പെൺകിനാവിന്റെ ജഡമായിരിക്കാം.
കുരിശിൽ തറച്ച് കുഴിച്ചുമൂടിയ
അവളുടെ കവിതകൾ ഉയിർത്തതാകാം...
സൗഹൃദത്തിന്റെ സെൽഫിക്ക്
പ്രാണന്റെ വിലയിട്ടവനുമാകാം...
അറിയില്ല,ആരോ പിന്നിലുണ്ട്...
ആരാണ് പുറകിൽ....??
ഭൂമിതൻ നിഴലോ ? പേടി തന്നെ..
ഭൂമി അമ്മയാണെങ്കിലും
മക്കൾക്കായി നെഞ്ചുപിളർത്തിയ
ആ പഴയ അമ്മയല്ല....!
വെയിൽക്കരങ്ങളിൽ മകളെ കരിച്ച്,
സൂര്യനെന്ന കാമുകനോടൊപ്പം
ഒളിച്ചോടിയ പുതിയ അമ്മ...
അബ്ജ കല്യാണി
പത്താം തരം വിദ്യാർത്ഥിനി
ജി.എച്ച്. എസ്.എസ് ആനക്കര
പാലക്കാട്

🙏❤🌹🙏❤🌹
ഭഗവാന്റെ വീട്ടിലേയ്ക്കുള്ള വഴി
സതീ ദേവി രാമകൃഷ്ണൻ

"അച്ഛമ്മയെന്തിനാ അമ്മയെ എപ്പോഴും വഴക്കു പറയുന്നേ... അച്ഛമ്മ ചീത്തയാ.. "
അമ്മയുടെ കണ്ണീരു തുടച്ചു കൊടുത്തുകൊണ്ട് ഉണ്ണിക്കുട്ടൻ പറഞ്ഞു.
"ഇനി എന്റമ്മയെ വഴക്കു പറഞ്ഞാ അച്ഛമ്മയ്ക്ക് ഞാൻ നല്ല ഇടി കൊടുക്കും...  ദാ ഇങ്ങനെ മോഗൻ ലാൽ ഇടിയ്ക്കണപോലെ.. "
അവൻ മടിയിൽ നിന്നും ചാടിയിറങ്ങി കുട്ടിക്കരണം മറിഞ്ഞ് ഇടിക്കുന്നത് അഭിനയിച്ചു.
സങ്കടത്തിനിടയിലും അമ്മയ്ക്ക് ചിരി പൊട്ടി.
കുഞ്ഞിനെ ചേർത്തു പിടിച്ച് അമ്മ പറഞ്ഞു.
'' മോഹൻലാൽ ദുഷ്ടന്മാരെയല്ലേ ഇടിയ്ക്കുന്നത്.
അച്ഛമ്മയെ അങ്ങനൊന്നും ചെയ്യാൻ പാടില്ല. അങ്ങനെ പറയാൻ പോലുംപാടില്ല... മോന്റെ അച്ഛന്റെ അമ്മയല്ലേ.... ''
''പക്ഷേ അച്ഛമ്മേം ദുഷ്ടയാ.. അതല്ലേ ന്റമ്മേ നെ എപ്പഴും വഴക്കുപറയണേ... ''
" നമുക്ക് അച്ഛമ്മേനെ പാട്ട പെറുക്കണ കുഞ്ഞാണ്ടിയ്ക്ക് കൊടുക്കാം... ''
"അയ്യയ്യോ അങ്ങനൊന്നും പറയല്ലേ വാവേ
അങ്ങനെയൊക്കെ പറഞ്ഞാ ഭഗവാൻ ശിക്ഷിക്കൂട്ടോ..... ''
" ഭഗവാൻ കുട്ടികളെയൊന്നും ശിക്ഷിക്കൂലന്ന് അമ്മ പറഞ്ഞതല്ലേ.... ഞാൻ അമ്മേനോട് പിണക്കമാ... " ഉണ്ണിക്കുട്ടൻ ചിണുങ്ങി.
" അയ്യയ്യോ അമ്മയ്ക്ക് ഉണ്ണിക്കുട്ടൻ മാത്രല്ലേ ഉള്ളൂ അമ്മേനോട് പിണങ്ങല്ലേ ഉണ്ണീ"
"ന്നാ കഥ പറഞ്ഞു താ.... "
" പറഞ്ഞു തരാലോ.... ''
'' പണ്ട് പണ്ട് ഒരു വല്യ മരത്തില് ഒരമ്മക്കിളീം അച്ഛൻ കിളീം...... "
''......... പിന്നൊരു കുഞ്ഞിക്കിളീം താമസിച്ചിരുന്നു
ഉണ്ണിനെപ്പോലെ ല്ലേ അമ്മേ..."
അവൻ ഇടയ്ക്കു കയറി കഥ പൂരിപ്പിച്ചു.
" ഉം... അതേ മോന." 
"ഒരു ദിവസം കുഞ്ഞിക്കിളിയ്ക്ക് ഭക്ഷണം തേടിപ്പോയ അച്ഛൻ കിളി തിരികെവന്നില്ല.... "
"ഈ കഥ വേണ്ട.. ഈ കഥ പറയുമ്പഴൊക്കെ അമ്മ കരയും. അമ്മ കരയണത് ഉണ്ണിക്കിഷ്ടല്ല ട്ടോ.
അമ്മയുടെ കണ്ണിൽ അപ്പോഴും ഒരു കണ്ണീർ മുത്തു തിളങ്ങി നിന്നു. അമ്മ ഉണ്ണിക്കുട്ടനെ തന്നിലേയ്ക്കൊന്നു കൂടി ചേർത്തു പിടിച്ചു.
" വേറെ കഥ പറയ്...അമ്മേ.. അമ്മേ വേറെ കഥ പറയ്....''
'' കുറേ കാലം മുൻപ് ഒരു വീട്ടിൽ ഒരമ്മയും ഉണ്ണീടത്രയുള്ള ഒരു മോനും ഉണ്ടായിരുന്നു.
ആ കുട്ടീടച്ഛൻ അവൻ കുഞ്ഞായിരുന്നപ്പഴേ
മരിച്ചു പോയിരുന്നു.. "
" എല്ലാരും മരിയ്ക്കോ അമ്മേ...: ?"
''എല്ലാരും ഒരു ദിവസം മരിച്ചു പോവും...''
''അവരൊക്കെ എങ്ങടാ പൂവ്വാ.. "
"എങ്ങടാ പൂവ്വാ കുട്ടൻ പറയ്...."
"ഭഗവാന്റടുത്ത്...ല്ലേ? അവൻ ചിരിച്ചു. പിന്നെ ആ കുഞ്ഞു മുഖം മ്ലാനമായി. "
ഉണ്ണീനെ ഒറ്റയ്ക്കാക്കി അമ്മ പോവോ ഭഗവാന്റടുത്ത് ...? "
ആ കുഞ്ഞു മുഖത്ത് വ്യസനമായിരുന്നു.
അമ്മ അവനെ ചേർത്തു പിടിച്ച് മൂർധാവിൽ ചുംബിച്ചു.
"ഇല്ലട്ടോ ന്റെ കുഞ്ഞിനെ തനിച്ചാക്കി ഞാൻ പോവില്ലൊരിയ്ക്കലും..."
അമ്മയുടെ ശബ്ദം ഇടറിയിരുന്നു.
"ന്നിട്ട്... അമ്മേ ബാക്കി കഥ പറയ്...''
" ങാ... എന്നിട്ട് അച്ഛനില്ലാത്തആ കുഞ്ഞിനെ വളർത്താൻ ആ അമ്മ ഒരുപാട് കഷ്ടപ്പെട്ടു.
അമ്മയ്ക്ക് മോനെന്നു വെച്ചാ ജീവനായിരുന്നു.
ഒരിയ്ക്കൽ ആ കുഞ്ഞിന് ഒരസുഖം വന്നു. കുഞ്ഞൊന്നും കഴിയ്ക്കണില്ല. അമ്മ കുഞ്ഞിനേം തോളിലിട്ട് ഒരുപാടൊരുപാട് നടന്നു. വൈദ്യന്റടുത്ത് കൊണ്ടുപോയി. "
" അവർക്ക് കാറിൽ പോയാമതിയാരുന്നില്ലേ?"
"അന്ന് കാറൊന്നുമില്ലായിരുന്നു മോനേ "
"ന്നിട്ട്.... ''
'' കുഞ്ഞിന്റസുഖം മാറുന്നതു വരെ ആ അമ്മ
 ഊണും ഉറക്കവുമില്ലാതെ പ്രാർത്ഥിച്ചോണ്ടേയിരുന്നു... ''
 ആ അമ്മയുടെ പ്രാർത്ഥനയുടെ ശക്തി കൊണ്ട് കുഞ്ഞിന്റസുഖം മാറി. അവൻ മിടുക്കനായി.
 "നല്ല അമ്മ ല്ലേ .... ''
 " അതേ കുഞ്ഞേ നല്ല അമ്മ...''
 '' അതൊക്കെ ആരാന്നറിയണോ ഉണ്ണിയ്ക്ക്?
 " മോന്റെ അച്ഛനായിരുന്നു ആ കുട്ടി ."
 " ആ അമ്മ അച്ഛമ്മയായിരുന്നോ ?"
 "ഉം ..  അപ്പൊ അച്ഛമ്മയോട് ദേഷ്യപ്പെടാമോ?"
 " പക്ഷേ അച്ഛമ്മയ്ക്ക് അമ്മയോട് എപ്പഴും ദേഷ്യാണല്ലോ... "
 "അത് സാരല്യ ഉണ്ണീ.. അച്ഛമ്മയ്ക്ക് വയസ്സായില്ലേ.. അതോണ്ടാ...''
 ''അച്ഛമ്മയ്ക്ക് അച്ഛനോട് മാത്രേ ഇഷ്ടള്ളു..... ''
 " ഉം... അതുപോട്ടെ മോൻ പോയി കളിച്ചോളൂട്ടോ... " '
                      അമ്മ പിന്നീടും ഒരുപാട് തവണ കരഞ്ഞു. അച്ഛമ്മ ഉറക്കെയുറക്കെ അമ്മയെ ശകാരിച്ചു. അമ്മയ്ക്ക് ജാതകദോഷാത്രെ. അതെന്താന്ന് ഉണ്ണിക്ക് മനസ്സിലായില്ല. പട്ടാളത്തിൽ പോയ ഉണ്ണീടച്ഛൻ വരാഞ്ഞത് അതോണ്ടാത്രെ. അമ്മ കൂടെ നിന്നാ ഉണ്ണിയ്ക്കും ദോഷാണ്ന്ന്. അമ്മയെ അമ്മമ്മയുടെ വീട്ടിലേക്ക് പറഞ്ഞു വിടാൻ അച്ഛമ്മ ഒരുപാട് നോക്കി. പക്ഷേ അമ്മ പോയില്ല.
 വീട്ടിലേയ്ക്ക് കൊണ്ടുപോവാൻ വന്ന അമ്മമ്മയോട് "ന്റെ കുഞ്ഞിനെക്കൂടാതെ ഞാനെവിടേയ്ക്കും വരില്ല " ന്നു പറഞ്ഞ് കരഞ്ഞ്ഉണ്ണിയെ ചേർത്തുപിടിച്ചു. അമ്മമ്മ കരഞ്ഞുകൊണ്ട് അമ്മാവന്റൊപ്പം തിരിച്ചു പോയി.
 ഉണ്ണിയെ തനിച്ചാക്കി എവിടേം പോവില്ലന്ന് പറഞ്ഞ അമ്മ, ഒരു ദിവസം ഉണ്ണി ഒരുപാട് വിളിച്ചിട്ടും കണ്ണുതുറന്നില്ല. പിന്നെ ഒരു പാടാളുകൾ വന്നു. 'ഉണ്ണീടമ്മ മരിച്ചു പോയത്രെ.'
 ഉണ്ണി വിടാതെ പിടിച്ചിട്ടും എല്ലാരും കൂടി അമ്മയെ എവിടേയ്ക്കോ കൊണ്ടുപോയി. വീട്ടിൽ നിറയെ പോലീസു വന്നു.അവർ അച്ഛമ്മയോടെന്തൊക്കെയോ ചോദിച്ചു. പിന്നെ വല്യ ജീപ്പിൽ തിരിച്ചുപോയി.ഉണ്ണിയെ ചേർത്തു പിടിച്ചോണ്ട് അച്ഛമ്മ അമ്മിണിയാൻറിയോട് പറഞ്ഞു." ആ കുട്ടി ചെറുപ്പമല്ലേ.... ന്റെ മോൻപോയി.. അതിന്റെ ജീവിതോം കൂടി ഇവടെ നിന്ന് നശിപ്പിച്ചു കളയണ്ടാലോന്ന് മാത്രേ ഞാൻ വിചാരിച്ചൊള്ളു.. ന്റ മ്മിണീ..... ഒറ്റയ്ക്ക് പൊരുതുന്ന പെണ്ണിന്റെ ചിറക് അവർ ആദ്യം അരിയും.. പിന്നെ ഹൃദയം കുത്തിത്തുരക്കും.. ഒറ്റയ്ക്കിവിടെ വല്യ പാടാണെന്റ മ്മിണീ.... അത് നന്നായറിയുന്നോണ്ടാ..ഞാൻ....'' അച്ഛമ്മ പിന്നെയും എന്തൊക്കെയോ പറഞ്ഞ് കരഞ്ഞു.
                  അപ്പോഴും മിന്നി മിന്നിത്തെളിയുന്ന ബൾബിന്റെ പുറകിലെ ഫോട്ടോയിൽ ഉണ്ണീടച്ഛൻ ചിരിച്ചു നില്പുണ്ടായിരുന്നു.
   അന്ന് അമ്മ,അമ്മമ്മയുടെ വീട്ടിലേയ്ക്ക് പോയാൽ മതിയായിരുന്നു. അമ്മമ്മയുടെ വീട്ടിലേയ്ക്കുള്ള വഴി ഉണ്ണിയ്ക്കറിയാം. പക്ഷേ
  'ഭഗവാന്റെ വീട്ടിലേയ്ക്കുള്ള വഴി'.. അത് ഉണ്ണിയ്ക്കറിയില്ലായിരുന്നു.
🙏❤🌹🙏❤🌹
ഉത്തരം
അനിൽ നീണ്ടകര

"ഇനിയൊരു ജന്മമുണ്ടെങ്കിൽ
ആരാകണം?"
ചോദിക്കുന്നു കൂട്ടുകാരൻ.
തരിപ്പടങ്ങാത്ത നാവിൽനിന്ന്
തെറുപ്പഴിച്ചൊരു ലിസ്റ്റും വന്നു.
"അമേരിക്കൻ പൗരൻ ,
നടൻ,
വ്യവസായി,
ക്രിക്കറ്റ് പ്ലേയർ,
സാമൂഹ്യപരിഷ്കർത്താവ്...."
അവൻ 'പ്രാന്താ'ന്നു വിളിക്കും.
ഞാൻ ഉത്തരം വിഴുങ്ങി.
വയറ്റിൽ മുളച്ചത് മരമായി.
നിബിഢവനത്തിലെ വടവൃക്ഷം.
കൊമ്പുകൾതോറും പക്ഷിക്കൂടുകൾ,
ആർത്തുരസിക്കും ജന്തുക്കൾ,
മുടിയിൽ മയങ്ങും മേഘങ്ങൾ,
ഉദരത്തിൽ ഒരു സിംഹത്താൻ.
മണ്ണും വിണ്ണും നിറഞ്ഞ്,
സൂര്യചന്ദ്രന്മാർ മത്സരിച്ചോമനിച്ച്,
മഴവില്ല് ചൂടി,
മഴയിൽ കുളിച്ച് ,
കൊച്ചുകാറ്റിലും കൊടുങ്കാറ്റിലും
വ്യത്യസ്ത സ്ഥായിയിൽ പിയാനോ വായിച്ച്
ആനന്ദനേക്കാൾ
ആനന്ദമുള്ളൊരാൽമരം.
🙏❤🌹🙏❤🌹
അശോകം
വാസുദേവൻ.ടി.ടി

1
ഹേ രാമ , ഇവിടെയീ
ശിംശിപാവൃക്ഷത്തണലിൽ
ഞാനിരുന്നോളാം
മനസ്സിൽ നിൻ നാമം
നിറച്ചോളാം
സുഖം, ശാന്തം
സുരക്ഷിതമീയുപവനം.
കൂകുന്ന കുയിലുകൾ,
ആടുന്ന മയിലുകൾ,
ചിരിക്കുന്ന പൂക്കൾ,
സുഗന്ധം പരത്തുന്ന മാരുതൻ,
രാവില്ല പകലില്ല
എങ്ങും വെളിച്ചം!
ചുറ്റും തിരതള്ളൽ
ലങ്കയിൽ
ഉത്സാഹഘോഷം.
(കേട്ടതൊരു തേങ്ങൽ മാത്രം,
മൂക്കും മുലയും
മുറിഞ്ഞോരു രാജകുമാരിയുടെ
രോദനം മാത്രം.)
ക്രോധാലയങ്ങളില്ലുപ
ജാപമന്ത്രങ്ങളില്ലിവിടെ
വാക്കിന്നൊരർത്ഥം സത്യം .
എങ്കിലും ഞെട്ടുന്നുവോ നിദ്രയിൽ
ഞാണൊലി കേൾവേ
പണ്ട് മയിൽപ്പേടപോലാടിയ
മാനസം!
കത്തുന്ന ലങ്ക,
ശിരഛേദങ്ങളഗ്നിപ്രവേശങ്ങൾ,
ഏകാന്ത കാനനവാസം.
വയ്യ!
2.
കൊട്ടാരവാതിൽ കടന്ന്
അകമ്പടിയില്ലാതെ
പെരുമ്പറ മുഴക്കാതെ
ആന തേർ കാലാൾ
കുതിരപ്പടയില്ലാതെ
ശിവ ഭക്തൻ ലങ്കേശൻ
ഉപചാരമോതുന്നു!
കാഴ്ചയായ്
ക്ഷമാവാക്യം!
വിദുഷീ
വേൾക്കുക എന്നെയെന്നല്ലോ
ലങ്കാധിപൻ
കാൽക്കൽ വന്നിരക്കുന്നു!
ഞാനൊരു പുൽക്കൊടി
പിഴുതെടുത്താ രാജപാദത്തിലേക്ക്
വെയ്ക്കുന്നു.
ഭഗ്നഹൃദയനായ്,
നമിതശിരസ്കനായ്
കൂപ്പുകയ്യുമായവൻ
തേരേറിയകലുന്നു.
അഴകിയലീലകളാടുവോനെങ്കിലും
ആദരം നേടുന്നു രാവണൻ.
🙏❤🌹🙏❤🌹
പത്തനംതിട്ട കോന്നിയിൽ വിദ്യാർത്ഥിനിക്കു നേരെ അധ്യാപകന്റെ അതിക്രമം,
കൊല്ലം കരുനാഗപ്പള്ളിയിൽ പെൺകുട്ടിക്ക് നോവുന്ന അനുഭവം,കുട്ടിയുടെ അമ്മായിയടക്കം നാല് പേർ പിടിയിൽ..
നോവുന്ന, ചോരയിറ്റുന്ന ഈ സായാഹ്ന വാർത്തകളുടെ പൊള്ളലിലാണ് ഇന്നത്തെ നവ സാഹിതി കടന്നു പോവുന്നത്...
ഹൈദരാബാദ്, ഉന്നാവ,കോന്നി കൊല്ലം.....പട്ടിക നീളുകയാണ്...
"നേർത്ത നിലാചേലയിൽ രാത്രി
പിറകേ അമ്പിളിക്കലയാണോ?
ഉറ്റുനോക്കുമ്പോൾ ഭയക്കണം..
അമ്പിളി, അമ്മാവനാണ്...
മേഘങ്ങളുടെ മറവിലേക്ക് അവളെ
വലിച്ചിഴക്കുന്നതെപ്പോഴാണാവോ???!!
     (അബ്ജാ കല്യാണി)
സർഗാത്മകതയുടെ അഗ്നിജാലകൾ കെട്ടുപോകുന്നുവോ ? വയലാറിന്റെ മണിപ്പൊൻവീണയുടെ തന്ത്രികൾ അയഞ്ഞുവോ ?
ഗുരുവും അമ്മായിയുമൊക്കെ പാതാളത്തിലെ ചെളിക്കുണ്ടിലേക്ക് നിപതിക്കുന്നതെന്താണ്??
എവിടെയാണ് പിഴയ്ക്കുന്നത് ?
നെറ്റിചുളിക്കാതെ പത്രത്തിലൂടെയും ചാനലുകളിലൂടെയും കണ്ണോടിക്കാൻ കഴിയുന്ന കാലം എത്ര കാതം ദൂരെയാണ് ?
നമുക്ക് പ്രത്യാശിക്കാം..
ശുഭ വാർത്തകൾ കേൾക്കുന്ന നാളുകൾക്കായി.....
സ്ത്രീക്കും ആത്മാവുണ്ടെന്ന് തിരിച്ചറിയുന്ന കാലത്തിനായി കാതോർത്ത് ഇന്നത്തെ നവ സാഹിതി നിങ്ങൾക്കായി...🙏

🙏❤🌹🙏❤🌹

Comments