14-03-2020

ഇന്നത്തെ നവ സാഹിതിയിലേക്ക് എല്ലാ സഹൃദയർക്കും ഹൃദ്യമായ സ്വാഗതം..🙏🌹🌹🙏

നേരങ്ങനെയാണ്
അനഘ രാജ്

ഇന്നലെയാണവര്‍
അശരീരികള്‍ക്കിടയില്‍നിന്നും
ഞാനെന്ന രൂപത്തെ
കണ്ടെടുത്തത്.
ഒട്ടും വൈകിയില്ല ,
വിചാരണകളൊന്നുമില്ലാതെ
വിരലുകള്‍ മുറിച്ചു കളഞ്ഞ്
കൈപ്പത്തികള്‍ ചേര്‍ത്തുവെച്ച്
നീളനിരുമ്പാണികള്‍ തറച്ചു,.
നിലയ്ക്കാതെ ചിലച്ച നാവിനെ
അറുത്തുമാറ്റിദൂരെയെറിഞ്ഞു.,
നോവുകണ്ടുമിഴിച്ചമിഴികളെ
നീണ്ടവിരലുകള്‍കൊണ്ടു ചൂഴ്ന്നെടുത്തു.,
സങ്കടപ്പാട്ടുകേട്ടുകരഞ്ഞ കാതുകളെ
ഈയത്തുള്ളികളിറ്റിച്ചു കൊട്ടിയടച്ചു.,
ഉപേക്ഷിച്ചുപോയ
അര്‍ദ്ധജഡത്തില്‍നിന്ന്
വറ്റാതിറ്റിയ അലിവിന്‍റെ തുള്ളികളാല്‍
ഇരുമ്പാണികള്‍ കാലാന്തരത്തില്‍
എപ്പോഴോ ദ്രവിച്ചറ്റുപോയി,
ശേഷിച്ചവിരലുകള്‍പിന്നെയും
അപ്രിയസത്യങ്ങള്‍കുറിച്ചുതുടങ്ങി
മുറിഞ്ഞ നാവുകള്‍
വീണ്ടുംചിലച്ചു തുടങ്ങി,
അകക്കണ്ണുകള്‍
പലതും കണ്ടുതുടങ്ങി
ഉള്‍ക്കാതുകള്‍
ചിലതെല്ലാം കേട്ടുതുടങ്ങി
അവസാനമവരെന്നെ
ഗന്ധകച്ചൂളയില്‍വെച്ച്
ചിതറിച്ചുകളഞ്ഞു.,
നൂറായ്തെറിച്ചവയെല്ലാം
വീണ്ടും വീണ്ടും കണ്ടു തുടങ്ങി ,
പിന്നെയും പിന്നെയും കേട്ടുതുടങ്ങി ,
പലതും കുറയാതെ പറഞ്ഞുതുടങ്ങി,
ചിലതു മടിക്കാതെ കുറിച്ചുതുടങ്ങി,
കലിതീരാതെയവര്‍
ശേഷിച്ചതിനെയെല്ലാമെനിക്കൊപ്പം
കരിച്ചുകടലില്‍കലക്കി,
കടലുപടര്‍ന്ന ദേശങ്ങളിലെല്ലാം
കരിയുടെ വിത്തുവീണു
മുളച്ചുതുടങ്ങി,.
പമ്പരവിഡ്ഢികള്‍
അവരറിഞ്ഞില്ല
നേരങ്ങനെയാണെന്ന്.

മറിയക്കുട്ടി എന്ന മൊഞ്ചത്തി...
ശ്രീലാ അനിൽ

         1989 ആഗസ്റ്റ് 15 ന് ഭാരതാംബ തന്റെ നാല്പത്തിമൂന്നാം സ്വാതന്ത്ര്യ ദിനമാഘോഷിച്ച ദിവസം .എന്റെ ജീവിതത്തിലെ  ഒരു സന്തോഷ സ്വാതന്ത്ര്യത്തിലേയ്ക്കുള്ള ചുവടുവയ്പ്പായിരുന്നു അന്ന്. പാമ്പാടി എന്ന എന്റെ കൊച്ചുഗ്രാമത്തിൽ നിന്നൊരു പറിച്ചു നടൽ. തിരൂരിലെ (മലപ്പുറം ജില്ല ) വെട്ടത്തേക്ക്.
       വെട്ടം എന്ന ഗ്രാമത്തിന്റെ അക്ഷരവെളിച്ചമായ ഒരു വിദ്യാലയമുണ്ടായിരുന്നു.എ.എം.യു.പി സ്കൂൾ വെട്ടം .അവിടെ കുരുന്നുകൾക്ക് കൂട്ടാകാൻ  അധ്യാപിക ആയായിരുന്നു ആ യാത്ര. വെറും പത്തൊൻപതിന്റെ  അപക്വതയിൽ ആശങ്കകളേറെ ..... ഞാനും അച്ഛനുമൊരുമിച്ചാണ് 15-ാം തീയതി യാത്രയായത്.പുതിയ ജോലി കിട്ടുമ്പോഴുള്ള ആഹ്ലാദം പറഞ്ഞറിയിക്കവയ്യ. അമ്മ നാല് പുതിയ സാരി ഒരുമിച്ച് വാങ്ങിത്തന്നു. കോട്ടൺ സാരിയോട് അന്നുമിന്നും വല്ലാത്തൊരു ഭ്രമമുണ്ട്. നാല് സാരി ഒരുമിച്ച് കിട്ടിയപ്പോൾ മനസ്സ് സന്തോഷം കൊണ്ട് തുള്ളിച്ചാടി എന്റെ ചേച്ചിയും ആ സ്കൂളിലെ അധ്യാപിക ആയിരുന്നു. അച്ഛന്റെ ഒരു സുഹൃത്ത് വഴിയാണ് ജോലി കിട്ടിയത്. ചേച്ചിക്ക് 2 വർഷം മുമ്പേ അതേ സ്കൂളിൽ ജോലി കിട്ടിയിരുന്നു. അവളവിടെ ഉണ്ട് എന്നത് വല്ലാത്തൊരാശ്വാസമായിരുന്നു.
           ഞാനും അച്ഛനും പരശുറാമിനായിരുന്നു പോയത്. ആദ്യത്തെ ട്രയിൻ യാത്രയുടെ കൗതുകങ്ങൾ മുഴുവൻ അറിഞ്ഞൊരു യാത്ര .അത്രയൊന്നും തിരക്കില്ല. ഇരിക്കാൻ സീറ്റുകിട്ടി. അറിയാത്ത ഗ്രാമങ്ങളിലെ പച്ചപ്പിലൂടെയെല്ലാം ട്രെയിൻ കടന്നു പോയി. വായിച്ചറിഞ്ഞ് അറിയാതെ പ്രണയിച്ച നിളയെ അന്നാദ്യമായി കണ്ടു. സച്ചിദാനന്ദന്റെ 'ഇവനെക്കൂടി ' മനസ്സിൽ ഈണമായി. നിറഞ്ഞൊഴുകുന്ന, പതഞ്ഞൊഴുകുന്ന ,കരകവിയുന്ന നിള മനസ്സു നിറയ്ക്കുന്ന കാഴ്ചയായിരുന്നു .കാണാനാഗ്രഹിച്ച പല സ്ഥലങ്ങളേയും തൊട്ട് ട്രയിൻ കടന്നു പോയി. നിളയെ ആദ്യമായി കണ്ടപ്പോൾ പുളിനങ്ങളിലിറങ്ങാനും, വെള്ളത്തിലിറങ്ങാനും മനസ്സ് കൊതിച്ചു. നിളയിലെ ജലകണങ്ങൾ ആത്മാവിലൊളിപ്പിച്ച കാറ്റിന്റെ തലോടലിൽ ആ മോഹങ്ങളൊക്കെ പൂവിടുന്നതായി ഞാനറിഞ്ഞു.
                തിരൂർ റയിൽവേ സ്‌റ്റേഷനെത്തി. മടുപ്പിക്കുന്ന ഉണക്കമീൻ മണമാണ് സ്വാഗതം ചെയ്തത്. എന്നാലും മടുത്തില്ല. ആലിശ്ശേരി എന്ന ചെറിയ ദേശത്തേക്ക് ബസ്സിൽ. ബസ്സിറങ്ങി നടന്ന് ബാലകൃഷ്ണൻ മാഷിന്റെ വീട്ടിലെത്തി .വെട്ടത്തിന്റെ  വെളിച്ചമായിരുന്നു ബാലകൃഷ്ണൻ മാഷ്. ഞാൻ ചേരാൻ പോകുന്ന സ്കൂളിലെ മുതിർന്ന അധ്യാപകൻ.ഒരു ചെറിയ മനുഷ്യന് മറ്റുള്ളവരുടെ മനസ്സിൽ എത്ര വലുതാവാൻ കഴിയുമെന്നുള്ളതിന് ഉദാഹരണമായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ നിറഞ്ഞ ' ചിരിയിലേക്ക്.. 'കുട്ട്യേ ....' എന്ന വിളിയിലേയ്ക്ക്, ....ശ്രീമതി ടീച്ചറുടെ സ്നേഹത്തിലേയ്ക്ക് ആ കുടുംബത്തിന്റെ കൂട്ടിലേയ്ക്കാണ് ആദ്യ ദിനം വന്നെത്തിയത്. അന്ന് ആ സൗഹൃദത്തിന്റെ അതിഥികളായി.
               പിറ്റേന്ന് 1989ആഗസ്റ്റ് 16. ആദ്യമായി സ്കൂളിലെത്തി. രജിസ്റ്ററിൽ ഒപ്പിട്ടു. ജോയിൻ ചെയതു.H M സുഭദ്ര ടീച്ചറാണ് ജോയിൻ ചെയ്യിച്ചത്.
        സ്കൂളിന്റെ ഭൗതികാവസ്ഥ അദ്ഭുതമായിരുന്നു. ക്ലാസ് മുറിക്കകം പൂഴിമണ്ണ് നിറഞ്ഞിരുന്നു. എനിക്ക് ഒന്നാം ക്ലാസാണു തന്നത്. ഞാനും കുട്ടികളും ഒരുപോലെ എന്നാണെനിക്കു തോന്നിയത് കുട്ടികൾക്ക് എന്നേക്കാൾ രണ്ടര മാസത്തെ പരിചയക്കൂടുതൽ  ഉണ്ട് എന്ന് മാത്രം .
കടലിന്റെ നേർത്തഇരമ്പം കേൾക്കുന്ന സ്ഥലം. ഇവിടെ നിന്റെ തൊട്ടടുത്ത് ഞാനുണ്ട് എന്ന ഓർമ്മപ്പെടുത്തലിൽ കടലുപ്പിന്റെ രുചി നിറഞ്ഞിരുന്നു. കണ്ട് കണ്ട് കൊതിതീരാത്ത കടൽ തൊട്ടടുത്ത് എന്ന ചിന്ത തന്നെ ഒരുത്സാഹമായിരുന്നു.
                  ആദ്യ ദിനം തന്നെ പത്തൻപതു കുട്ടികളുടെ ബഹളങ്ങളിലേയ്ക്ക്, നിഷ്കളങ്കതയിലേക്ക് വീഴുകയായിരുന്നു ഞാൻ.പതുക്കെ ആ കുഞ്ഞുങ്ങളും ആ സാഹചര്യങ്ങളും ഇഷ്ടത്തോടെ എന്നിൽ നിറഞ്ഞു തുടങ്ങി. അടുത്ത വർഷം ഞാനും കുട്ടികളും രണ്ടാം ക്ലാസിലേയ്ക്ക് ജയിച്ചു .
             ഇനിയാണ് കഥ .എന്റെ ക്ലാസിൽ ഒരു മറിയംബീവിയുണ്ട്'.വെളുത്ത് നുണക്കുഴി കവിളുള്ള ഒരു മൊഞ്ചത്തിയാണവൾ . അക്ഷരങ്ങളും പഠനവും എഴുത്തുമൊക്കെ അലർജിയാണവൾക്ക്. മടിയോട് മടിക്കാരി. വടിയും അടിയും ഇല്ലാതെ പഠിച്ച പണി പതിനെട്ടും നോക്കിയാണ് കുഞ്ഞുങ്ങളെ പഠിപ്പിച്ചെടുക്കുന്നത്. മറിയക്കുട്ടിക്കാണെങ്കിൽ പഠനം പോലെ തന്നെ കുളിയും നനയും കൂടി അലർജിയാണ് . വേഷവും തട്ടവുമൊക്കെ ചെളിയും അഴുക്കും മീൻ മണവും ഉണ്ടാവുമെപ്പോഴും.കുട്ടികളുടെ എണ്ണം കൂടിയ വലിയ കുംടുംബത്തിലെ ധാരാളം കുട്ടികളിൽ അത്രയൊന്നും ശ്രദ്ധിക്കപ്പടാത്ത ഒരു പെൺകുട്ടിയാണവൾ . അച്ഛൻ മീൻ മാർക്കറ്റിൽ പണിയാണ്. ഒരു ദിവസം മറിയക്കുട്ടിയോട് അടുത്തു നിർത്തി എഴുതിക്കുന്നതിനിടയിൽ രാവിലെ കുളിച്ച് അലക്കിയ വസ്ത്രങ്ങൾ ഇട്ടു വരണം എന്നൊന്നു പറഞ്ഞു പോയി.
                പിറ്റേന്ന് കാലത്ത് മറിയക്കുട്ടിയുടെ അടുത്തു താമസിക്കുന്ന ഗീത ടീച്ചർ എന്നോട് വന്നു പറഞ്ഞു ,മറിയക്കുട്ടിയുടെ അച്ഛൻ ഇന്ന് സ്കൂളിൽ വരും .അവളുടെ  ടീച്ചർ അവളെ മത്തി മണക്കുന്നു എന്ന് പറഞ്ഞ് കളിയാക്കിയത്രേ. ശ്രീലേ അയാൾ ഒരു ബോധവുമില്ലാത്ത ആളാണ് സൂക്ഷിച്ചോണേന്ന്. ദൈവമേ ഞാൻ ശരിക്കും പേടിച്ചു. നേരേ ഓടി  സുഭദ്ര ടീച്ചറുടെ അടുത്തേക്ക് .ഞാൻ പേടിച്ച് കാര്യം പറഞ്ഞു. ജീവിതത്തിൽ ആദ്യത്തെ സംഭവം .ടീച്ചറെനിക്ക് നല്ല ധൈര്യം തന്നു. "കുട്ടി "... ടീച്ചർ അങ്ങനെയാണ് എന്നെ വിളിക്കുന്നത്.ആ കുഞ്ഞിനെ നല്ല ഉദ്ദേശത്തോടെ അല്ലാതെ ശ്രീല ഒന്നും പറഞ്ഞിട്ടില്ല. പേടിക്കേണ്ട അയാൾ വരുമ്പോ എന്റെ അടുത്തേക്ക് കൊണ്ടു പോരൂ ഞാൻ സംസാരിച്ചോളാം.
               ഞാൻ ക്ലാസിലെത്തി മറിയക്കുട്ടിയേ നോക്കിയേയില്ല. ആകെ സങ്കടം എന്തൊക്കെയോ പറഞ്ഞൊപ്പിക്കുന്നു. വയലാറിന്റെ അയിഷയിലെ അദ്രുമാനെ പ്രതീക്ഷിച്ചാണിരിപ്പ്. കാത്തിരിപ്പിനൊടുവിൽ മൂന്നാം പീരിയഡിൽ അയാൾ വന്നു. വിവരമോ സംസ്കാരമോ കാഴ്ചയിൽ തോന്നില്ല. ഞാൻ ബോധം കെട്ടു വീഴുന്ന അവസ്ഥ .അയാളെ കണ്ടതും ഞാൻ എച്ച് എമ്മിന്റെ മുറിയിലേയ്ക്ക് ഒരോട്ടം കൊടുത്തു. പേടിച്ച് അമ്മയുടെ സാരിത്തുമ്പിലൊളിക്കുന്ന ഒരു കുട്ടിയെപ്പോലെ ഞാൻ ടീച്ചറുടെ പിന്നിലൊളിച്ചു. കുട്ടിയിവിടിരിക്ക് ഞാൻ വരാം എന്ന് പറഞ്ഞ് ടീച്ചർ ആ മനുഷ്യന്റെ അടുത്തേക്കു പോയി.ഉഗ്രരൂപിയായി വന്ന അയാൾ ശാന്തനായി തിരിച്ചു നടന്നു പോയി . അവരെന്താണ് സംസാരിച്ചതെന്ന് എനിക്കറിയില്ല (ഇപ്പോഴും).
               സുഭദ്ര ടീച്ചർ അയാൾ പോയ ഉടനെ എൻറടുത്തു വന്ന് "കുട്ടീ കുഞ്ഞുങ്ങൾ നന്നായി വരാൻ 'രണ്ടടി ' വേണേ കൊടുത്തോ ഒന്നും പേടിക്കേണ്ട ഞാനുണ്ട് കൂടെ " എന്ന് പറഞ്ഞതാണ് എന്റെ അധ്യാപന ജീവിതത്തിന് കൂടുതൽ കരുത്ത് പകർന്നത്.
മുപ്പതു കൊല്ലങ്ങൾക്കിപ്പുറം സുഭദ്ര ടീച്ചർ എന്തെടുക്കുന്നുവോ അറിയില്ല. മറിയക്കുട്ടി ഇപ്പോ ഒരു മുപ്പത്തഞ്ചുകാരി സുന്ദരി ഉമ്മക്കുട്ടിയാവും എവിടായാലും അവൾ സുഖമായിരുന്നാൽ മതിയായിരുന്നു.

യാത്രയിൽ
സ്വപ്നാ റാണി

കടൽക്കാറ്റുകൾ
നൃത്തം വയ്ക്കുന്ന സന്ധ്യയിൽ
നാം സ്വപ്നങ്ങളുടെ തുഴയെറിഞ്ഞ്
യാത്ര തുടങ്ങി.
ആഴങ്ങളോ ആകാശങ്ങളോ
തേടിപ്പോകുന്നതെന്ന്
നമുക്കു തന്നെ
നിശ്ചയമില്ലായിരുന്നു.
മുത്തും പവിഴവും വിളയുന്ന
ഏതോ അദൃശ്യസാഗരം
അകലെയെവിടെയോ
കാത്തിരിപ്പുണ്ടെന്ന്
വിശ്വസിച്ച രണ്ടു പേർ ,
ഒന്നിച്ചു തുഴയുമ്പോൾ
ആകാശമൊരാമ്പൽ
പൊയ്കയായി മാറും.
മരുഭൂമിയിൽ
പൂക്കൾ വിടർന്ന്
മണം പടരും.
കാറ്റിൽ ആർദ്രമായ
ചില സ്പർശങ്ങൾ
അവർക്കായി കാത്തിരിക്കും.
അലിവിന്റെ തീരങ്ങളായി സ്വയം രൂപപ്പെടുത്തും വിധം
ഒരേ പുഴ അവർക്കിടയിൽ
ഒഴുകിക്കൊണ്ടേയിരിക്കും.
നമുക്കീ തോണിയും പങ്കായവും
ഒരിക്കലും
മനസ്സിൽ നിന്നിറക്കി വയ്ക്കാതിരിക്കുക.
അഴലുകളുടെ മഹാപർവ്വങ്ങളെ
തോറ്റിയുണർത്തി
പരസ്പരം
തേടിക്കൊണ്ടിരിക്കുക.
അവസാനിക്കേണ്ടതില്ലാത്ത
ഒരു യാത്രയുടെ
ലക്ഷ്യമില്ലായ്മയിലേക്ക്
ഘടികാര സൂചികൾ പോൽ
നിർത്താതെ ചലിക്കുക.
പരസ്പരം കൂട്ടിമുട്ടുന്ന
നിമിഷാർധങ്ങളെ
ഇറുകെപ്പുണരുക.
അങ്ങനെയങ്ങനെ
നമുക്ക് നമ്മളായ്ത്തീരാം ,
ഉണ്മയെന്ന പദത്തിന്റെ
ചിറകുകളാകാം.

പൂവിയുടെ കല്യാണം.
ഹക്കീം മൊറയൂർ

ഇന്നാലും ഇന്റെ മോനെ. അനക്ക് പൂവിന്റെ കല്യാണത്തിന് കൂടാൻ പറ്റിയില്ലല്ലോ. അന്നേ കാണാതെ കരഞ്ഞു കണ്ണ് കലങ്ങിയിട്ടാ ഓള് പോയത്.
ഉമ്മാന്റെ സങ്കടം കേട്ട് നവാസിനും കരച്ചിൽ വന്നു. മെല്ലെ ഉമ്മയെ സമാധാനിപ്പിച്ചു നവാസ് മൊബൈൽ കട്ട് ചെയ്‌തു.
നവാസ് രണ്ട് ദിവസം മുൻപാണ് വിദേശത്തു നിന്നും നാട്ടിലേക്ക് വന്നത്. നാലു വർഷം മുൻപാണ് നവാസ് ഗൾഫിലേക്ക് പോയത്.
ഉപ്പ മരിച്ചതിനു ശേഷം കോളേജിൽ പോക്കും ഇടക്കിടെ കിട്ടുന്ന ചെറിയ ചെറിയ ജോലികളും ചെയ്താണ് അവൻ കുടുംബം പോറ്റിയത്.
നവാസിന്റെ ഒരേ ഒരു പെങ്ങളാണ് സൗദ എന്ന പൂവി. ഈ ഭൂലോകത്ത് നവാസ് ഏറ്റവുമധികം ഇഷ്ടപെടുന്ന അവന്റെ പുന്നാര പെങ്ങൾ.
അവളെ അന്തസ്സായി ഒരാളെ ഏൽപ്പിക്കണം എന്ന ഒറ്റ ഉദ്ദേശത്തോടെയാണ് അവൻ ഗൾഫിലേക്ക് പറന്നത്. പ്ലസ് ടു കഴിഞ്ഞു ടിടിസിയും പഠിപ്പിച്ചു അവൾക്കുള്ള കല്യാണ ആഭരണങ്ങളും വാങ്ങി നൽകി കല്യാണം കൂടാനായി കോഴിക്കോട് വിമാനത്താവളത്തിൽ വന്നിറങ്ങിയതാണവൻ.
നാലു വർഷത്തെ സ്വപ്നത്തിന്റെ പരിസമാപ്തിയാണ് പൂവിയുടെ കല്യാണം. എയർപോർട്ടിൽ നിന്നും വിമാനം കയറുന്നതിന്റെ തൊട്ട് മുൻപ് വരെ അവൻ പൂവിയോടും ഉമ്മയോടും സംസാരിച്ചതാണ്.
വീടിന്റെ ചുറ്റും പന്തലിട്ട് അടുത്ത ബന്ധുക്കളെയും നാട്ടുകാരെയും മാത്രം കൂട്ടുന്ന ഒരു ഇടത്തരം കല്യാണം. ഇനി എല്ലാവരും കാത്തിരിക്കുന്നത് നവാസിന്റെ വരവ് മാത്രമാണ്. ബാക്കി എല്ലാ ഒരുക്കങ്ങളും പൂർത്തിയായി.
ഗൾഫിൽ പോവുമ്പോൾ പ്ലസ് വണ്ണിൽ പഠിക്കുന്ന കുട്ടിയായിരുന്നു പൂവി. ഇന്നവൾ ടീച്ചർ ട്രെയിനിങ് കഴിഞ്ഞു നിൽക്കുന്ന ഒരു യുവ അദ്ധ്യാപികയാണ്. നാലു വർഷത്തിന് ശേഷം ഉമ്മയെയും പൂവിയെയും കാണുന്ന ആവേശത്തിലായിരുന്നു നവാസ്.
നാട്ടിലേക്കുള്ള ഫ്ലൈറ്റിൽ കയറി ഇരുന്നതിന് ശേഷമാണ് നവാസ് മൊബൈലിൽ ആ വാർത്ത കണ്ടത്. കൊറോണ ബാധിത നാട്ടിൽ നിന്നും നാട്ടിലെത്തിയ യാത്രക്കാർ വഴി കൊറോണ വൈറസ് കേരളത്തിൽ പകർന്ന വാർത്ത.
ആദ്യമൊക്കെ അവനു ഒന്നും തോന്നിയില്ല. പിന്നെ നാട്ടിൽ വിമാനം ഇറങ്ങുന്നതിന്റെ തൊട്ട് മുൻപ് ടോയ്‌ലറ്റിൽ വെച്ചാണ് എന്തോ ഒരു ശ്വാസതടസ്സം പോലെ നവാസിന് തോന്നിയത്. തൊട്ട് പിന്നാലെ അവൻ ശക്തിയായി ഒന്ന് ചുമച്ചു. അതോടെ ആ അസ്വസ്ഥതയും മാറി.
പക്ഷെ അതോടെ നവാസിന് ആകെ സംശയമായി. കാരണം അവൻ വരുന്നത് സൗദി അറേബ്യായിൽ നിന്നാണ്. അവിടെ കൊറോണ റിപ്പോർട്ട്‌ ചെയ്യപ്പെട്ടിട്ടുണ്ട്. പക്ഷെ തനിക്ക് അത്‌ വരാൻ യാതൊരു സാധ്യതയും ഇല്ല.
എന്നാലും ഒരു പക്ഷെ എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ രണ്ടു ദിവസം കഴിഞ്ഞാൽ പൂവിയുടെ കല്യാണമാണ്. അറിയാതെ താൻ വഴി താൻ സ്നേഹിക്കുന്ന തന്നെ സ്നേഹിക്കുന്ന ആൾക്കാർക്ക് ഒരു അസുഖവും ഉണ്ടാവുന്നത് അവനു സഹിക്കാൻ കഴിയുമായിരുന്നില്ല.
ഒടുവിൽ മനസ്സില്ലാ മനസ്സോടെ അതിലേറെ സങ്കടത്തോടെ അവൻ എയർപോർട്ടിലെ ആരോഗ്യ വിഭാഗത്തെ കണ്ടു സംശയം അറിയിക്കുകയായിരുന്നു. അവർ അവനെ വിശദമായ പരിശോധനക്കായി പ്രത്യേകം സജ്ജമാക്കിയ ഹോസ്പിറ്റലിലേക്ക് കൊണ്ടു പോയി.
പാസ്സ് പോർട്ട്‌ പ്രശ്നം കാരണം തനിക്ക് യാത്ര ചെയ്യാൻ കഴിഞ്ഞില്ല എന്നാണ് അവൻ പിന്നെ ഉമ്മയോടും പെങ്ങളോടും പറഞ്ഞത്. അത്‌ കൊണ്ടു തന്നെ പൂവിയുടെ കല്യാണം അവന്റെ കൂട്ടുകാരൻ അവനു ലൈവായി കാണിച്ചു കൊടുക്കുകയായിരുന്നു.
നവാസ് പടച്ചവനെ സ്തുതിച്ചു. തന്റെ അസാന്നിധ്യത്തിലും കല്യാണം വളരെ മംഗളമായി കഴിഞ്ഞു. ഇന്നാണ് തന്റെ റിസൾട്ട്‌ വരുന്ന ദിവസം. ഇപ്പോഴും പൂവിയും ഉമ്മയും കരുതിയത് താൻ ഗൾഫിൽ തന്നെ ആണെന്നാണ്.
തനിക്ക് വീട്ടിൽ പോവാം നവാസ്. റിസൾട്ട് നെഗറ്റീവാണ്.
നവാസിന്റെ റിസൾട്ടുമായി വന്ന ഡോക്ടർ പറഞ്ഞു.
സന്തോഷം കൊണ്ടു നവാസിന്റെ കണ്ണുകൾ നിറഞ്ഞു. ഈ രണ്ട് ദിവസവും ഡോക്ടറും നഴ്സുമാരും തന്ന ധൈര്യവും ആശ്വാസ വാക്കുകളും ചില്ലറയല്ല.
യാത്ര പറഞ്ഞു കൂട്ടുകാരന്റെ വണ്ടിയിൽ വീട്ടിലേക്ക് പോവുമ്പോൾ നവാസ് കണ്ണുകൾ ഒപ്പി.
നേരെ വീട്ടിലേക്ക് പോട്ടെ രാജീവേ. ഉമ്മാനെ കൂട്ടി പൂവിന്റെ അടുത്ത് പോണം.
രാജീവ്‌ ചിരിച്ചു കൊണ്ടു വണ്ടി ഓടിച്ചു കൊണ്ടിരുന്നു. നവാസിന്റെ കളിക്കൂട്ടുകാരനാണ് രാജീവ്‌. ഒരു വിളിക്ക് എന്തിനും കൂടെയുള്ള കൂട്ടുകാരൻ.
ദൂരെ നിന്നെ നവാസ് വീട് കണ്ടു. ആരൊക്കെയോ മുറ്റത്ത് ചെറിയ പന്തലിനു താഴെ നിൽക്കുന്നുണ്ട്.
വണ്ടി മുറ്റത്ത് നിന്നതും പൂവി ഓടി വന്നു അവനെ കെട്ടിപ്പിടിച്ചു. അപ്പോഴേക്കും മോനെ എന്നും വിളിച്ചു ഉമ്മയും അരികിലെത്തി.
കുറച്ചു നേരം ആരും ഒന്നും മിണ്ടിയില്ല. അപ്പോഴാണ് അളിയാ എന്നും വിളിച്ചു ഒരു കൈ നവാസിന്റെ പുറത്ത് പതിഞ്ഞത്.
തിരിഞ്ഞ് നോക്കിയ നവാസ് കണ്ടത് പുഞ്ചിരിച്ചു നിൽക്കുന്ന അളിയനെ ആണ്. ഫോട്ടോയിൽ കാണുന്നതിനേക്കൾ ഭംഗിയാണ് നേരിട്ട് കാണാൻ. പൂവിക്ക് നന്നായി ചേരും.
ഇപ്പൊ പേടിയൊക്കെ പോയോ അളിയാ.
ചിരിച്ചു കൊണ്ടു അവൻ തിരക്കി.
നവാസ് അന്തം വിട്ട് രാജീവിനെ നോക്കി.
നീ അവനെ നോക്കണ്ട. അവൻ ഞങ്ങളോട് എല്ലാം പറഞ്ഞു. അന്നേ വിഷമിപ്പിക്കണ്ട എന്ന് കരുതി പറയാഞ്ഞതാണ്.
ഉമ്മയുടെ കണ്ണുകൾ നിറയുന്നത് കണ്ടിട്ട് നവാസിന്റെ കണ്ണുകളും നിറഞ്ഞു.
ഞങ്ങളെ കരുതിയല്ലേ നീ പൂവിന്റെ കല്യാണത്തിന് പോലും വരാഞ്ഞത്. അപ്പൊ ഇത്രയും കരുതലും സ്നേഹവുമുള്ള അളിയൻ വന്നിട്ട് മതി പൂവിനെ കൊണ്ടു പോകുന്നത് എന്ന് ഞാനും കരുതി.
അളിയന്റെ വാക്കുകൾ കേട്ട് നവാസ് സന്തോഷത്തോടെ അളിയനെ ചേർത്തു പിടിച്ചു.
പിന്നെ കല്യാണവും ഞങ്ങൾ ചെറുതാക്കി. നാടിനു ഒരാപത്ത് വരുമ്പോ നമ്മളും ശ്രദ്ധിക്കണ്ടേ നവാസേ.
തൊട്ടപ്പുറത്ത് നിന്നിരുന്ന രാജീവ് പറഞ്ഞു.
അത്‌ കൊണ്ടു അളിയൻ പൂവിനെ ഒന്ന് വിട്ടേ. ഇനി ഞാൻ കൊണ്ട് പോട്ടെ.
ചിരിച്ചു കൊണ്ടു അളിയൻ പറഞ്ഞു.
ആരും ഇന്ന് പോണില്ല. സന്തോഷത്തോടെ ഇന്ന് ഇവിടെ കഴിഞ്ഞു നാളെ പൊയ്ക്കോ. ഓൾക്ക് ഞാനൊരു സാധനം കൊണ്ടു വന്നിട്ടുണ്ട്.
നവാസിന്റെ വാക്കുകൾ കേട്ട് പൂവിയുടെ കണ്ണുകൾ വിടർന്നു.
എന്താ അത്‌?.
രാജീവ് കൊണ്ടു വെച്ച പെട്ടിക്കരുകിലേക്ക് ഓടി കൊണ്ടു പൂവി ചോദിച്ചു.
അപ്പൊ പെട്ടിയുടെ കാര്യം തീരുമാനമായി.
നവാസിന്റെ ആത്മഗതം കേട്ട് എല്ലാവരും പൊട്ടിച്ചിരിച്ചു.
ആ ചിരിയുടെ സന്തോഷം എല്ലാ മുഖങ്ങളിലും നിറഞ്ഞു നിന്നു. അവരുടെ ഹൃദയത്തിലും.

കവിത തേടിപ്പോയ ഒരു വാക്ക്..
ഷീബ ദിൽഷാദ്

മലമുകളില്‍ നിന്ന്
ചെറിയൊരു
വെള്ളമുണ്ടും പുതച്ച്
തണുത്ത താഴ്‌വരയിലേക്ക്
ഇറങ്ങി വരുന്നു
ഒരു വാക്ക്.
ആദ്യം കണ്ടത്‌
അതിവേഗമോടുന്ന
ഒരു കാട്ടാറിനെയാണ്‌.
ഒരെരുക്കിന്‍ പൂവ്‌
അവള്‍ മുടിയില്‍
ചൂടിയിട്ടുണ്ട്‌.
അണയെത്താനുള്ള
ആവേശത്തിന്നിടെ
അവള്‍ വാക്കിനെ
കണ്ടില്ല.
വാക്ക് പൊന്‍ വെയിലില്‍
തീ കായുന്ന
ഒരു പാടത്തെത്തി.
വീടുകളുടെ ഒരിപ്പൂവ്‌..
വരമ്പുകള്‍ കടന്ന്
നഗരത്തിലെത്തി വാക്ക്.
സൂര്യന്‍ തന്‍റെ രഥവേഗം
കൂട്ടുന്നു...
വാക്കിന്‌ ക്ഷീണം തോന്നി.
ഒരു സൈബര്‍ കഫേയുടെ
പിന്നില്‍ ഒരു പിച്ചക്കാരന്‍റെ
നിഴലും പറ്റി വാക്കിരുന്നു..
പറയാനുള്ളതെല്ലാം
വിശപ്പിനെപ്പറ്റി.
വാക്കിനും വിശന്നു.
ഒരു കവിത വേണം.
വരണ്ട ചുണ്ടില്‍
കറുപ്പും വെളുപ്പും
ചാലുകള്‍ വീഴുന്നു.
കണ്ണില്‍ മിന്നിമറയുന്നു
ഇ-കവിതകളുടെ
അശ്വവേഗം..
വാക്ക് ഭിക്ഷക്കാരനോടൊപ്പം
തെരുവിലേക്കിറങ്ങി
വടിയും കുത്തി
നടന്നേ പോയി...!

ജനാലക്കാഴ്ചകൾ
ഐഷ ജെയിംസ്

നഗരത്തിലെ ഫ്ലാറ്റിലേക്ക് മാറിയ ഒരു കുടുംബം.
വിശാലമായ ഹാളിലെ ജനാലയിൽ കൂടി അപ്പൂപ്പൻ ബാങ്ക് കണ്ടു, 'ഹാവൂ ആശ്വാസം'.
അച്ഛൻ ബാർ കണ്ടു, 'അത് കലക്കി'.
അമ്മ ഷോപ്പിംഗ് മാൾ കണ്ടു,' ക്രെഡിറ്റ്‌ കാർഡ് ഒരെണ്ണം ശരിയാക്കണം'.
മകൻ ലേഡീസ് കോളേജ് കണ്ടു, 'പൊളിച്ചു'.
മകൾ ബ്യൂട്ടിപാർലർ കണ്ടു, 'ആഹാ സൂപ്പർ'.
കുഞ്ഞാവ പാർക്ക്‌ കണ്ടു, 'എന്നും കളിച്ചാലോ'.
മുത്തശ്ശി നോക്കിയപ്പോ വൃദ്ധസദനം കണ്ടു.
അവർ ഉടനെ ജനാലയിലെ പൊടിയെല്ലാം തുടച്ചു വൃത്തിയാക്കി, ജനാലക്ക് വേഗം ഒരു കർട്ടൻ ഇട്ടു.

നീ പറയുമെന്ന് ഞാൻ വിശ്വസിച്ചത് 
ഭാസി

നീ പറയുമെന്ന് ഞാൻ വിശ്വസിച്ചത്:
വാഗ്ദത്ത ഭൂമിക്കു
നാഴികക്കിപ്പുറവും
ശിശുഹത്യകളോയെന്നത്
നീതിയുടെ നാണ്യത്തുട്ടിന്
അധികാരവരമ്പുകളിൽ
മണ്ണായ കൃഷകരെക്കുറിച്ച്...
കുതറിപ്പോം പ്രമദവസന്തം
വാൽക്കണ്ണാടിയും
പിടിച്ച്നോക്കി
നിന്ന പാതിത്യ
വൈധവ്യങ്ങളെക്കുറിച്ച്...
മൂട്  തീ പൊള്ളപ്പെട്ടതിനാൽ
പതറിയ സന്ധികളാൽ
വീണ്ടുമെണീറ്റ്
ഭാരം ചുമക്കുന്ന മൃഗത്തിൻ്റെ
ജല സ്വപ്നങ്ങൾ...
നരക സത്വങ്ങൾ നയിച്ച
പിഴച്ച യുദ്ധങ്ങളിൽ
മദതാണ്ഡവങ്ങളിൽ
വിളറിപിടിച്ച പുഴ
മാപ്പുസാക്ഷിയായത്
പെട്ടിക്കൂടിൻ ദൃശ്യവാചകകേളി
നോക്കിരസിക്കുകയാണോ നീ
വാനോളം തകർക്കും
ശാപവാക്കുകൾ
ഭീഷണി പെരുമ്പറകൾ
കൊലച്ചതി മത്സരങ്ങൾ കേട്ടു
നീ സസുഖം മയങ്ങുമ്പോൾ
ഇവിടെയിദ്ദിക്പാലശാപം പേറി
എൻ്റെ കുഞ്ഞുചലനങ്ങളാൽ
ഞാനൊന്നു വെറുതെ
ചെവികൾ നീട്ടിയാൽ,
അറിയാമൊരു ശ്വാസത്തിൻ നോവും
ജീവിതത്തിൻ്റെ ശബ്ദങ്ങൾ...
തന്നോട് തന്നെയുള്ള മതിപ്പ്...
പ്രിയകവേ,പക്ഷെ,ഹൃദയത്തിൻ്റെ
കരിഞ്ഞ നെരിപ്പോടു
ആളിത്തുടങ്ങിയിരിക്കുന്നു.
അനങ്ങാനനുവദിക്കാത്ത
മിഴിയെന്നെകളിപ്പിക്കുന്നുമുണ്ട്.
വിലക്കിൻ്റെ വിലങ്ങായിരിക്കാം,
സ്വപ്നമേറ്റുവാങ്ങുന്നത്
മദ്ദളം കൊട്ടുമിടനെഞ്ചിലി-
പ്പോളപശ്രുതികളുമായിരിക്കുന്നു.
തിരിച്ചറിയാൻ തുറിച്ചു നോക്കെ
കണ്ണാടിയിൽ വാർദ്ധക്യം
കുറ്റബോധത്തോടെ
ഞെളിഞ്ഞു നിൽക്കുന്നുമുണ്ട്.
ദയയുമവഹേളനവുമുൾ-
പ്പിരിച്ചുനോക്കാനിടവരാതെ
ആർക്കൊക്കെയോ വേണ്ടി
ഞാനുമെൻ്റെ മനസ്സിൻ്റെ
യുക്തിപീഠം തച്ചുടച്ചിരിക്കുന്നു
നീ പറയാതെ പോയത്
സ്വയം വെട്ടേറ്റ് വളർന്ന
അധികാരസ്ഥത്തിൻ്റെ
കോമരങ്ങൾക്കറിയില്ല
നെറുകിലതൊരമ്മതന്നുമ്മ
തീരാക്കടങ്ങളെന്നതും!
എൻ്റെയീ പഴയ അറിവുകൾ
ആരുടേയോ തലയോട്ടിയിൽ
വെച്ചു തന്നെ കരിഞ്ഞുണങ്ങി
പോയതു മാത്രമായിരിക്കാം.
വിങ്ങി വീർത്ത് സ്വയം ചാവുന്ന
തടിയൻപൂച്ചയും വെളുത്തവനും
കറുത്തവനും എടുത്തണിഞ്ഞ്
ആകൃതി നഷ്ടപ്പെട്ട
ചുവന്ന തൊപ്പിയും തന്നെയാണ്
ആ പഴയ തലയോട്ടിയിലുള്ളത്
ഇനിയും നീ പറയുക
കഥയില്ലാത്ത ഭംഗിവാക്കുകൾ !
അതു മൗനത്തിലവസാനിക്കും
ദീർഘനിശ്വാസമാക്കി വെറുതെ
ചിരിച്ചു കൊണ്ടേയിരുന്നാലൊന്നുണ്ട്
നീ കലർപ്പറ്റ മറ്റൊരു ഞാനെന്നത്.

ശൂന്യം
സുഹ്റ പടിപ്പുര

പെട്ടെന്നൊരു ദിവസം
ഒറ്റയ്ക്കായിപ്പോയ ഒരാളുടെ
കണ്ണുകളിലേക്ക് നിങ്ങൾ
സൂക്ഷിച്ച് നോക്കിയിട്ടുണ്ടോ ?
പ്രപഞ്ചത്തിലെ മുഴുവൻ
ശൂന്യതയും,
കൃഷ്ണമണികൾക്ക് ചുറ്റും
വലയങ്ങളായി
കറങ്ങുന്നത് കാണാം..
അറ്റം കാണാത്തൊരു
ഇടനാഴിയിലേക്ക്
പ്രവേശിച്ചതായും
അവിടെ ഒറ്റയ്ക്ക്
നിൽക്കുന്നതായും
നിങ്ങൾക്കപ്പോൾ
അനുഭവപ്പെടും..
കൂട്ടിയ കണക്കുകളെല്ലാം
തെറ്റിയിട്ടും,
വീണ്ടും വീണ്ടും
കൈവിരലുകളിൽ
കൂട്ടിക്കൊണ്ടേയിരിക്കുക -
യാവും അവരപ്പോൾ..
അടുത്തേക്ക് നിങ്ങളെ
മാടി വിളിക്കുന്നതായും
തല വെട്ടിച്ചു കൊണ്ട്
എന്തോ പറയാൻ
ശ്രമിക്കുന്നതായും
കണ്ണിലേക്കു തന്നെ
നോക്കിക്കൊണ്ട്
നിങ്ങളിലേക്കവർ
നടന്നടുക്കുന്നതായും
തോന്നിയില്ലേ.....?

എങ്കിലത് നിങ്ങളുടെ
തോന്നൽ മാത്രമാണ്;
ലോകം മുഴുവൻ
ശൂന്യമായിരിക്കുമ്പോൾ
അവരെങ്ങനെയാണ് ഹേ
നിങ്ങളെ മാത്രം കാണുന്നത്.....

ആത്മായനം തുടർ പംക്തി ഈയാഴ്ച ഉൾപ്പെടുത്താനാവാഞ്ഞതിൽ ഖേദിയ്ക്കുന്നു.

വായിക്കുക ..
ആസ്വദിക്കുക...
വിലയിരുത്തുക...
അഭിപ്രായങ്ങൾ പങ്ക് വെയ്ക്കുക...
🙏🌹🌹🌹🙏

Comments