10-04-20

ലോക് ഡൗൺ കാലത്തെ നവ സാഹിതിയിലേക്ക് എല്ലാ സഹൃദയർക്കും ഹൃദ്യമായ സ്വാഗതം..🙏🌹🌹🙏
*******************************
ഗ്രൂപ്പംഗവും ആകാശവാണിയിലെ സ്ഥിരം ശബ്ദ സാന്നിധ്യവുമായ ജസീന റഹീമിന്റെ വൈവിധ്യ സമ്പന്നമായ അനുഭവാവിഷ്കാരം..." ഇതാണ് ഞാൻ..." തുടർന്ന് വായിക്കാം..👇🏻
പ്രണയ സമ്മർദ്ദങ്ങൾക്കൊടുവിൽ "അങ്ങിനെ എനിക്കും സ്വന്തമായി ഒരു ഭാര്യയുണ്ടായി " എന്നവൻ കാതിൽ കാറ്റായ് മൊഴിഞ്ഞു ....👇🏻
ഇതാണ് ഞാൻ...
ആത്മായനം
ജസീന റഹീം

ഞാൻ ജനിച്ച ശേഷം എൻ്റെ ഓർമ്മകൾ ഉറച്ചു കഴിഞ്ഞ് ഞങ്ങൾ താമസിച്ച അഞ്ചാമത്തെ വീടായിരുന്നു അത്‌..
ഓരോ വീടുകൾ മാറുമ്പോഴും വിളക്കുടിയിലെ മുറ്റം നിറയെ ചെടികളും,പിന്നാമ്പുറത്ത് നിറയെ കായ്ക്കുന്ന കിളിച്ചുണ്ടൻ മാവുമുള്ള വീട്.. ഗൃഹാതുരത്വം നിറഞ്ഞ മണങ്ങളും നിറങ്ങളും രുചികളുമായി ഉള്ളിൽ നിറഞ്ഞു നിന്നു.. ശ്രീമതി ചേച്ചിയുടെ മുറ്റത്തെ ചെമ്പകമരം ..പച്ചയിൽ സ്വർണ നിറമണിഞ്ഞ് എന്നും മനസിൽ പൂത്തു നിന്നു. കിളിച്ചുണ്ടൻ മാമ്പഴം വഴിയിലെവിടെ കണ്ടാലും ഞാനാർത്തിയോടെ വില നോക്കാതെ വാങ്ങിക്കഴിക്കുമ്പോഴൊക്കെ വേദനയോടെ ഞാനെൻ്റെ നാടിനെ,വീടിനെ ഓർത്തു..
പതിയെ ..പതിയെ വീടിൻ്റെ പണികൾ ചെയ്തു തുടങ്ങി.. തറയൊക്കെ സിമൻ്റിട്ടു. സിമൻ്റിട്ട തറയും .. അടുക്കളയിലെ പാതകത്തിൻ മേലൊട്ടിച്ച ടൈലും .. ചെറിയ ബ്ലാക്ക് ആൻ്റ് വൈറ്റ് ടി.വി യും ഞങ്ങൾക്ക് ഏറ്റവും ആഡംബരമായിരുന്ന കാലം ..
കാലം ഓരോരുത്തരുടെ ജീവിതത്തിലും ചെറുതും വലുതുമായ മാറ്റങ്ങൾ വരുത്തി. ആൻഡമാനിൽ നിന്നും ഷാജൂക്കായും കലിമായും മകൾ ചിന്നുവുമായി  ഇടയ്ക്ക്  നാട്ടിൽ വന്നു പോയി.. നെജീത്തായും സലാമിക്കായും മക്കളുമായി ഇടവേളകളിൽ എത്തിച്ചേർന്നു.. എല്ലാവരും വരുമ്പോൾ വീണ്ടും ഒന്നിച്ചു കൂടുകയും ഉമ്മമാർ ഉണ്ടാക്കുന്ന ഭക്ഷണങ്ങൾ കഴിച്ച് മതി വരാതെ മടങ്ങുകയും ചെയ്തു..
ജാസിനെ കാണാൻ ഞങ്ങൾ കുണ്ടറ നിന്നും ട്രെയിനിൽ കയറുകയും ഭഗവതിപുരം എന്ന അതി മനോഹരമായ സ്റ്റേഷനിൽ ഇറങ്ങി പുളിയറ വരെ നടക്കുകയും ചെയ്തു.. ട്രെയിൻ യാത്ര എപ്പോഴും ആവേശത്തിൽ തുടങ്ങി മടുപ്പോടെ അവസാനിച്ചു... പുനലൂർ കഴിഞ്ഞാൽ പിന്നെ വലിഞ്ഞിഴഞ്ഞായിരുന്നു ട്രെയിൻ നീങ്ങിയിരുന്നത്. മടുപ്പിൻ്റെ കാരണവും അതു തന്നെയായിരുന്നു.. തിരികെ പോരാൻ ട്രെയിൻ കാത്ത് ഭഗവതിപുരം റെയിൽവേ സ്റ്റേഷനിൽ മലയിറങ്ങി വരുന്ന തമിഴ്നാടൻ കാറ്റേറ്റ് ഒരുപാട് കാത്തിരുന്നു..
ജാസിന് രണ്ടാമത്തെ മകൻ ജനിച്ച ശേഷം രണ്ടു വർഷത്തോളം മൂത്ത മകൻ അപ്പു കുണ്ടറ നിന്ന് വളർന്നെങ്കിലും പിന്നീട് അവൾ അവനെ തമിഴ് നാട്ടിലേക്ക് കൊണ്ടു പോയി.. ചെങ്കോട്ടയിലെ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ചേർത്ത് പഠിപ്പിക്കാൻ തുടങ്ങി.. ഇളയവൻ .. പപ്പു എന്നു വിളിപ്പേരുള്ള  അമീറലി പുളിയറയിലെ തമിഴ് മീഡിയം സർക്കാർ സ്കൂളിലയിരുന്നു.. അവൻ്റെ അമ്മ.. അണ്ണനെ ഇംഗ്ലീഷ് സ്കൂളിലും അവനെ ചെത്തന പള്ളിക്കുടത്തിലും ചേർത്തതിൽ അവൻ ഇടയ്ക്കിടെ സങ്കടപ്പെട്ടു...
അപ്പുവിനും പപ്പുവിനും ഞാൻ അവരുടെ ഏറ്റവുമടുത്ത 'ചിന്ന' ആയി.. അവധിക്കാലങ്ങൾ  അവർ തമിഴ് നാട്ടിൽ നിന്നും കുണ്ടറയിലേക്ക്  വരുന്നത് എന്നോടൊപ്പം കഴിയാനായിരുന്നു.. വീട്ടിനു മുന്നിലെ വയലിൽ ആടിനെ തീറ്റിയും.. കളിച്ചും.. ഫോട്ടോ എടുത്തും.. അവരോടൊപ്പം ഒരുപാട് സന്തോഷിച്ചു.. അതൊക്കെയായിരുന്നു അന്നത്തെ എൻ്റെ സന്തോഷങ്ങൾ..അത്‌. പിന്നീട് എൻ്റെ കല്യാണം നടന്നപ്പോൾ സങ്കടപ്പെട്ട രണ്ടു പേർ അവരായിരുന്നു..
എൻ്റെ   പ്രണയമെന്നെ കടുത്ത മാനസിക സമ്മർദ്ദത്തിലേക്ക് വലിച്ചിട്ട നാളുകളായിരുന്നു അത്.. ഒരിരുപത്തഞ്ചുവയസുകാരിയെ സംബന്ധിച്ച് അപ്പോഴും അവിവാഹിതയായി തുടരുന്നത് കുറ്റപ്പെടുത്തലുകൾക്കും അനിഷ്ടങ്ങൾക്കും വഴിയൊരുക്കി.. എൻ്റെ പ്രണയത്തെ പലരും പല രീതിയിൽ വ്യാഖ്യാനിച്ചു.. ഒരിക്കലും നടക്കാത്ത ഒന്നിനു വേണ്ടി കാത്തിരിക്കുന്ന നിഷേധിയും അഹങ്കാരിയുമായി ഞാൻ മാറി.. അവൻ്റെ സമ്പാദ്യമെല്ലാം ഞാൻ തട്ടിയെടുക്കുന്നു എന്നു വരെ ആരോപണങ്ങൾ ഉന്നയിച്ചവരോട് ഉമ്മ കലഹിച്ചു...
കണ്ണീരിൻ്റെ നനവുകൾക്ക്  നടുവിലേക്ക് ഒരു നാൾ ഇടുക്കി ജില്ലയിൽ ഞാനെഴുതിയ മലയാളം എച്ച്.എസ്.എ യുടെ അഡ്വൈസ് മെമ്മോയുമായി പോസ്റ്റുമാൻ കയറി വന്നപ്പോൾ അവിശ്വസനീതയുടെ പല പല നിമിഷങ്ങളിലൊന്നായി അത്...
പിന്നീട് തമ്മിലയച്ച കത്തുകളിലെല്ലാം .. ഇടുക്കിയിലെ ജോലിയും അവിടെ ഒന്നിച്ചു താമസിക്കുന്നതുമായ ഹരിത സ്വപ്നങ്ങൾ നിറഞ്ഞു...
കാത്തിരിപ്പുകൾക്കൊടുവിൽ അവൻ ഗൾഫിൽ നിന്ന് എത്തിയപ്പോഴേക്കും ബന്ധുക്കളെയെല്ലാം നഷ്ടപ്പെട്ടവരായി മാറിയിരുന്നു ഞാനുമെൻ്റെ വീട്ടുകാരും...
രണ്ടു വർഷങ്ങൾക്കു ശേഷം തമ്മിൽ കണ്ട നിമിഷം സ്നേഹത്തോടെ. .അലിവോടെ അവനെന്നെ ചേർത്തു പിടിച്ചു...2000 മേയ് മാസത്തിലെ ഒരു വ്യാഴാഴ്ചയായിരുന്നു അത്.. നാളുകൾക്കു ശേഷമായിരുന്നു കണ്ടതെങ്കിലും അധികസമയമിരിക്കാതെ അവൻ കൂട്ടുകാരനൊപ്പം വേഗം മടങ്ങുകയായിരുന്നു.. പിന്നീട് എല്ലാം വളരെ വേഗത്തിലായിരുന്നു.. ചടങ്ങിനു വേണ്ടി മാത്രമായി ഒരുറപ്പിക്കൽ നടത്തി .. പൊന്നും പണവുമൊന്നും അവന് വേണ്ടിയിരുന്നില്ല..
ഉമ്മാടെ ബന്ധുക്കൾ ആരും പങ്കെടുക്കാത്ത .. വലിയ കലഹങ്ങൾ നടന്ന ദിവസങ്ങൾക്കൊടുവിൽ ..ഖത്തറിൽ നിന്നും നാട്ടിലെത്തിയതിൻ്റെ പതിന്നാലാം നാൾ രാത്രി.."അങ്ങനെ എനിക്കും സ്വന്തമായൊരു ഭാര്യയുണ്ടായി... " എന്നവൻ  പൊട്ടിച്ചിരിയോടെ പറയുമ്പോൾ എല്ലാമൊരു സ്വപ്നം പോലെ.. പാതി വിഭ്രാന്തിയിൽ ഞാനവൻ്റെ അരികിലിരുന്നു... അല്ലെങ്കിലും.. എന്നും.. എക്കാലവും.. അവനെനിക്ക് സമ്മാനിച്ചത് വിഭ്രാന്തി തന്നെയായിരുന്നല്ലോ..
*******************************

ഇരുട്ട്...
സായ് പി കെ
ഇരുട്ട്
ആത്യന്തികമായി
' ഉള്ളത്  '.
കാണാത്തതോ
കാണുന്ന തോ
ഇരുട്ട്
പത്തായത്തിൽ
കരുതി വച്ച
കുമിഞ്ഞുകൂടിയ
ഇരുട്ട്
നിലവറയിൽ
ചീനഭരണിയിൽ
ഉപ്പിട്ട് അരിക്കിട്ടുറപ്പിച്ച ഇരുട്ട്
തട്ടിൻപുറത്ത്
ചിറകിട്ടടിക്കുന്ന
ഇരുട്ട്
കുളത്തിൽ മുങ്ങിപ്പോയ
ആഴത്തിലുള്ള
ഇരുട്ട്.
പൊട്ടക്കിണറ്റിലെ
ഓളം വെട്ടുന്ന
ഇരുട്ട്
ഉപ്പു ഭരണിയിലും പുളിപ്പാത്രത്തിലും
കൈയിടുന്ന
ഇരുട്ട്
അടുക്കള വാതുക്കൽ
കാത്തു നിൽക്കുന്ന
കാളുന്ന
ഇരുട്ട്.
നാലുമണിക്കേ
ഉണർന്ന്
നാമം ജപിക്കുന്ന
കണ്ണടച്ചുള്ള
ഇരുട്ട്.
വെളിച്ചാവും വരെ
കാത്തു കിടക്കുന്ന
ഇരുട്ട്....
ഇരുട്ട്....
ഇരുട്ട്.....
ഇരുട്ട് മാത്രം...
*******************************

ഒരു പഴയകാല റേഷൻ ഓർമ്മ
ശിവ ശങ്കരൻ .ബി.വി

പ്രിയ സുഹൃത്തും എഴുത്തുകാരിയുമായ ലോലിത ടീച്ചർ കഴിഞ്ഞ ദിവസം ഫേസ്ബുക്കിൽ കുറിച്ച റേഷൻ ഓർമ്മകൾ വായിച്ചപ്പോൾ അറിയാതെ ഞാനും എൻ്റെ ബാല്യകാലത്തിലേക്കൊന്നിറങ്ങിച്ചെന്നു. ടീച്ചറേ പോലെ ഞാനും ഒരു റേഷൻ അനുഭവം ഓർത്തെടുക്കുകയാണ്.

ഞാൻ ആറാം ക്ലാസിൽ പഠിക്കുന്ന കാലം. കടുത്ത ദാരിദ്ര്യ കാലം കൂടിയാണത്. അഞ്ചാം ക്ലാസുകാരനായതിൽ പിന്നെ വീട്ടിലേക്കുള്ള റേഷൻ വാങ്ങൽ എൻ്റെ ചുമതലയിലായിരുന്നു. റേഷൻ കട എൻ്റെ സ്ക്കൂൾ വഴിയിലായിരുന്നതിനാലും റേഷൻകടക്കാരൻ അച്ഛൻ്റെ അടുത്ത സുഹൃത്തായിരുന്നതിനാലുമാകാമത്.
സ്കൂളില്ലാത്ത ഒരു ദിവസം ഉച്ചക്കുശേഷം കൂട്ടുകാരുമായി കളിച്ചുകൊണ്ടിരിക്കുമ്പോഴാണ് അമ്മയെന്നെ വിളിച്ചത്. " എടാ, ഈയാഴ്ച റേഷൻ വാങ്ങിയിട്ടില്ല. ഇന്നുകൂടിയേ കിട്ടൂ. നീ വേഗം പോയി വാങ്ങി വാ ". അരിയ്ക്കും പഞ്ചസാരയ്ക്കും ഓരോ തുണിസഞ്ചിയും മണ്ണെണ്ണക്കായി ഒരു ടിന്നും വാങ്ങാനുള്ള കാശും അമ്മ തന്നു വിട്ടു.
റേഷൻകടയിലെത്തിയപ്പോൾ അത്യാവശ്യം നല്ല തിരക്ക്. ഞാൻ കുട്ടിയായതുകൊണ്ടോ റേഷൻ കട നടത്തിപ്പുകാരൻ സുകുമാരമേനോൻ അച്ഛൻ്റെ അടുത്ത സുഹൃത്തായിരുന്നതുകൊണ്ടോ ആവോ എനിക്ക് സാധനങ്ങൾ വേഗം കിട്ടി. പുഴുക്കലരി എത്രയാണ് കിട്ടിയത് എന്നോർക്കുന്നില്ല. മണ്ണെണ്ണ 4 ലിറ്ററും പഞ്ചസാര 2.700 കിലോയുമായിരുന്നു.
കടയിൽ നിന്നിറങ്ങിയപ്പോഴാണ് ചുറ്റിയത്. രണ്ട് സഞ്ചിയും ഒരു മണ്ണെണ്ണ ടിന്നും രണ്ടു കൈകളിൽ പിടിക്കുകയെന്നത് എന്നെ സംബന്ധിച്ച് അസാധ്യമായിരുന്നു. എൻ്റെ കൊച്ചു ബുദ്ധിയിൽ പല സാധ്യതകളും പരിശോധിച്ച് അവസാനം മണ്ണെണ്ണാ ടിൻ പഞ്ചസാര സഞ്ചിയിലേക്ക് ഇറക്കിവയ്ക്കാനും അരി സഞ്ചി തലയിൽ ചുമക്കാനും തീരുമാനമായി. ഒരു കിലോമീറ്ററിലധികം ദൂരമുണ്ട് വീട്ടിലേക്ക്.
പാടവരമ്പിലൂടെയും തോട്ടിൻകരയിലൂടെയും   കുണ്ടനിട വഴിയിലൂടെയുമുള്ള യാത്രക്കിടെ കൈയും കഴുത്തും വേദനിച്ചപ്പോൾ പലവട്ടം സഞ്ചികൾ കൈമാറി പിടിക്കുകയും ഇറക്കി വയ്ക്കുകയുമൊക്കെ ചെയ്തു. വഴിയിലുള്ള പൊതുകിണറിൽ നിന്ന് ദാഹിച്ചപ്പോൾ വെള്ളം കുടിക്കാനും മറന്നില്ല.
റേഷൻ സാധനങ്ങൾ വീട്ടിൽ ഭദ്രമായി ഇറക്കി വച്ച ശേഷം കൂട്ടുകാരുടെ അടുത്തേക്ക് കളിക്കാനോടി.. അധികം വൈകും മുൻപേ അമ്മയുടെ ഉച്ചത്തിലുള്ള വിളിയും ശകാരവും കേട്ടു.
വീട്ടിൽ ചെന്നപ്പോൾ അമ്മ "കുരുത്തം കെട്ടവനെ, നീ സാധനങ്ങളാകെ നശിപ്പിച്ചല്ലോ , ഇതിനി എന്തിനു പറ്റും " എന്നാക്രോശിച്ചു. അമ്മ പിന്നെയും എന്തൊക്കെയോ ചീത്ത വിളിക്കുകയും പരിഭവിക്കുകയും കരയുകയുമൊക്കെ ചെയ്തു. കൂട്ടത്തിൽ പുറത്ത് രണ്ടെണ്ണം കിട്ടുകയും ചെയ്തു. പക്ഷേ, അപ്പോഴും പ്രശ്നമെന്താണെന്ന് എനിക്ക് മനസ്സിലായില്ല ..
അമ്മ റേഷൻ സഞ്ചികളും ടിന്നും നീക്കിവച്ചപ്പോഴാണ് എനിക്ക് കാര്യം പിടി കിട്ടിയത്. റേഷൻ കടയിൽ നിന്നും ഞാൻ മണ്ണെണ്ണ ടിന്നിൻ്റെ അടപ്പ് അടച്ചത് ശരിയായിരുന്നില്ല. ആ ടിന്നാണ് ഞാൻ പഞ്ചസാര സഞ്ചിയിലേക്ക് ഇറക്കി വച്ചത് .സഞ്ചി ഇളകുകയും ഇറക്കുകയും ഒക്കെ ചെയ്തപ്പോൾ ടിന്നിലെ മണ്ണെണ്ണ പഞ്ചസാരയിലേക്ക് തുളുമ്പിയൊഴുകിയിരിക്കുന്നു. മണ്ണെണ്ണ കലർന്ന സഞ്ചി അരിസഞ്ചിയുടെ അടുത്തു വച്ചപ്പോൾ മണ്ണെണ്ണ അരിയിലേക്കും പടർന്നിരിയ്ക്കുന്നു.
ഏതായാലും അന്നേ ദിവസം രാത്രി വീട്ടിൽ ചോറുണ്ടായില്ല. പിന്നീട് കുറേ ദിവസം ശർക്കരപ്പൊടിയിട്ട കട്ടൻ ചായയുമായിരുന്നു,
മണ്ണെണ്ണ കലർന്ന പഞ്ചസാര മുഴുവൻ പാവം അമ്മയ്ക്ക് കളയേണ്ടി വന്നു. അരിയാവട്ടെ പല വട്ടം കഴുകിയും ഉണക്കിയും അമ്മ ഉപയോഗിക്കാവുന്ന രീതിയിലാക്കി ...
പാവം അമ്മയും അച്ഛനും എത്രമാത്രം അന്ന് കഷ്ടപ്പെട്ടിരിക്കും കുടുംബത്തെ മുന്നോട്ടു കൊണ്ടു പോകുന്നതിൽ..
(റേഷൻ കടകളേയും മാവേലി സ്റ്റോറുകളെയുമൊക്കെ പുച്ഛിക്കുന്ന ഇന്നത്തെ തലമുറയ്ക്കൊന്നും പഴയ ദാരിദ്ര്യ കാലത്ത് റേഷൻകടകൾ നാടിന് നൽകിയിരുന്ന സാന്ത്വനമറിയില്ലല്ലോ എന്നോർക്കുമ്പോൾ ഈയവസരത്തിൽ സങ്കടവും തോന്നുന്നു)
*******************************

തോറ്റ കുട്ടി
അബ്ജ കല്യാണി എസ്

പുഴുവായിരുന്നു ഞാൻ
പുസ്തകം കരണ്ട്
സമാധിയായ പുഴു

ചുറ്റിലും എന്നെ
കൊതിപ്പിച്ച് പൂമ്പാറ്റകൾ
സൗഹൃദത്തിന്റെ രാസ വാക്യങ്ങൾ
ബാലൻസ് ചെയ്ത
ബ്ലാക്ക് ബോർഡിൽ ഉരുമ്മി പറന്നു.

ചിത്രമായ് ശലഭങ്ങൾ
സ്വപ്ന സവാരിക്കിറങ്ങിയവരെ
ഉന്നമിട്ട് പാറുന്ന ചോക്കുതുണ്ടുകൾ
ചിത്രഗുഹകളായി ഡസ്കുകൾ
ഏറുകളിൽ തളർന്ന ഡസ്റ്ററുകൾ
വാച്ചു ചില്ല് ചുമരിൽ
തെറിപ്പിച്ച സൂര്യൻ
ചാറ്റൽ മഴ പടർന്ന്
ഒലിച്ചിറങ്ങിയ ഹൃദയച്ചുമര്
പുതുമണം നുകരാൻ അതിൽ
അരിച്ച് പടമായ പുഴു

ശലഭമാകാൻ കൊതിച്ച്
പുസ്തകച്ചുമരിൽ
സമാധിയായ പുഴുവാണ് ഞാൻ
വർണച്ചിറകു മുളയ്ക്കാത്ത
മുൻ ബെഞ്ചുകാരിയായ തോറ്റ കുട്ടി....
*******************************

അമ്മയുടെ കരുതൽ ഇങ്ങിനെയും
രമ്യ സജി

ഒന്ന്, രണ്ട്, മൂന്ന് ശബ്ദം കേട്ട് അടുക്കളയിൽ ചെന്ന ഞാൻ അത്ഭുതപ്പെട്ടു. അമ്മ എണ്ണി പപ്പടം കാച്ചുകയാണ്,അതും നടുമുറിച്ച് .... പണ്ട് വലിയ പാത്രം പപ്പടം കാച്ചി മേശപ്പുറത്ത് വെക്കുന്ന അമ്മയോട് പലപ്പോഴും എന്തിനാ ഇത്രേം കാച്ചണതെന്ന് ഞാൻ ചോദിച്ചിട്ടുണ്ട്. അന്നാെക്കെ അമ്മ പറയാറ്  "ഇതിവിടെ ചെലവാവണത് അറീല കുട്ട്യേന്നാ..."ശരിയാണ് എല്ലാരും പപ്പടക്കൊതിയന്മാരാണ്. അങ്ങോട്ടും ഇങ്ങോട്ടും നടക്കുമ്പോൾ വെറുതേ പപ്പടം തിന്നുന്നത് ഒരു ഹോബിയാക്കിയവരാണ് എല്ലാരും .എൻ്റെ പുത്രനോ സ്കൂളിലേക്കു പോലും വേണം പപ്പടം...എനിക്കതിശയമായി...
തീർന്നില്ലാട്ടോ എന്ത് പച്ചക്കറിയായാലും അരക്കിലോയെങ്കിലും പരിപ്പിട്ട് കൊഴുപ്പിക്കുന്ന അമ്മ അത് കാൽ കിലോയാക്കി കുറച്ചു. ഏറ്റവും രസമതല്ല, മക്കൾക്കും കൊച്ചു പുത്രനും വേണ്ടി പ്രത്യേകം പ്രത്യേകം കറികളും ഉപ്പേരി വരെ രണ്ടും മൂന്നും വച്ചിരുന്ന അമ്മ ഇപ്പോ ഉള്ള പച്ചക്കറി കൊണ്ട് വിരുന്നൊരുക്കാൻ പഠിച്ചു. എന്നെ ഏറ്റവും അമ്പരപ്പിച്ച കാര്യം എന്താണെന്നോ രാത്രിയിലേക്ക് അൽപ്പം കറി കുറവാണെങ്കിൽ പോലും വേറെ കറി തയ്യാറാക്കിയിരുന്ന അമ്മ ഇപ്പോ കറി കുറവാണേൽ ഇത്തിരി വെള്ളവും ഉപ്പും ചേർത്തങ്ങ് തിളപ്പിക്കും. കോറോണ വരുത്തിയ മാറ്റങ്ങളേ!!!!!!                                   പുറത്തിറങ്ങാൻ കഴിയാത്ത അച്ഛൻ....    വീട്ടുമുറ്റത്തു ആവശ്യമായ പച്ചക്കറിയും മീനുമെല്ലാം എത്തുമെങ്കിലും ഒളരി സെൻ്ററിൽ പോയേ അച്ഛന് സമാധാനമാകൂ. അതും ഒറ്റ പോക്കിലൊതുങ്ങില്ല ദിവസവും മൂന്ന് പ്രാവശ്യമെങ്കിലും പീടിക കയറിയിറങ്ങിയാലേ മൂപ്പർക്ക് ഉറക്കം വരൂ.വയോജനങ്ങൾ പുറത്തിറങ്ങിപ്പോകരുതെന്ന കാർക്കശ്യം അച്ഛൻ്റെ ഈ നടത്തത്തിനു 'ലോക്കി'ട്ടു .ഇപ്പോ മൂപ്പരുടെ കടയിലേക്കുള്ള നടത്തം വീടിൻ്റെ ടെറസ്സിലേക്ക് മാറ്റി.  ലോക്കിലായ  ഡോറേ പുത്രൻ. എന്ത് പറഞ്ഞാലും അപ്പോ അതുണ്ടാക്കി മേശപ്പുറത്ത് എത്തിക്കുന്ന അച്ഛമ്മ വഷളാക്കിയ ചെക്കൻ ഇപ്പോ വയറും തടവിയിരിപ്പാണ്. ബജിയും ന്യൂഡിൽസും പനീർ കറിയും ബർഗറും കിട്ടാത്ത ഇഷ്ടന് പപ്പടം പോലും എണ്ണം കുറവാണെന്നാണ് പരാതി. പുറത്തിറങ്ങിയുള്ള കളിക്കും ലോക്ക് വീണതോടെ കാര്യം തഥൈവ. എല്ലാരും വീട്ടിലുള്ളോണ്ട് കാർട്ടൂൺ ചാനലിനും വീണു എട്ടിൻ്റെ പൂട്ട്. എന്നെ പതിനൊന്ന് മണിയായിട്ട് വിളിച്ചാൽ മതി അമ്മേ എന്നും പറഞ്ഞാണ് ഇപ്പോ ഡോറേ മോൻ്റെ കിടത്തം..പ്ലിങ്ങിയ ഞാൻ....
ആദ്യ ഗർഭകാലം ഹോസ്റ്റലിലെ നീട്ടിയൊഴിച്ച സാമ്പാറിലും അളന്ന് തിട്ടപ്പെടുത്തിയ പലഹാരങ്ങളിലും കുരുതി കൊടുത്ത ഞാൻ ഇത്തവണ സുദീർഘമായ ആസൂത്രണങ്ങൾ തന്നെ നടത്തിയിരുന്നു. വേക്കേഷനും ഗർഭകാലവും.ഹായ്... പക്ഷേ എല്ലാം തോയത്തിൽ വരച്ച നേർരേഖ പോലെയായി. കൊതിയൊന്നുമില്ലേലും ഏട്ടനെ സ്വാമീസിലെ മസാലദോശക്കും തൈര് സാധത്തിനും അബാദിലെ ബിരിയാണിക്കും റാന്തലിലെ പനീർ ബട്ടർ മസാലക്കും ഓടിക്കാമെന്ന് കരുതിയ ഞാൻ ഇപ്പോ മട്ടയരിച്ചോറും പച്ചക്കറി കൂട്ടാനും  ചക്കയും തിന്ന്  നിർവൃതിയടയുന്നു. വീട്ടിലേക്കു പോലും പോകാൻ പറ്റാതെ പാമ്പും കോണിയും കളിച്ച് ചുമ്മാ ഇരിക്കുന്നു.   ശരിക്കും ലോക്കായ കെട്ട്യോൻ.   ഭക്ഷണ കാര്യത്തിൽ നിർബന്ധമുള്ള ഒട്ടുമിക്ക സാധനങ്ങളും കഴിക്കാത്ത എൻ്റെ പ്രിയ 'ഭർത്തു' ആണ് ഈ കൊറോണക്കാലത്തെ താരം. ചക്കയെന്നു കേട്ടാൽ വാളെടുക്കുന്ന ചേട്ടൻ ചക്ക എലശ്ശേരിയും ഉപ്പേരിയും ചക്ക വറുത്തതും തിന്നുന്നത് കണ്ട്  എൻ്റെ പറന്നു പോയ കിളികൾ ഇത് വരെ കൂടണഞ്ഞിട്ടില്ല. "വിശക്കുമ്പോൾ നിങ്ങൾ നിങ്ങളല്ലാതാകും..." എന്ന പരസ്യം കേട്ടപ്പോ ഞാനത്ര വിശ്വസിച്ചില്ല. ഇപ്പോഴാണ് ബോധ്യായത്. പക്ഷേ ചക്കക്കുരു മാത്രം ഇപ്പോഴും പ്ലെയിറ്റിന് പുറത്താട്ടോ. "എടീ ഭാര്യേ,ഈ ലോക്ക്ഡൗണിൽ ശരിക്കും ലോക്കായത് ഞാനല്ലേ ഇത് തീർന്നാലും എൻ്റെ ലോക്ക് ഡൗൺ തീരാൻ ഇനിയും മാസങ്ങൾ വേണ്ടി വരും" എന്ന ഉച്ചത്തിലുള്ള അങ്ങേരുടെ വിലാപം കേട്ടില്ലെന്ന് ഞാനും നടിച്ചു.
*******************************

ലോക്ക് ഡൗൺ കാലം
ശ്രീല അനിൽ
 ഇപ്പോൾ
 ഘടികാരങ്ങൾ നിറുത്തി വച്ചിരിക്കയാണ്
 ദിവസങ്ങളുടെ പേരുകളും
  മായ്ക്കപ്പെട്ടിരിക്കുന്നു
ഒരു ദിവസം നാമെല്ലാം
ഈ വീടിന്റെ അകത്തളങ്ങളിൽ
മാത്രം ഒരുമിച്ചുണ്ടുറങ്ങി ഉണ്ടാവണമെന്ന്
തീരുമാനം വന്നു
ആദ്യം അങ്കലാപ്പ്...
 ഒപ്പം ആകാംഷ
 ഇപ്പോൾ ഈ അവസ്ഥ വല്ലാത്തൊരിഷ്ടത്തിലേയ്ക്ക്
 പരിണമിച്ചിരിക്കുന്നു
പുലർകാലത്ത് കൺമിഴിച്ചാലും
 ഉറക്കത്തെ ഗാഢമായി പുണർന്ന്
സ്വപ്നങ്ങളെ പ്രണയിച്ചങ്ങനെ
 മതിവരുവോളം  കിടക്കാം
 മനസ്സിൻ്റെ സമയം ഉണരൂവെന്ന്
 പറഞ്ഞ് മുട്ടി വിളിക്കില്ല
അടുക്കളയിൽ ഇറങ്ങാറായി തീരാറായില്ലേയെന്നൊരു
പാത്രവും  കലപില കൂട്ടില്ല
ഒരു മാർജിനിട്ട് സമയക്കണക്കിനു
കളം വരച്ചപേജു
പോലെയായിരുന്നു
മുമ്പ് ദിവസങ്ങൾ
ഇപ്പോ എല്ലാം മാറ്റി എഴുതിയിരിക്കുന്നു
തോന്നുമ്പോൾ കുളിച്ച്
വേണ്ടപ്പോൾ ഉണ്ട് ഉറങ്ങി
പ്രിയങ്ങളെ ആഞ്ഞു പുൽകി
അസ്സലായി അലസമായി ദിനങ്ങൾ
ഭൂമിയും ഇപ്പോൾ നെടുവീർപ്പിടുകയാണ്
കാലങ്ങൾക്കു ശേഷം
ശുദ്ധവായു
ശ്വസിക്കുന്നുണ്ടവൾ ...പാവം
കൂട്ടിലിരിക്കേണ്ടവൻ തന്നെയാണിപ്പോൾ
വീട്ടിലിരിക്കുന്നതെന്ന്
ജീവബിന്ദുവിനോടവൾ
അടക്കം പറയുന്നുണ്ടാവാം
ഇതങ്ങു കുറച്ചു ദിവസം
 കൂടി നീട്ടിയാലും കുഴപ്പമില്ലെന്ന്
 അവളേപ്പോലെ എനിക്കും
 തോന്നിത്തുടങ്ങിയിരിക്കുന്നു
*******************************

കൊ'റോണി'
ഷാഹിന ഇ കെ

" നീ ഇപ്പമിങ്ങോട്ട് വരണ്ടെടാ റോണിയെ "
"അതെന്ത് അമ്മച്ചി ? കൊല്ലം ആറേഴായില്ലേ ഞാൻ എല്ലാരേം ഒന്ന് കണ്ടിട്ട് "
"ഓ അതൊക്കെ അറിയാടാ റോണായെ, നെന്നെ കാണാൻ കൊതിച്ചു കൊതിച്ചു നടന്ന ഒരാളിവിടെ നെടുങ്കനെ നടക്കണ കാലത്ത് നെന്നെ എന്തോരം വിളിച്ചെടാ ഒന്ന് കാണാൻ. ഒറ്റ മോനല്ലേടാ ഏതപ്പനാ അങ്ങനൊരു കൊതീണ്ടാവാത്തത് "
"അങ്ങേര് അക്കാര്യം മിണ്ടാൻ തൊടങ്ങിയാ നിനക്ക് തെരക്ക്, കെട്ടിയോടെ ഷിഫ്റ്റ് മാറ്റം, കൊച്ചിന്റെ സ്കൂൾ പരീക്ഷ.... നിന്റെ ഫോൺ വർത്താനത്തിനെടേക്കൂടി ആ നരുന്ത് കൊച്ച് വല്യപ്പച്ചനേം വല്യമ്മച്ചിയേം കാണണംന്ന് ആർത്തപ്പോ നീയോ കെട്ടിയോളോ ആരാണ്ടോ അതിന്റെ വായ് പൊത്തിയത്, ഞങ്ങളന്ന് കേട്ടാരുന്നു. ഇപ്പൊ വയസ്സെത്രയാ അതിന്? പന്ത്രണ്ട്, അന്ന് അഞ്ച് "
" ഇനി അവനെ വിളിക്കണ്ടടി ത്രേസ്യേന്ന് കണ്ണും നെറച്ച് ആ വിളി കഴിഞ്ഞ് അപ്പച്ചനങ്ങ് കെടന്നതാ ആ ഒറക്കത്തില് അങ്ങേരങ്ങ് പോയി...."
"അല്ലമ്മച്ചി....പഴേ കാര്യങ്ങളൊക്കെ എന്തിനാ കുത്തിപ്പൊക്കുന്നേ? അപ്പച്ചൻ പോയേല് എന്തോരം വെഷമിച്ചിട്ടുണ്ടെന്നറിയോ ഞാൻ ? സംശയമുണ്ടേൽ റെനിയോട് ചോദിച്ചു നോക്കമ്മച്ചി... ആ വീഡിയോ പ്ലേ ചെയ്ത് ചെയ്ത് അപ്പച്ചന്റെ കണ്ണ് ചിമ്മിയ കിടപ്പും നോക്കി ഫുഡ് മര്യാദക്ക് കഴിക്കാതെ എത്ര ദിവസാ ഞാൻ ഡിപ്രെസ്ഡ് ആയേന്ന് .... അതൊക്കെ പഴയ കാര്യല്ലേ അമ്മച്ചി .... കഴിഞ്ഞു പോയില്ലേ... എനിക്കും റെനിക്കും കൊച്ചിനും കുറെ ദിവസം അമ്മച്ചീടെ കൂടെ നിക്കണം. ബന്ധുക്കളേം നാട്ടുകാരേം ഒക്കെ കണ്ടിട്ട് കാലം എത്രയായിന്നാ ..നമ്മടെ കൊച്ചിന് നാടും നാട്ടാരേം ബന്ധുക്കളേം അറിയണ്ടേ അമ്മച്ചി... നമ്മുടെ മീൻകറീം കപ്പേം ചമ്മന്തീം തിന്ന് അമ്മച്ചി പറയണ പോലെ ജീവിതത്തിന്റെ എരും പുളീം പഠിക്കണ്ടേ ?"
"ഓ... എടാ റോണീ ഇപ്പൊ വന്നാ നാട് കാണാനൊന്നും പറ്റത്തില്ലെടാ... നാടിന്റെ പകുതി രണ്ടു പ്രളയം കൊണ്ടോയി.... ഇപ്രാവശ്യം വീടപ്പാടെ വെള്ളത്തിൽ മുങ്ങിയത് നീയറിഞ്ഞാരുന്നോ ? ഇക്കുറി കപ്പേം തണ്ടും സകലതും ആ ആർത്തിപ്പന്നികള് കുത്തി മലത്തി. നാടും വീടും കാണാനൊക്കെ ഒക്കെ തെളിയുമ്പോ വാ..."
"അല്ലമ്മച്ചി അത്രയ്ക്ക് അമ്മച്ചിയെ കാണാൻ തോന്നീട്ടാ. "
"ആ തോന്നല് ഇപ്പ വേണ്ടെടാ കൊച്ചാ,അമ്മച്ചീണ്ടല്ലോ പഴേ പോലെ തൊടീന്ന് കേറാതെ നടപ്പൊന്നും അല്ലെടാ നല്ലോണം പത്രം വായിക്കും. ടി വി കാണും.സീരിയല് അല്ലാട്ടാ. ആ മാരണത്തിനെ അടുപ്പിച്ചിട്ടില്ല. ലോക കാര്യങ്ങൾ, വാർത്തകൾ തിരിച്ചും മറിച്ചും കാണും. ഈ കാലത്ത് മനുഷ്യനായാ ഒരിത്തിരി രാഷ്ട്രീയമില്ലാതെ എങ്ങനാടാ... എല്ലാരും പൊളിറ്റിക്കലാ..."
"അമ്മച്ചീ......"
"എന്താടാ റോണിയെ ?"
"അമ്മച്ചി, സത്യം പറഞ്ഞേക്കാം.. ഇവിടെ ഈ കൊറോണ കുറെ റിപ്പോർട്ട് ചെയ്യുന്നുണ്ടമ്മച്ചി.അപ്പൊ അവിടെ വന്നാ സേഫ് ആകാലോ എന്ന് കരുതീട്ടാ.."
"ആ.... അങ്ങനെ പറയെടാ റോണിയേ... കാര്യമൊക്കെ എനിക്ക് മനസ്സിലായെടാ... പണ്ടേ നിനക്ക് കള്ളം പറയാൻ മിടുക്ക് പോരാ.... എന്നാലോ വായ് തൊറന്നാ അതേ പറയത്തുള്ളൂ.. എടാ ആ കൊറോണ ദീനം വയസ്സായോർക്കല്ലേ കൂടുതൽ പ്രശ്നം ... അമ്മച്ചിക്ക് ഈ വയസ്സാം കാലത്ത് മുറിയടച്ചിരിക്കാനൊന്നും മേലെടാ... ഇവിടേം കൊറോണ പ്രശ്നം തന്നെടാ റോണി,അതിലൊന്നും കുടുങ്ങാതെ അമ്മച്ചി നോക്കുന്നുണ്ട്. ബാക്കി കർത്താവിന്റെ കയ്യിലല്ലെടാ ..ഞാനിവിടെ ഒറ്റയ്ക്കാ... അല്ലെങ്കിലേ അങ്ങേരു പോയേപ്പിന്നെ കൊല്ലം കൊറേയായി ഒരു തരം ക്വാറന്റീനിൽ ഇരിപ്പല്ലേ...ഇനി അതിലും വലുത് വേണ്ടെടാ... നിങ്ങളിപ്പ ഇവിടെ വന്നാ ശരിയാവത്തില്ല. കൊച്ച് ഫോൺ വയ്ക്ക്.. പ്രാർത്ഥനേടെ നേരായില്ലേ ?!"
*******************************

വിവാഹിതരുടെ  പ്രണയം.
സുരേഷ് കുമാർ ജി

പ്രണയം, ആറിത്തണുക്കുന്ന ചായയിൽ
മുകളിലൂറിക്കഴിഞ്ഞൊരു പാടയിൽ
ഉടൽ കുരുങ്ങിക്കിടക്കുന്ന പ്രാണിയൊ -
ന്നൊടുവിൽ ചിറകടിക്കുന്ന മാതിരി -

പ്രണയമേതോ സെമിത്തേരിതൻമതിൽ
ക്കെട്ടിൽ നിന്നു പുറത്തേക്കു നോക്കുന്നൊ
രരിയ കാട്ടുചെടിയുടെ പൂവിലെ
ഘന വിഷാദം തുളുമ്പുന്ന മാതിരി

പ്രണയമെന്നാൽ, മരിച്ചു പോകുന്നൊരാൾ
ചിതയിലേക്കു തിരിഞ്ഞു നോക്കുന്ന പോൽ...
പഴകി ജീർണ്ണിക്കുമസ്ഥിമാടങ്ങളിൽ
മൺചെരാതു കൊളുത്തിവെയ്ക്കുന്നപോൽ...

ദിശ മറന്നലയുന്ന പായ് തോണികൾ
അകലെ, താരകം കണ്ടെത്തിടുന്ന പോൽ
ഒടുവിലെ യാനപാത്രവും പൊയ്പ്പോയൊ -
രൊരു തുരുത്തിന്റെയേകാന്തതയിലേ
യ്ക്കെവിടെയോ നിന്നു വീഴുന്ന പിൻനിലാ-
വിരുളിനെപ്പൊന്നണിയിച്ചിടുന്ന പോൽ....

എവിടെയോ അങ്ങതീത ലോകത്തു നി-
ന്നിവിടെയാരോ മറന്നുവെച്ചെന്ന പോൽ
അതിവിലോലമായ്, അത്ര വിശുദ്ധമായ്...

പ്രണയമേ നീയൊളിക്കുക സൗഹൃദ
മുഖപടങ്ങളിൽ, കണ്ടെത്തിടും വരെ
അരുമയാമൊരു പൂച്ച ,നഖങ്ങളെ
വെളിയിലേക്കു വരാതൊളിപ്പിച്ചപോൽ.....!
*******************************

ഇതല്ല ഞാൻ
ഡോ.കെ.ബാബുരാജൻ

ഈ ചാരുകസേരയിൽ
സ്മാർട്ട് ഫോണിൽ
വിരലമർത്തി
ഫേസ് ബുക്കും
വാട്സാപ്പും പരതുന്ന
കൺമുന്നിലെ
നൊമ്പരമറിയാത്ത
യാഥാർത്ഥ്യം
കാണാത്ത
നാണവും
ഉളുപ്പുമില്ലാത്ത
ആളായിരുന്നില്ല
ഞാനിന്നലെ വരെ
വെയിലും മഴയും കൊണ്ട്
പാടത്ത് പണിയെടുത്ത
നാട്ടുകാരോടതുമിതും പറഞ്ഞ്
ഒഴുകിപ്പരന്നു നീങ്ങിയ
ഞാനിതായിരുന്നില്ല പണ്ട്
അന്യന്റെ സംസാരമെനിക്കിന്ന്
അസഹ്യമാണ്
സംഗീതമല്ല....
സൈബർ പ്രവാഹത്തിലിപ്പോൾ
ആരോടുമില്ലെനിക്കൊട്ടും
മമതയും കടപ്പാടും നന്ദിയും
സദാ വിരൽ കൊണ്ട്
നീക്കി നീക്കി ഞാനെന്റെ
വർത്തമാന കാലത്തെ
തനിക്കാക്കി,വെടക്കാക്കി
അയൽപക്കത്തില്ല
ചങ്ങാതിക്കൂട്ടം
ആത്മമിത്രം...
ഫേസ്ബുക്കിലും
വാട്സാപ്പിലുമാണെല്ലാവരും
അവരുടെ ലൈക്കും
കമന്റും ഷെയറും
നോക്കി നോക്കി
കണ്ണു കഴച്ചു.
ബാറ്ററി ചാർജ്
കുറയുമ്പോൾ
ബാലൻസ് തുക
തീരുമ്പോൾ
പരിധിക്കു പുറത്തായി
പോകുമ്പോൾ
നെറ്റ് കട്ടായി
കിട്ടാതാവുമ്പോൾ
എനിക്കെരിപൊരി സഞ്ചാരം..
ശ്വാസതടസ്സം
ഹൃദയസ്തംഭനം..
ഇതല്ല ഞാൻ
ഇതായിരുന്നില്ല ഞാൻ......
*******************************

Comments