15-02-20

ഇന്നത്തെ നവ സാഹിതിയിലേക്ക് എല്ലാ സഹൃദയർക്കും ഹൃദ്യമായ സ്വാഗതം..🙏🌹🌹🙏

വാക്കുകളുടെ ഫോസിലുകൾ
മുനീർ അഗ്രഗാമി

എന്റെ ഗ്രാമമിപ്പോൾ
മറ്റൊരു ഭാഷ സംസാരിക്കുന്നു
ചന്തയിൽ
ഹോട്ടലിൽ
നഴ്സറിയിൽ
സ്കൂളിൽ ...
ഞങ്ങളിന്നലെ
നഗരം കാണാൻ പോയി
മ്യൂസിയത്തിൽ
വാക്കുകളുടെ ഫോസിലുകൾ കണ്ടു..
പണ്ട്
ഫ്ലാറ്റുകൾക്കും മുമ്പ്
അവ ജീവിച്ച പരിത:സ്ഥിതിയെ കുറിച്ച്
ഗൈഡ് പറഞ്ഞു തന്നു
ഒരു വാക്കിൽ കയറി
മറ്റൊരു കാലത്തിലേക്ക് സഞ്ചരിച്ചു
മറ്റൊന്നിൽ കയറി
ഓർമ്മയുടെ അറ്റത്തേക്കും
എന്റെ ഗ്രാമമിപ്പോൾ
എന്റെ ഗ്രാമമല്ല
അതെന്നെ പ്ലാസ്റ്റിക് കവറിലാക്കി
ചുരുട്ടി പുറത്തേക്ക്
വലിച്ചെറിഞ്ഞിരിക്കുന്നു .

അടുത്ത ഓണത്തിന്
ഡോ. ശാലിനി.സി.കെ

ഹോസ്റ്റലിലെ എല്ലാ ഞായറാഴ്ചകൾക്കും ഒരേ സ്വാദും മണവുമാണ്.
കാച്ചിയ മോരിന്റെയും അവിയലിന്റെയും പപ്പടത്തിന്റെയും രുചിയുള്ള ഞായറാഴ്ചകൾ........
ആ രുചി നുകർന്ന്,  തമിഴ് പാട്ടുകൾ കിട്ടുന്ന എഫ് എം ട്യൂൺ ചെയ്ത് വോക്ക്മാന്റെ ഇയർഫോൺ ചെവിയിൽ തിരുകി ഞാൻ സ്ലൈഡിങ് ജനൽ തുറന്നു.
രണ്ടാം നിലയിലെ ഞങ്ങളുടെ ഹോസ്റ്റൽ  റൂമിന്റെ ഒരു വശത്തു രണ്ടു ജനലുകൾ ഉണ്ട്.
അവിടുന്ന് താഴേക്ക്‌ നോക്കിയാൽ കാണുന്നത് ഒരു വലിയ കുടുംബമാണ്.
ഇത്തിരി സ്ഥലത്ത്  മൂന്നു  വീടുകൾ....
ചേട്ടാനിയന്മാർ മൂന്ന് പേർ സകുടുംബം താമസിക്കുകയാണ്..... മൂന്നിനും കൂടി ഒരു മുറ്റം .
മൂന്നിടത്തുമായി എട്ടുകുട്ടികളുണ്ട്.
പ്ലസ്ടുക്കാരായ  മൂത്ത രണ്ടു പെൺകുട്ടികളുമായി
ആ ജനലിലൂടെ സംസാരിച്ച്  സംസാരിച്ച് ഞങ്ങൾ നല്ല കൂട്ടുകാരായി  മാറിയിരുന്നു......
ഞങ്ങളുടെ വീട്ടു വിശേഷങ്ങൾ വരെ അവരോട് പങ്കു വക്കാൻ മാത്രം അടുപ്പം ഞങ്ങൾക്കിടയിലുണ്ടായി .
 പാലക്കാടിന്റെ ഗ്രാമീണ നൻമ നിറഞ്ഞ നിഷ്കളങ്കരായ നാട്ടുകാർ.......
 സമയം കിട്ടുമ്പോഴൊക്കെ അവരോട് ഞങ്ങൾ വിശേഷങ്ങൾ പങ്കു വച്ചു.....
കാലത്തെന്തു കഴിച്ചു എന്ന ചോദ്യത്തിന് കാപ്പി കുടിച്ചു എന്ന് മാത്രേ അവർ മറുപടി പറയുമായിരുന്നുള്ളു .
എന്തു കഴിച്ചു എന്ന് അവരൊരിക്കലും  പറയില്ല.......
"നമ്മളിവിടെ വല്യ പലഹാരങ്ങളൊക്കെയാണ് കഴിക്കുന്നത്‌ എന്ന് കരുതിയാവും.....
 ഇവിടുത്തെ ദോശേടെ അവസ്ഥ നമുക്കല്ലേ അറിയൂ......... "
അന്ന ചിരിയോടെയാണ് പറഞ്ഞത്.......
"രാവിലെ ഇച്ചിരി ചോറുണ്ടിട്ട് ക്ലാസ്സിൽ പോകാൻ കൊതിയാകുന്നു....... "
 ജനലിനടുത്തു വന്നു  അന്ന താഴേക്ക്‌ നോക്കി.........
ഒരു പെൺകുട്ടി അവിടെ നിക്കുന്നുണ്ട്.......
"ചോറുണ്ടോ....... "
അന്ന ചോദിച്ചു.......
"കഴിച്ചു, നിങ്ങളോ.. ?  "
"കഴിച്ചു......... "
"എന്തുണ്ടായിരുന്നു ചേച്ചി കറി ?"
"ഒന്നും പറയണ്ട..... ഇവിടെ എന്നും അവിയലാ......... മടുത്തു....... "
ഹോസ്റ്റലിൽ വെജ് മാത്രം കിട്ടൂ....
വാടിയ മുഖത്തോടെ അന്ന പറഞ്ഞു.....
"ഞങ്ങൾ കഴിഞ്ഞ ഓണത്തിനാ അവിയൽ കഴിച്ചത്......... ഇനി അടുത്ത ഓണത്തിനേ ഇവിടെ അവിയലുണ്ടാക്കു........ "
കഴിച്ചതെല്ലാം ആവിയായി.
വല്ലായ്മയോടെ അന്ന പിന്തിരിഞ്ഞു... 
മനസ്സിനെ പുകച്ചുകൊണ്ട്
കവിളിലേക്ക് ഉരുണ്ടു വീണ ഒരു നീർത്തുള്ളിയെ ആരും കാണാതെ തുടച്ചെറിഞ്ഞ് ഞാൻ ബഡ്ഡിലേക്ക് കമിഴ്ന്നു കിടന്നു .
അവൾ പറഞ്ഞ വാക്കുകൾ എന്റെ ചെവിയിൽ ആവർത്തിച്ചു മുഴങ്ങി .
' അടുത്ത ഓണത്തിന് '
അതൊരു വാഗ്ദാനമായിരുന്നു .
ഓണങ്ങൾ എത്ര കഴിഞ്ഞു പോയി .
ഓർത്തിട്ടും കാത്തിരുന്നിട്ടും പാലിക്കാനാവാതെ പോയ ഒന്ന് .....
ഞങ്ങളുടെ വറുതിക്കാലത്തായിരുന്നു അത് .
വീടു നഷ്ടമായി അഞ്ചു മാസത്തോളം ഞങ്ങൾ ഷെഡിൽ താമസിച്ചു .
എല്ലാത്തിനും ദാരിദ്ര്യമായിരുന്നു .
ആഹാരത്തിന് ,വസ്ത്രത്തിന് ,ഉറക്കത്തിന്,  എന്തിന്  സമാധാനത്തിന് പോലും ......
ഷെഡിന്റെ ഒരു മൂലയിൽ മൂന്നു കാട്ടുകല്ലുകൾ പെറുക്കി വച്ച അടുപ്പിൻമേലാണ് ഞങ്ങളുടെ വിശപ്പിന്റെ പ്രതീക്ഷകൾ വെന്തിരുന്നത് .
ചോറു വയ്ക്കൽ വളരെ കുറവായിരുന്നു .
കടയിൽ നിന്നു വാങ്ങുന്ന മൈദ കൂടുതൽ അടങ്ങിയ ഗോതമ്പുപൊടി കൊണ്ടുള്ള ചപ്പാത്തിയോ അടയോ ആയിരുന്നു പ്രധാന ആഹാരം .
അതിനൊരു ഗുണമുണ്ട് ,രാവിലെ രണ്ടെണ്ണം കഴിച്ചാൽ പിന്നെ വൈകുന്നേരം വരെ വിശക്കില്ല .....
തക്കാളിയും വെണ്ടയ്ക്കയും സവാളയും ചേർത്ത് വയ്ക്കുന്നൊരു കറിയായിരുന്നു അക്കാലത്തെ ആസ്ഥാന വിഭവം .
മൂന്നും കൂടി വേവിച്ചിട്ട് അല്പം സാമ്പാർ പൊടിയോ മീറ്റ് മസാലയോ ചേർത്ത് ഒരു തുള്ളി വെളിച്ചെണ്ണയും ചേർത്തെടുക്കുന്ന കറി.
അതിനെന്ത് രുചിയായിരുന്നു .
അതും വയറു നിറയെ കഴിക്കാൻ ,കിട്ടിയിരുന്നില്ല. പക്ഷേ അതിനൊരു സൂത്രം അനിയൻ കണ്ടെത്തിയിരുന്നു .
ഞങ്ങളുടെ ഷെഡിൽ അന്ന് ദുഖം അന്വേഷിച്ചെത്തുന്നവരുടെ ധാരാളിത്തം ഉണ്ടായിരുന്നു .
വന്ന് വിവരങ്ങൾ അന്വേഷിച്ച് താടിക്ക് കൈ കൊടുത്തിരുന്ന് ദുഖവും സഹതാപവും പ്രകടിപ്പിച്ച് അമ്മ കൊടുക്കുന്ന കട്ടനും കുടിച്ച് പോകുന്നവർ ....
ആരെങ്കിലും വരുമ്പോൾ അവൻ കഴിക്കാനിരിക്കും ,ഒരു പഴയ ഇരുമ്പ് കസേരയിൽ ....
എന്നിട്ട് ഉച്ചത്തിൽ പറയും ;
 'അമ്മേ കുറച്ചു കൂടി കറി '
ഭക്ഷണത്തിന് ദാരിദ്ര്യമുണ്ടെന്ന് ആരെയും അറിയിക്കാൻ ഇഷ്ടമില്ലാതിരുന്ന അഭിമാനിയായ അമ്മ , എനിക്കും അമ്മയ്ക്കും കരുതിയ കറി കൂടി അവന് വിളമ്പും .
പിന്നെ ഒരു കട്ടൻ കാപ്പി മാത്രമാവും ഞങ്ങൾക്ക് കൂട്ട്....
 ഷെഡ്ഡിൽ നിന്ന് മാറിയ ശേഷവും ഇല്ലായ്മകൾ ഞങ്ങളെ ഇഷ്ടത്തോടെ പിന്തുടർന്നു. ഉയർന്ന മാർക്ക് ഉണ്ടായിരുന്നതുകൊണ്ട് പ്ലസ് വണ്ണിൽ അഡ്മിഷൻ എളുപ്പമായിരുന്നു.
 പക്ഷേ, പുസ്തകങ്ങൾ,  യൂണിഫോം, ചെറിയതെങ്കിലും പല ഫീസുകൾ ഒക്കെയും  ഞങ്ങൾക്ക് വലിയ ബാധ്യതകൾ ആയിരുന്നു.
  ചിലവ് കുറയ്ക്കാൻ അമ്മ അടുക്കളയെ പരമാവധി ചുരുക്കി പിടിച്ചു.
  വാടക വീടിന്റെ മുറ്റത്ത് പച്ചക്കറികൾ വച്ചുപിടിപ്പിച്ചു.
   ചീരയും പയറും ഒക്കെ ഞങ്ങളുടെ രുചികളെ സമൃദ്ധമാക്കി.
   അച്ഛനുമമ്മയും എപ്പോഴും പറയും പഠിച്ചാൽ മതി മറ്റൊന്നും ആലോചിക്കേണ്ട എന്ന്....
   ഒരുപാട് പക്വത ഉണ്ടായിരുന്നില്ലെങ്കിലും 'നാളെ എന്ത് ' എന്ന ആശങ്ക എന്നെയും അലട്ടിയിരുന്നു.
 ചിലർ ഞങ്ങളെ സഹായിക്കാൻ എത്തിയിരുന്നത് എനിക്ക് ഓർമ്മയുണ്ട്.
 മാർക്കൊക്കെ ഉണ്ടെങ്കിലും എന്നെ മുന്നോട്ടു പഠിപ്പിക്കാൻ അച്ഛന് പ്രയാസമായിരിക്കും. അതുകൊണ്ട് അവരുടെ വീട്ടിൽ നിർത്തുന്നോ  എന്ന്....
  പഠിപ്പിക്കാനൊന്നുമല്ല,  ജോലിക്കാരി ആയിട്ട്...
 ഭക്ഷണം പോയിട്ട് എന്തെങ്കിലും ഒരു തുക അച്ഛന് കൊടുത്തേക്കാം എന്ന്.....
 എന്റെ അച്ഛന്റെ ഹൃദയം മുറിഞ്ഞത് ഞാൻ അന്ന് കണ്ടതാണ്......
എനിക്ക് ആവുന്നിടത്തോളം ഞാൻ അവളെ പഠിപ്പിക്കും എന്ന  അച്ഛന്റെ വാക്കുകൾക്ക് മൂർച്ചയും കാഠിന്യവും ഏറെയായിരുന്നു.
പലരും അത് കേട്ട് പുച്ഛിച്ചു ചിരിച്ചു.
അച്ഛനിൽ നിന്ന് ഞങ്ങളുടെ സമ്പാദ്യം മുഴുവൻ തട്ടിയെടുത്ത് ഞങ്ങളെ ഈ  ദുരിതക്കയത്തിൽ  തള്ളിയിട്ട ആൾക്കും എന്റെ കാര്യത്തിൽ തീരുമാനം ഉണ്ടായിരുന്നു.
 ഇനി പഠിപ്പിക്കുകയൊന്നും വേണ്ട, എംപ്ലോയ്മെന്റിൽ പേര് രജിസ്റ്റർ ചെയ്താൽ മതി,  ഇവിടെ നിങ്ങളുടെ ജാതിക്കാർ കുറവായതുകൊണ്ട് എളുപ്പം ജോലി വല്ലതും  കിട്ടുമെന്ന്.
 അന്ന് കാട്ടുതീപോലെ നിന്ന് കത്തിയ അച്ഛനെ എത്ര പ്രയാസപ്പെട്ടാണ് അമ്മ തണുപ്പിച്ചത്......
  പത്താം ക്ലാസിലെ അവസാന നാളുകളിൽ കൂട്ടുകാർ പരസ്പരം വീടുകളിൽ പോയപ്പോൾ ഞാൻ എല്ലായിടത്തുനിന്നും ഒഴിവായി.
   കുറച്ചു കാലമെങ്കിലും വലിയ തെറ്റില്ലാതെ ജീവിച്ചിട്ട് പിന്നീട് ദാരിദ്ര്യത്തിലേക്ക് വീണുപോകുമ്പോൾ അധികം ആൾക്കാരും അപകർഷതാബോധത്തിന്റെ  പിടിയിലേക്ക് വീണുപോകും. ഞാനും വീണു പോയിരുന്നു, ആ കുഴിയിലേക്ക്.......
    അതുകൊണ്ട് എന്റെ വീട്ടിൽ വരണമെന്ന് കൂട്ടുകാർ നിർബന്ധം പിടിച്ചപ്പോൾ അച്ഛനുമമ്മയ്ക്കും മുന്നിൽ ഞാൻ കരഞ്ഞു.
    എന്റെ ഇല്ലായ്മകൾ മറ്റാർക്കും മുന്നിൽ തുറന്ന് കാണിക്കാൻ ഞാൻ ഒരുക്കമല്ലായിരുന്നു.
    എന്റെ സങ്കടവും കണ്ണീരും കണ്ട് അയാളും ചിരിക്കുകയാണ് ചെയ്തത്.
' ഇത് എന്റെ വീടാണ് എന്നു പറയാനുള്ള ആത്മവിശ്വാസം വേണം ....  ഇവിടേക്ക് കൂട്ടുകാരെ കൊണ്ടുവരാനുള്ള ധൈര്യം വേണം..... മനസ്സുകൊണ്ട് ഇനിയും  വലിയവരാകണം........ '
 എന്നൊരു സൗജന്യ ഉപദേശവും.
അയാളുടെ മകൾ,  അപ്പോൾ ഓൾ ഇന്ത്യ ടൂറിൽ ആയിരുന്നു എന്നാണ് എന്റെ ഓർമ്മ. മാത്രവുമല്ല മകന്റെ കല്യാണ ആവശ്യത്തിനായി തേക്കിൻ തടിയിൽ ഫർണിച്ചർ ഉണ്ടാക്കുന്ന തിരക്കിലുമായിരുന്നു അയാൾ.
 അടുത്തകാലം വരെ ഞാൻ കരുതിയിട്ടുണ്ട്, അയാളാണ് ഈ ജന്മത്തിൽ എന്റെ ഏറ്റവും വലിയ ശത്രു എന്ന്....
  പക്ഷേ ഇപ്പോൾ എനിക്ക് അറിയാം, അയാൾ ദൈവത്തിന്റെ കവണയിലെ കല്ലായിരുന്നു.........
 ഞാൻ വിശ്വസിച്ച,  വിശ്വസിക്കുന്ന ദൈവം എനിക്ക് നേരെ പ്രയോഗിച്ചത്....
  ഇല്ലെങ്കിൽ ഞാനൊരു  ലക്ഷ്യബോധമില്ലാത്തവൾ  ആയി മാറിയേനെ...
 പട്ടിണിക്ക് നടുവിൽ വിശപ്പിനെ അറിയാതിരിക്കാൻ വാശിയോളം പോന്ന മറ്റൊരു ദിവ്യൗഷധം വേറെയില്ലെന്ന് ഞാനാറിഞ്ഞത് അനുഭവത്തിലൂടെയാണ്....
  എങ്കിലും ചില അവസരങ്ങളിൽ ദാരിദ്ര്യവും പട്ടിണിയും നമ്മുടെ അഭിമാനത്തെ തകർത്ത് നിലംപരിശാക്കി കളയും....
മനസ്സ് നൊന്ത്‌, കണ്ണ് നിറയുമ്പോൾ നമ്മെ നോവിക്കുന്ന പട്ടിണിയുടെ മൂർച്ചയുള്ള വക്കുകളെക്കുറിച്ച് തന്നെ  ഓർമ്മിക്കുന്ന വിരോധാഭാസവും ഞാൻ അനുഭവിച്ചിട്ടുണ്ട്.
പട്ടിണിക്ക് വയറിനെ മാത്രമല്ല നമ്മുടെ മനസ്സിനേയും നോവിക്കാൻ കഴിയും.
 ഓണ ദിവസങ്ങളിലേക്ക് വെയിൽ തെളിയുംവരെ,  തോരാതെ പെയ്ത മഴ അമ്മയുടെ അടുക്കളത്തോട്ടത്തെയും നശിപ്പിച്ചു.
  തിരുവോണത്തിന്റെ അന്ന് മുനിഞ്ഞുകത്തുന്ന ഒരു കരി വിളക്ക് പോലെ പ്രഭയേതുമില്ലാതെ അച്ഛൻ വീട്ടിൽ തന്നെ ഇരുന്നു.
 എനിക്കും അമ്മയ്ക്കും അനിയനും വലിയ സങ്കടങ്ങൾ ഒന്നുമില്ലായിരുന്നു. ആ  ജീവിതത്തോട് ഞങ്ങൾ അത്രയേറെ പൊരുത്തപ്പെട്ടിരുന്നു. പ്രതീക്ഷിക്കാൻ ഒന്നുമില്ലാത്തവർക്ക് എന്ത് നിരാശ?
 സദ്യ ഉണ്ടായിരുന്നില്ലെങ്കിലും ഞങ്ങൾക്ക് പട്ടിണി ഇല്ലായിരുന്നു. ചോറും എന്തോ ഒരു കറിയും അമ്മ ഉണ്ടാക്കിയിരുന്നു. ഓണത്തിന്റെ നിറങ്ങൾ ഞങ്ങളെക്കാട്ടി കൊതിപ്പിക്കാൻ തൊട്ടു ചേർന്ന് ഒരു അയൽപക്കം പോലും ഞങ്ങൾക്ക് ഇല്ലായിരുന്നു.
 എന്തിന് പത്രമോ റേഡിയോ ടിവി ഒന്നും തന്നെ...
  ഉച്ചയുടെ വിശപ്പിലേക്ക്,  സദ്യയുടെ നഷ്ട ബോധത്തിലേക്ക് കടക്കും  മുൻപ് വീട്ടിൽ ഒരു അതിഥി എത്തി.
   അമ്മയുടെ സഹോദരൻ.
    എന്റെ അമ്മാവൻ.
 അമ്മയുടെ ബന്ധുക്കളിൽ എനിക്ക് ഏറ്റവും ഇഷ്ടമില്ലാത്തയാൾ.....
  അങ്ങേയറ്റം കണിശക്കാരനായ പട്ടാളക്കാരൻ...
  വീട്ടിൽ വരുമ്പോഴൊക്കെ മദ്യപിച്ചു വന്ന് വഴക്കുണ്ടാക്കി പിണങ്ങിയാണ് മാമൻ പോകാറ്.
   അന്നും മാമൻ മൂക്കറ്റം കുടിച്ചിരുന്നു.
"എന്ത് പായസവാടീ  ഉണ്ടാക്കിയത്? "
 വീടും പരിസരവും നോക്കിക്കൊണ്ട് ചോദ്യം
  എന്നോടായിരുന്നു.
   ആ വീട്ടിലേക്ക് ആദ്യമായാണ് മാമൻ വരുന്നത്.
   ഞാൻ അമ്മയെ മിഴിച്ചു നോക്കി.
    സ്വന്തം ഏട്ടന്റെ മുന്നിൽ അമ്മ തണുത്തുറഞ്ഞു നിന്നു.
     അമ്മയുടെ എതിർപ്പുകളെ മറികടന്ന് മാമൻ അടുക്കള മുഴുവൻ പരതി.
      എന്തൊക്കെയോ പിറുപിറുത്തു. പിന്നെ ആടിയാടി പുറത്തേക്കിറങ്ങി.
 ഞാൻ എന്റെ ജീവിതത്തിൽ കണ്ട ഏറ്റവും ശക്തയായ സ്ത്രീയാണ് എന്റെ അമ്മ.
 ആ അമ്മയാണ് മുറിഞ്ഞ അഭിമാനത്താൽ നീറി പിടിക്കുന്ന വേദനയോടെ ഒരു ഭ്രാന്തിയെ പോലെ ഏങ്ങലടിച്ചു കരയുന്നത്......
  ഞങ്ങളുടെ ദുരവസ്ഥയുടെ യാഥാർത്ഥ്യം അമ്മ സ്വന്തം വീട്ടുകാർ ഉൾപ്പെടെയുള്ള ബന്ധുക്കളിൽ നിന്ന് മറച്ചു പിടിച്ചിരുന്നു.
  അമ്മയുടെ ബന്ധുക്കൾ മലബാറിന്റെ അങ്ങേയറ്റത്ത് ആയതുകൊണ്ട്
  വരവുപോക്കുകൾ ഒന്നോ രണ്ടോ വർഷം കൂടുമ്പോഴേ ഉണ്ടായിരുന്നുള്ളൂ.
   അമ്മയെഴുതുന്ന കത്തുകളിൽ ഞങ്ങൾക്ക് സുഖവും സന്തോഷവും മാത്രമായിരുന്നു.
   അമ്മ കെട്ടിപ്പൊക്കിയ മിഥ്യാലോകമാണ് മാമന്റെ മുന്നിൽ ഇടിഞ്ഞുവീണത്..
 അന്ന് ആദ്യമായി അമ്മ അച്ഛനെ കുറ്റപ്പെടുത്തി. ഒച്ചയിട്ടു....
 വഴക്കുണ്ടാക്കി.
 വെറും നിലത്ത് കൂനിക്കൂടി ഇരുന്നു കരയുന്ന അമ്മയുടെ ഇരുവശവും ഞാനും അനിയനും ചേർന്നിരുന്നു.
  ഭയത്തോടെ...
 അച്ഛന്റെ കണ്ണിൽനിന്ന് ഇറ്റുവീണ ഏതാനും തുള്ളികൾ പ്രളയം സൃഷ്ടിക്കാൻ പോന്ന പേമാരിയും സർവ്വതും കത്തിക്കാൻ ശേഷിയുള്ള കാറ്റുപിടിച്ച തീയുമാണെന്ന് എനിക്കിന്നറിയാം....
  നിലയുറക്കാത്ത കാലുകളുമായി മാമൻ വീണ്ടും വന്നു.
   രണ്ടു കൈകളിലുമായി കുറേ സഞ്ചികൾ ഉണ്ടായിരുന്നു.
    അരിയും പച്ചക്കറിയും പലവ്യഞ്ജനങ്ങളും പായസ കൂട്ടും അങ്ങനെയെല്ലാം....
 'ചോറുണ്ടിട്ടേ പോകുന്നുള്ളൂ' എന്ന് പ്രഖ്യാപിച്ച്  മാമൻ വരാന്തയിലേക്ക് കിടന്നു.
  എത്രവേഗം ആണെന്നോ  ഞങ്ങളുടെ വീട്ടിൽ സദ്യ ഒരുങ്ങിയത്.
  പക്ഷേ ആരുടെയും മുഖത്ത് സന്തോഷമുണ്ടായിരുന്നില്ല...
 ഇറ്റുവീഴുന്ന കണ്ണുനീർത്തുള്ളികൾക്കിടയിലൂടെ രുചിഭേദങ്ങൾ നുകരുന്നതും അങ്ങേയറ്റം വേദനാജനകമായത്  തന്നെയാണ്.
'ഇങ്ങനെ സങ്കടപ്പെട്ട് കരയാതെ, സന്തോഷത്തോടെ നീ എന്നാ എനിക്കൊരു സദ്യ  ഉണ്ടാക്കി
തരുന്നതെന്ന് '
എന്നെ ചേർത്തു നിർത്തി ചോദിച്ച അന്നാണ് ഞാൻ എന്റെ മാമന്റെ സ്നേഹത്തിന്റെ ആഴം ആദ്യമായി തിരിച്ചറിഞ്ഞത്.
 'അടുത്ത ഓണത്തിന് '
 എന്ന എന്റെ വാഗ്ദാനത്തിൽ ചിരിച്ച് സമ്മതവും പറഞ്ഞ്  മാമൻ പോയി.
 വേണ്ടെന്നു പറഞ്ഞിട്ടും എന്റെയും അനിയന്റെയും കൈകളിൽ എത്രയെന്ന് നോക്കാതെ മാമൻ ചുരുട്ടി തന്ന നോട്ടുകളുടെ വില എന്റെ മുഴുവൻ സമ്പാദ്യങ്ങൾക്കും  മേലെയാണ്.....
അടുത്ത ഓണം എത്തും മുൻപ്, ഞാൻ സന്തോഷത്തോടെ വിളമ്പുന്ന ഒരു സദ്യ ഉണ്ണാതെ, എന്റെ മാമൻ ഈ ലോകത്തോട് യാത്ര പറഞ്ഞു.
ഇനി എങ്ങനെയാണ് ഞാൻ ആ വാഗ്ദാനം പാലിക്കുന്നത്?
 നൂറായിരം സങ്കടങ്ങൾ നിറച്ച എന്റെ ഓർമ്മച്ചെപ്പിൽ നീറി കിടക്കുന്ന നൊമ്പരമാണ് ആ വാഗ്ദാനം....
 കനൽ മൂടികിടന്ന ഓർമ്മകളാണ് ആ പെൺകുട്ടിയുടെ വാക്കുകൾ ഊതി ഉണർത്തിയത്.....
'അടുത്ത ഓണത്തിന്......'

അറ്റങ്ങൾ
ഇന്ദ്രജ

ഒറ്റവരിയിൽ വരിഞ്ഞ്
മുറിപ്പെടുത്താവുന്ന
ഒരായുധം തന്നെയല്ലേ
ഇന്നലെ എട്ടു മണിക്കൂർ
നേരത്തെ ശസ്ത്രക്രിയയിൽ
ഒരു ജീവനെ പിടിച്ചു നിർത്തിയത് ?
ഹൃദയങ്ങൾ ഒരു പോലെ
സൃഷ്ടിക്കപ്പെട്ടിട്ടും
എങ്ങിനെ,
ശിഷ്യരുടെ തോക്കും
ഗാന്ധിയുടെ ഊന്നുവടിയും
വിരുദ്ധാർത്ഥങ്ങളുള്ള കവിതകളായി ???!
വെളിച്ചം തന്ന
അതേ കൈത്തിരി തന്നെ
മാറോടടക്കി ചുംബിക്കുമ്പോൾ
അവസാനം,
ഒന്നും അവസാനിക്കാതെ പോവുന്നു...
ഒരേ ഭാവത്തിന്റെ രണ്ടറ്റങ്ങളിൽ
ഒട്ടുമേ ചേർച്ച തോന്നാത്തവരെപ്പോലെ
എത്ര പേരാണ്,
കൈ കോർത്ത് നടക്കുന്നത് !!!
പിരിച്ചെഴുതാനാവാതെ
ചേർന്നു നിൽക്കുന്നത്......
ഇരുട്ടിന്റെ ആഴം കൂടുന്തോറും
വെളിച്ചത്തിന് മൂർച്ച കൂടുന്നതു പോലെ....

പത്രോസമ്മച്ചിയുടെ(സു)വിശേഷങ്ങൾ ..!
ശ്രീധർ ആർ എൻ

'കല്ലാനോട് ' എന്നെഴുതിയ ബസ്സും
തിരഞ്ഞു നടക്കുന്നതിനിടെ അന്നയുടെ മനസ്സിൽ നിന്നും ആ പേര് ഊർന്നുവീണത് പക്ഷെ അവളറിഞ്ഞിരുന്നില്ല. ഒടുവിൽ സർക്കാരാശുപത്രിയിലെ വരാന്തയിൽ കൂട്ടിനാരുമില്ലാതെ തളർന്നിരിക്കുന്ന
രോഗി കണക്കെയുള്ള ബസ്സിനെ കണ്ടെത്തുമ്പോഴേക്കും വിസ്മൃതിയുടെ ആഴങ്ങളിലേക്ക് അത് പതിച്ചിരുന്നു. .
സൈഡ് സീറ്റുകൾ ഏറെക്കുറെ നിറഞ്ഞിരുന്നെങ്കിലും ഒഴിവുള്ള ഒന്നിൽ അവളും ഇരുപ്പുറപ്പിച്ചു. രണ്ട് മണിക്കൂറിനടുത്ത് യാത്രയുണ്ടെന്നാണ് ലില്ലി പറഞ്ഞിരിക്കുന്നത് ,പുതുവഴി താണ്ടാൻ സൈഡ് സീറ്റിനോളം നല്ലൊരു മാർഗ്ഗമില്ലെന്ന് ആർക്കാണറിയാത്തത് , പ്രത്യേകിച്ചും മനസ്സ് ശൂന്യമാണെങ്കിൽ ....!
വെക്കേഷൻ തുടങ്ങുന്ന അന്നേ ലില്ലി പറഞ്ഞതാണ് കൂടെപ്പോരാൻ ,തന്റെ ഏകാന്തതയ്ക്കുള്ള മരുന്ന് അവളുടെ പക്കലുണ്ടെന്ന് പല തവണ പറഞ്ഞിരുന്നു. പക്ഷെ അന്നെന്തോ അത്ര തോന്നിയില്ല. രണ്ടു ദിവസം ഹോസ്റ്റലിൽ ഒറ്റയ്ക്കിരുന്നപ്പോൾ മനസ്സിന്റെ പിടി അയഞ്ഞുതുടങ്ങി ,പ്രതീക്ഷകൾ നിഷ്ഫലമാണെന്ന് ഏറെക്കുറേ ഉറപ്പിച്ചിരുന്നു. അതാണ് പെട്ടന്ന് ചാടി പുറപ്പെട്ടത്.
ഒരു പുഴപോലെ നേർത്തും
നിറഞ്ഞുമൊഴുകിയ ബസ്സ് അതിന്റെ ലക്ഷ്യസ്ഥാനത്ത് കിതച്ചു നിന്നു. അന്ന ഫോണെടുത്ത് ലില്ലിയെ വിളിക്കാനാഞ്ഞതും അവളുടെ വിളി വന്നു.
"നീയെത്തിയില്ലേ ..?" ലില്ലിയുടെ ശബ്ദത്തിന് മാധുര്യമേറിയപോലെ തോന്നി .
"ഞാൻ വിളിക്കാൻ ദേ ഫോണെടുത്തപ്പോഴാ നിന്റെ വിളി ,..... നീ പറഞ്ഞ പേര് എത്ര ഓർത്തിട്ടും കിട്ടുന്നില്ല ..ആരുടെ വീട് എന്നായിരുന്നു അന്വേഷിക്കേണ്ടത് ..?"
"പത്രോസമ്മച്ചി ....!"
അന്ന ഒരോട്ടോയിൽ കയറി അൽപ്പമൊരു ജാള്യതയോടെ ആ പേരു പറഞ്ഞു ,ഇനി ഓട്ടോക്കാരൻ വല്ലതും പറയുമോ എന്നായിരുന്നു അവളുടെ സംശയം.
"ങ്ങാ, കേറിക്കോ ... പാടത്തിന്റെ കരയിലേ ഇറക്കൂ ... അവിടുന്ന് നോക്ക്യാൽ കാണും ."
ഓട്ടോക്കാരൻ ഒരു ഭാവഭേദവുമില്ലാതെ വണ്ടി സ്റ്റാർട്ട് ചെയ്തു .
ലില്ലി അവളുടെ വല്യമ്മച്ചിയെപ്പറ്റി എപ്പോഴും പറയുമെങ്കിലും ഈ പേര് ഇതുവരെ
പറഞ്ഞിട്ടില്ലെന്നവളോർത്തു .കല്ലു പാകിയ വഴിതാണ്ടി ഒരു പാടത്തിനരികേ ഓട്ടോ നിന്നു. "ദാ ആ കാണുന്നതാ വീട് ."
വയൽവരമ്പിലെ ചെളിയിൽ നഗ്നപാദമൂന്നി ഒരു കൈയ്യിൽ ചെരുപ്പും മറുകൈയ്യിൽ ബാഗുമായി അഭ്യാസിയെപ്പോലെ അന്ന നടന്നു. ലില്ലി അവളേയും കാത്ത് പടിക്കൽത്തന്നെ നിൽപ്പുണ്ടായിരുന്നു.
"നിനക്കന്നേ എന്റെ കൂടെ പോരാൻ മേലായിരുന്നോ... അപ്പോ അവൾക്ക് ഗമ ...!"
"മതിയായിരുന്നു ,ഈ
ഓണംകേറാമൂലയിൽ എത്താനുള്ള പാട് ... അന്വേഷിക്കേണ്ട പേരാണെങ്കിലോ അതും ഒരു വക... ഇതെന്താ വല്ല വട്ടപ്പേരുമാണോ ...? "
"വല്യമ്മച്ചി അങ്ങിനെയാ അറിയപ്പെടുന്നേ .. അതൊക്കെ വല്ല്യ കഥയാണ് ."
നടക്കുന്നതിനിടെ ലില്ലി പറഞ്ഞു.
വരാന്തയിലെ ചാരുകസേരയിൽ
പഴമയുടെ ചേലിൽ ഒരമ്മച്ചി .. ഇരുനിറവും മുഖം നിറയെ ഗൗരവവും .വല്യമ്മച്ചി അന്നയെ അടിമുടിയൊന്നു നോക്കി,
"ഇതാണോ നീ പറഞ്ഞ ടീച്ചർ ... ഇവളെന്നാ അടിയിലൊന്നും ഇട്ടിട്ടില്ലെ ...? "
അന്ന പകച്ചുപോയി, തന്റെ ബോഡി കളർ ലഗ്ഗിൻസിലേക്ക് ജാള്യതയോടെ അവളൊന്നു നോക്കി ... സ്ത്രീകൾ തന്നെയാണ് ഏതൊരു സ്ത്രീയുടേയും മുഖ്യശത്രു എന്ന് പറയുന്നതിൽ കഴമ്പുണ്ടെന്നവൾക്കു തോന്നി ...!
ലില്ലി വല്ലാത്തൊരവസ്ഥയിലായിരുന്നു ...,
അന്നയെ അവൾക്ക് ശരിക്കറിയാം ,അവൾ തിരിച്ചൊന്നും പറയാത്തതിൽ ലില്ലി തെല്ലാശ്വസിച്ചു. അന്നത്തെ ദിവസം പക്ഷെ അന്ന സ്വന്തം വ്യക്തിത്വത്തെ മറയ്ക്കാൻ ഏറെ പണിപെട്ടിരുന്നു.
പതിവു പ്രാർത്ഥനയ്ക്ക് ശേഷം ഒരുമിച്ചുള്ള അത്താഴം അന്നയ്ക്ക് പുതിയൊരുന്മേഷം പകർന്നിരുന്നു ,അഴിഞ്ഞു പോയ സുവർണ്ണകാലത്തിന്റെ കച്ചിത്തുരുമ്പിൽ അവൾ പതിയേ വിരലോടിച്ചു.
"നീയെന്നതാ കൊച്ചേ , എണ്ണം പിടിക്കുവാന്നോ ..വാരി കഴിച്ചുടെ ...? മനുഷ്യൻ അപ്പം കൊണ്ടു മാത്രമല്ല ജീവിക്കുന്നത് എന്ന് പറഞ്ഞിട്ടുണ്ടെന്നും വെച്ച് ഭക്ഷണം കഴിക്കേണ്ട എന്നല്ല .. ച്ചിരി പുഷ്ടിയൊക്കെ വേണം. ഒന്നുമില്ലേലും
നിന്റെ കെട്ടു കഴിഞ്ഞതല്ലിയോ ..! "
അമ്മച്ചി അത് പറഞ്ഞത് തന്റെ മാറിലേക്ക് നോക്കിയാണെന്നത് അന്നയെ വല്ലാതെ വിഷമിപ്പിച്ചിരുന്നു . അവളുടെ മനസ്സിൽ സോളമൻ നിലകിട്ടാതെ ആടിയുലയാൻ തുടങ്ങി .
പിറ്റേന്ന് രാവിലെ ലില്ലിയും അപ്പനും അമ്മയും കൂടെ കൂരാച്ചുണ്ടിലെങ്ങാണ്ട് ഒരു മനസ്സമ്മതം കൂടാൻ പോയതോടെ അന്ന, അമ്മച്ചിയുടെ സുവിശേഷ പ്രസംഗത്തിന്റെ ശ്രോതാവാകാൻ വിധിക്കപ്പെട്ടു. അപ്പവും മുട്ടക്കറിയും കഴിച്ച് പതിവ് പത്രപാരായണത്തിന്റെ ലഹരിയിലിരിക്കുന്ന അമ്മച്ചിയുടെ മുമ്പിലേക്ക്
ബെഡ് കോഫിയുമായി വന്ന അന്ന പക്ഷെ അപകടം മണത്തിരുന്നില്ല.
"ങ്ങാ കൊച്ചെണീറ്റോ ... ഇന്നലെ രാത്രിയാ കേട്ടോ കൊച്ചിന്റെ കാര്യം മുഴുക്കനെ ലില്ലി എന്നോട് പറഞ്ഞത്... അല്ലെങ്കിലും അമ്മയില്ലാത്ത കൊച്ചുങ്ങൾക്ക് ചൊല്ലുവിളി ഇച്ചിരി കുറവായിരിക്കും ... ദൂരെ പള്ളിക്കൂടത്തില് താമസിച്ചാ അല്ലിയോ പഠിച്ചേ ..?"
ഇന്നലത്തെ അമ്മച്ചിയല്ല ഇന്നെന്ന്
അന്നയൂഹിച്ചു. .. അവൾ അലസമായൊന്നു മൂളി.
"വിനയത്തോടും സുബോധത്തോടും കൂടി വസ്ത്രം ധരിക്കണമെന്നല്ലേ .. ഒന്നുമില്ലേലും കൊച്ചൊരു ടീച്ചറല്ലിയോ.. "
"ശരിയാ വല്യമ്മച്ചീ ... പക്ഷെ സ്കൂളിലേക്ക് ചുരിദാറാ ഇടാറ് .. യാത്രയാതോണ്ടാ .." അമ്മച്ചി പറയുന്നതിലും കാര്യമുണ്ടെന്ന് അന്നയ്ക്ക് തോന്നി.
വിളഞ്ഞ നെല്ലിന്റെ മണവുംപേറി വന്ന ഒരു കാറ്റ് അന്നയെത്തഴുകി കടന്നു പോയി , ലില്ലി തന്നെക്കുറിച്ച് എല്ലാം പറഞ്ഞു കാണും , അമ്മയില്ലാത്ത കുട്ടിയെ ബോർഡിങ്ങിലാക്കി മറ്റൊരു വിവാഹം കഴിച്ച അപ്പനെക്കുറിച്ച് ചിലപ്പോൾ മോശമായി ആവും പറഞ്ഞിരിക്കുക. ഒരു തരത്തിൽ അപ്പൻ തന്നെ രക്ഷിച്ചതല്ലേ ..?
അവൾ ബ്രഷ്ചെയ്തു കൊണ്ട് തൊടിയിലൂടെ നടന്നു. സോളമൻ തന്നെ അന്വേഷിക്കുന്നുണ്ടാവുമോ .. സാദ്ധ്യത കുറവാണെന്നവൾക്കറിയാമായിരുന്നു. തിരിച്ചുമാവാം എന്നായിരിക്കും അയാളിപ്പോൾ ചിന്തിക്കുന്നത് .
"വാ കൊച്ചെ .. വല്ലതും കഴിക്കണ്ടായോ .."
വല്ല്യമ്മച്ചിയുടെ ശബ്ദം കേട്ടപാടെ അവൾ മുഖംകഴുകി കഴിക്കാൻ ചെന്നു. .. അടുത്തിരുന്ന് വിളമ്പിത്തരുന്ന അമ്മച്ചിയോട് അവൾക്കാദ്യമായി ഒരിഷ്ടം തോന്നി .. നഷ്ടപെട്ടതെന്തോ തിരിച്ചു കിട്ടിയപോലെ. .. കൊച്ചുവർത്തമാനങ്ങൾക്കിടെ അവളന്ന് പതിവില്ലാതെ വയറ് നിറച്ച് കഴിച്ചു. ..
"കെട്ടിയോനുമായി അത്ര രസത്തില്ലല്ലേ ..?"
ഒരുപാട് കേട്ട ചോദ്യമായതിനാലാവാം അന്നയിൽ പ്രത്യേക ഭാവമാറ്റങ്ങളൊന്നും പ്രകടമായിരുന്നില്ല. ഈയിടെയായി തന്നോട് സംസാരിക്കുന്നവർ ചെന്നെത്തുന്ന ചുഴിയാണീ ചോദ്യമെന്നവൾക്ക് തോന്നി .ആദ്യമൊക്കെ അതിൽക്കിടന്ന് ശ്വാസം മുട്ടിയിരുന്ന അന്ന ഈയിടെയായി അതിന്റെ ആഴങ്ങളിലേക്ക് ഒലിച്ചിറങ്ങും .
സോളമന്റെ കുഴഞ്ഞ മണം .... അത് നാസാരന്ധ്രങ്ങളിൽ തുളച്ചുകയറുമ്പോൾ അവളൊരു ദീർഘനിശ്വാസത്തോടെ പറയാൻ തുടങ്ങും ..
"ഉണ്ടെന്നും ഇല്ലെന്നും പറയാം ..! "
വിരസരാത്രികൾ വീണുടയുന്ന നാളുകൾക്കായി കാത്തിരിക്കുന്നു ..... അർത്ഥ ശൂന്യമാണെന്നറിയാം ...!
എങ്കിലും ...?
"ഉണ്ടെന്ന് പറയാൻ എന്തിനാ
മടിക്കുന്നേ ..? "
വല്യമ്മച്ചിയുടെ ചോദ്യങ്ങളൊക്കെയും ശരസമാനമാണെന്നവൾക്കു തോന്നി, അതിങ്ങനെ തറച്ചു നിൽക്കും ...!
ബോർഡിങ്ങും ഹോസ്റ്റലും നൽകിയ വിരസതയുടെ മണൽപ്പരപ്പിൽ പെയ്തിറങ്ങിയ മഴയായിരുന്നു സോളമൻ .. പെയിന്റിങ്ങിൽ വിസ്മയം തീർക്കുന്ന മാന്ത്രികൻ ..
" ശരിയാണ് വല്യമ്മച്ചീ , പുള്ളിയുടെ സന്തോഷം മുഴുവനും ചിത്രമെഴുത്തിലും കൂട്ടുകാരിലുമായിരുന്നു . നട്ടപ്പാതിര വരെ കൂട്ടുകൂടലും കുടിയും ചർച്ചകളും .
ഈയിടെയായി ചിത്രംവര പാടെ നിന്നു. വെറും കൂട്ടുകൂടൽ മാത്രം .കൂട്ടുകാരുടെ കണ്ണുകൾ എന്നിലേക്ക് നീണ്ടതോടെ ഞാൻ അവിടംവിട്ടു ഹോസ്റ്റലിൽ താമസമാക്കി .ജോലിയുള്ളത് കൊണ്ട് സമാധാനമായി ജീവിക്കുന്നു."
''ഭാര്യാഭർതൃ ബന്ധത്തിന്റെ അടിസ്ഥാനമെന്താന്ന് കൊച്ചിനറിയാമോ...?"
"പരസ്പരവിശ്വാസം ... "
വല്യമ്മച്ചി ഒന്നിരുത്തി മൂളി,
"അങ്ങിനെ വിശ്വസിച്ചോണ്ടിരുന്നാൽ ഇത്പോലെ ആവും ...ഭാര്യാഭർത്താക്കന്മാർ രണ്ടല്ല ഒരു ശരീരമാണ് എന്ന് വായിച്ചിട്ടില്ലേ ... ഭർത്താവ് സിംഹമാണേൽ നീ നല്ല മാൻപേടയാവണം . എങ്കിലേ വേട്ട നടക്കൂ .. സിംഹത്തിനെ വേട്ടയാടുന്ന മാൻപേട. ...! ഏതവനാണേലും താനെ വന്നോളും .....!"
അന്നയൊന്നു ചിരിച്ചു. .. "വേട്ടമടുത്തിട്ടാവുമല്ലേ .. പുതിയ മേച്ചിൽപ്പുറങ്ങൾ തേടുന്നത്. ..? "
"പുതിയ കാലം .നിങ്ങളൊക്കെ
എടുത്തുചാട്ടക്കാരും ...കൊച്ചിനറിയാമോ, ഭാര്യയുണ്ടങ്കിലേ ഒരാൾ ഭർത്താവാകുന്നുള്ളൂ .അല്ലെങ്കിൽ ഒരു വെറും പുരുഷനല്ലേ ..? ഈ മാളിയേക്കൽ തറവാടിനൊരു ചരിത്രമുണ്ട് .എന്താന്നറിയ്യോ .. ഇവിടെ പുരുഷസന്താനങ്ങൾ ഉണ്ടാവുന്നേയില്ല. അധിക തലമുറയിലും ഒറ്റമോൾ മാത്രം .ഇപ്പോഴുമങ്ങിനെത്തന്നെ. ഞാനും മറിയയും ലില്ലിയും ...! ഇനിയെന്താവുമെന്ന് കർത്താവിനറിയാം "
ലില്ലിയ്ക്ക് കുട്ടികളുണ്ടാവത്തതിൽ വലിയ വിഷമമുണ്ടെന്ന് അന്നയ്ക്കറിയാം. വിവാഹം കഴിഞ്ഞിട്ട് രണ്ട് രണ്ടര വർഷത്തോളമായി .. ഭർത്താവ് മാത്യൂസ് നേവിയിൽ ഉദ്യോഗസ്ഥനാണെന്നതും, ഈയടുത്ത് ലില്ലിയ്ക്ക് ജോലി കിട്ടുന്നതുവരെ അവരൊന്നിച്ച് വിശാഖപട്ടണത്തായിരുന്നുവെന്നതും ലില്ലി പറഞ്ഞതവളോർത്തു.
ഒരു കുഞ്ഞുണ്ടാവുന്നത് വൈവാഹിക ജീവിതത്തിൽ അത്ര പ്രധാന്യമുള്ളതാണോ ..? അന്ന അലസമായി ചിന്തിച്ചു.
അവളുടെ ചിന്തകൾക്കു മേലെ വല്യമ്മച്ചിയുടെ ശബ്ദം പതിഞ്ഞു.
"അവളുടെ കെട്ടിയോൻ അടുത്താഴ്ച ലീവിന് വരുന്നുണ്ട് ... ഇവിടടുത്തുള്ള ഡോക്ടറെ കുറേയായി കാണിക്കുന്നു .ഇന്നും പോവാനുണ്ട്, അവര് ഡോക്ടറെ കണ്ടേച്ചേ വരത്തുള്ളു. എന്താവുമെന്തോ...? ഒരു കുഞ്ഞിക്കാല് കാണാതെ
പോവേണ്ടിവരുമെന്നാ തോന്നുന്നേ ... പെണ്ണെങ്കിൽ പെണ്ണ് .ഒന്നുണ്ടായ്യേച്ചാ മതിയാർന്നു. ..... "
"എല്ലാം ശരിയാവുമെന്നേ ... വല്ല്യമ്മച്ചിക്ക് ലാളിക്കാൻ ഒരു കൊച്ചുമോൻ തന്നെ വരും,
ചരിത്രങ്ങളൊക്കെ മാറും .."
"വേണ്ട കൊച്ചേ ..ചരിത്രം ഒക്കെ
അങ്ങിനെത്തന്നെ നിന്നോട്ടെ .. അതാ ഒരു കണക്കിന് നല്ലത് , ഒരിക്കലത് ഞാൻ മാറ്റിമറിച്ചിരുന്നു."
വിദൂരതയിലേക്ക് മിഴികളെറിഞ്ഞ് വല്യമ്മച്ചി ദീർഘമായി ഒന്നു നിശ്വസിച്ചു .
"എനിക്ക് ആദ്യം പിറന്നത് ഒരു പുത്രനായിരുന്നു. ...! പത്രോസ് ...,
മാളിയേക്കൽ തറവാട് ഒരുപാടാഘോഷിച്ച ജനനം .. നിനക്കറിയാമോ ...റാഹേൽ എന്ന എന്റെ പേര് പോലും പിന്നീട് ഞാൻ കേട്ടിട്ടില്ല ,എല്ലാവർക്കും ഞാൻ
പത്രോസമ്മച്ചിയായി. ...പക്ഷെ ...!"
ഒരിളം കാറ്റ് വല്യമ്മച്ചിയുടെ സജലനേത്രങ്ങളിലേക്ക് ആർദ്രമായൊന്നെത്തി നോക്കി.
വല്യമ്മച്ചി വല്ലാതെ സങ്കടത്തിലായെന്നറിഞ്ഞ അന്ന അവരെ ചേർത്തു പിടിച്ചു. .. "വല്യമ്മച്ചി ഒന്ന് വിശ്രമിക്ക് അപ്പോഴേക്കും ഞാൻ കുളിക്കട്ടെ ... "
കുളിക്കിടയിലും അന്നയുടെ മനസ്സിൽ അമ്മച്ചി പറഞ്ഞ കാര്യങ്ങളായിരുന്നു. ജീവിതം, ജീവിച്ചു തന്നെ തീർക്കണമെന്നറിയാഞ്ഞിട്ടില്ല ...പക്ഷെ ...!
പിന്നീടുള്ള ദിവസങ്ങളിൽ മനസ്സിൽ നിറഞ്ഞ സങ്കീർത്തനങ്ങൾ അവളേറ്റുപാടി ..
ആറ്റുനോറ്റുണ്ടായ ഒരാൺകുട്ടിയേ ചെറുപ്പത്തിലേ നഷ്ടപ്പെട്ട ഒരമ്മ .. അവന്റെ പേര് ചേർത്ത് തന്നെ വിളിക്കുന്നതിൽ അവർ കണ്ടെത്തുന്ന ആനന്ദം .
ജീവിക്കണം ..... തിരിച്ചു പിടിക്കണം പലതും .. തന്റെ മാത്രം
ശരികളെക്കുറിച്ചല്ലാതെ സോളമന്റെ പ്രശ്നങ്ങളെക്കുറിച്ച് താനിതുവരെ ചിന്തിച്ചില്ലല്ലോ
എന്നവളോർത്തു.
അടുക്കിവെച്ച പാളികൾ ഓരോന്നായി അവളടർത്തിമാറ്റി .
ജീവിക്കണമെന്ന ഉറച്ച വിശ്വാസത്തോടെ കല്ലാനോട് നിന്നും ബസ്സു കേറി നേരെ ചെന്നത് പേരാവൂർക്കാണ് .
അപ്പന്റെയും അമ്മയുടേയും സ്നേഹം ആവോളമാസ്വദിച്ച് അവൾ അവരുടെ അന്നക്കൊച്ചായി മാറി .. ജോസഫിനും ഷേർളിയ്ക്കും സന്തോഷത്തിനതിരില്ലായിരുന്നു. സ്വന്തമല്ലെങ്കിലും ആ അമ്മയുടെ സാന്ത്വനച്ചൂടിൽ അവളലിഞ്ഞു ചേർന്നു.
ഗ്രീഷ്മ താപത്തിൽ ഉണങ്ങി വരണ്ട പുൽപ്പുറങ്ങളിൽ പ്രതീക്ഷയുടെ പുതുനാമ്പുകൾ അവൾക്കായി മെത്തയൊരുക്കി. സ്വസ്ഥതയുള്ള വെള്ളത്തിനരികിലേക്ക് അന്ന നടന്നു.... തന്റെ പ്രാണനെത്തണുപ്പിച്ച്
നീതി പാതകളൊരുക്കിയ തിരുനാമങ്ങൾ അവൾ നിത്യേന ഉരുക്കഴിച്ചു.
അടർന്നുവീഴാനൊരുങ്ങിയ ശിലാഖണ്ഡങ്ങളിൽ താമസംവിനാ കാലത്തിന്റെ കൈയ്യൊപ്പു പതിയാൻ തുടങ്ങി.
അന്ന ഇന്നൊരു യാത്രയിലാണ് , മുനയൊടിഞ്ഞ ദിശാസൂചികകൾ
എടുത്തുമാറ്റി വ്യക്തമായ ലക്ഷ്യം തേടിയുള്ള യാത്ര.... കഴിഞ്ഞ ഒന്നര വർഷം കൊണ്ട് തിരിച്ചുപിടിച്ച തന്റെ ജീവിതം കൈപ്പിടിയിൽ മുറുക്കെപ്പിടിച്ചുള്ള ആ യാത്രയിൽ അവൾക്ക് കൂട്ടായി സോളമനുമുണ്ട് .
'ബേബി ഓൺ ബോർഡ് ' എന്ന സ്റ്റിക്കറിൽ വെയിൽ തന്റെ മായാജാലം തീർക്കുന്ന അവരുടെ കാർ മാളിയേക്കൽ തറവാടിന് മുന്നിലെ പാടത്തിന് സമീപം നിന്നു. ലില്ലി അവരെ സ്വീകരിക്കാൻ പടിപ്പുരയിൽ നിൽപ്പുണ്ടായിരുന്നു . പൂർണ്ണമാവാത്ത തന്റെ നിയോഗങ്ങൾ അവളുടെ മുഖത്ത് നിരാശയുടെ മേലാപ്പ് ചാർത്തിയിരിക്കുന്നത് അന്ന ശ്രദ്ധിച്ചു.
അന്നയെ കണ്ട വല്യമ്മച്ചി കുറേ നാളുകൾക്ക് ശേഷം മനം നിറയേ ഒന്നു പുഞ്ചിരിച്ചു .. പ്രതീക്ഷകളുടെ അലയൊളികൾ ഒരു വൻതിരയായി ആർത്തലച്ചു വന്നടിഞ്ഞ തീരംപോലെ വിജനമായ ആ മിഴികളിൽ അന്ന ആർദ്രമായി ഒന്നു ചുംബിച്ചു. തന്റെ മാറിൽ ചേർന്നുറങ്ങുന്ന കുഞ്ഞിനെ വല്യമ്മച്ചിയുടെ മടിയിൽ പതിയേ കിടത്തി ...
ഇളം ചൂടിന്റെ മൃദുല സ്പർശം അവരെ
തരളിതയാക്കി .ഉറക്കമുണർന്ന കുഞ്ഞ് ഒന്നു ചിരിച്ചു. അവരാ കുഞ്ഞിന്റെ നെറുകയിൽ മൃദുവായിത്തലോടി.
"എന്നതാ ഇവന്റെ പേര് ...? " ആ കുഞ്ഞു മുഖത്ത് നിന്നും നോട്ടം പിൻവലിക്കാതെ വല്യമ്മച്ചി ചോദിച്ചു.
"പത്രോസ് ....!" നിറഞ്ഞ നിശ്ശബ്ദതയെ തച്ചുടച്ച് അന്നയുടെ സ്വരം മാളിയേക്കൽ തറവാട്ടിൽ പ്രതിധ്വനിച്ചു.
ആർദ്രമായ മിഴികളോടെ വല്യമ്മച്ചി ആ കുഞ്ഞിനെ തുരുതുരാ ഉമ്മകൾ കൊണ്ട് പൊതിഞ്ഞു.
വിളഞ്ഞനെല്ലിന്റെ മണവും പേറി എവിടെ നിന്നോ ഒരിളംകാറ്റ് ആ ഉമ്മറത്ത് വന്ന് വീണുടഞ്ഞു. പ്രതീക്ഷയുടെ കൊയ്ത്തുപാട്ടുകൾക്കായി താളം പിടിച്ച പ്രകൃതിയിൽ സർവ്വവല്ലഭയായ മദ്ധ്യസ്ഥയുടെ കൃപാകടാക്ഷങ്ങൾ അലയടിച്ചു.
 
ദൃക്സാക്ഷി
യൂസഫ് നടുവണ്ണൂർ

സഞ്ജയാ
ഞാനിവിടെ ഒറ്റയ്ക്കാണ്
താങ്കൾ പറഞ്ഞ കഥ
ഒന്നിച്ചിരുന്ന് കേട്ട് കണ്ണീർ വാർത്തവർ
കൂട്ടം തെറ്റി
വെളിച്ചത്തിന് പുറത്തു കടന്നു.
ഇരുളും വെളിച്ചവും ഇണചേരുന്ന
ഈ ഇടനാഴിയിലൂടെ
കബന്ധങ്ങളിഴഞ്ഞു വരുന്നുണ്ട്
കാറ്റ് മുമ്പെങ്ങുമില്ലാത്തൊരു
മുഴക്കത്തോടെ
നിഴലുകളെ ചലിപ്പിക്കുന്നു.
കുറുനരികളും കഴുകൻമാരും
ഇന്നീ കളത്തിന് പുറത്തല്ല!
സഞ്ജയാ -
ഏതു യുദ്ധഭൂമിയുടെ
നനവിലാണ്
താങ്കളിപ്പോൾ
കാഴ്ചകൾ വിരിയിച്ചെടുക്കുന്നത്?
ഏതസ്ത്രം കൊയ്തെടുത്ത ശിരസ്സിലാണ്
കാലമർത്തുന്നത്?
ഏതു വാളരിഞ്ഞെടുത്ത നാവാണ്
താങ്കളെ കൊതിപ്പിക്കുന്നത്?
ബംഗാളിൽ നിന്നിപ്പോൾ
ഒരു വാർത്തയുമില്ല!
എല്ലാ വഴികളും
ബംഗാളിലേക്കായിരുന്നല്ലോ!
അവ ഇഴഞ്ഞിഴഞ്ഞു ചെന്ന്
പെറ്റുപെരുകിയതറിഞ്ഞില്ലേ?
താങ്കളുടെ
മൂന്നാം കണ്ണ് തിമിരം കേറി
കറുത്തു പോയതും
കടന്നു കയറിയ
കാഴ്ചകൾ
വിഷം തീണ്ടി നീലിച്ചതും
സഞ്ജയാ
ഒരുൾക്കിടിലത്തോടെ
ഞാൻ കാണുന്നുണ്ട്.
കണ്ണുപൊട്ടനായ യജമാനന്
ചോരയിലെഴുതിയ കഥ
വിവരിച്ച് രസിക്കുമ്പോൾ
കാലരഥയാത്രയിൽ
വെയിൽ വിറങ്ങലിച്ചു നരച്ചതും
നിലാവ് മേഘക്കാട്ടിലൊളിച്ചതും
കിളികൾ പാട്ടു മറന്നതും
താങ്കളറിഞ്ഞിട്ടേയില്ല!
സഞ്ജയാ
നിണമിറ്റി വീഴുന്ന
താങ്കളുടെ കഥ
ഞങ്ങൾ മൂളി കേൾക്കണമെന്ന്
ഇനിയും വാശി പിടിക്കല്ലേ...!
 
കറുപ്പിൽ ചില വീണ്ടു വിചാരങ്ങൾ
അമൃത.ടി.എസ്

എന്റെ കറുപ്പിന്
കറുപ്പിത്തിരി കുറവായിരുന്നു
ക്രയോൺ പെട്ടികളിൽ
ഞാൻ കറുപ്പ് മാത്രം
തിരഞ്ഞു കൊണ്ടിരുന്നു,
എന്റെ കറുപ്പിനെ
വീണ്ടും കറുപ്പിക്കാൻ
എന്റെ കണ്ണിന്
ഒരു പൂച്ചയുടെ
സ്വഭാവമായിരുന്നു,
പൂച്ചയുറക്കവും
ഇരുട്ടിൻ മിന്നലും
എന്റെ തലമുടി
എല്ലായ്പ്പോഴും
വെയിലേൽക്കുമ്പോൾ
വൈകുന്നേരത്തെ
ആകാശം പോലെ
വെട്ടിത്തിളങ്ങി
ഒരു ചെറിയ
കാറ്റടിക്കുമ്പോഴേക്ക്
തൂവെള്ളയല്ലാത്ത
എന്റെ തൊലിപ്പുറത്ത്
തവിട്ടു രോമങ്ങൾ
കച്ചകെട്ടി എണീറ്റു നിന്നു
എന്തിനേറെ പറയുന്നു
കറുപ്പെന്നു ഞാൻ കരുതിയ
എന്റെ ഹൃദയത്തിൽ  പോലും
ചില വെളുത്ത പാടുകൾ
കണ്ടുപിടിക്കപ്പെട്ടു
അല്ലെങ്കിൽ,
ഇപ്പോഴെന്തിനാണ്,
ഞാൻ കാലത്തെയെണീറ്റ്
ജനലിലൂടെ മുഖത്തടിക്കുന്ന
വെളുത്ത പ്രകാശവും നോക്കി
ഇതെല്ലാമെഴുതുന്നത് ???
കറുപ്പിനെ വീണ്ടും വീണ്ടും
കറുപ്പിക്കാൻ
കറുത്ത ചായപ്പെൻസിലുകൾ
തേടി നടന്നു കൂടെ ??
അതിനെങ്കിലും,
രാത്രിയെ കൂട്ടു വിളിക്കാതെ !!

ഇരട്ട നാളങ്ങൾ
ഫർസാന അലി

ഒരു തീ നാളത്തിൽ നിന്നും രണ്ടായിപ്പിരിഞ്ഞ് ഒടുക്കം ഒന്നായിമാറി പരസ്‌പരം പടർന്നു പിടിക്കുന്നവർ! ഓരോ ആത്മാവിലേക്കും ജീവനൂതി ഈ ഭൂമിയിലേക്ക് അയക്കും മുൻപേ ദൈവം ആത്മാക്കളെ രണ്ടു പാതിയായി ചീന്തും. ഓരോ പാതിയും മറുപാതിയെ തേടി ഭൂമി മുഴുവൻ ഉഴറി നടക്കും. അതൊരു സ്വബോധത്തോടെയുള്ള പ്രക്രിയയല്ല പലരിലും. പക്ഷെ, ആത്മാവിന്റെ മറുപാതിയെ കണ്ടെത്തിയാൽ മാത്രമേ ജീവിതം സമ്പൂർണ്ണമാവൂ എന്നത് എന്നെ പോലെ ചിലർക്കെങ്കിലും ആദ്യമേ മനസ്സിലാക്കാൻ കഴിയുമായിരിക്കും.
ആ മറുപാതിയെ ഈ ഭൂമിയിൽ വച്ചു കണ്ടെത്താനാവുന്നവർ എത്ര ഭാഗ്യവാന്മാർ!
അത് അപൂർണ്ണമായൊരു വരി പൂർത്തിയാക്കും പോലെയാണ്..
ഇരു ദിശകളിലേക്ക് ഒഴുകുന്ന നദികൾ എവിടെയോ വച്ച് അപ്രതീക്ഷിതമായി ഇണ ചേർന്ന് ഒന്നായി മാറുംപോലെയാണ്..
ജീവന്റെ രണ്ടു അടരുകൾ പരസ്പരം ഇടകലരുന്ന അനുഭൂതിയാണ്..
ഞാൻ നിന്നിലും നീ എന്നിലും ലയിച്ചു നാമാവുന്ന നിമിഷമാണ്..
ഹൃദയത്തിലൂടെയുള്ള വിദ്യത് തരംഗങ്ങളാൽ രണ്ടാത്മാക്കൾ പരസ്പരം ബന്ധിക്കപ്പെടുന്നത് കാലത്തിനോ സമയത്തിനോ പോലും തടസപ്പെടുത്താൻ അസാധ്യമായ പ്രക്രിയയാണ്.

പ്രണയപ്പെയ്ത്ത് 
ശ്രീലാ അനിൽ
ഒരുവൾക്ക് ഭാരങ്ങളില്ലാതാകുന്നത്
പ്രണയ മഴയിൽ
 കുതിരുമ്പോഴാണ്    
അവളുടെ കണ്ണുകളിൽ
നോക്കിയാലറിയാം
അവിടം പ്രണയപ്രകാശത്തിൽ പൂക്കുന്നത്    
ഓരോ ചലനങ്ങളിലും വല്ലാത്തൊരു ഉല്ലാസം ഒളിച്ചിരിക്കും,, 
ശ്വാസം പോലും അലസമാവും
ഹൃദയത്തിന്റെ സ്നേഹ  നിമിഷങ്ങൾക്കായി
എത്ര സമയം കളയാനും
അവൾ സന്തോഷത്തോടെ തയ്യാറാക്കും
ഓരോ ചിരിയും പൊഴിഞ്ഞു വീഴുകയാവും
ഓരോ വാക്കും സുഗന്ധം വഹിക്കും
നിന്നെ പൊതിയുന്ന നോട്ടങ്ങളിൽ പോലും കവിത വിരിയും
കലപില പറച്ചിലുകൾ മൃദു മന്ത്രണങ്ങളാകും,,,
നേർത്ത് നേർത്തവ മധുരമായ ഗസലായലിയും
കാത്തിരുന്നു കാത്തിരുന്നു മുഷിഞ്ഞാലും
കാണുന്ന മാത്രയിൽ പിന്നെയും കടമ്പായവൾ പൂത്തിരിക്കും
 അത്തിമരപ്പൊത്തിൽ
 പ്രണയം ഉരുക്കിയ ഹൃദയം ഒളിപ്പിച്ചെന്ന രീതിയിൽ
 അവൾ കുറുമ്പുകാട്ടിയാൽ
 പേടിക്കേണ്ട
 പിന്നെയൊരു പെയ്ത്തിൽ
 എല്ലാമവൾ കടപുഴക്കിയിരിക്കും

Comments