18-01-20

ഇതാണ് ഞാൻ...
ആത്മായനം
ജസീന റഹീം

എം.ഇ.എസിൽ പഠിപ്പിക്കുന്നതിനെക്കാൾ ഞാനേറെ ഇഷ്ടപ്പെട്ടത് വിദ്യാനികേതനിൽ പഠിപ്പിക്കുന്നത് തന്നെയായിരുന്നു.. എല്ലായിപ്പോഴും മൂടിക്കെട്ടി കനം വച്ച  എം.ഇ.എസിലെ അന്തരീക്ഷവുമായി പൊരുത്തപ്പെടാൻ ഞാനങ്ങേയറ്റം ശ്രമിക്കുകയായിരുന്നു.. സ്കൂളിലെ ആയയും സ്കൂൾവണ്ടി ഓടിക്കുന്ന ഡ്രൈവറും മുതൽ സെക്രട്ടറി വരെയുള്ളവർ സദാ ഞങ്ങൾ അധ്യാപകരെ നിരീക്ഷിക്കുന്നതായി എനിക്കനുഭവപ്പെട്ടു.. ഒന്നുറക്കെ ചിരിക്കാനോ പരസ്പരം സംസാരിക്കാനോ പോലും  ഞങ്ങൾ ഭയപ്പെട്ടു... അതിനെക്കാൾ ബുദ്ധിമുട്ട് മലയാളം കൂടാതെ സബ്ജക്ടുകളും കൈകാര്യം ചെയ്യേണ്ടി വന്നതായിരുന്നു.
     വിദ്യാനികേതനിലാകട്ടെ സുഹൃത്തുക്കളും സമപ്രായക്കാരും സമാനമനസ്കരുമായ ഒരു കൂട്ടം ചെറുപ്പക്കാർ.. ക്ലാസ്സില്ലാത്ത ഇത്തിരി നേരങ്ങളിൽ ഞങ്ങൾ ഉറക്കെ വർത്തമാനം പറയുകയും മനസു തുറന്ന് ചിരിക്കുകയും ചെയ്തു. മനുവിന്റെയും ഗോപൻ സാറിന്റെയുമൊക്കെ മേൽനോട്ടത്തിൽ വിദ്യാനികേതന്റെ ആദ്യ വാർഷികം ഇളമ്പള്ളൂർ ഗുരുദേവ ആഡിറ്റോറിയത്തിൽ വച്ച് വളരെ ഗംഭീരമായി നടന്നു.. അന്ന് യക്ഷിയായി രംഗം കൊഴുപ്പിച്ച രശ്മിയെ വർഷങ്ങൾ കഴിഞ്ഞ് ടീച്ചറായാണ് കണ്ടത്.. അന്നത്തെ പല കുട്ടികളെയും പിന്നീട് വർഷങ്ങൾ കഴിഞ്ഞ് പലയിടങ്ങളിൽ വച്ച് കണ്ടുമുട്ടി.. എം.ഇ.എസിലെ റമീസ ഖാത്തൂൻ എന്ന മിടുക്കിയെ.. കാനഡയിലേക്ക് പറന്ന സിൻസി .. ഷമീർ.. ചന്തു പ്രസാദ് അങ്ങനെ പലരേയും .. കാലങ്ങൾ കഴിഞ്ഞ് സോഷ്യൽ മീഡിയയിൽ കണ്ടു.
          ഇതിനിടക്ക് ഇടുക്കി ജില്ലയിൽ മലയാളം എച്ച്.എസ്.എ പരീക്ഷയുടെ ഹാൾ ടിക്കറ്റ്  പി.എസ്.സി അയച്ചു..
************************
 ചേർച്ച
ശ്രീലാ അനിൽ
അത്ര നാൾ ഇവിടെയീ ഞാനും
പിന്നെവിടെയോ നീയും
കാണാതെ, അറിയാതെ
കാത്തിരുന്നെപ്പൊഴോ
ഏതോ യദൃശ്ചമാം ജീവിതപ്പാതയിലേതോ തുരുത്തിൽ നാം ചേർന്നു വെന്നോ
ഏതു ജന്മാന്തര ബന്ധമെന്നറിയാതെ
പരസ്പര പൂർണത തേടിയെന്നോ?
വീണതൻ തന്ത്രിയിൽ വിരൽ തൊട്ടു
മീട്ടുന്നൊരനുപമഗീതമായ്
മാറാൻ
 ചേരാത്ത ശ്രുതികളെ ഒരുമിച്ചു മൂളി നാം
 ഒരേ താളമാക്കാൻ
 എത്ര മൗനരാഗങ്ങൾ
 
പാടിയെന്നോ?
തീവ്രാനുരാഗം നിറയുന്നൊരെത്രയോ
മാത്ര നാം മുഗ്ദ്ധരായ്
പൂർണത തേടും ലയഭംഗിയായ്
 പേരറിയാത്തൊരേതോ
  ഉന്മാദമായ്
  തീഷ്ണമാമേതോ ഗന്ധമായെന്നിൽ നിറഞ്ഞുവെന്നോ?
ഞാനെന്ന ശൂന്യത
അർഥങ്ങൾ തെരയുന്ന,
പ്രിയം നിറയ്ക്കുന്ന, നിമിഷളത്രയും നിൻ സാന്നിദ്ധ്യധാരയാൽ
സാർഥകമാകുന്നോ
ധന്യമായ് മാറുന്നോ?
ഒരാളോടൊരാളെ കൊരുത്തു
കെട്ടുന്നൊരാ
നിത്യമാം സത്യത്തെ
യിത്രനാളും,,,
മായാപ്രപഞ്ചമേ,, കർമ്മബന്ധങ്ങളെ,,
പേർത്തും കുരുക്കിയോ
നമ്മിലൂടെ?
************************
മരട്
ലാലൂർ വിനോദ്
രതിവേഗമാർന്നൊടുവിൽ
അലകളൊടുങ്ങിയപ്പോൾ
കായൽപെണ്ണവളിന്നാദ്യം
ഋതുമതിയായ്..
നിലാവിനെ ഭോഗിച്ച
സൗധങ്ങളുടെ നിശ്വാസം
അലിഞ്ഞില്ലാതായി..
അത്യാഗ്രഹത്തിന്റെ
ഭിത്തികളിൽ അവർ
നിറച്ചത് കരിമരുന്നല്ല
അവളുടെ ജീവൻരക്ഷ
മരുന്നുകളായിരുന്നു.
എത്രകിട്ടിയാലും
നിറയാത്ത മടിശ്ശിലയിൽ
കാലം നിറച്ചത് പ്രളയം..
വിഷലിപ്തമല്ലാത്ത
ജലംതേടിയൊരു തീർത്ഥ
യാത്രയാവാം ഇനി..
മരടിലലിഞ്ഞുചേർന്ന  കണ്ണീരിനേക്കാൾ
വലുതാണ് എന്റെ
കായൽപെണ്ണിന്റെ
ചാരിത്രശുദ്ധി..
************************ 
ജോഷിയുടെ സ്വർഗം
അമ്മു സന്തോഷ്

"നാളെ വിഷുവാണ് കേട്ടോ .നമ്മുടെ കല്യാണം കഴിഞ്ഞുള്ള ആദ്യ വിഷു. വേഗം വരണേ"
കീർത്തി  ജോഷിയുടെകവിളിൽ മെല്ലെ ഒന്ന് തൊട്ടു.
"ഇല്ലടി ലേറ്റ് ആവില്ല എത്ര വൈകിയാലും ഇന്ന് തന്നെ എത്തും .ഇന്ന് അമ്മച്ചിയുടെ ഓർമ  ദിവസമായത് കൊണ്ടാണ്. അല്ലെങ്കിൽ ഈ യാത്ര ഉണ്ടാകുമോ ?"
"എനിക്കറിയാം " കീർത്തി പതിയെ പറഞ്ഞു.
"അമ്മച്ചി എന്നെ കണ്ടിട്ടില്ല അല്ലെ ജോഷിച്ചായ ?അമ്മച്ചി ഉണ്ടായിരുന്നെങ്കിൽ ചിലപ്പോൾ എനിക്കും അവരുടെ ഒപ്പം താമസിക്കാമായിരുന്നു .അവരെയൊക്കെ അമ്മച്ചി പറഞ്ഞു സമ്മതിപ്പിച്ചേനെ അല്ലെ ?എനിക്കെന്തു ഇഷ്ടമാണെന്നോ  ഇച്ചായന്റെ പപ്പയെയും  അവരേം ഒക്കെ ?"
ജോഷിയുടെ കണ്ണ് ഒന്ന് നിറഞ്ഞു.
"വേഗം വരാം  "അവൻ ഇടർച്ചയോടെ പറഞ്ഞു.
പപ്പയ്‌ക്കോ ഇച്ചായന്മാർക്കോ തന്നോടൊരു ദേഷ്യവുമില്ലന്നു അവനു തോന്നി .ഏറ്റവും ഇളയതായതു കൊണ്ട് തന്റെ ഏതു തെറ്റും ക്ഷമയ്ക്കാനുള്ള ഒരു മനസ്സുണ്ടവർക്കു പണ്ടേ തന്നെ . അത് കൊണ്ട് മാത്രമാണ് അവരുടെ സമ്മതമില്ലാതെ കീർത്തിയെ വിവാഹം ചെയ്തിട്ടും അവർ തന്നോട് ക്ഷമിച്ചത് .പക്ഷെ അംഗീകരിക്കാത്തത്  അവളെയാണ്. സ്നേഹിക്കാത്തതും പൊറുക്കാത്തതും  അവളോടാണ് .അവളുടെ വീട്ടുകാരോ പടിയടച്ചു അവളെ പിണ്ഡം വെച്ച് കഴിഞ്ഞു .സത്യത്തിൽ  അവൾക്കാണ് ആരുമില്ലാതെ പോയത് .
"നിന്റെ പെണ്ണിന് സുഖമാണോ ?"
ഇടയ്ക്കു എപ്പോളോ പപ്പയുടെ പക്കൽ നിന്ന് ചോദ്യമുണ്ടായി.
അവനൊന്നു മൂളി.
"ഞാൻ കണ്ടിട്ടില്ല ഇത് വരെ .നിന്റെ ഇച്ചായൻ ഒരിക്കൽ  മൊബൈലിൽ ഫോട്ടോ  കാട്ടി. പക്ഷെ ക്ലിയർ ആയില്ല "
അവൻ മൊബൈൽ എടുത്തു തന്റെ ഫോണിലെ ചിത്രങ്ങൾ കാണിച്ചു കൊടുത്തു
"ഇവൾക്ക് നിന്റെ അമ്മച്ചിയുടെ ഒരു ഛായ ഉണ്ട് അല്ലിയോടാ ? ചെറുപ്പത്തിൽ ആനി കൊച്ചും  ഏകദേശം ഇത് പോലെ ആയിരുന്നു ..അവളുടെ അപ്പൂപ്പന്മാരൊക്കെ നമ്പൂതിരിമാരാണെന്നു അവളെപ്പോഴും  പറയും .ഞാൻ അവളെ അപ്പൊ കളിയാക്കും .ഇവളും നമ്പൂതിരിക്കോച്ചാ അല്ലിയോ ?"
ജോഷി തലയാട്ടി
"അവളുടെ വീട്ടുകാര് വരാറുണ്ടോ ?"
"ഇല്ല "
"സഹിക്കാൻ പറ്റുമോ ?അവരെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല .കണ്ണേ,പൊന്നെ എന്ന് വളർത്തിയ മക്കൾ ഒരു ദിവസം നമുക്കങ്ങു അന്യരാകുമ്പോൾ,  നമ്മുടെ ഇഷ്ടമൊന്നും അവരുടെ ഇഷ്ടം അല്ലാതാകുമ്പോൾ, നമ്മുടെ വിശ്വാസങ്ങൾ ഒക്കെ തട്ടിത്തെറിപ്പിച്ചു വേറെ ഒരാൾക്കൊപ്പം പോകുമ്പോൾ,  നെഞ്ചു പൊട്ടുമെടാ കൂവേ ..അവള് വളർന്നത്,  മുട്ടിലിഴഞ്ഞത് , അവളുടെ പാല്മണം മാറാത്ത ഉമ്മകള് ഒക്കെ ചങ്കിനകത്തു ഇങ്ങനെ കിടന്നു ..."പപ്പയുടെ ശബ്ദം ഒന്നിടറി
"എനിക്ക് പെങ്കൊച്ചുങ്ങളില്ല. പക്ഷെ എനിക്കറിയാം  അതൊക്കെ "പപ്പാ ദീർഘനിശ്വാസം എടുത്തു.
"ഞാൻ അവളുടെ അച്ഛനെ ചെന്ന് കണ്ടിരുന്നു പപ്പാ. അവളുടെ വീട്ടിൽ പോയി
 എല്ലാവരുടെയും കാല്  പിടിച്ചു നോക്കി ..ആട്ടിയിറക്കി എന്നെ ..സ്നേഹം ഒരു തെറ്റാണോ പപ്പാ?  "
"ഈ ചോദ്യത്തിനു പപ്പയുടെ കയ്യിൽ ഉത്തരമില്ല ജോ. ചില ശരികൾ തെറ്റാണ്.. ചിലപ്പോഴെങ്കിലും "പപ്പാ വിളറി ചിരിച്ചു.
വീട്ടിൽ വന്നപ്പോൾ സന്ധ്യയായി. വിളക്ക് തെളിയിച്ചിട്ടില്ല.
"കീർത്തി "അവൻ നീട്ടി വിളിച്ചു.
പടിക്കെട്ടുകൾക്കു താഴെ അവൾ ബോധമറ്റു കിടക്കുന്നതു കണ്ടു നടുക്കത്തോടെ അവനോടി അവൾക്കരികിലെത്തി
തല പൊട്ടി രക്തം വർന്നിട്ടുണ്ട് .
വേഗം ആശുപത്രിയിലെത്തിച്ചു.
"നല്ല ശക്തിയുള്ള വീഴ്ചയാണല്ലോ ജോ "ഡോക്ടർ അലക്സ്‌ പറഞ്ഞു.
"ഞാൻ ഇല്ലായിരുന്നു വീട്ടിൽ. "അവന്റെ  ശബ്ദം തളർന്നു പോയി.
സ്കാൻ റിപ്പോർട്ടിലൂടെ  ഒന്ന് കണ്ണോടിച്ചു ഡോക്ടർ.
"കുറച്ചു പ്രശ്നം ഉണ്ടല്ലോ ജോ ..ഈ വീഴ്ചയല്ല പ്രശ്നം.ആക്ച്വലി അതെന്താണ് വെച്ചാൽ കീർത്തിയുടെ  തലയ്ക്കുള്ളിൽ ഒരു ട്യൂമർ വളരുന്നുണ്ട് കുറച്ചു വലുതാണ് .സർ ജറി വേണം .പെട്ടെന്ന് തന്നെ "
ജോഷിക്ക് തന്റെ ശരീരത്തിന് ബലമില്ലെന്ന് തോന്നി .കേട്ടതൊന്നും ശരിയല്ല .താൻ എന്തോ സ്വപ്നം കാണുകയാണ്.
"ഞാൻ ജോഷിയുടെ പപ്പയെ വിളിച്ചു പറയട്ടെ ?"
ജോഷി അതിനു മറുപടി പറയാതെ എഴുന്നേറ്റു .ഇതിപ്പോൾ തന്നെ പപ്പാ അറിയും കാരണം ഇത് പപ്പയുടെ ഹോസ്പിറ്റൽ ആണ് .ഇവിടേയ്ക്ക് കൊണ്ട് വന്നതും  അത് കൊണ്ട്  തന്നെ .
"നിനക്കൊട്ടും മനഃശക്തിയില്ലല്ലോ  മോനെ.  നീ ആനികൊച്ചിന്റെ മകൻ തന്നെയാണോ ?"
പപ്പാ അവനെ നെഞ്ചോട്  ചേർത്ത് ചോദിച്ചു.
"അവളില്ലാതെ ഞാൻ എന്തിനാ പപ്പാ? എനിക്ക് അവളെ വേണം
ഒന്നും ആവാതെ.. പ്ലീസ് പപ്പാ "അവൻ വിങ്ങി കരഞ്ഞു.
"പപ്പ ഏറ്റെടാ മോനെ "അയാൾ ഉറച്ച ശബ്ദത്തോടെ പറഞ്ഞു.
അത് ഒരു ഉറപ്പ് ആയിരുന്നു.
ഡോക്ടറുടെ മുഖത്ത് ഒട്ടും തെളിച്ചമുണ്ടായില്ല.
"സാർ ആ കുട്ടിയുടെ വീട്ടുകാരെ അറിയിക്കണം. നമ്മുടെ ഭാഗത്തു നിന്നു ഒരു വീഴ്ചയും ഉണ്ടാകരുത്.. വളരെ ഗുരുതരമായ കണ്ടിഷൻ ആണ് സാർ. രക്ഷപെട്ടു വന്നാലും ചിലപ്പോൾ പാരലൈസ്ഡ് ആവാൻ സാധ്യത കൂടുതൽ ആണ് "
പപ്പാ മെല്ലെ തലയാട്ടി.
അഡ്വക്കേറ്റ് ബാലസുബ്രഹ്മണ്യം അൽപനേരം അയാളെ നോക്കിയിരുന്നു.
"നോക്ക് മിസ്റ്റർ ഞങ്ങളെ സംബന്ധിച്ചിടത്തോളം കീർത്തി  മരിച്ചു കഴിഞ്ഞു. അതിന്റ കർമങ്ങളും കഴിഞ്ഞു. ഈ കാര്യം പറഞ്ഞു കൊണ്ട് ആരും വരണ്ട "
ദേഹത്തിന് തീ പിടിച്ച പോലെ അയാൾക്ക് തോന്നി. . കസേര പിന്നിലേക്ക് നീക്കി അയാൾ ചാടിയെഴുന്നേറ്റു
"താൻ.. താൻ ഒരു അപ്പൻ ..    ആണെടോ?സ്വന്തം മകൾ മരിക്കാൻ കിടക്കുമ്പോൾ... കഷ്ടം !എടോ ജനിപ്പിച്ചാൽ മാത്രം അച്ഛനാവില്ല. ചങ്കിനകത്തു ദേ ഇവിടെ അയാൾ നെഞ്ചിൽ ഒന്ന് തട്ടി.. ഇവിടെ എന്റെ കുഞ്ഞ് എന്നൊരു വിങ്ങൽ വേണം.. പൊറുക്കാൻ ഒരു മനസ്സും.തന്നോട് പറഞ്ഞിട്ട് ഒന്നും ഒരു കാര്യോമില്ല..
തനിക്കൊക്കെ എന്തിനാടോ വിദ്യാഭ്യാസം? വക്കീൽ ആണ് പോലും വക്കീൽ.. ഞാൻ കൊണ്ട് പോകുവാ അവളെ. എന്റെ മോൾ ആയിട്ട്. അവകാശം പറഞ്ഞോണ്ട് പിന്നെ ഒരുത്തനും എന്റെ പടി ചവിട്ടിയെക്കരുത്  "
പിന്നെ അയാൾ വാതിൽ തുറന്നു ഇറങ്ങി നടന്നു.
ആനിയുടെ കുഴിമാടത്തിനരികിൽ അയാൾ മുട്ടുകുത്തി.
"ആനി കൊച്ചേ നാളെ അതിന്റ ഓപ്പറേഷൻ ആണ്. ഒരു പാവം കൊച്ചാ. ആരൂല്ല  അതിന്. നമ്മളൊക്കെയേ ഉള്ളു. എന്തിനാ ഇതൊക്കെ പറയുന്നത് എന്ന് വെച്ചാൽ നിന്റെ ഒരു നോട്ടം വേണം അവിടെ.. ഓപ്പറേഷൻ തീയേറ്ററിൽ... അതുങ്ങളൊരുപാട് സ്നേഹിച്ചു പോയെടി. നമ്മൾ സ്നേഹിച്ചിരുന്ന പോലെ..മറ്റാർക്കും അറിയത്തില്ലെങ്കിലും നമുക്ക് അറിയാമല്ലോ കൊച്ചേ സ്നേഹിച്ചവർ പിരിഞ്ഞു പോകുമ്പോൾ ഉള്ള വേദന. നീയില്ലാതെ ഞാൻ ഉരുകുന്നത് നീ കാണുന്നതല്ലിയോ?  "അയാൾ മുഖം പൊത്തി വിങ്ങി  കരഞ്ഞു.
പിന്നെ മുഖം തുടച്ചു തുടർന്നു.
"കർത്താവിനോട് ഒന്ന് പറയണം കേട്ടോ. വലിയ തട്ട് കേടൊന്നും കൂടാതെ എന്റെ ചെറുക്കന് അതിനെ അങ്ങ് കൊടുത്തേക്കണം ന്നു. അതെന്താന്നു വെച്ചാൽ അവൻ കരയുന്നത് എനിക്ക് സഹിക്കാൻ മേലടി കൊച്ചേ.. "
അയാൾ ആ കല്ലറയിലേക്കു ശിരസ്സ് അണച്ചു വെച്ചു ഒരു സാന്ത്വനം കൊതിച്ചെന്ന പോലെ
************
പിന്നെ ഒരു വർഷം കഴിഞ്ഞ് വീണ്ടും ഒരു വിഷുക്കാലം
"വിഷുവിനു ശ്രീകൃഷ്ണൻ മാത്രം മതിയോ കൊച്ചേ?  നിങ്ങൾക്ക്  വേറെ ഒത്തിരി ദൈവങ്ങൾ ഇല്ലേ? "കീർത്തി പുഞ്ചിരിയോടെ പപ്പയെ നോക്കി
"ഈ പപ്പാ.. വിഷു കൃഷ്ണൻ സ്പെഷ്യൽ ആണ് പപ്പാ.. ""അല്ല പപ്പാ എന്നെ ഒന്നാക്കിയതാണോ? "
"എന്ന് വെച്ചാൽ? "
"അല്ല. ഞങ്ങള്ക്ക് ഒരു പാട് ദൈവങ്ങൾ ഇല്ലേ എന്ന് കളിയാക്കിയതാണോ? "
"എന്റെ കർത്താവെ ഈ കൊച്ചു പറയുന്നത് കേട്ടോടാ ജോഷിയെ മനസാ വാചാ കർമണാ..
"
കീർത്തി പൊട്ടിച്ചിരിച്ചു
"മതി മതി.. എന്റെ പപ്പാ പാവം ല്ലേ സ്വീറ്റ്. ഞാൻ വെറുതെ പറഞ്ഞതല്ലേ? "
ജോഷി അത് നോക്കി നിന്നു. പപ്പയും തന്റെ പ്രിയപ്പെട്ടവളും ചേർന്ന് കണിയൊരുക്കുന്നത്...
അവന്റെ കണ്ണ് നിറഞ്ഞു.
വേദനയുടെ തീക്കടൽ നീന്തി ഒടുവിൽ താൻ സ്വർഗത്തിൽ എത്തിയിരിക്കുന്നു. തന്റെ പെണ്ണും തന്റെ പപ്പയും താനും ഉള്ള ഈ കൂട്.. ഇതാണ് ഇത് മാത്രം ആണ് സ്വർഗം...
************************ 
കാഴ്ചകൾ
മുനീർ അഗ്രഗാമി

കുറെയാളുകൾ
മറ്റാരുടേയോ കാലുകളുമായ്
കടപ്പുറത്തിരിക്കുന്നു
തിരകളെ കുറിച്ച്
ആരും ഒന്നും സംസാരിക്കുന്നില്ല
കുറെ സ്ത്രീകൾ
തിളച്ചുതൂവി ആകാശങ്ങൾ
(അവകാശങ്ങൾ )
തേടി നടന്നു പോകുന്നു
വെയിലിനെ കുറിച്ച് അവർ
ഒന്നും മിണ്ടുന്നില്ല
ഒരാൾ
ഉറക്കം വരാതെ
 മറ്റൊരാളിൽ കിടക്കുന്നു
അയാൾക്ക് സ്വപ്നത്തെ കുറിച്ച് പറയാൻ
അടുത്താരുമില്ല
എല്ലാവരും
ഇനിയിങ്ങനെ ഇരിക്കാനാവുമോ
നടക്കാനാവുമോ
കിടക്കാനാവുമോ
എന്നു മാത്രം ചോദിക്കുന്നുന്നു
രണ്ടു കൊക്കുകൾ ഒരാമയെയും കൊണ്ട്
പറന്നു പോകുന്നത് അവർ കാണുന്നു
പഴയ കാലമല്ല
പഴയ കഥയല്ല
ആമ വാ തുറക്കില്ലെന്ന്
അവർക്കറിയാം.
കുറെയാളുകൾ അത്
കഥ കാണുമ്പോലെ
നോക്കി നിൽക്കുന്നു.
************************
ഹൃദയത്തിൽ നിറഞ്ഞ പുണ്യയാത്ര
ഷഹീറ നജ്മുദ്ദീൻ വണ്ടൂർ

പുണ്യ മണ്ണിന്റെ കുളിർ കാറ്റ് തേടിയുള്ള യാത്ര. കാത്തിരിപ്പിനൊടുവിൽ എന്നെ വേദനയോടെ അടർത്തിയെടുത്ത് ഒരുങ്ങിയിറങ്ങി.ഹാജാറാബീവി എന്നേ എന്നിൽ പ്രതിഷ്ഠിക്കപ്പെട്ടതുകൊണ്ടാകാം പതറാത്ത ആത്മധൈര്യം എനിക്ക് പാഥേയമായി.
        തിരക്കുകളെ പിന്നിലേക്ക് തള്ളിവിട്ട് സ്വപ്ന സാഫല്യത്തിന്നു വേണ്ടിയുള്ള പ്രയാണം. ഫ്ലൈറ്റ് 3 മണിക്കൂർ വൈകിയപ്പോൾ ഞാൻ അനുഭവിച്ച വേദന.നാഥാ എന്റെ സമയം ഇനിയും അകലയോ'... കാടുകയറി ചിന്തിച്ചു പോയി. അക്ഷമരായ തീർത്ഥാടകരുടെ ചോദ്യങ്ങൾക്ക് ശാന്തനായി മറുപടി പറയുന്ന പ്രിയ അമീർ. ജീവിതം നാഥനിൽ തവക്കുൽ ചെയ്തതു കൊണ്ടാകാം ഇങ്ങിനെ സാധ്യമാകുന്നത്. ഇഹ്റാം വസ്ത്രത്തിന്റെ മഹത്യം തിരിച്ചറിഞ്ഞ മഹനീയ മുഹുർത്തം.ഓരോ തീത്ഥാടകനും അത് ഉൾക്കൊണ്ട് കഴിഞ്ഞിരുന്നു.
              അൽഹമ്ദുലില്ലാഹ്- യാത്രക്ക് മുടക്കമൊന്നുമില്ല. ലബ്ബൈക്ക അല്ലാഹുമ്മ ലബ്ബൈക്ക് ....... പ്രാർത്ഥനാ മന്ത്രങ്ങളുമായി അമീറിന്റെ പിന്നിൽ നിരാശ മാറ്റി ഉണർവ്വോടെ പുറപ്പെട്ടു.
             ആദ്യ വിമാന യാത്രയുടെ മാധുര്യം എന്നെപ്പോലെ മിക്ക യാത്രക്കാർക്കും കൗതുകകരമായി. ജനാലയിലൂടെ പുറത്തേക്ക് കണ്ണും നട്ട് ഏറെ ആസ്വദിച്ചു. പച്ചക്കടലിന്റെ തീരം വിട്ട് ആകാശഗംഗയിലേക്ക് അലിഞ്ഞപ്പോൾ പ്രപഞ്ചനാഥന്റെ ശിൽപ ചാതുരി എന്നിൽ വിസ്മയം പരത്തി. സൂര്യന് താഴെ ചുട്ടുപൊള്ളുന്ന വിമാനചിറക് ഒരു ചാൺ മീതെ സൂര്യൻ കത്തിജ്ജ്വലിക്കുന്ന ഒരു ദിവസത്തെ ഓർമ്മിപ്പിച്ചു.മനസ്സ് ലബ്ബൈക്ക ചൊല്ലി ഭക്തിനിർഭരമാക്കി നിലനിർത്തിക്കൊണ്ടിരുന്നു.
                       അഞ്ചര മണിക്കൂർ കടന്നു പോയതറിഞ്ഞില്ല. ജിദ്ദ ഇന്റർനാഷണൽ എയർപോർട്ടിൽ ഞങ്ങൾ ഇറങ്ങി. അല്ലാഹുവിന്റെ അതിഥികളെ സ്നേഹപൂർവ്വം വരവേൽക്കുന്ന തൊഴിലാളികൾ. കുട്ടികളെ പ്രത്യേകം പരിഗണിക്കുന്നതും കാണാമായിരുന്നു.
               പുണ്യ മണ്ണിനോട് അടുക്കും തോറും യാത്രാ ക്ഷീണവും ആലസ്യവും കൈവെടിഞ്ഞ് ലബ്ബൈക്ക (നാഥാ നിന്റെ വിളിക്ക് ഞാൻ ഉത്തരം നൽകിയിരിക്കുന്നു)ചൊല്ലി എല്ലാവരും കൗതുകത്തോടെ കാത്തിരുന്നു. മൊട്ടക്കുന്നും കുറ്റിച്ചെടികളും  കാഴ്ചക്ക് ബാക്കി.
               1500 വർഷം മുൻപത്തെ അവിടത്തെ പരുക്കൻ ജീവിതത്തെക്കുറിച്ച് ഓർത്ത് അദ്ഭുതം കൂറി. ഇബ്റാഹിം നബിയുടെ പ്രാർത്ഥനക്ക് ഉത്തരമായി സ്വർണവും പെട്രോളും നൽകിയില്ലായിരുന്നെങ്കിൽ....
 മക്കയുടെ കവാടം കടന്ന് ഹോട്ടലിലെത്തി.ഭക്ഷണം കഴിച്ച് റൂമിൽ അൽപം വിശ്രമിച്ചു. റൂമിൽ ഒറ്റക്കായപ്പോൾ 'നിർഭയമായ നാട് ,( ബലദൻ ആമിനൻ)എന്ന അമീറിന്റെ ഓർമ്മപ്പെടുത്തൽ ധൈര്യം നൽകി.
               ഖൽബും കണ്ണും കാത്തിരിക്കുന്ന കാഴ്ചയിലേക്ക് / കർമ്മത്തിലേക്ക് ഞങ്ങൾ ഒരുങ്ങിയിറങ്ങി. ഹറമിലേക്ക് ഉള്ള വഴികൾ അമീർ വിശദീകരിച്ചു തന്നു. എല്ലാം നാഥനിൽ അർപ്പിച്ച് ആ ജനമഹാസാഗരത്തിന്റെ ഒരു തുള്ളിയായി ഞാനും ചേർന്നു. എപ്പോഴും മുൻ നിരയിൽ നിൽക്കാൻ ഏറെ ശ്രദ്ധിച്ചു.
               അതിനിടയിൽ കഅബാലയത്തിന്റെ ദൂരക്കാഴ്ചയുടെ മാസ്മരിക സൗന്ദര്യം ഞാനറിഞ്ഞു. ഏകദൈവ വിശ്വാസത്തിന്നു വേണ്ടി ആദ്യം നിർമ്മിച്ച ഭവനം കഅബ എന്നിൽ തെളിഞ്ഞു തുടങ്ങി.നാഥാ.... നിന്റെ സ്വർഗ്ഗം നൽകി അനുഗ്രഹിക്കേണമേ അതു തന്നെയായിരുന്നു പ്രാർത്ഥന. നിലാവിൽ കറുത്ത പട്ടു പുതച്ച കഅബയുടെ കാഴ്ച മനസ്സിൽ മായാതെ നിൽക്കുന്നു. ത്വവാഫിൽ നേരത്തെ നിശ്ചയിച്ച പ്രകാരം പ്രാർത്ഥനകൾ ചിട്ടപ്പെടുത്തി പരീക്ഷാ ഹാളിൽ ഇരുന്ന് പഠിച്ചെടുത്ത പ്രാർത്ഥനകൾ.
                                    ദേശം, ഭാഷ,വർണ്ണ വിവേചനമില്ലാതെ നാഥന്റെ മുന്നിൽ എല്ലാവർക്കും ഒരേ പ്രാർത്ഥന. ആ മനുഷ്യസാഗരവും കാഴ്ചകളും നാഥന്റെ പ്രതാപം വിളിച്ചോതുന്നുണ്ടായിരുന്നു. ഓരോ കർമ്മങ്ങൾക്കുമിടയിലും ചരിത്രങ്ങൾ ഓർമ്മപ്പെടുത്തി. അത് കർമ്മങ്ങൾക്ക്‌ ജീവൻ പകർന്നു.ഭക്തിയും സ്നേഹവും കവിഞ്ഞൊഴുകുന്ന ഹാജറാബീവിയേയും ഇസ്മായീലിനേയും നെഞ്ചിലേറ്റി നടന്നു നീങ്ങുന്ന തീത്ഥാടക പ്രവാഹം. മനസ്സ് ഇഴകി ചേർന്ന കർമ്മചൈതന്യത്തിന്റെ കുളിർമ്മ ഓരോരുത്തരും ആസ്വദിച്ചു കഴിഞ്ഞു.
                  എല്ലാം കഴിഞ്ഞ് റൂമിലേക്ക് നടക്കുമ്പോൾ അറബികളുടെ ദാനശീലം അനുഭവിച്ചറിഞ്ഞു. പാതിരാവിൽ തന്റെ നാഥന്റെ അതിഥികളെ ഇഹ്റാം വസ്ത്രത്തിൽ കാരക്ക നൽകി സ്വീകരിക്കുന്നവർ.ഇഹ്റാം അണിഞ്ഞ് ലബ്ബൈക്ക ചൊല്ലി നടന്നു നീങ്ങുന്ന ഒരു പാട് കൂട്ടങ്ങളെ അവിടെ കാണാമായിരുന്നു.
           ഹറമിന്റെ പുണ്യങ്ങൾ സ്വന്തമാക്കാൻ ഓരോരുത്തരും മത്സരിച്ചു. ഉറക്കമില്ലാത്ത രാപ്പകലുകൾ. വർണ്ണ ദേശ, ഭാഷകൾക്ക് അതീതമായി ഹറമിലും റൂമി്ലുമായി വളർന്ന സ്നേഹ ബന്ധങ്ങൾ.എല്ലാവരും പരസ്പരം ബഹുമാനിക്കുന്നു. ആദരിക്കുന്നു. പുഞ്ചിരിയിലൂടെ ഒഴുകുന്ന ഭാഷക്ക് അതീതമായ സ്നേഹപ്രവാഹം, പങ്കുവക്കൽ എല്ലാം തിരിച്ചറിഞ്ഞു.
          ഹറം ദേശത്തെ ചരിത്രങ്ങൾ അറിഞ്ഞു കൊണ്ടുള്ള സുബഹിനുശേഷമുള്ള ഒത്തുകൂടലുകൾ മനസ്സുണർത്തി.ത്യാഗത്തിന്റെ ഓർമ്മപ്പെടുത്തലുകൾ. എല്ലാറ്റിനും ഒപ്പം പുതിയ തലമുറയുടെ ഉത്തരവാദിത്വവും കൂടി ഓർമ്മിപ്പിക്കുന്ന സുന്ദര ശൈലി സംസാരത്തിൽ കാണാമായിരുന്നു.
മനസ്സ് ഭക്തി കൈവരിക്കുമ്പോൾ വ്യക്തി ജീവിതത്തിന്റെ നന്മകൾ ഓർമ്മിപ്പിക്കുന്ന പ്രൗഢമായ ക്ലാസുകൾ. പ്രവാചക സ്നേഹത്തിലൂടെ സ്നേഹത്തിന്റെ ഊർജ്ജം ഞങ്ങളിലേക്ക് ആഴ്ന്നിറഞ്ഞി.
          ദിവ്യപ്രകാശത്തിന്റെ കുളിര്‌ തേടിയുള്ള ഹിറയിലേക്കുള്ള പ്രയാണം. പ്രയാസങ്ങൾ അവഗണിച്ച് ഖദീജയുടെ ത്യാഗം ഉർജ്ജമായി .ഒരു മല വെയിൽ ചൂടി നിൽക്കുമ്പോഴും വെയിൽ തട്ടാതെ തണൽ വിരിച്ചിരിക്കുന്ന ഗുഹയുടെ ഭാഗം അദ്ഭുതപ്പെട്ടത്തി. ആ തണുപ്പ് ക്ഷീണം മാറ്റാൻ മതിയായിരുന്നു..
           തിരിച്ചിറങ്ങുബോൾ 17 വർഷം കഴിഞ്ഞ് കണ്ടു മുട്ടിയ പ്രിയ കൂട്ടുകാരി. മറക്കാനുള്ളതായിരുന്നില്ല ബന്ധങ്ങളെന്ന ഓർമ്മപ്പെടുത്തലായി.ഹിറക്ക് മുകളിലിരുന്നു കൊണ്ടുള്ള മക്കയുടെ കാഴ്ച മനോഹരമായിരുന്നു. തിന്മയിൽ ആഴ്ന്നിറങ്ങിയ ഒരു സമൂഹത്തിൽ നിന്നും പ്രവാചകൻ മാറി നിന്ന് സമൂഹത്തിന്റെ മാറ്റത്തിന് കാതോർക്കുകയായിരുന്നു.
        എല്ലാം കഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ ജഅഫർ സാഹിബിന്റെ പ്രവാചക സ്നേഹത്തെക്കുറിച്ച ക്ലാസ് അവസരോചിതമായി മാറി.
അറഫയും മിനയും മുസ്തലിഫയും എല്ലാം കണ്ടപ്പോൾ ആരാധനക്കു വേണ്ടി മാത്രം കെട്ടിപ്പടുത്ത ഒരു പട്ടണത്തിന്റെ മാതൃക അദ്ഭുതം ഉണ്ടാക്കി.
         ജീറാൻ പള്ളിയിൽ വച്ച് രണ്ടാം ഉംറക്ക് ഇഹ്റാമണിഞ്ഞു.താൻ അറിഞ്ഞ് മനസ്സിലാക്കിയ ഉംറ ഒന്നുകൂടി നിർവ്വഹിക്കാൻ അവസരം. അതും അമീറിന്റെ കൂടെ തന്നെ ചെയ്യാൻ ഭാഗ്യമുണ്ടായി.മനസ്സ് നവ്യമായ ഒരു പ്രകാശത്തിലേക്ക് ഏകാഗ്രമാക്കിക്കൊണ്ട് ഓരോ കർമ്മങ്ങളും ചെയ്തു. ഒടുവിൽ മക്കയോട് കഅബയോട് സലാം പറയുമ്പോൾ " എന്റെ നാഥാ എന്നിൽ നിന്നും സ്വീകരിക്കേണമേ" എന്ന പ്രാർത്ഥന കൊണ്ട് കണ്ണുകൾ നിറഞ്ഞാഴുകി.
         മക്കയിലെ താമസം, പുതിയ കൂട്ടുകാർ, ഭക്ഷണം ഒന്നും പറയാതെ വയ്യ. തനിച്ചായതിനാൽ എല്ലാവരേയും അറിയാനും മനസ്സിലാക്കാനും തുറന്ന അവസരം തന്നെയായിരുന്നു.അമീറിന്റെ കയ്യിൽ നിന്നും ഏറ്റുവാങ്ങി സ്നേഹം ചേർത്ത കഞ്ഞിയുടെ രുചി ഓർമ്മക്ക് മുതൽകൂട്ടാണ്. നാട്ടിൽ ഭക്ഷണം കഴിക്കാൻ സമയമില്ലാതെ ഓടുന്നവർ സ്പൂൺ കൊണ്ട് കഞ്ഞി കുടിച്ചിരിക്കുന്നത് ഓർത്തു ചിരിക്കാൻ രസമായി തോന്നുന്നു.
                ഇനി മദീനയിലേക്ക്. പ്രവാചകനെ സ്നേഹപൂർവ്വം സ്വീകരിച്ച മദീന.ഈത്തപ്പനകൾ കൊണ്ട് പച്ചയണിഞ്ഞ ശാന്ത സുന്ദരമായ ഇടമായി തോന്നി. കുളിർ കാറ്റ് മദീനയുടെ പ്രത്യേകതയാകാം. ചരിത്രത്തിലൂടെയുള്ള അമീറിന്റെ ഓർമ്മപ്പെടുത്തലുകൾ യാത്രയുടെ ഗൗരവം ബോധ്യപ്പെടുത്തി.അപൂർവ്വമായി കുരങ്ങും ഒട്ടകവും കാണാമായിരുന്നു.12 ദി വസം നീണ്ട നബിയുടെ മദീനാ യാത്ര എത്ര പ്രയാസം നിറഞ്ഞതായിരുന്നുവെന്നത് ഓർമ്മപ്പെടുത്തി.
            ഹോട്ടലിനു മുൻപിലിറങ്ങി വീണ്ടും പുതിയ കൂട്ടുകാരുമൊത്ത് റൂമിലേക്ക് -. മദീനാ ഹറമും റൗളയും തേടി ഞങ്ങൾ നടന്നു.നബിയെ സ്നേഹപുർവ്വം സ്വീകരിച്ച മദീന ഇന്ന് ഈ കൊച്ചു സംഘത്തിനു ഈത്തപ്പഴവും മറ്റുമായി സ്വീകരിക്കുന്നു.
            സ്നേഹം കൈവെടിയാത്ത യസ്റിബിനോട് എനിക്ക് വല്ലാത്ത പ്രണയം തോന്നി. ശാന്തമായൊഴുകുന്ന ഒരു സ്നേഹപ്രവാഹമായി മദീന എനിക്ക് അനുഭവപ്പെട്ടു.ഉഹ്ദും ഖന്തക്കും ഖുബാ മസ്ജിദും തേടിയുള്ള സിയാറത്തുകൾ.ഉഹ്ദ് താഴ്വാരത്തെ ജഅഫർ സാഹിബിന്റെ ക്ലാസ് മനസ്സിൽ പടർന്ന് നിറഞ്ഞു. ആദ്യകാല വിശ്വാസികളുടെ ഈമാനിന്റെ അളവുകോൽ എത്രയോ ഉന്നതമായിരുന്നെന്ന് ഓർമ്മപ്പെടുത്തി.നേതാവിനെ അനുസരിക്കലാണ് ഏറ്റവും വലിയ ഉഹ്ദ് എന്ന് ഓർമ്മപ്പെടുത്തി.
          പിൻ വിളികൾ വന്നു തുടങ്ങി. തിരിച്ച് നടക്കുമ്പോൾ കാലുകൾ പതറന്നുണ്ടായിരുന്നു. എങ്കിലും മടങ്ങാതെ വയ്യ.
                 ഒന്നര വയസ്സുകാരനേയും എഴുപതുകാരേയും കൂട്ടിയിണക്കി
കോർത്ത് ഞങ്ങളെ നയിച്ച അമീർ ,ആ കാലുകൾക്ക് നാഥൻ  വീര്യം നൽകട്ടെ. ക്ഷമ അവരിൽ പെയ്തിറങ്ങട്ടെ. ബഹുമുഖ വ്യക്തിത്വത്തിന്റെ ഉടമ. "എല്ലാം കണ്ടറിഞ്ഞ് മാർഗ്ഗ നിർദ്ദേശം നൽകുന്ന ഖാഫിലയുടെ ആരോഗ്യമായി മാറിയ മുസ്തഫ സാഹിബ് ,എന്റെ മനസ്സിന്റെ നീറ്റലായി മാറിയ ഫഹദു:... എല്ലാം ഓർമ്മകളിലേക്ക് മറഞ്ഞിരുത്തുന്നു. തിരിച്ചെത്തി എന്റെ കുടുംബത്തിൽ നിറഞ്ഞ പുഞ്ചിരിയായി നിന്നപ്പോഴും ചില പിൻവിളികൾ എന്നെ അലട്ടിയിരുന്നു.
        ഒടുവിൽ എല്ലാവരും ദുനിയാവിന്റെ(പ്രാപഞ്ചിക ജീവിതം) തിരിക്കിലേക്ക് അലിഞ്ഞു ചേർന്നിരിക്കുന്നു.  അക്ഷരമുറ്റത്തിന്റെ കുരുന്നുകളിലേക്ക് ഞാനും......
************************
കയ്യൊപ്പ്...
രമ ദിലീപ്

വിറകടുപ്പ് കത്തിക്കുമ്പോഴൊക്കെ മനസ്സ് പഴം കാലത്തേക്ക് ഒന്നോടിപ്പോവുക പതിവാണ് ... വല്ലപ്പോഴുമാണ് ഇപ്പോൾ വിറകടുപ്പ് കത്തിക്കുന്നത് .... പഴം കാലത്തേക്കിറങ്ങണം എന്ന വാശിയോടെയാവും ചിലപ്പോൾ അത് ....   
                        ഇന്ന് കാലത്ത് വെറുതെ അടുപ്പിനരികിൽ  നിന്നപ്പോഴാണ് ഒരു പഴം കാലമണം മനസ്സിലേക്കെത്തിയത് ...... മനസിലെത്തുന്ന മണങ്ങൾ നാവിന്റെ രുചിയേയും കേൾവിയേയും ത്വക്കിനേയും ഒക്കെ വന്നൊന്ന് തൊടുന്നത് അനുഭവമാണ് .....
                  പഴം കൂട്ടാന്റെ മണമാണ് ഇന്ന് ഭൂതകാല വിരുന്നൊരുക്കിയത് ...
പണ്ട് വിശേഷ ദിവസങ്ങളിൽ മാത്രമായിരുന്നു സാമ്പാർ ,അവിയൽ ,തോരൻ തുടങ്ങിയ കുറേ കറികൾ വീടുകളിൽ ഉണ്ടാക്കുക .... എല്ലാരും കഴിച്ചാലും മിച്ചമുണ്ടാകും ധാരാളം കറികൾ .... രാത്രിയിൽ മിച്ചം വന്ന തൈരു ചേർക്കാത്ത കറികൾ വലിയ മൺകലത്തിലോ ചട്ടിയിലോ ഒന്നിച്ചാക്കുന്ന ഒരു ചെറിയ ചടങ്ങ് അടുക്കളയിൽ ആരുമറിയാതെ നടക്കാറുണ്ട് ... ചിരട്ടത്തവി കൊണ്ട് കറികളെല്ലാം യോജിപ്പിക്കും .എന്നിട്ട് അടുപ്പിൽ തീ പിടിപ്പിച്ച് കലം പൊക്കി വയ്ക്കും ... ചിരട്ട ത്തവി കൊണ്ട് ഇളക്കി കൊണ്ടിരിക്കും ...തിളയ്ക്കുന്നതു വരെ ..... അറിയാത്തവർ കരുതും ഇതിപ്പോൾ ആരോ കഴിക്കാൻ പോകുന്നു വെന്ന് ......തിളച്ച് കഴിയുമ്പോൾ തീ കെടുത്തി അടുപ്പിൽ തന്നെ വച്ചിട്ട് പെണ്ണുങ്ങൾ അടുക്കള അടച്ച് ഇറങ്ങും ...
      പിറ്റേന്ന് കാലത്ത് അടുപ്പിൽ തീ പിടിപ്പിച്ചാൽ ആദ്യം ആ കറി വീണ്ടും തിളപ്പിയ്ക്കും. അപ്പോഴേക്ക് പഴം കൂട്ടാന്റെ മണം എത്തും .. ഏതു വിശേഷ ദിവസത്തിന്റെയും പിറ്റേന്ന് നാട്ടിൽ എല്ലാ വീട്ടിലും ഈ പഴങ്കൂട്ടാനാണ് കറി ... ഏതോ വിശിഷ്ട ഭോജ്യം പോലെ ഇതു കഴിച്ചിരുന്ന ധാരാളം പേരേ എനിക്കറിയാം .... ഓരോ പ്രാവശ്യം വിളമ്പും മുൻപും കറി തിളപ്പിച്ച് കൊണ്ടിരിക്കും .. പിറ്റേന്ന് രാത്രി വരെയാണ് കാലാവധി .അപ്പോഴേക്ക് കുറുകി ഉറച്ച് .......... കല്യാണ വീടുകളിലും അടിയന്തര വീടുകളിലും ഒക്കെ വലിയ കലത്തിലാണ് പഴങ്കൂട്ടാൻ ഉണ്ടാക്കുക ..
      പിറ്റേന്ന് പകർച്ചയായി അത് തൊട്ടടുത്ത വീടുകളിൽ എത്തിക്കുമായിരുന്നു ..... ഒരു പഴയ കാലത്തിന്റെ മണം ഇന്നെന്റെ മൂക്കിലേക്കെന്തിനു വന്നു എന്നറിയില്ല. ... പക്ഷേ, അത് എത്തിയാൽ അടങ്ങിയിരിക്കാൻ കഴിയാത്തതുകൊണ്ട് തലേന്നത്തെ സാമ്പാറും അവിയലും തോരനും ഒക്കെ ഫ്രിഡ്ജിൽ നിന്ന് എടുത്ത് ഞാനുമുണ്ടാക്കി ഒരു പഴങ്കൂട്ടാൻ ...... രാത്രിയിലെ തിളയ്ക്കൽ നഷ്ടമായ എന്റെ പഴങ്കൂട്ടാന് ആത്മാവ് നഷ്ടമായതു പോലെ തോന്നി ..
      ." ഇതെന്തു കറിയാണമ്മേ " എന്ന മക്കളുടെ ചോദ്യത്തിന് മനസ്സിന്റെ ആഴത്തിൽ നിന്നാണ് "ഇതാണ് പഴങ്കൂട്ടാൻ " എന്ന ഉത്തരം വന്നത് .... "ഈ വേസ്റ്റാണോ കറി " എന്നാണ് മൂത്ത മകന്റെ കമന്റ് ....പഴങ്കൂട്ടാന് പഴയ കാല നാട്ടിൻ പുറത്തിന്റെ കൂട്ടായ്മയുടെ നന്മ കൂടി ഉണ്ടെന്ന സത്യം പുതിയ തലമുറയ്ക്ക്  അറിയണമെന്നില്ല ... ഒരു പഴങ്കൂട്ടാൻ കഴിക്കുമ്പോൾ ആസ്വദിച്ചുണ്ട എത്രയോ ഓണ സദ്യകളുടേയും വിഷു സദ്യകളുടേയും മണവും രുചിയും മനസ്സിലെത്താറുണ്ട് .... എത്രയോ കല്യാണസദ്യകളുടെ ആഘോഷ രുചി ഉള്ളിലുണ്ട് ... എത്രയോ ആളുകളുടെ മരണം തന്നെ അരുചി അടിയന്തര സദ്യകളായി ഉള്ളിൽ നിറയാറുണ്ട്. പഴങ്കൂട്ടാൻ വെറുമൊരു കൂട്ടാനല്ല ... അതിനപ്പുറം ആഴത്തിൽ വേരുകളുണ്ടതിന് ....
************************ 
പച്ചമരങ്ങൾ
അനഘ രാജ്

ഇല കോതിയിട്ട
പച്ചമരം പോലെ
വാവിട്ട വാക്കിൻ ചൂടിൽ
വെന്തുചാകുന്നു ചിലർ.,
മനസ്സിൽ മതജ്വരം
ഉമിപോലെ പുകയുമ്പോൾ
ബോധസ്ഥലികളിൽ
അന്ധകാരം നിറയുന്നു .,
ഉറ്റവരെയൊക്കെയും
ഒറ്റിക്കൊടുക്കുവാൻ
മരിച്ച മൗനത്തിന്റെ
മുഖംമൂടിയണിയുന്നു.,
സ്വാർത്ഥദുരചിന്ത
കണ്ണിൽ തെളിയുമ്പോൾ
ജാതിവെറിയിൽ ചിലർ
അന്ധരായ് തീരുന്നു. ,
കറുപ്പും വെളുപ്പും
പരസ്പരം വെട്ടുന്ന
അധികാരമുദ്ര തിരയുംകളങ്ങളിൽ
ചത്തുതീരുവാൻ
ചോർത്തിക്കൊടുക്കാതെ
ചേർത്തുപിടിക്കൂ നിൻ
സ്നേഹമിത്രങ്ങളെ .
പാപം തലച്ചോറിൽ
കൂടു കൂട്ടും മുന്നേ
സ്വത്വബോധത്തിന്റെ
സ്വസ്ഥതീരമണയൂ .
കാലം കരിങ്കോഴി കൂവുന്ന
കാലൻ കയറുമായെത്തുന്ന കാലത്ത്
ജരാനരപീഢയാൽ
കേഴുന്ന നേരത്ത്,
തപിക്കുന്ന പ്രാണനായ്
വിറയ്ക്കുന്ന നാവിലൊരുതുള്ളി
ആരേകുമെന്നോർത്തു നീ
ഭുവനസ്വർഗ്ഗത്തിൽചരിക്കുക
നീർക്കുമിളപോൽ
നശ്വരനാണു നീ ,
അനശ്വരനാകൂ നീ
നിൻ കർമ്മഫലത്താൽ ....
************************

Comments