08-02-20


ശൂന്യം..
സ്വപ്നാ റാണി

നരച്ച ആകാശത്തിനാൽ
പൊതിഞ്ഞു കെട്ടിവച്ച
ഒരു തുണ്ട് നിശ്ശബ്ദതയാണ് ജീവിതം
വല്ലപ്പോഴും ഒന്ന്
ശബ്ദമുയർത്താൻ
കൊതിച്ചാൽ,
കാൽച്ചങ്ങലകൾ
അറുത്തെറിയാനൊരുമ്പെട്ടാൽ,
പൊടുന്നനെ
ഇരുട്ടിന്റെ കരിമ്പടമെടുത്ത്
വീശിയെറിയും ആകാശം -
പിന്നെ കാഴ്ചകളുടെ മോഹവലയങ്ങളില്ല.
കേൾവിയുടെ
സാന്ദ്ര ഗീതങ്ങളില്ല.
നീറി നീറിക്കൊണ്ടുള്ള
പുളിച്ചു തേട്ടലിലാണ്
വഴുവഴുത്ത ഛർദ്ദിലിലാണ്
എല്ലാ സുഖങ്ങളുമെന്ന്
ഇരട്ട വരയൻ കോപ്പി പുസ്തകം
മുരളുന്നുണ്ടായിരിക്കും.
മറിച്ചു മറിച്ച്
അവസാന താളിലെത്തുമ്പോൾ
ശൂന്യതയുടെ വാതിൽ മാത്രം
വരച്ചു ചേർത്ത വീട്
അവശേഷിക്കും..
അകത്താണോ
പുറത്താണോ
നിൽക്കുന്നതെന്ന്
തിരിച്ചറിയാനാവാത്ത വിധം
ആ വാതിൽ
വിഭ്രമിപ്പിച്ചു കൊണ്ടേയിരിക്കും

മൗനനൊമ്പരങ്ങൾ.....
അശ്വതി ജോയ് അറയ്ക്കൽ

"പെറ്റിട്ട കുഞ്ഞിനെ സെമിത്തേരിയിൽ കൊണ്ട് വെച്ചിട്ട് വർഷം ഒന്നു തികഞ്ഞില്ല.. എന്നിട്ടവൾക്കു വല്ല കൂസലും ഉണ്ടോയെന്നു നോക്കിക്കേ... പുതുപ്പെണ്ണിനെ പോലെയല്ലേ ഒരുങ്ങി മിനുങ്ങി ആങ്ങളയുടെ കല്യാണം ആഘോഷിക്കുന്നത്..... "
ആത്മാർത്ഥ സുഹൃത്ത്‌ ആന്റണിയുടെ വിവാഹ റിസപ്ഷന് പങ്കെടുക്കുകയായിരുന്നു ഞാൻ... ആന്റണിയുടെ പെങ്ങൾ അലീന എന്ന അന്നയാണ് മേല്പറഞ്ഞ ഏഷണികൂട്ടത്തിന്റെ വട്ടമേശ സമ്മേളന ചർച്ചയിലെ നായിക..
പ്രസവത്തിൽ കുഞ്ഞു മരിച്ച അന്ന ആങ്ങളയുടെ കല്യാണം ആഘോഷിക്കുകയാ ണെന്നാണ് പെൺകൂട്ടത്തിന്റെ ആക്ഷേപം... കുറ്റം പറച്ചിലിനിടയിൽ  വന്നൊരു കമന്റ്‌ ആണ് തുടക്കത്തിൽ എഴുതിയിരിക്കുന്നത്. നമുക്കിനി ചർച്ചയെവിടെയെത്തിയെന്നു നോക്കാം..
"അതിനു അവൾക്ക് പെറാനൊന്നും താല്പര്യം ഉണ്ടായിരുന്നില്ലന്നേ... മൂന്ന് വർഷം കഴിഞ്ഞപ്പോഴാ വീട്ടുകാരൊക്കെ കൂടെ നിർബന്ധിച്ചു ഒരു കുഞ്ഞിനെ നോക്കാമെന്നായതു... അതും മനസ്സില്ലാ മനസ്സോടെ. അതിപ്പോ ഉർവശി ശാപം അവൾക്കു ഉപകാരമായിന്നു പറഞ്ഞാ മതിയല്ലോ.. കുഞ്ഞുണ്ടെങ്കി അതിനെ നോക്കണം.. പ്രാരാബ്ദമായി... ഇങ്ങനെ ഒരുങ്ങിക്കെട്ടി ആഘോഷിച്ചു നടക്കാനൊക്കുവോ.. പിന്നെ അവളെന്തിന് സങ്കടപ്പെടണം.. "
ഒരു കൊച്ചുകുഞ്ഞിനെയും മടിയിലിരുത്തി കളിപ്പിച്ചു കൊണ്ട് അറുപതു വയസ്സോളം പ്രായം തോന്നിക്കുന്നൊരമ്മച്ചി ഇതു പറയുന്നത് കേട്ടപ്പോൾ ഇവരൊക്കെ നൊന്തു പെറ്റതാണോ എന്നു പോലും തോന്നിപോയി.. ഇനി അവളെന്തൊക്കെ കോലം കെട്ടി നടന്നാലും ഒൻമ്പതുമാസം കുഞ്ഞിനെ വയറ്റിൽ ചുമന്ന് അതു നഷ്ടപ്പെട്ടവളുടെ വേദന നൊന്തുപെറ്റ ഏതു സ്ത്രീക്കാണ് മനസ്സിലാകാതിരിക്കുക.. നെടുവീർപ്പോടെ ഞാനോർത്തു... പിന്നെ ചില അവസരങ്ങളിൽ മൗനം പാലിക്കുക എന്നത് അനിവാര്യമാണല്ലോ...
"അവള് സൗന്ദര്യം പോകാതിരിക്കാനാണ് ആദ്യമൊക്കെ പെറാതിരുന്നതെന്നു " പറഞ്ഞു ഒരു ഏഷണി വെല്യമ്മ ചർച്ച തുടർന്നപ്പോൾ പറയാനും എഴുതാനും വിഷമം തോന്നുന്ന വാക്കുകളുമായി അന്നയുടെ കുറ്റം പറഞ്ഞു കമ്മിറ്റിക്കാർ ആഘോഷം തുടർന്നുകൊണ്ടിരുന്നു..
ഇതിനിടയിൽ എന്റെ മനസ്സ് ഭൂതകാലത്തേക്കു സഞ്ചരിക്കുകയായിരുന്നു...
കൃത്യമായി പറഞ്ഞാൽ "അന്നക്കൊച്ചിനു വിശേഷമുണ്ട് അമ്മു" എന്നു പറഞ്ഞെന്നെ ആന്റപ്പൻ വിളിച്ച ദിവസത്തിലേക്ക്..  വിവാഹം കഴിഞ്ഞു നാല് വർഷങ്ങൾക്കു ശേഷം നേർച്ചയും, കാഴ്ചയും, ചികിത്സയും നടത്തി പെങ്ങളുടെ വയറ്റിലൊരു ജീവന്റെ തുടിപ്പുണ്ടെന്നറിഞ്ഞപ്പോൾ, അതെന്നോട് പങ്കു വെക്കുമ്പോൾ സത്യം പറഞ്ഞാൽ സന്തോഷം കൊണ്ട് കരയുകയായിരുന്നു പാവം..
നാല് വർഷം കുശുമ്പും, കുത്തു വാക്കുകളുമായി ആ പാവം അനുഭവിച്ചത്‌ ചില്ലറയൊന്നുമല്ല..  അന്ന കൊച്ചിത്തിരി മോഡേണും പോരാത്തതിന് അവളുടെ പ്രേമവിവാഹവും കൂടെ ആയിരുന്നത് കൊണ്ട് കുറ്റവും കുറവുമൊക്കെ കൂടുതലായിരിക്കുമല്ലോ..  അതാണല്ലോ നാട്ടുനടപ്പ്..
അങ്ങനെ സന്തോഷത്തിന്റെ ഒൻമ്പത് മാസങ്ങൾ... പ്രസവത്തിനു അഡ്മിറ്റ്‌ ആകാൻ കൊടുത്ത ഡേറ്റിനു രണ്ടു ദിവസം മുൻപ് കുഞ്ഞിന് അനക്കം കുറയുന്നു എന്ന സംശയത്തിലാണ് അവർ ആശുപത്രിയിൽ എത്തുന്നത്.. പക്ഷെ അവിടെ എത്തിയപ്പോഴേക്കും കുഞ്ഞു മരിച്ചിരുന്നു.. പൂർണ്ണ വളർച്ചയെത്തിയ കുഞ്ഞല്ലേ അതിനെ പുറത്തെടുത്തല്ലേ പറ്റൂ.. ലേബർ ഇൻഡ്യൂസ് ചെയ്തു..  പ്രാണൻ നുറുങ്ങുന്ന വേദന അനുഭവിച്ചുകൊണ്ട് അവൾ പ്രസവിച്ചു. ശരീരത്തെക്കാൾ വേദന അവളുടെ മനസ്സിനായിരുന്നുവെന്ന് പറയേണ്ടതില്ലല്ലോ... പ്രസവവേദനയുടെ അവസാനത്തിൽ കുഞ്ഞോമനയുടെ മുഖം കണ്ട് ആശ്വസിക്കാനുള്ള അവകാശം നഷ്ടപ്പെട്ട ക്രൂരമായ വിധിയായിരുന്നു അവളനുഭവിച്ചത്..
കരയാൻ പോലും ശക്തിയില്ലാതെ മരവിച്ചു ആശുപത്രി മുറിയിലവൾ കഴിച്ചു കൂട്ടി...
 തിങ്ങി നിറഞ്ഞ മാറിടങ്ങളിലെ പാല് പിഴിഞ്ഞു കളയുമ്പോഴും ആ മനസ്സിനും ശരീരത്തിനും മരവിപ്പ് തന്നെയായിരുന്നു..
പിന്നീടാ മരവിപ്പ് ജീവിതത്തിലേക്കും പടർന്നു തുടങ്ങിയപ്പോൾ, അവൾക്കു ജീവിതം കൈവിട്ടു പോകുമെന്ന് തോന്നി തുടങ്ങിയപ്പോഴാണ്  അവളെയൊരു മനോരോഗ ചികിത്സകന്റെ മുന്നിൽ എത്തിക്കുന്നത്...പിന്നീടങ്ങോട്ട് മരുന്നും,  ചികിത്സയും,  കൌൺസിലിങ്ങുമൊക്കെയായി പതിയെ അവൾ ജീവിതത്തിലേക്ക് മടങ്ങി വന്നു...  താൻ വീണുപോയാൽ ഭർത്താവും, മാതാപിതാക്കളും സഹോദരങ്ങളുമെല്ലാം വീണുപോകുമെന്ന തിരിച്ചറിവിൽ മനസ്സിലെ സങ്കടങ്ങളെയവൾ ചിരിക്കുന്ന മുഖം കൊണ്ട് പൊതിഞ്ഞു വെച്ചു...  ഒരുപാട് മുന്നേ ഉറപ്പിച്ചു വെച്ച ആന്റണിയുടെ വിവാഹം നീട്ടി വെക്കാൻ ആലോചിച്ച വീട്ടുകാരെയാവൾ തടഞ്ഞു. താൻ കാരണം തന്നെ സ്നേഹിക്കുന്നവർ ബുദ്ധിമുട്ടരുതെന്ന വാശിയോടെ.. അതിനായവൾ ഓടി നടന്നു..
എങ്കിലും ഓരോ സന്തോഷ ദിവസങ്ങളുടെയും അവസാനം ആരും കാണാതെയവൾ ഒരുപാട് വേദനിച്ചു ..  ഒന്നു ഉറക്കെ ചിരിച്ചാൽ പോലും "എന്റെ കുഞ്ഞിനെ മറന്നു സന്തോഷിക്കുന്ന ഞാൻ എത്ര ക്രൂരയാണെന്ന സങ്കടത്തോടെയവളെന്നെ "വിളിക്കും... മിക്കപ്പോഴും മെഴുകുതിരികളും, പൂക്കളുമായി അവളാ കുഞ്ഞികല്ലറയിലെത്തും...
ഇതെന്തെങ്കിലും അറിഞ്ഞിട്ടാണോ ഇവരൊക്കെ അവളെപ്പറ്റി ഇത്രയും മോശമായി സംസാരിക്കുന്നതെന്നു വിഷമത്തോടെ ഞാനോർത്തു... അല്ലെങ്കിലും മറ്റുള്ളവരുടെ വിഷമങ്ങൾ മനസ്സിലാക്കേണ്ട ആവശ്യം നമുക്കെന്താണല്ലേ.. പലർക്കും കൂട്ടം കൂടുമ്പോൾ ചർച്ച ചെയ്യാൻ എന്തെങ്കിലുമൊക്കെ വേണം... അതിപ്പോ ആരെങ്കിലും മരിച്ചതൊ, കൊന്നതൊ... എന്തായാലെന്താ....
ചിന്തകളെ കൈവിട്ടു നോക്കുമ്പോൾ ഏഷണികൂട്ടം തകൃതിയായി ചർച്ചകൾ മുന്നോട്ടു കൊണ്ട് പോകുന്നുണ്ട്.. പഴയ ചില അംഗങ്ങൾ മിസ്സിംഗ്‌ ആണ് പകരം പുതിയ ചിലർ ജോയിൻ ചെയ്തിട്ടുണ്ട്.
തിരിച്ചു പോകാൻ തിരക്കുള്ളതു കൊണ്ട് എണീറ്റു സ്റ്റേജിലെത്തി ആന്റെപ്പനെയും കൊച്ചിനെയും ആശംസിച്ചു അന്നമ്മയോടു യാത്ര പറയാനെത്തുമ്പോൾ... ആദ്യമേ കുറ്റം പറഞ്ഞു അവളെ വലിച്ചു കീറിയ അമ്മച്ചി അതാ അവളോട്‌ ചേർന്ന് നിന്നു സഹതപിക്കുന്നു, ആശ്വസിപ്പിക്കുന്നു.   ഹോ ആ സീനൊന്നു കാണേണ്ടത് തന്നെ.  
എന്നെ കണ്ടതും അവളെനിക്ക് അവരെ പരിചയപ്പെടുത്തി.. അവളുടെ  അമ്മയുടെ  മൂത്ത ആങ്ങളയുടെ ഭാര്യ ത്രേസ്യാമ്മച്ചി... 
ത്രേസ്യമ്മച്ചി ഇതെന്റെ എല്ലാം എല്ലാമായ ആരതി എന്നു പറഞ്ഞു കൊണ്ടെന്നെ അവൾ അവർക്കു പരിചയപ്പെടുത്തി... ഉള്ളിലെ പരിഹാസം മുഖത്തു പ്രതിഫലിപ്പിച്ചു കൊണ്ട് ഞാനവരെ നോക്കിയൊന്നു ചിരിച്ചു...
"പാവാ എന്റെ ത്രേസ്യാമ്മച്ചി ... എന്നോട് എന്തു  സ്നേഹമാണെന്നു അറിയോ? " എന്നു കൂടെയാ പാവം കൂട്ടി ചേർത്തപ്പോൾ വിളറി ചിരിച്ചു കൊണ്ടവരെന്നെ നോക്കി...
"അതു നേരത്തെ എനിക്കു മനസ്സിലായിരുന്നു, ഞങ്ങളടുത്തായിരുന്നല്ലോ അവിടെ ഹാളിൽ ഇരുന്നിരുന്നതെന്നു" ഞാൻ പറഞ്ഞപ്പോഴേക്കും അവരുടെ ഭാവം ദയനീയമായിരുന്നു...
അപ്പോഴേക്കും ആരോ വിളിച്ചു അന്ന അവിടെ നിന്നു പോയി..
തിരിഞ്ഞു നടക്കാനോങ്ങിയ എന്നെ തടഞ്ഞു കൊണ്ടവർ "മോളതൊന്നും കൊച്ചിനോട് പറയരുതെന്നും, അബദ്ധത്തിൽ പറഞ്ഞു പോയതാണെന്നും "പറഞ്ഞപ്പോൾ പുച്ഛത്തോടെ ഞാനവരെ നോക്കി..
"നിങ്ങളും പ്രസവിച്ച സ്ത്രീ തന്നെ ആയിരിക്കുമല്ലോ.. മക്കളിൽ ഒന്നു പോയാൽ ഭാരം ഒഴിഞ്ഞുവെന്നു കരുതി നിങ്ങള് സന്തോഷിക്കുവോ "ഒട്ടും ദയയില്ലാതെ തന്നെ ഞാൻ ചോദിച്ചു.. അവരുടെ പ്രായമോ സ്ഥാനമോ നോക്കി സംസാരിക്കാൻ പോലും എനിക്കു തോന്നിയില്ല.. അല്ലെങ്കിലും പ്രായത്തിനു ചേർന്ന വർത്തമാനമല്ലല്ലോ അവരിൽ നിന്നുണ്ടായത്..
വാക്കുകൾക്കായി  പരതികൊണ്ടവർ എന്റെ മുന്നിൽ നിന്നു ...
മറ്റുള്ളവരുടെ സങ്കടങ്ങളിൽ ആശ്വാസമാകാൻ സാധിച്ചില്ലെങ്കിലും അവരെ ഉപദ്രവിക്കാതിരുന്നൂടെ നിങ്ങൾക്കൊക്കെ...  പലരും പല സ്വഭാവക്കാരായിരിക്കും ... പുറമെ ചിരിച്ചു  നടക്കുന്നവരൊക്കെ  സന്തോഷിക്കുന്നവർ മാത്രമാണെന്നാണോ നിങ്ങടെയൊക്കെ വിചാരം...  ചില സാഹചര്യങ്ങളിൽ മറ്റുള്ളവരുടെ സന്തോഷങ്ങൾക്കായി നമ്മുടെ സങ്കടങ്ങൾ ഒളിപ്പിക്കേണ്ടി വരും... ചിരിക്കേണ്ടി വരും... ഒരു കുഞ്ഞിന്റെ മരണം പോലും ഒരാളെ കുറ്റപ്പെടുത്താൻ ഉപയോഗിച്ച നിങ്ങളോടൊക്കെ എന്തു പറയാൻ... നിങ്ങടെയൊക്കെ ഉള്ളിൽ ഇത്രയും വിഷം ഉണ്ടെന്നറിയാതെയാണല്ലോ ആ പാവം നിങ്ങളെ സ്നേഹിക്കുന്നത്... എന്നിട്ട് നിങ്ങളെന്താ ചെയ്യുന്നേ അവളുടെ  തോളിൽ കൈയിട്ടു കഴുത്തറക്കുന്നു... കഷ്ട്ടം.. "
അതും പറഞ്ഞു ഞാൻ തിരിഞ്ഞു നോക്കിയത് അന്നക്കൊച്ചിന്റെ മുഖത്തേക്കാണ്...
എല്ലാം കേട്ട് തരിച്ചു നിൽക്കുകയാണ് പാവം... അവളുടെയാ ഭാവം കണ്ട് ഒരുനിമിഷം ഞാനും പതറിപ്പോയി..
"അമ്മു.. മറ്റന്നാളത്തെ ചടങ്ങിന്റെ കാര്യം നിന്നെ ഓർമിപ്പിക്കാൻ വന്നതാ ഞാൻ... പക്ഷെ ഇപ്പൊ തോന്നണു വേണ്ടായിരുന്നുന്നു... " സങ്കടം കൊണ്ട് വിറച്ചു ഒന്നു കരയാൻ പോലുമുള്ള ശക്തിയില്ലാതെ പാവം തിരിഞ്ഞു നടന്നു..
ആശ്വസിപ്പിക്കാനായി അവളുടെ പുറകെ ഓടുമ്പോൾ എന്തു വാക്ക് പറഞ്ഞാൽ ആ മനസ്സിനൊരു തണുപ്പ് കിട്ടുമെന്ന് എനിക്കറിയില്ലായിരുന്നു...
"സാരല്ലടോ, കേട്ടപ്പോ ഒരുപാട് വിഷമം വന്നെങ്കിലും പലരുടെയും മനസ്സിലിരുപ്പ് മനസ്സിലാക്കാൻ സാധിച്ചല്ലോ... ഒന്നുകൂടെ എനിക്കിന്ന് ബോധ്യമായി, ചില സങ്കടങ്ങളൊക്കെ നമ്മുടേത് മാത്രമാണ്... എല്ലാവരും ഒപ്പം നിൽക്കുവെന്നും, ആത്മാർത്ഥത കാണിക്കുമെന്നുമൊക്കെയുള്ള നമ്മുടെ ധാരണ തെറ്റാണ്...  തന്നെപോലെ ഒന്നോ രണ്ടോ പേരൊഴിച്ചു മിക്കവരും നമ്മളൊന്ന് വീഴാൻ കാത്തിരിക്കുവാ കുത്താൻ... വ്യക്തിഹത്യ നടത്താൻ. ചർച്ചകൾക്കൊരു പുതിയ വിഷയം കിട്ടാൻ... "
എന്നോടത് പറഞ്ഞു, ഉള്ളിലെ സങ്കടക്കടൽ ഒളിപ്പിച്ചു ചിരിച്ച മുഖവുമായി വന്നു കൊണ്ടിരിക്കുന്ന വിരുന്നുകാരെ സ്വീകരിക്കാൻ ചിരിച്ച മുഖവുമായി എന്റെ അന്നക്കൊച്ചു നടന്നു നീങ്ങി... ആ സാഹചര്യത്തിൽ മനസ്സിലെ സങ്കടം തീർക്കാനായി ഒന്നു കരയാൻ പോലും അവകാശം നിഷേധിക്കപ്പെട്ടവളായി...
ചിരിക്കുന്ന എല്ലാ മുഖങ്ങൾക്കുള്ളിലും സന്തോഷത്തിന്റെ മധുരം മാത്രമല്ല ഉള്ളതെന്ന ഓർമ്മപെടുത്തലോടെ.... ഒപ്പം  പലർക്കും പലതും മനസ്സിലാകണമെങ്കിൽ അവനവനു കൊള്ളണം... വേദനിക്കണം, മറ്റുള്ളവരുടെ വേദന പലപ്പോഴും കുത്തി നോവിക്കാനും, കുറ്റം പറയാനുമുള്ള ആയുധങ്ങൾ മാത്രമാണ് ചിലർക്കെങ്കിലും... അല്ലേ?

കോലം തെറ്റിയ കവിത
ആർച്ച ആശ

സത്യസന്ധമാവണം
ആത്മാവിൽ നിന്നു
മറ്റൊരാത്മാവിലേക്കു-
ള്ളൊരൊഴുക്കാവണം.....
വിലക്കുകളുടെ
അരികുകളിൽ
കാലൂന്നാതെ
തെന്നി നീങ്ങി
നിശ്ചയിക്കപ്പെട്ട
അതിർവരമ്പുകൾ
ലംഘിച്ചു
ഒരു ദേശത്തു നിന്നു
മറ്റൊന്നിലേക്ക്
അബോധത്തിൽ നിന്നു
ബോധത്തിലേക്കു
വികാരങ്ങളുടെ
വേലിയിറക്കങ്ങളിൽ
പ്രതിഷേധം
രേഖപ്പെടുത്തി
വേലിയേറ്റങ്ങൾ-
ക്കിടമേകി....
ഒടുക്കം യാതൊന്നും
കുറിച്ചിടാനാവാതെ
അവസാന
വരികൊണ്ടു
നിറച്ചൊരു
പുസ്തക താളിൽ
ഞെരിച്ചമർത്തണം
മനസുകൾ
പന്തയം വെച്ചു
എഴുതി തീർത്ത
കവിതയെന്നു
പേരിടാനിനിയും
മടിക്കുന്ന
ഈ ഭ്രാന്തിനെ....!!!
👇🏻
മറക്കാൻ കഴിയാത്ത മലയോര യാത്ര..
എൻ.സൂപ്പി, വാണിമേൽ

                      കുഞ്ഞുന്നാളിൽ പള്ളിക്കൂടത്തിൽ പോകാൻ ഇന്നത്തെ കൊച്ചുങ്ങളെ പോലെ പെരുത്ത് ഇഷ്ടമൊന്നും  അന്നുണ്ടായിരുന്നില്ല.
                         ഇടയ്ക്കിടെ ഉണ്ടാകുന്ന കണ്ണി ചൂരൽ പ്രയോഗവും, കുന്നി(ചെവി)പിടിച്ചു തിരുമ്പി കടൽ കാണിക്കുന ഏർപ്പാടും,ബെഞ്ചിൻമേൽ കേറ്റി നിർത്തി അവഹേളിക്കലും ഒരു ഹോബിയായി കണ്ടിരുന്ന ചുരുക്കം ചില അധ്യാ'പഹയ'ൻമാർ യഥേഷ്ടം വാണിരുന്ന വിദ്യാലയങ്ങൾ, നീതി നിഷേധിക്കപ്പെട്ട മിനി പോലീസ് സ്റ്റേഷനായി അന്നത്തെ പിഞ്ചു മനസ്സുകൾക്ക് തോന്നിയിരുന്നെങ്കിൽ അവരെന്ത് പിഴച്ചു???
                             ചുരുക്കി പറഞ്ഞാൽ 'മലയിൽ പോകു'ന്നതിലായിരുന്നു കുരുന്നുകൾക്ക് ഏറെ താൽപര്യം. ..വെറും താൽപര്യമല്ല.....ഒടുങ്ങാത്ത നെഞ്ചോട് ചേർന്ന പിരിശം!!
                                 ശബരിമലയിൽ ധ്യാനത്തിന് പോകുന്ന കാര്യമല്ലിത്...... ഞങ്ങളുടെ ഗ്രാമത്തിലെ തൊണ്ണൂറു ശതമാനം  ജന വിഭാഗവും കർഷകരോ,കർഷക തൊഴിലാളികളോ ആയിരുന്നു.
നേരം പര പരാ വെളുക്കുമ്പോൾ കിലോ മീറ്ററുകൾക്കപ്പുറമുള്ള കിഴക്കൻ മലയോര പ്രദേശങ്ങളിലെ തങ്ങളുടെ കൃഷിയിടങ്ങളിൽ കാൽ നടയായി പോയി ,നേരം കറുക്കുന്നത് വരെ പണിയെടുത്ത് കിട്ടുന്നത് കൊണ്ട് നിത്യ ചെലവ് കഴിക്കുന്ന ജീവിത രീതിയാണ് അന്ന് നിലവിലുണ്ടായിരുന്നത്.
                                      ഈ ത്യാഗോജ്ജ്വലമായ ജീവിത ശൈലിക്കാണ് ഞങ്ങൾ 'മലയിൽ പോവുക'എന്ന  ഓമന പേര്  നൽകി  വിളിക്കുന്നത്....കല്ലും മുള്ളും കുറ്റിക്കാടുകളും നിറഞ്ഞ ഊടു വഴികൾ. ..കൈലി മുണ്ടുടുത്ത്, തലയിൽ തോർത്ത് മുണ്ട് കൊണ്ട് ചെവി അടക്കിയുള്ള കെട്ടും ,കയ്യിൽ ഉശിരൻ വാക്കത്തിയും....ഒരു മൂന്നാം ക്ലാസുകാരന്റെ ആ പോക്കിന് ഗമ കൂട്ടാൻ ഇതിലപ്പുറം  മറ്റെന്ത് വേണം.....കൂട്ടിന് മുന്നിലും പിന്നിലുമായി ജേഷ്ഠന്മാരും നാലഞ്ച് പണിക്കാരും.... ഒരുപാട് നാളത്തെ കാത്തിരുപ്പിനും,നിരന്തര ശല്യം ചെയ്യലിനുമൊടുവിൽ സ്കൂൾ അവധിയായ ഒരു ഞായറാഴ്ചയാണ് പ്രകൃതിയുടെ മനോഹാരിതയിൽ അലിഞ്ഞു ചേരാനുള്ള വിസയും ടിക്കറ്റും ലഭിച്ചത്.അന്നത്തെ പൂവൻ കോഴിയുടെ പ്രഭാത കൂവലിനും മാധുര്യവും,ആവേശവും കൂടുതലായിരുന്നു..
                        ആദ്യ യാത്രയിൽ പാലിക്കേണ്ട ചിട്ടകളും,ശ്രദ്ധയെക്കുറിച്ചും ഉമ്മയും ഉപ്പയും ,ഞങ്ങൾ കോണിയിറങ്ങി അതിവേഗം നടന്ന് കൺ വെട്ടത്ത് നിന്ന് മറിയുന്നത് വരെ ഉറക്കെ വിളിച്ചു പറയുന്നുണ്ടായിരുന്നു.....
സ്കൂളിലേക്ക് അടിച്ചോടിക്കാറുള്ള, തന്നോടുള്ള അവരുടെ സ്നേഹത്തിന്റെ ആഴം പിശുക്കില്ലാതെ ആസ്വദിക്കാൻ കഴിഞ്ഞ നിമിഷമെന്ന നിലയിലും ആ മല യാത്ര ഓർമ്മയുടെ തീരങ്ങളിൽ നിത്യ വസന്തമായി പച്ച പിടിച്ചു നിൽക്കുകയാണ്.
                    രണ്ടു നേരം ആളുകൾ ദിവസവും നടന്ന് രൂപപ്പെട്ട,സ്ളേറ്റിൽ അലക്ഷ്യമായി  വരച്ചിട്ട വരകളെ പോലുള്ള ചെറിയ വഴികൾ.... ........ പറമ്പുകൾക്ക് നടുവിലൂടെ,അരുവികളുടെ തീരത്ത് കൂടെ, തോടുകളും,പുഴകളും കടന്ന്, കയറ്റങ്ങളും ഇറക്കങ്ങളും,പാറക്കൂട്ടങ്ങളും കടന്ന്,വിശാലമായി  പുല്ലു മൂടി കിടക്കുന്ന മൈതാനങ്ങൾക്ക് നടുവിലൂടെ  ആ യാത്ര തുടർന്നു കൊണ്ടേയിരുന്നു.മുന്നിൽ നടക്കുന്നവർ, വഴികൾക്കിരുവശത്തും തിങ്ങി  വളർന്നു നിൽക്കുന്ന വള്ളിച്ചെടികളും,മുൾ ചെടികളും, മരക്കൊമ്പുകളും വെട്ടി മാറ്റി പിറകിൽ വരുന്നവർക്ക് നടക്കാൻ സൗകര്യമൊരുക്കുന്നുണ്ടായിരുന്നു....ഒരു ദൗത്യം പോലെ....
                  വഴിയിലുടനീളം സുലഭമായി കണ്ട നാട്ടു മാങ്ങകൾ,പേരക്ക,നെല്ലിക്ക,പുളി തുടങ്ങിയ ഇഷ്ട ഫലങ്ങൾ ,പണിക്കാര് വിദഗ്ധമായി ഞൊടിയിട കൊണ്ട് പറിച്ച് കൂടെ കരുതിയ എന്റെ തുണിസഞ്ചിയിൽ തിരുകി നിറച്ച് എന്നോടുള്ള സ്നേഹം പ്രകടിപ്പിച്ചു കൊണ്ടിരുന്നു.....മണിക്കൂറുകൾ നീണ്ട യാത്രക്കൊടുവിൽ വിശാലമായ പറമ്പിൽ ഓരോരുത്തരും അവരവരുടെ പണികളിൽ മുഴുകി.കൊള്ളുകളിൽ,കുരുമുളക് വള്ളിക്കും,കവുങ്ങിനും,തെങ്ങിനുമൊക്കെ പുതുമണ്ണിന്റെ തടം ഉണ്ടാക്കാൻ കൈക്കോട്ടുകൾ ശ്രദ്ധാപൂർവം ഉയർത്തിയും താഴ്ത്തിയും കൊത്തുന്നതിനിടയിൽ, തലേദിവസം വരെ നടന്ന ലോക വിവരങ്ങളും സ്വകാര്യങ്ങളും,കുടുംബ വിഷയങ്ങളും അവർ അന്യോന്യം പങ്കു വെക്കുന്നത് കൗതുകത്തോടെ കേട്ട് രസിച്ചു. ...
അതിന്  ടീച്ചർ പറഞ്ഞു തരുന്ന കഥകളേക്കാൾ മധുരവും ചൂടും തോന്നി...
മൂരിക്കാരൻ ഗോപാലേട്ടൻ 'ബ..ബ..ബ..,ഹായ്...ഇടത്ത്,വലത്ത്,...ഊശ്..'.എന്നൊക്കെ ഉഴുത്ത് കാളകളോട് ഉച്ചത്തിൽ പറയുകയും കയ്യിലെ നീളമുള്ള വടി ആകാശത്തിലേക്ക് ചുഴറ്റി കാളകൾക്ക് ആവേശം നൽകുകയും ചെയ്യുന്നത് കാണാൻ എന്ത് രസമാണെന്നോ!!!!!
                ഉച്ച സമയം...... പറമ്പിലെ വാഴക്കുല വെട്ടി, ജ്യേഷ്ഠൻ പുഴുക്കും കഞ്ഞിയുമുണ്ടാക്കി.കവുങ്ങിൻ പാളയിൽ കഞ്ഞിയും വാഴ ഇലയിൽ പുഴുക്കും വെച്ചു തന്നു.അപ്പോഴേക്കും ഒണക്കേട്ടൻ,കഞ്ഞി കുടിക്കാൻ പഴുത്ത പ്ലാവില കൊണ്ട് സ്പൂണുണ്ടാക്കി തരുന്ന തെരക്കിലായിരുന്നു.
 അന്ന് തെങ്ങിന്റെ ചുവട്ടിൽ മണ്ണിലിരുന്ന് കുടിച്ച കഞ്ഞിയുടെയും,കായ പുഴുക്കിന്റെയും  രുചി ഇപ്പോഴും വായിൽ തങ്ങി നിൽക്കുകയാണ്....
                വൈകിട്ട് നാല് മണിയായി കാണും....കയ്യിൽ ഒരു പാത്രവും,തീപ്പെട്ടിയും തന്ന് ജ്യേഷ്ഠൻ പറഞ്ഞു, "നീ താഴെ തോട്ടിൻറവിടുത്തെ കണ്ടത്തിൽ പോയി അടുപ്പ് കൂട്ടി കട്ടൻ ചായക്ക് വെള്ളം വെക്ക്"....
തീ വേഗം കത്താൻ വേണ്ടി കുറച്ചു പഴയ പത്രക്കടലാസുകളുംതന്നു വിട്ടു....
 തോട്ടിനടുത്ത നിരന്ന കണ്ടത്തിലെ പരന്ന പാറപ്പുറത്ത് കല്ലുകൾ കൂട്ടി വെച്ച് അടുപ്പുണ്ടാക്കി. ഉണങ്ങിയ കൊതുമ്പിലും കടലാസ്സും ചേർത്ത് വെച്ചു.തോട്ടിലെ ഓസിൽ നിന്നും തെളിഞ്ഞ വെള്ളം കൊണ്ട് വന്നു അടുപ്പ് കത്തിച്ചു.തൊട്ടടുത്തിരുന്ന് പഴയ പത്ര തുണ്ടിലെ വാർത്താ ശകലങ്ങൾ കൗതുക പൂർവം വായിക്കവെ ഞാൻ ഞെട്ടി. ....
                    ചായ ചെമ്പും,ഞാനും പതിയെ തോട്ടിലേക്ക് നീങ്ങി നീങ്ങി പോകുന്നു. ....
പേടിച്ച് വിറച്ചു. .........
എല്ലാ ശക്തിയുമുപയോഗിച്ച് ഉച്ചത്തിൽ അട്ടഹസിച്ചു....
                    "ഓടിക്കോ പെരുമ്പാമ്പാ..."
                     മേലെ നിന്ന് പണിക്കാർ വിളിച്ചു കൂവി.....
പരന്ന പാറയാണെന്ന് കരുതി അടുപ്പ് കൂട്ടി വെള്ളം തിളപ്പിക്കാൻ തീ കത്തിച്ചതും അടുത്തിരുന്ന് പത്രശകലം വായിച്ചാസ്വദിച്ചതും ഭീമാകാരനായ പെരുമ്പാമ്പിന്റെ  പുറത്താണെന്ന് ചൂട് തട്ടിയപ്പോൾ അത് പതിയെ നീങ്ങുന്നത് കണ്ടപ്പഴേ അവർ മനസ്സിലാക്കിയിരുന്നു.
ഒരു നിമിഷം..
        ഞാൻ   ശക്തിയായി ദൂരേക്ക് ചാടി....
തൊട്ടടുത്ത കണ്ടത്തിൽ തെറിച്ചു വീണു...
 ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാരും,ആദി വാസികളും വനപാലകരും ചേർന്ന് പാമ്പിനെ വെടിവച്ചു വീഴ്ത്തി, എണ്ണയും തോലുമെടുത്തു പിരിഞ്ഞു പോയി.
           പാമ്പിൻ പുറത്തെ ഉല്ലാസ യാത്ര അപൂർവ്വങ്ങളിൽ അപൂർവ്വമായ ഭാഗ്യമാണെന്ന് ഒരു കൈനോട്ടക്കാരൻ പിന്നീട് പറഞ്ഞത് ഇന്നും പ്രതീക്ഷയോടെ,കോരിത്തരിപ്പോടെ ഓർക്കുകയാണ്...

അകലങ്ങൾ..
ലാലൂർ വിനോദ്

അകലങ്ങളെന്നും
അകലങ്ങളാകുന്നത്
അടുപ്പം കുറയുമ്പോഴല്ലോ..
ആർക്കുമാരെയുമൊന്നു
നേരിൽ കണ്ടൊന്നു
മിണ്ടുവാനാവാത്ത
ഇന്നിൻ തിരക്കുകൾ.
ഒരു കുടക്കീഴിലാണേലും
ഒരുമിച്ചുണ്ടുകിടക്കാത്തവർ ചിലർ.
ഒരു വീട്ടിലെങ്കിലും
മൗന മതിൽത്തീർത്തു
വാഴുന്നുണ്ടു ചിലർ
വിരുന്നെത്തുമീ പകലും
കുങ്കുമച്ചാർത്തും സന്ധ്യയും
കാണാത്തവർ ചിലർ.
പേറ്റുനോവിന്റെ
പാടുകൾ കാണാത്ത
മക്കളുണ്ട്  ചിലർ..
നമുക്കായ് കിതച്ചു
തളർന്നു കിടക്കും
താതനു തൻ കയ്യാൽ
മെല്ലെ തടവാൻ
മടിക്കുന്നിതാ ചിലർ.
മതവർണ്ണ മായിക
നാരുകൾകൊണ്ടു
വലതീർത്തന്നം
കാത്തിരിക്കുന്നു ചിലർ
വിതുമ്പും കുരുന്നിന്റെ
ചുണ്ടിൽ പരസ്യതേൻ
പുരട്ടുന്നു ചിലർ..
കാമ മാരീചനെപ്പോഴും..
മായകൊണ്ടു കാമിനി..
മനം കവർന്നൊടുവിൽ
അഗ്നിക്കുവിളമ്പും ചിലർ
വെളുക്കെ ചിരിച്ചെന്റെ
ചങ്കിൽ കത്തിയാഴ്ത്തി
മഥിക്കുന്നുണ്ടു ചിലർ.
കൊടിനിറം കൊണ്ടു
ചുടുചോറ് വാരിക്കാൻ
തക്കംപാർക്കുന്നു ചിലർ
ആദ്യമായെന്നുടെ പൊക്കിൾ
കൊടിത്തുമ്പിൽ ജാതിതൻ
ലേപം പുരട്ടുന്നൊരാലയം
അവിടെ തുടങ്ങുന്നു നമ്മിൽ
നാമറിയാതൊരകലം..
സ്നേഹം കൊണ്ടളക്കുക
സ്നേഹത്താൽ വൃദ്ധി
നേടുക നമ്മൾ..
കനിവും കരുതലും
കൊണ്ടളക്കുക
രണ്ടു ഹൃദയങ്ങളെ..
അവിടെയാണ് അകലം
ഒരു വിരൽതുമ്പിനാൽ
തൊടും സ്നേഹതീരം

ഞാൻ യതീമായ ദിവസം
റസ്സൽ
ബാപ്പ മരിച്ചുവെന്നറിയാതെ അയൽപക്കത്തെ വീട്ടിൽ ഓടി കളിച്ചു നടക്കുന്ന ആറ് വയസ്സ് മാത്രം പ്രായമുള്ള പെങ്ങളുടെ മുഖത്തേക്ക് കരഞ്ഞു തളർന്ന കണ്ണുമായി ഞാൻ നോക്കി.

ഇല്ല, അവൾക്കൊന്നും മനസ്സിലായിട്ടില്ല, മരണവും വേർപാടും മനസ്സിലാവുന്ന പ്രായമല്ലല്ലോ അത് ...
പുലർച്ചേ നാലര മണിയോട് അടുപ്പിച്ചുള്ള നിർത്താതെയുള്ള ലാന്റ് ഫോണടിക്കുന്ന ശബ്ദം കേട്ടിട്ടാണ് ഞാൻ കണ്ണു തിരുമ്മി എഴുന്നേൽക്കുന്നത്. അന്നേരം തറവാട്ടിലായിരുന്നു താമസിച്ചിരുന്നത്..
സമയം തെറ്റി വരുന്ന ഫോൺ കോളുകൾക്ക്  ഭീതിയുടെ മണിമുഴക്കമാണെന്ന് പിന്നീട് പലപ്പോഴും  എനിക്ക് തോന്നിയിട്ടുണ്ട്...
കാര്യം എന്താണെന്നറിയാതെ കുറച്ച് നേരം പകച്ചു നിന്നു...
പിന്നീട് ഉപ്പയുടെ സഹോദരിമാരുടെ കരച്ചിൽ കേട്ടപ്പോഴും ആ പതിനൊന്ന് വയസ്സുകാരന് ഒന്നും മനസ്സിലായിരുന്നില്ല.
എന്റെ മുഖത്തേക്കുള്ള അവരുടെ ദയനീയ നോട്ടവും കരച്ചിലിലും ഞാൻ മനസ്സിലാക്കി. എന്റെ ഉപ്പ എന്നെ വിട്ട് പോയെന്ന്.
കോഴിക്കോട് മെഡിക്കൽ കോളേജിലേ'ശീതികരണ മുറി'യിലെ അവസാന നടപടികൾ കഴിഞ്ഞ് റൂഹ് വേർപ്പെട്ട ഉടലുമായി എട്ടരയോട് അടുപ്പിച്ച് അവസാനമായി ഞങ്ങൾക്ക് കാണാൻ വേണ്ടി അദ്ദേഹത്തെ കൊണ്ടുവരും.
        എനിക്ക് അറിയാമായിരുന്നു ഉപ്പക്ക് ഒരു ചെറിയ അസുഖമായി കാലിക്കറ്റ് മെഡിക്കൽ കോളേജിൽ അഡ്മിറ്റായിരുന്നുവെന്ന്. വീട്ടിലേക്ക് ഇന്ന് വരും നാളെ വരുമെന്ന് പ്രതീക്ഷിച്ചു ഞാൻ കാത്തിരുന്നിരുന്നു. ഇടക്ക് ഭക്ഷണം കൊണ്ടുപോകാൻ ഉപ്പാന്റെ അനിയന്മാർ പോകുമ്പോൾ ഞാനും വരട്ടെ എന്ന് ചോദിക്കാറുണ്ടായിരുന്നു. പക്ഷേ ഓരോ കാരണങ്ങൾ പറഞ്ഞ് എന്നെ ആരും കൊണ്ടു പോയില്ല…
പക്ഷേ ആ അസുഖത്തിന് മരണത്തിന്റെ വിലയുണ്ടെന്ന് എനിക്കറിയില്ലായിരുന്നു...
പിന്നീട് ആ വീട്ടിൽ നിർത്താതെയുള്ള കരച്ചിലും ഫോൺ വിളികളുടെയും ശബ്ദമായിരുന്നു.. എന്റെ കണ്ണുകളെ ഞാൻ അടക്കി പിടിച്ചിരുന്നു.. ആ പതിനൊന്ന് വയസ്സ്കാരന്റെ മനസ്സ് അപ്പോഴെ മരവിച്ചിരുന്നു. ഞാൻ എന്റെ റൂമിയിൽ കയറി വാതിലടച്ചു .എന്താണ് എനിക്ക് ചുറ്റും സംഭവിക്കുന്നതെന്ന് എനിക്കറിയില്ലായിരുന്നു. എന്റെ കാതുകൾ എന്നോട് കള്ളം പറയുകയാണെന്ന് എനിക്ക് തോന്നി. . കേട്ടത് കള്ളമാകണേ എന്നു പറഞ്ഞ് റബ്ബിനോട് ഉപ്പയെ തിരിച്ചു തരാൻ ആവശ്യപ്പെട്ടു സുജുദിൽ മുഴുകി. നിഷ്കളങ്ക ബാല്യത്തിന് എന്ത് യഥാർത്ഥ്യങ്ങൾ??
പക്ഷേ കണ്ണുകളിൽ ബലമേകിയിരുന്ന ഭാരം പൊട്ടിയൊഴുകി.. പിടിച്ചു നിർത്താനായില്ല. ..
കുറച്ചു കഴിഞ്ഞപ്പോൾ വീട്ടിലും അയൽപക്കത്തെ വീട്ടിലും ആളുകൾ തടിച്ചുകൂടി കൊണ്ടേയിരുന്നു.
അവർ എന്നെ അയൽപക്കത്തെ വീട്ടിൽ കൊണ്ടിരുത്തി. അവർ എന്റെ മുന്നിലേക്ക് നീട്ടിയ ഭക്ഷണം ഒന്നും കഴിച്ചില്ല.
വീണ്ടും ഉപ്പയുടെ ഓർമ്മകൾ കണ്ണുകളിൽ അലയടിച്ചു കൊണ്ടേയിരുന്നു..
കുറച്ച് കഴിഞ്ഞ്  പള്ളിയിൽ നിന്ന് ബീരാനി ഉസ്താദ് മൈക്കിലൂടെ വിളിച്ചു പറഞ്ഞു.
 "തെക്കുമുറി ജുമാ മസ്ജിദിനടുത്ത് താമസിക്കുന്ന പാലപ്പെട്ടി മുഹമ്മദ് കുട്ടിയുടെ മകൻ അബ്ദുൽ റഷീദ് എന്നവർ മരണപ്പെട്ടിരിക്കുന്ന വിവരം എല്ലാം ബന്ധുമിത്രാദികളെയും നാട്ടുക്കാരെയും അറിയിക്കുന്നു..പരേതന്റെ മയ്യിത്ത് കബറടക്കം ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് തെക്കുമുറി ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടത്തപ്പെടുന്നതാണ്.
ഇങ്ങനെ മൂന്ന് ആവർത്തി കേട്ടപ്പോൾ
ആ വീടിന്റെ ഉമ്മറത്ത് നിന്ന് വാവിട്ട് കരയാൻ തുടങ്ങി.. പ്രതീക്ഷ നഷ്ട്ടപ്പെട്ട  ആ കൊച്ചു പയ്യന്റെ  കരച്ചിൽ പിന്നീട് അലർച്ചയായി മാറി...
ആരൊക്കെയോ  ചേർന്ന് വീണ്ടും ആ വീടിന്റെ ഉള്ളിലിരുത്തി.  ബാപ്പ മരിച്ചുവെന്നറിയാതെ  വീട്ടിൽ ഓടി കളിച്ചു നടക്കുന്ന ആറ് വയസ്സ് മാത്രം പ്രായമുള്ള പെങ്ങളുടെ മുഖത്തേക്ക് കരഞ്ഞു തളർന്ന കണ്ണുമായി ഞാൻ നോക്കി.
ഇല്ല, അവൾക്കൊന്നും മനസ്സിലായിട്ടില്ല, മരണവും വേർപാടും മനസ്സിലാക്കുന്ന പ്രായമല്ലല്ലോ അത്...
കുറച്ച് കഴിഞ്ഞ് നിലവിളി ശബ്ദം ഒഴിഞ്ഞ ഒരു വെളുത്ത വാഹനം തറവാട്ടിന്റെ മുന്നിലെത്തി.
 റഷീദാക്കയുടെ മയ്യിത്ത് തറവാട്ടിലെത്തിയെന്ന് പറഞ്ഞ് അയൽവീട്ടുകാർ കുറച്ച് കഴിഞ്ഞ് എന്നെയും ചേർത്ത് അങ്ങോട്ടേക്ക് നീങ്ങി.
മനസ്സ് നിഗൂഢമായ ശൂന്യതയിലൂടെ സഞ്ചരിക്കുന്ന വേളയിൽ മറ്റു ബഹളങ്ങളൊന്നും എന്റെ മനസ്സ് സ്വീകരിക്കുന്നുണ്ടായിരുന്നില്ല.തറവാട്ടിലേക്ക് അടുക്കുതോറും ആരുടെയോ അലർച്ചയുടെ കൂടെ നീറുന്ന ചന്ദനത്തിരിയുടെയും എരിയുന്ന സാമ്പ്രാണിയുടെയും കുന്തിരിക്കത്തിന്റെയും കൂടെ നാസാദ്വാരത്തിലേക്ക് ഇരച്ചു കയറുന്ന പനിനീരിന്റെയും ഗന്ധം എന്റെ ശരീരത്തിനെ തളർത്തി കൊണ്ടേയിരുന്നു.
പക്ഷികൾ ചേക്കേറാത്ത മരമാണ് കുന്തിരിക്കമെന്ന് എവിടെയോ വായിച്ചിട്ടുണ്ട്. പക്ഷികൾ കുന്തിരിക്കത്തെ ഭയപ്പെടുന്നതിന്റെ കാരണം ഒരുപക്ഷേ മരണത്തിന്റെ ഗന്ധമായതു കൊണ്ടാകാമെന്ന് എനിക്കിന്ന് തോന്നുന്നു.. ആ ഗന്ധം വീടിന്റെ ചില ഭാഗത്ത് നിശബ്ദമായ തേങ്ങൽ കൊണ്ടുവന്നു.. ആ ഇടനാഴിയിലെ ഒരു മുറിയിൽ തളർന്നിരിക്കുന്ന ഉമ്മയെ ഒരു തവണയെ കണ്ടിരുന്നുള്ളു,അപ്പോഴെ ഞാനും മരിച്ചിരുന്നു.
 വീട്ടിന്റെ  കോലായ  അലക്ഷ്യമായി കിടക്കുന്ന പാത പോലെയാണ് എനിക്ക് തോന്നിയത് . നടന്നിട്ടും നടന്നിട്ടും ദൂരം എന്നെയും വലിച്ചു കൊണ്ട് പിന്നെയും പിന്നെയും പോകുന്നതു പോലെ...അടുക്കുതോറും നെഞ്ചിടിപ്പ് കൂടി കൂടി വന്നു.
കൈകാലുകൾക്ക് ഒരു വിറയൽ ഉണ്ട് , ശരീരം തണുത്ത് വിയർക്കുന്നുമുണ്ട്  .
 തൊണ്ടയിടറി കരഞ്ഞതുകൊണ്ട് നാവും ചുണ്ടുകളും വിളറിയിരിക്കുന്നു .പക്ഷേ അപ്പോഴും  കണ്ണിൽ നിന്നും ഉപ്പിന്റെ നീർച്ചാലുകൾ ഒഴുകികൊണ്ടേയിരുന്നു…
കരച്ചിലിന്റെയും തേങ്ങലിന്റെയും ശബ്ദത്തിന്റെയൊപ്പം ഖുർആൻ പാരായണവും മന്ത്രങ്ങളും  കാതുകളിൽ പ്രതിധ്വനിച്ചു കൊണ്ടേയിരുന്നു..
ഉമ്മറ കോലായിലെ ഇടത് വശത്ത് വെച്ച കട്ടിലിൽ ആളുകൾ നോക്കി കൊണ്ട് തിരിഞ്ഞു നടക്കുന്നുണ്ട്. ആരോ ഒരാൾ അവർക്ക് കാണാൻ വേണ്ടി മുഖത്ത് പുതപ്പിച്ച വെള്ള തുണി മാറ്റി കൊടുക്കുന്നുണ്ട്.
അവസാനം ഞാൻ കണ്ടു,വെള്ള തുണിയിൽ പുതപ്പിച്ചിരിക്കുന്ന എന്റെ ഉപ്പയെ, എന്നെ കാണാൻ താൽപ്പര്യമില്ലാത്തത് പോലെ കണ്ണുകൾ മുറുകെയടച്ചിരിക്കുന്നു.  മോനെ എന്ന് വിളിക്കാൻ ശബ്ദം ഉയർത്തുന്നില്ല, എന്നെ തലോടിയ കൈകൾ ചലിക്കുന്നില്ല... രാത്രി കെട്ടിപിടിച്ചു ഉറങ്ങുന്ന നെഞ്ചത്ത് ആ ചൂടില്ല, ആ സിഗരറ്റിന്റെ ഗന്ധമില്ല,
ഉപ്പാന്റെ കാതുകൾക്ക് എന്റെ അലർച്ച കേൾക്കുന്നില്ല...
അതേ എന്റെ ഉപ്പ മരിച്ചിരിക്കുന്നു… അതേ ഞാൻ യതീമായിരിക്കുന്നു.
സകല നിയന്ത്രണവും നഷ്ട്ടപ്പെട്ട് ഉപ്പയെ കെട്ടിപിടിച്ചു വീണ്ടും ഞാൻ ആർത്തു  കരഞ്ഞു കൊണ്ടേയിരുന്നു… തുളുമ്പി വന്ന കണ്ണുനീരിനും അന്നത്തെ പതിനൊന്ന് വയസ്സുകാരനെ ആശ്വസിപ്പിക്കാൻ സാധിക്കുമായിരുന്നില്ല.
ആ ഉപ്പു വറ്റിയ കണ്ണുമായി കൂറെ നേരം ഉപ്പയുടെ അരികിലിരുന്നു..ദേഹത്തേക്ക് ഇടക്ക് പാറിവരുന്ന ഈച്ചകളെ ഞാൻ അകറ്റി നിർത്തി.
വഴിവക്കിലിരുന്ന് ഒന്നിലും മനസുറക്കാതെ കുടുംബക്കാരും ഉപ്പയുടെ സുഹൃത്തുകളും ആരോടൊക്കെയോ എന്തൊക്കെയോ സംസാരിക്കുന്നു. . ഉപ്പയുടെ അനിയന്മാർ സങ്കടം പുറത്ത് കാണിക്കാതെ എന്തിനൊക്കെ ഓടി നടക്കുന്നു.. ഇടക്ക് അവരുടെ കണ്ണുകളും കലങ്ങുന്നത് കാണാം.
പക്ഷേ അത്ര നേരം മകൻ മരിച്ചെന്നറിഞ്ഞിട്ടും ഒന്നു കാണാൻ കഴിയാതെ വാർദ്ധക്യം മൂലം മനസ്സും ശരീരവും ഒരു കട്ടിലിൽ ഒതുക്കേണ്ടി വന്ന ഉപ്പാന്റെ  ഉപ്പയുടെ അവസ്ഥ ശരിക്കും കണ്ടത് പിന്നീടാണ്. മയ്യിത്ത് കുളിപ്പിക്കുന്നതിനു മുമ്പ് വല്യൂപ്പയെ (ബാവ )എളാപ്പമാർ താങ്ങി പിടിച്ച് ഒരു നോട്ടം കാണിച്ചു.ആ മനുഷ്യന്റെ കണ്ണുകളും ഹൃദയവും വെട്ടി നുറുങ്ങിയിരുന്നുവെന്ന് പിന്നീട് മനസ്സിലായിരുന്നു.കാരണം ബാപ്പ മരിച്ച പതിനാലാം ദിവസം ഞങ്ങളുടെ ബാവയും മരിച്ചു.. മകന്റെ വേർപ്പാട് അദ്ദേഹത്തെയും ഒരുപാട് തളർത്തിയിരുന്നിരിക്കണം... ഇവരുടെ മരണത്തിന്റെ ഷോക്ക് മാറി തുടങ്ങുന്നതിനു മുമ്പായിരുന്നു.. അടുത്ത വർഷത്തിൽ ഉപ്പയുടെ അനിയന്റെ മരണവും.. തീർത്തും ഒരു കുടുംബത്തെ ശിഥിലമാക്കിയ അവസ്ഥയിലൂടെയായിരുന്നു പിന്നീട് കടന്നു പോയിരുന്നത്. എം.ടി പറഞ്ഞതുപോലെ പലപ്പോഴും 'മരണം രംഗബോധമില്ലാത്ത കോമാളി തന്നെയാണ്.'
അന്ന് മൂന്ന് തുണിയിൽ കഫൻ ചെയ്ത് ഉപ്പയുടെ ശരീരം മയ്യിത്ത് കട്ടിലിലേക്ക് വെക്കുമ്പോൾ ഉമ്മയുടെയും കുടുംബക്കാരുടെയും കരച്ചിൽ വീണ്ടും വലിയൊരു തിരമാലപോലെ ആർത്തിരമ്പി കേൾക്കാമായിരുന്നു'...
ആ ജനാസയുമായി പള്ളിയിലേക്ക് തക്ബീറും ചൊല്ലി ജനക്കൂട്ടത്തിന്റെ കൂടെ നടക്കുമ്പോൾ  പ്രകൃതിവരെ മൂകമായി പ്രതികരിച്ചു.,
അവസാനം പള്ളിക്കാട്ടിലെ ഇടുങ്ങിയ ആ ആറടി മണ്ണിലേക്ക് ഉപ്പയുടെ ജനാസ ചെരിഞ്ഞു കിടത്തുമ്പോൾ ആകാശം ഇരുണ്ട് മൂടി ഒരു ചാറ്റൽ മഴയായി പെയ്തിറങ്ങി.ആ പള്ളിക്കാട്ടിൽ പുതിയൊരു അതിഥി വന്നതിന്റെ സന്തോഷമാണോ അതോ ഞങ്ങളുടെ വിധി കണ്ണുനീർ മഴയായി പെയ്തിറങ്ങിയതാണോന്നറിയില്ല...
അവസാനം മൂന്ന് പിടി നനവാർന്ന മണ്ണ് ഖബറിലേക്കിടുമ്പോഴും എന്റെ കണ്ണുനീർ വറ്റിയിരുന്നില്ല.. അത് ഇടക്കിടെ പൊട്ടുന്ന നീരുറവ പോലെ ഇന്നും ഒഴുകി കൊണ്ടേയിരിക്കുന്നു..

വസന്തം
ശ്രീലാ അനിൽ

ഒരു നീണ്ടമൗനത്തിന്റെ,,,,
കാരണമില്ലാത്ത
ഒരു പരിഭവത്തിന്റെ
അപ്പുറത്തുമിപ്പുറത്തും നിന്ന്
കാലങ്ങൾക്കു ശേഷം
നമുക്കിടയിൽ ഒരു പുഞ്ചിരി വിരിയുന്നു,,,,
അത്ര നാളായി വീർപ്പിച്ചു വച്ച ശൂന്യതയുടെ
നീർക്കുമിള
പൊട്ടിത്തകരുന്നത്
എത്ര പെട്ടെന്നാണ്,,,
പഴയ സ്നേഹത്തിന്റെ ധാരാളിത്തത്തിലേയ്ക്ക്
നമ്മൾ കൈ കോർത്ത്
നടക്കുക
പൊടുന്നനെയാവും
 നിശബ്ദതകളെ തൂത്തെറിഞ്ഞ്
 അത്ര മേൽ പ്രിയമോടെ
 അത്ര മേൽ ഊഷ്മളമായി
 നിന്നെ ഞാൻ അണച്ചു
 പിടിക്കുകയാവും പിന്നെയെപ്പോഴും.....
 പിന്നീടങ്ങോട്ട് നിന്റെ ഇഷ്ടങ്ങളോട്
 സമരസപ്പെട്ട്
 അവയെ എന്റെതു
 കൂടിയാക്കും ഞാൻ,,,,,
നിന്റെ സന്തോഷങ്ങൾക്ക് മാറ്റുകൂട്ടാൻ,,,,,
എൻറെ സങ്കടങ്ങൾ
സന്തോഷമാക്കാൻ
വാക്കുകളുടെ പൂക്കൾ കൊണ്ട് വസന്തം ചമയ്ക്കയാവും
നാമെപ്പോഴും



കളഞ്ഞു കിട്ടിയ അനിയത്തി
അഖിൽ ആർ നാഥ്

"ദേ അപ്പുറത്തെ വീട്ടിൽ താമസക്കാര് വന്നു കേട്ടോ"...
അമ്മയുടെ വിളി കേട്ട് ഫോണിൽ കുത്തികൊണ്ടിരുന്ന ഞാൻ തിരിഞ്ഞു നോക്കി.. 
"ദൈവമേ നല്ല വല്ല പെൺപിള്ളേരും ആയിരിക്കണേ"...
   മനസ് പറഞ്ഞു...  പതിയെ അടുക്കള വശത്തേക്ക് നടന്നു...  ഒരു ചെറിയ മിനി ലോറി.  സാധനങ്ങൾ ഒക്കെ ലോറിക്കാരൻ തന്നെ അകത്തേക്ക് എടുത്തു വെക്കുന്നുണ്ട്.. 
"അച്ചൂ നീ അങ്ങോട്ട്‌ ഒന്ന് ചെന്നേ...  ആ പെണ്ണും കുഞ്ഞും മാത്രമേ ഉള്ളൂ...
അമ്മ പറഞ്ഞത് കേട്ട് ഞാൻ അവിടേക്ക് ചെന്നു...  ഒരു ചേച്ചിയും കണ്ടാൽ 6 വയസ് തോന്നിക്കുന്ന ഒരു മകളും... ഒറ്റ നോട്ടത്തിൽ തന്നെ അവളുടെ ചിരി എനിക്ക് ഇഷ്ടമായി...
സാധനങ്ങൾ എല്ലാം അകത്തു എടുത്തു വെച്ചിട്ട്
ഞാൻ അകത്തേക്ക് നോക്കി ..  ജനലരികിൽ നിന്നു അവൾ എന്നെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു..  നിര തെറ്റിയ പല്ലുകൾ കാട്ടിയുള്ള അവളുടെ ചിരി കാണുവാൻ പ്രത്യേക ഭംഗി ആരുന്നു ...  
വൈകിട്ട് ഏകദേശ ചിത്രങ്ങൾ വ്യക്തമായി..
സുനിത എന്നാണ് ചേച്ചിയുടെ പേര്..  കൊല്ലത്തു ഒരു പ്രൈവറ്റ് കമ്പനിയിൽ ജോലി ചെയ്യുന്നു...  പ്രണയ വിവാഹം ആയിരുന്നു..  മകൾ കൃഷ്ണപ്രിയ.. ഒന്നാം  ക്ലാസിൽ പഠിക്കുന്നു ...  ഭർത്താവ് മരിച്ചിട്ട് ഒരു മാസം ആകുന്നു..  ബന്ധുക്കൾ അത്ര രസത്തിൽ അല്ല...
"ഹോ അമ്മയെ സമ്മതിക്കണം... അയൽക്കൂട്ടത്തിൽ പോയി കിട്ടിയതാണോ ഈ കഴിവ് ??"
ഞാൻ കളിയാക്കി...
"നീ പോടാ... വീടിനു ഒരു അയല്പക്കം വന്നാൽ പിന്നെ അവിടെ പോയി സഹകരിക്കണ്ടേ... അല്ലാതെ നിന്നെ പോലെ കയ്യിൽ ഒരു കോപ്പും പിടിച്ചു മുഴുവൻ സമയവും വീടിനകത്തു ഇരുന്നാൽ മതിയോ ???"
അമ്മയുടെ ആ കൌണ്ടർ ഞാൻ പ്രതീക്ഷിച്ചില്ല..  ഞാൻ കയ്യിൽ ഇരുന്ന മൊബൈൽ താഴേക്ക്‌ മാറ്റി...
പിറ്റേന്ന് രാവിലെ പല്ല് തേച്ചു കൊണ്ടിരുന്നപ്പോഴാണ് ഒരു പന്ത് എന്റെ കാലിൽ വന്നു തട്ടിയത്..
ഞാൻ പതിയെ തിരിഞ്ഞു നോക്കി...  ഇന്നലെ കണ്ട നിരതെറ്റിയ പല്ലുകൾ ഞാൻ തെറ്റി ചെടിയുടെ അരികിൽ കണ്ടു... ഞാൻ പതിയെ പന്ത് കയ്യിൽ എടുത്തു..  കണ്ണ് കൊണ്ട് അവളെ അടുത്തേക്ക് വരുവാൻ ആഗ്യം കാണിച്ചു...
മടിച്ചു മടിച്ചു അവൾ എന്റെ അരികിൽ എത്തി...
"എന്ത് വേണം ??"...  ഞാൻ ശബ്ദം കടുപ്പിച്ചു...
"പന്ത്..".  അവൾ തല കുമ്പിട്ടു പറഞ്ഞു... 
"ഏത് പന്ത്... ?? ഇവിടെ പന്ത് ഒന്നും ഇല്ലാ.".. ഞാൻ കൈകൾ പിറകിൽ ഒളിപ്പിച്ചു...
"ഞാൻ കണ്ടു "...  അവൾ എന്റെ കയ്യിലേക്ക് വിരൽ ചൂണ്ടി
"എടി കള്ളി...  പേര് പറഞ്ഞാൽ പന്ത് തരാം"... ഞാൻ അവളുടെ ചുമലിൽ കൈ വെച്ചു പറഞ്ഞു...
"കിഷ്‌ണപിയ "
എന്റെ മുഖത്ത് നോക്കി അവളുടെ നിഷ്കളങ്കമായ മറുപടി കേട്ടിട്ട് എനിക്ക് ചിരി നിർത്താൻ കഴിഞ്ഞില്ല...
"കിഷ്‌ണപിയയോ.... എന്നിട്ട് ഞാൻ അറിഞ്ഞത് നിന്റെ പേര് കൃഷ്ണപ്രിയ എന്നാണല്ലോ... "
"അത് തന്നെയാ ഞാനും പറഞ്ഞത്"...  അവൾ നാണത്തോടെ എന്നെ നോക്കി ചിരിച്ചു...
"ഓഹോ ഒന്നാം ക്ലാസ്സ്‌ കാരിക്ക് സ്വന്തം പേര് പറയാൻ അറിയില്ലെന്ന് പറഞ്ഞാൽ നാണക്കേട്‌ ആ കേട്ടോ... അവൾ തല കുനിച്ചു നിന്നു...
"ഈ അങ്ങോട്ടും ഇങ്ങോട്ടും നിക്കുന്ന പല്ല് എല്ലാം നമുക്ക് ഇടിച്ചു നേരെയാക്കാം... അപ്പൊ കിഷ്‌ണപിയ തനിയെ കൃഷ്ണപ്രിയ ആയിക്കോളും കേട്ടോ.."
ഞാൻ ചിരിച്ചു കൊണ്ട് അവളുടെ കവിളിൽ തട്ടി
"കിച്ചീ നീ എവിടെയാ.... ???"
അപോഴെക്കും സുനിതേച്ചിയുടെ വിളി വന്നു...
"അമ്മ വിളിക്കുന്നു ഞാൻ പോകുവാ.."
എന്റെ കയ്യിൽ നിന്നും പന്ത് തട്ടിപ്പറിച്ചു കൊണ്ട് അവൾ ഓടി....
"കുറുമ്പി " ഞാൻ മനസ്സിൽ പറഞ്ഞു....
  കിച്ചിയും ഞാനും അടുക്കാൻ അധികം സമയം ഒന്നും വേണ്ടി വന്നില്ല...  ഇപ്പോൾ കണി കാണുന്നത് തന്നെ അവളെയാണ്..  രാവിലെ എത്തും വീട്ടിൽ...  അമ്മ ഉണ്ടാക്കിയ പലഹാരം കഴിക്കും,  എന്നിട്ട് എന്നെ കുത്തിപ്പൊക്കാൻ ശ്രെമം തുടങ്ങും..  മൊബൈൽ കളിക്കാൻ വേണം അതിനാണ്...
"എന്നും ഉച്ചിക്ക് വെയിൽ അടിക്കുമ്പോൾ പൊങ്ങിയിരുന്ന ചെറുക്കാനാ... ഇവൾ വന്നത് കൊണ്ട് ഇങ്ങനെ ഒരു ഗുണമുണ്ടായല്ലോ "
അമ്മ പറഞ്ഞത് കേട്ടു അവൾ എന്നെ നോക്കി ചിരിച്ചു...
"ഡി അധികം ചിരിച്ചാൽ പിന്നെ നിനക്ക് ചിരിക്കാൻ മുന്നിൽ നിക്കുന്ന ഈ പല്ല് കാണില്ല കേട്ടോ .. അടിച്ചു ഞാൻ താഴെ ഇടും "??..
ഞാൻ അവളോട്‌ കണ്ണുരുട്ടി ..
"അയ്യടാ ഇങ്ങു വാ ചേട്ടായി . . നിന്നെ ഞാൻ താഴെ ഇടും "
അവൾ അമ്മയുടെ സാരിയുടെ മറവിൽ ഒളിച്ചു നിന്നു എന്നെ കൊഞ്ഞനം കാട്ടി ....
    ഞാൻ അവൾക്കു ട്യൂഷൻ എടുക്കാൻ തുടങ്ങി,  സുനിതേച്ചി ജോലി കഴിഞ്ഞു എത്താൻ താമസിക്കും... അത് കൊണ്ട് കിച്ചി സ്കൂൾ വിട്ടു നേരെ വീട്ടിലേക്ക് ആണ് വരിക... അമ്മ ചായയും  എന്തെങ്കിലും പലഹാരവും അവൾക്കായി മാറ്റി വെച്ചിട്ടുണ്ടായിരിക്കും ..
മൊബൈൽ എന്ന ഒറ്റ ഉപകരണത്തിൽ തളച്ചു ഇട്ടിരുന്ന എന്നെ അതിൽ നിന്നു പുറത്തു എത്തിച്ചത് അവളാണ് ..  അവളുടെ ചിരിയും കുസൃതിയും എല്ലാം അനക്കമില്ലാതെ കിടന്നിരുന്ന എന്റെ വീടിനെ ഒരു വീടാക്കി മാറ്റി...
"ഇവന്റെ തല ആ മൊബൈലിൽ നിന്നു ഒന്ന് പൊങ്ങിക്കിട്ടാൻ ഞാൻ വഴിപാട്‌ വരെ നേർന്നിട്ടുണ്ട് സുനിതേ...
കിച്ചി വന്നതിന് ശേഷം ആണ് ഇവൻ എന്നോട് തന്നെ നേരെ ചൊവ്വേ മിണ്ടിത്തുടങ്ങിയത് "
അമ്മ സുനിതേച്ചിയോട് അടക്കം പറഞ്ഞു.. 
ശെരിയാണ്‌...  രാവിലെ മുതൽ രാത്രി വരെ മൊബൈൽ മാത്രമായിരുന്നു എന്റെ കൂട്ടുകാരൻ..  മനസ്സിൽ തോന്നുന്നത് എന്തും കുറിക്കുന്നതും അതിൽ തന്നെ.. അത് കഥ ആയാലും കവിത ആയാലും ...
      ഇപ്പോൾ മൊബൈൽ ഞാൻ ശ്രെദ്ധിക്കാറേ ഇല്ലാ ....  അത് വല്ലപ്പോഴും കയ്യിൽ എടുക്കുന്നത് കിച്ചിയുടെ ചിരി അവൾ അറിയാതെ ക്യാമറയിൽ പകർത്താൻ ആണ്...
           അത്രയും നിഷ്കളങ്കമായ ചിരി ഞാൻ ഇത് വരെ കണ്ടിട്ടില്ല   ....  എന്ത് ഭംഗിയാണെന്നോ അവൾ ചിരിക്കുന്നത് കാണാൻ...
മാസം ഒന്ന് കടന്നു പോയി...  അമ്മ അമ്മാവന്റെ വീട്ടിൽ പോയതാണ് . ഞാൻ കിച്ചിയെ പടം വരക്കുവാൻ പഠിപ്പിക്കുകയായിരുന്നു .. 
അമ്മ ദൂരേന്നു വരുന്നത് ഞാൻ കണ്ടു .. എന്നാൽ അമ്മയുടെ മുഖത്ത് എന്തോ ദേഷ്യവും ഭയവും എല്ലാം എനിക്ക് ഫീൽ ചെയ്തു...
"മോളെ നീ നിന്റെ വീട്ടിൽ പോ... ഇനി ഇങ്ങോട്ട് വരരുത് "
വന്നു കേറിയ ഉടനെ അമ്മ കിച്ചിയോട് പറഞ്ഞു.....
"അമ്മ ഇത് എന്തൊക്കെയാ ഈ പറയുന്നേ .... നമ്മുടെ കിച്ചി.... "
"അച്ചൂ നീ മിണ്ടരുത് !!!"
ഞാൻ പറഞ്ഞു മുഴുമിപ്പിക്കുന്നതിനു മുൻപേ അമ്മയുടെ ശബ്ദം വീണു... 
കാര്യമറിയാതെ അമ്പരന്നു നിൽക്കുകയായിരുന്നു കിച്ചി..
"നിന്നോട് അല്ലേ പറഞ്ഞെ വീട്ടിൽ പോകാൻ !!"
അമ്മ അവളോട്‌ കണ്ണുരുട്ടി പറഞ്ഞു ..
അവൾ പേടിയോടെ എന്റെ മറവിലേക്ക് നീങ്ങി നിന്നു... അമ്മയെ ഇത് വരെ അങ്ങനെ അവൾ കണ്ടിട്ടില്ലായിരുന്നു...  ഞാനും.....
"കിച്ചി നീ ഇപ്പൊ വീട്ടിലേക്ക് പൊയ്ക്കോ... "
ഞാൻ അവളുടെ തോളിൽ തട്ടി പറഞ്ഞു ..
അവൾ എന്നെ ഒന്ന് നോക്കിയിട്ട് വീട്ടിലേക്ക് ഓടി പോയി ...
"അമ്മക്ക് എന്താ പ്രാന്ത് പിടിച്ചോ ?"
അവൾ പോയ ഉടനെ ഞാൻ അമ്മയോട് ചൂടായി... 
"അച്ചു നീ വെറുതെ കാര്യം അറിയാതെ കിടന്നു ചിലക്കരുത്... "
"എന്ത് കാര്യം ??"
" അതിപ്പോ നീ അറിയണ്ട " അമ്മ നേരെ കിച്ചിയുടെ വീട്ടിലേക്ക് നടന്നു...
ഒന്നുമറിയാതെ അന്തം വിട്ടു നിൽക്കുകയായിരുന്നു ഞാൻ...
അമ്മ അവിടെ പോയി സുനിതേച്ചിയോട് എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു... 
എനിക്ക് ഒന്നും മനസിലായില്ല...  അമ്മ ആകെ വിഷമിച്ചത് പോലെ ഇരിക്കുന്നു..  രാത്രി എനിക്ക് ചോറ് വിളമ്പി തന്നപ്പോഴും അമ്മ ഒന്നും മിണ്ടിയില്ല...
പിറ്റേന്ന് ശനിയാഴ്ചയായിരുന്നു...  കിച്ചിക്കു സ്കൂൾ ഇല്ലാത്ത ദിവസം...
സാദാരണ ഇത്തരം ദിവസങ്ങളിൽ എന്നെ വിളിച്ചുണർത്തുന്നത് അവളാണ്. എന്നാൽ ഇന്നു അവളുടെ ബഹളം വീട്ടിൽ കേട്ടില്ല...
ഞാൻ എഴുനേറ്റു അടുക്കളയിലേക്ക് ചെന്നു... അമ്മ അവിടെ ഉണ്ടായിരുന്നു,  ഞാൻ ഒന്നും മിണ്ടിയില്ല..  പതിയെ മുറ്റത്തേക്ക് ഇറങ്ങി..  കിച്ചിയെ അവിടെ എങ്ങും കണ്ടില്ല.. 
പെട്ടന്ന് ജനാലയിൽ കൂടി ഒരു ശബ്ദം കേട്ടു...
"അച്ചു ചേട്ടായി..... "
ഞാൻ തിരിഞ്ഞു നോക്കി..  എന്നെ നോക്കി ചിരിച്ചു കൊണ്ട് അവൾ ജനാലയുടെ അരികിൽ നില്പുണ്ടായിരുന്നു..
ഞാൻ അവളോട്‌ ഇങ്ങോട്ട് വരാൻ ആംഗ്യം കാണിച്ചു...
ഞാൻ വിളിക്കേണ്ട താമസം അവൾ റൂമിൽ നിന്നും വെളിയിലേക്ക് വരാനായി ഓടി.. എന്നാൽ മുറ്റത്ത്‌ എത്തിയപ്പോഴേക്കും സുനിതേച്ചിയുടെ വിളി വന്നു...
    അവൾ അകത്തേക്ക് കയറി... സുനിതേച്ചി അവളോട്‌ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു..  ഞാൻ ചെവി കോർത്തു. പക്ഷെ ഒന്നും കേൾക്കാൻ കഴിഞ്ഞില്ല.. അല്പസമയത്തിനു ശേഷം അവരുടെ വീടിന്റെ മുൻവാതിൽ അടഞ്ഞത് ഞാൻ കണ്ടു...
     ആ ദിവസം എനിക്ക് എന്തോ പോലെയായിരുന്നു...  ഒന്നിനും ഒരു ഉത്സാഹമില്ലായ്മ..  കിച്ചി എന്ന  ആറു വയസുകാരിക്ക് എന്റെ ജീവിതത്തിൽ ഇത്രയേറെ സ്വാധീനം ചെലുത്താൻ കഴിയുമെന്നു ഞാൻ അന്ന് മനസിലാക്കി.. അവളുടെ ചിരി കാണാതെ ഒരു ദിവസം കഴിച്ചുകൂട്ടുക അത്രമേൽ പ്രയാസമായിരുന്നു.
രാത്രിയായതോടെ എന്റെ എല്ലാ നിയന്ത്രണവും നശിച്ചു... ഞാൻ രണ്ടും കല്പിച്ചു അമ്മയോട് ചോദിച്ചു..
"അമ്മ അല്ലേ പറഞ്ഞത് പെണ്കുഞ്ഞ് ഇല്ലാത്ത അമ്മക്ക് കിച്ചിയുടെ രൂപത്തിലാ ദൈവം ഒരു പെൺകുഞ്ഞിനെ സ്നേഹിക്കാൻ തന്നത് എന്ന്... എന്നിട്ട് അമ്മ തന്നെ അവളോട്‌ ഇങ്ങോട്ട് വരരുത് എന്ന് പറഞ്ഞു... അവളോട്‌ മിണ്ടാതെ ഇരിക്കാൻ അമ്മക്ക് കഴിഞ്ഞേക്കാം.. എന്നാൽ എനിക്ക് പറ്റില്ല.. എന്തുകൊണ്ടാണ് അവളോട്‌ ഇങ്ങോട്ട് വരണ്ട എന്ന് അമ്മ പറഞ്ഞതെന്ന് എനിക്ക് അറിഞ്ഞേ പറ്റു.... "
അമ്മ കരയുന്നുണ്ടായിരുന്നു.. 
"അച്ചു നീ അത് അറിയണ്ട"
കണ്ണ് തുടച്ചു കൊണ്ട് അമ്മ പറഞ്ഞു...
"പറ്റില്ല... എനിക്ക് അറിയണം. അത് അറിയാതെ ഞാൻ ഇന്നു ഉറങ്ങില്ല.. "
ഞാൻ വാശി പിടിച്ചു...
"നമ്മുടെ കിച്ചിക്ക് എയിഡ്സ് ആണ് !!!
അമ്മയുടെ വായിൽ നിന്നു അത് കേട്ടതും ഞാൻ കട്ടിലിലേക്ക് വീണതും ഒരുമിച്ചായിരുന്നു..  എനിക്ക് എന്റെ ചെവികളെ  വിശ്വസിക്കാൻ കഴിഞ്ഞില്ല..
കിച്ചി.... കിച്ചിക്ക് എയിഡ്സ് ഓ ???... 
ഇടറിയ ശബ്ദത്തോടെ ഞാൻ ചോദിച്ചു...
"അതേ.. കിച്ചിക്ക് മാത്രമല്ല സുനിതക്കും.,
അമ്മ പറഞ്ഞു തുടങ്ങി....
"അമ്മാവന്റെ വീട്ടിൽ ചെന്നപ്പോഴാണ് അമ്മ വിവരങ്ങൾ എല്ലാം അറിഞ്ഞത്... ഇവ്ട്ത്തെ താമസക്കാരെ പറ്റി ഞാൻ നാത്തൂനോട് പറഞ്ഞു.. അവര്ക്ക് ഇവരെ അറിയാം..  സുനിതയുടെ ഭർത്താവ് എയിഡ്സ് രോഗിയായിരുന്നു..  അയാൾ മരിച്ചതും അങ്ങനെയാണ്...  അയാളുടെ മരണശേഷം ബന്ധുക്കൾ ആരും സഹായത്തിനു എത്തിയില്ല,  അങ്ങനെയാണ് അവർ ഇവിടെയെത്തിയത്... "
അമ്മ പറഞ്ഞത് മുഴുവൻ ഒരു മരവിപ്പോടെ കേട്ടു കൊണ്ട് ഞാൻ കിടന്നു...
മനസ് മുഴുവൻ കിച്ചിയായിരുന്നു... അവളുടെ ചിരി...  ഈശ്വരാ നീ എന്തിനു ആ കുഞ്ഞിനോട് ഇത് ചെയ്തു... ???
"അമ്മ ഇതിന്റെ പേരിലാണോ അവളെ ഈ വീട്ടിൽ നിന്നും അകറ്റിയത് ?"
"അതേ...  ചേട്ടനും പറഞ്ഞു ഇനി അവരെ അടുപ്പിക്കണ്ട എന്ന്...... ഇത് പകരില്ലേ... "
ഞാൻ ഫോൺ എടുത്തു അമ്മയെ ഒരു വീഡിയോ കാണിച്ചു...
എയിഡ്സ് പകരുന്ന രീതിയും,  രോഗികളുടെ പരിരക്ഷയും ആയിരുന്നു അതിൽ...
വീഡിയോ കണ്ടതിനു ശേഷം ഞാൻ അമ്മയോട് പറഞ്ഞു :
"അമ്മ അവളെ ഈ വീട്ടിൽ വിളിച്ചത് കൊണ്ടോ അവൾക് ആഹാരം നല്കിയത് കൊണ്ടോ എയിഡ്സ് പകരില്ല..  സമൂഹത്തിന്റെ ചതിക്കുഴികളിൽ മുതിർന്നവർ വീണു പോയതിനു ആ കുഞ്ഞു എന്ത് പിഴച്ചു...  ഈ ഘട്ടത്തിലാണ് നമുക്ക് അവളെ കൂടുതൽ സ്‌നേഹിക്കേണ്ടതു...
അമ്മ അവളെ ഒരു മകളായി കണ്ടോ എന്ന് എനിക്ക് അറിയില്ല...  എന്നാൽ ഞാൻ അവളെ ഒരു അനിയത്തിയായി കണ്ടു പോയി... ഇനി അത് മാറില്ല... മാറ്റാൻ കഴിയില്ല "
ഞാൻ കരഞ്ഞു കൊണ്ട് കട്ടിലിലേക്ക് വീണു.. അമ്മ ഒന്നും മിണ്ടാതെ ഇരിക്കുന്നുണ്ടായിരുന്നു...
അന്ന് രാത്രി ഉറങ്ങാൻ കഴിഞ്ഞില്ല... മനസ്സിൽ മുഴുവൻ അവളുടെ രൂപമായിരുന്നു... ദൈവം സൌന്ദര്യം ഉള്ളവയ്ക്കു എല്ലാം അല്പായുസ് മാത്രമാണ് നല്കുന്നത്...
മഴവില്ല് പോലെ.... ചിത്രശലഭങ്ങളെ പോലെ....
   ഓരോന്ന് ആലോചിച്ചു കിടന്നു എപ്പോഴാ ഉറങ്ങിയത് എന്നറിയില്ല,  രാവിലെ എഴുനേറ്റു ഹാളിലേക്ക് ചെന്ന ഞാൻ ഞെട്ടി പോയി.... !!!!!
"കിച്ചി അവിടെ ഇരുന്നു ദോശ കഴിക്കുന്നു !! അവളുടെ മുടിയിൽ തലോടിക്കൊണ്ട് അമ്മയും അടുത്തു നില്പുണ്ടായിരുന്നു... !!!
സന്തോഷം കൊണ്ട് എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി... ഞാൻ അമ്മയുടെ അടുത്തു ചെന്നു അമ്മയെ കെട്ടിപിടിച്ചു...
"ഇവൾ എന്റെ കുഞ്ഞല്ലേടാ "....
അമ്മയുടെ വാക്കുകൾ കേട്ട് ഞാൻ കിച്ചിയുടെ മുടിയിൽ തലോടി ...
"ഓച്ചിറ അമ്പലത്തിൽ മകരവിളക്ക് ഉത്സവം തുടങ്ങി... ഞാൻ വൈകിട്ട് ഇവളെയും കൊണ്ട് പോയ്കോട്ടേ അമ്മേ ??
"സുനിതയോട് ചോദിച്ചിട്ട് പൊയ്ക്കോ "  അമ്മ മറുപടി പറഞ്ഞു
സുനിതേച്ചി എതിർപ്പ് ഒന്നും പറഞ്ഞില്ല...  ബൈക്കിൽ അവൾ എന്നെ ചുറ്റിപിടിച്ചിരുന്നു...
അമ്പലത്തിൽ നല്ല തിരക്കുണ്ടായിരുന്നു.
"കിച്ചി നിനക്ക് പേടിയുണ്ടോ "
അവൾ ഇല്ലെന്നു തലയാട്ടി...
ഞാൻ അവളുടെ കയ്യിൽ മുറുകെ പിടിച്ചു അമ്പലത്തിലേക്ക് നടന്നു...  അവൾ എന്നെ പറ്റിച്ചേർന്നു കൂടെ നടന്നു..
ഒരു ജേഷ്ഠന്റെ എല്ലാ സംരക്ഷണവും അപ്പോൾ അവൾക്കുണ്ടായിരുന്നു...  ഞങ്ങൾ ഐസ്ക്രീം കഴിച്ചു, ഞാൻ അവൾക് ഒരു മാല വാങ്ങി....
                       തിരികെ ബൈക്കിൽ വരുമ്പോൾ എന്റെ കണ്ണ് നിറഞ്ഞൊഴുകിയത് എന്നെ കെട്ടിപിടിച്ചു പിറകിൽ ഇരുന്ന അവൾ കണ്ടിരുന്നില്ല...
ദിവസങ്ങൾ പിന്നെയും കടന്നു പോയി.. ഇപ്പോൾ  കിച്ചി എപ്പോഴും വീട്ടിൽ തന്നെയാണ്... ഞങ്ങൾ എന്നും വൈകിട്ട് ബൈക്കിൽ കറങ്ങാൻ പോകും... ചില ദിവസങ്ങളിൽ കഥ പറഞ്ഞു ഒടുവിൽ എന്റെ കൂടെ തന്നെ കിടന്നുറങ്ങും..
"ഈ പെണ്ണ് ഇപ്പൊ എന്നെ മറന്നെന്നാ തോന്നുന്നേ"..
സുനിതേച്ചി പരാതി പറഞ്ഞു...
ഒരു വെള്ളിയാഴ്ച ദിവസം...  കിച്ചി സ്കൂൾ വിട്ടു കഴിഞ്ഞു  വീട്ടിൽ ഇരിക്കുകയാണ്..
"അമ്മച്ചി ഇത് വരെ വന്നില്ല ചേട്ടായി "...
കിച്ചി വീട്ടിലേക്കു നോക്കി പറഞ്ഞു ..
ശെരിയാണ്‌ ,  സാധാരണ 7 മണി ആകുന്നതിനു മുൻപ് തന്നെ സുനിതേച്ചി വരുന്നതാണ്.. ഇപ്പോൾ ഏഴര കഴിഞ്ഞിരിക്കുന്നു..
"അച്ചൂ  നീ ബൈക്ക് എടുത്തു ഒന്ന് നോക്കിയിട്ട് വാ... ചിലപ്പോൾ ബസ്‌ കിട്ടി കാണില്ല "
അമ്മ പറഞ്ഞത് കേട്ട് ഞാൻ ബൈക്ക് എടുത്തു ഇറങ്ങി...
"ഞാനും വരുന്നു ചേട്ടായി... "
അവൾ ബൈക്കിൽ കയറാൻ വാശി പിടിച്ചു.. 
"വേണ്ട തണുപ്പ് ഉണ്ട്... വെറുതെ തണുപ്പ് അടിച്ചു ഒന്നും വരുത്തി വെക്കണ്ട,  മോൾ ഇവിടിരിക്ക് അമ്മയേം കൂട്ടി ചേട്ടായി വേഗത്തിൽ വരും... "
  അമ്മ അവളുടെ തോളിൽ കൈ വെച്ചു പറഞ്ഞു..
ഞാൻ ചേച്ചിയുടെ കമ്പിനിയിൽ എതിയപോൾ അവിടെ പുറത്തു ഒന്ന് രണ്ടു പേർ നില്പുണ്ടായിരുന്നു..
"ഈ സുനിത....
"സുനിതയുടെ റിലേറ്റീവ് ആണോ ?? എന്റെ ചോദ്യം മുഴുമിപ്പിക്കുന്നതിനു മുൻപ് തന്നെ കൂട്ടത്തിലൊരാൾ എന്നോട് ചോദിച്ചു.
"അല്ല അയലത്തെ വീട്ടിലെ ആണ്.. ഇത് വരെ കാണാഞ്ഞപ്പോൾ..... കുഞ്ഞു ഞങ്ങളുടെ വീട്ടിലുണ്ട്....
"സുനിത വൈകിട്ട് ഒന്ന് കുഴഞ്ഞു വീണു..  ഇപ്പോൾ സിറ്റി ഹോസ്പിറ്റലിൽ ആണ്.. ബന്ധുക്കളെ ആരെയെങ്കിലും ബന്ധപ്പെടാൻ ഞങ്ങൾ കുറെ കഷ്ടപ്പെട്ടു... ഒടുവിൽ അമ്മയുടെ ബന്ധുക്കളെ വിളിച്ചു വിവരം പറഞ്ഞിട്ടുണ്ട്... പക്ഷെ കുഞ്ഞിനെ പറ്റി അവര്ക്കും ഒന്നും അറിയില്ലെന്നാ പറഞ്ഞത്...
എന്റെ നെഞ്ചിൽ ഒരു കൊള്ളിയാൻ തറച്ചത് പോലെ തോന്നി...  വേഗം ബൈക്ക് എടുത്തു ഹോസ്പിറ്റലിൽ ചെന്നപ്പോഴേക്കും എല്ലാം കഴിഞ്ഞിട്ടുണ്ടായിരുന്നു...
ബോഡി പിറ്റേന്ന് രാവിലെയാണ് വീട്ടിലേക്ക് കൊണ്ട് വന്നത്... ഞാൻ അന്ന് രാത്രി ഹോസ്പിറ്റലിൽ തന്നെയായിരുന്നു... ചേച്ചിയുടെ കുറെ ബന്ധുക്കൾ വന്നിട്ടുണ്ട്...
സുനിതേച്ചിയുടെ അടുത്തു ഇരുന്നു കരയുന്ന അമ്മയുടെ മടിയിൽ കിച്ചി കിടപ്പുണ്ടായിരുന്നു..
അവളെ അങ്ങനെ കാണുന്നത് എനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു... അമ്മ ഇനി തിരിച്ചു വരില്ല എന്ന് ഈ പാവം അറിഞ്ഞു കാണുമോ...
"കൊല്ലത്തേക്ക് കൊണ്ട് പോകാം "
കൂടി നിന്ന ബന്ധുക്കളിൽ ആരോ പറഞ്ഞു..
"അതിനു കുഴപ്പമില്ല... കൊച്ചിന്റെ കാര്യം എങ്ങനാ ??"
"അവൾ അമ്മാവന്റെ വീട്ടിൽ നിക്കട്ടെ. ഒന്നുല്ലേലും നിങ്ങടെ അനന്തരവൾ അല്ലേ"...
ഒരു സ്ത്രീ ആണത് പറഞ്ഞത്..
"ഈ അസുഖം ഉള്ള കുട്ടിയെ ഞാൻ എന്ത് പറഞ്ഞാ വീട്ടിലേക്ക് കൊണ്ട് പോകുന്നെ...  "
അയാൾ മറുപടി നൽകി..
"എന്റെ വീട്ടിലെ കാര്യം അറിയാമല്ലോ...  പെണ്ണുമ്പിള്ളേടെ ഓഹരിയാ... ഇതിനേം വിളിച്ചോണ്ട് ഞാൻ അങ്ങോട്ട്‌ ചെന്നാൽ പിന്നെ എനിക്ക് പെരുവഴി ആ... " 
മറ്റൊരാൾ പറഞ്ഞു...
ഉള്ളിൽ പതഞ്ഞു പൊങ്ങിയ ദേഷ്യം പുറത്തു കാണിക്കാതെ ഞാൻ അവിടെ നിന്നു...
"കൊല്ലത്തു എനിക്കറിയാവുന്ന ഒരു പള്ളിലച്ചൻ ഉണ്ട്.. പുള്ളി ഇത് പോലെ ഒക്കെ ഉള്ള കുട്ടികളെ എടുത്തു വളർത്തുന്നതാ... നമുക്ക് അവിടെ ഒന്ന്....
"നിർത്തെടാ !!!!!!!!!"
അയാൾ പറഞ്ഞു തീരും മുൻപേ ഞാൻ അലറി...
കിച്ചി എന്നെ പകച്ച്‌ നോക്കി... ആരും ഒന്നും മിണ്ടുന്നുണ്ടായിരുന്നില്ല...
ഞാൻ കരഞ്ഞു കൊണ്ട് അമ്മയുടെ കാലിൽ ചെന്നു വീണു...
"ഇവന്മാർ ദുഷ്ടന്മാരാണമ്മേ...  ഇവർ നമ്മുടെ കിച്ചിയെ നോക്കില്ല...  അവളെ അനാഥാലയത്തിൽ ആക്കാൻ പോകുവാ...
നമുക്ക് വളർത്താം അമ്മേ ഇവളെ... ആർക്കും വിട്ടു കൊടുക്കണ്ട അമ്മേ... "
ഞാൻ നിലവിളിക്കുകയായിരുന്നു.... കൂടി നിന്ന ബന്ധുക്കൾ ഒന്നും മിണ്ടിയില്ല... ഞാൻ കരഞ്ഞു കൊണ്ട് അമ്മയുടെ മടിയിലേക്ക് വീണു...
അമ്മ എന്നെ മാറ്റിയിട്ടു കിച്ചിയെ എന്റെ അരികിലേക്ക് നിർത്തി.. എന്നിട്ട് കൂടി നിന്ന ബന്ധുക്കളുടെ അടുത്തേക്ക് ചെന്നു...
"എനിക്ക് ഒരു പെൺകുഞ്ഞിനെ ദൈവം തന്നില്ല...  നിങ്ങൾക്ക് എല്ലാം ഇവൾ ഒരു ഭാരം ആണെന്ന് മനസിലായി...
ദൈവം ഈ കുഞ്ഞിനു എത്ര നാൾ ആയുസ് കൊടുത്തിട്ടുണ്ട് എന്ന് അറിയില്ല... എത്ര നാളാണോ അത്രയും നാൾ ഇത് എന്റെ വീട്ടിൽ വളരും...  എന്റെ മകളായി.... അവന്റെ അനിയത്തിയായി...... "
അമ്മയുടെ വാക്കുകൾ കേട്ട് ഞാൻ കരയുകയായിരുന്നു... കിച്ചിയെ ചേർത്തു പിടിച്ചു അവളുടെ മുഖത്തു മുഴുവൻ ഉമ്മ കൊടുത്തു... എന്താ നടക്കുന്നത് എന്ന് പോലും മനസിലാവാതെ അവൾ നിൽക്കുന്നുണ്ടായിരുന്നു...
ഇന്നു കിച്ചി രണ്ടാം ക്ലാസിലാണ്...  ഇപ്പോൾ ഞാൻ ഇത് എഴുതുമ്പോൾ അവൾ എന്റെ മുന്നിൽ ഇരുന്നു ബുക്കിൽ എന്തൊക്കെയോ കുത്തി കുറിക്കുന്നുണ്ട്...  ഇടയ്ക്കു തലപൊക്കി എന്നെ ഒന്ന് നോക്കി ചിരിച്ചു.... ലോകത്ത് ഇത്രയും ഭംഗിയുള്ള ചിരി ഞാൻ മറ്റെവിടെയും കണ്ടിട്ടില്ല....
അവൾ എത്ര കാലം ഞങ്ങളോടൊപ്പം ഉണ്ടാകുമെന്നറിയില്ല... എന്നാൽ ഒന്നറിയാം,  അവളുടെ മനസ്സിൽ പൂവിടുന്ന ഒരു ആഗ്രഹം പോലും പാഴായി പോകില്ല... അവൾക്കായി ജീവിക്കുകയാണ് ഞാൻ ഇപ്പോൾ....എന്റെ കളഞ്ഞു കിട്ടിയ അനിയത്തിക്കായി.....

Comments