21-03-20

കൊറോണക്കാലത്തെ
 നവ സാഹിതിയിലേക്ക് എല്ലാ സഹൃദയർക്കും ഹൃദ്യമായ സ്വാഗതം..🙏🌹🌹🙏

*******************************

ആത്മായനം
ജസീന റഹീം

എല്ലാറ്റിനെയും വരുന്നിടത്തു വച്ചു കാണാം എന്ന് തീരുമാനമെടുത്ത നാളുകളായിരുന്നു പിന്നീട്.. ഡിഗ്രി കഴിഞ്ഞ ശേഷം 1994 മുതൽ 2000 വരെയുള്ള ആറ് വർഷങ്ങൾ.. പി.ജിയും ബി.എഡും സ്വന്തമാക്കി.. പഠിച്ചിറങ്ങിയ 97 ൽ തന്നെ പി.എസ്.സി പരീക്ഷ എഴുതാനുള്ള ഭാഗ്യം .. എഴുത്തുപരീക്ഷയും ഇൻ്റർവ്യൂവും കടന്ന് മെയിൻ ലിസ്റ്റിൽ കയറിപ്പറ്റിയത്..എല്ലാമൊരു നിയോഗമാകാം.. ഒരു പാട് വേദനിച്ചവൾക്ക് കാലം കാത്തു വച്ച മധുരങ്ങൾ..
        അപ്പോഴൊക്കെയും വീട്ടില സാമ്പത്തിക ഞെരുക്കങ്ങൾ .. വീട് നോക്കാനായി തമിഴ്നാട്ടിലേക്ക് സിമൻ്റ് ലോറിയുമായി വാപ്പായുടെ ഓട്ടങ്ങൾ  ..
 കള്ളൻ  കയറാത്ത ഉറപ്പുള്ളൊരു വീട്.. അതെൻ്റെ എക്കാലത്തെയും ഏറ്റവും വലിയ സ്വപ്നമായിരുന്നു.. അപ്പോഴും എൻ്റെ സ്വപ്നങ്ങളിൽ രണ്ടാമത്തെതു മാത്രമായിരുന്നു വീടെങ്കിൽ .. ഒന്നാം സ്ഥാനം എന്നും എക്കാലവും എൻ്റെ പ്രണയം തന്നെയായിരുന്നു..
 ഞാൻ എം.എ യ്ക്ക് പഠിക്കുന്ന കാലത്തായിരുന്നു അതുവരെ ആറേഴു വർഷക്കാലം താമസിച്ചതും.. വേലൻ്റെ ആത്മാവ് പ്രാണരക്ഷാർഥം ഓടിപ്പോയതുമായ വീട് വിറ്റ് .. കുറച്ച് കാശ് ജാസിന് കൊടുത്ത ശേഷം തൊട്ടടുത്ത് ശൂന്യമായ കുറച്ച് സ്ഥലം വാങ്ങി പുതിയൊരു വീട് വച്ചതും .. നിവർത്തികേട് കൊണ്ട് ..പണിതീരാത്ത.. കെട്ടിമുട്ടിക്കാത്ത ചുവരുകളുള്ള വീട്ടിലേക്ക്  ഞങ്ങൾ മാറിയതും... മൂന്ന് കിടപ്പുമുറികളും അടുക്കളയും മാത്രമുള്ള മൺ തറയും മൺചു വരുമുള്ള ഓടിട്ട വീട്. പണമുണ്ടാകുമ്പോൾ കുറേശ്ശേ പണികൾ ചെയ്യാമെന്നും മുൻവശത്ത് ഒരു ഹാളും പൂമുഖവും പണിയാമെന്നും വീട് മുഴുവൻ കോൺക്രീറ്റ് ചെയ്യാമെന്നുംകരുതി വാപ്പായും ഉമ്മായും ദീർഘവീക്ഷണത്തോടെ വച്ച വീട്..
 ചില വീടുകൾക്ക് എല്ലായിപ്പോഴും പണിതീരാതെ കിടക്കാനായിരിക്കും യോഗം.. ഒരിക്കലും പൂക്കാത്ത ഒരു വൃക്ഷം പോലെ..
 സ്വയം പൂത്തില്ലെങ്കിലും എനിക്കെന്നും തണലും ഒരു പാട് ഭാഗ്യങ്ങൾ തന്നതും ആ പണി തീരാത്ത വീടായിരുന്നു...
                 ഒരു വീടിനെയോർത്ത് ഞാൻ ഒരു പാട്..പേടിച്ചതും കരഞ്ഞതും ആ വീട്ടിനുള്ളിലായിരുന്നു..
 ഒരിക്കൽ ഒരു രാത്രി ..
 ജനലിനു കതകില്ലാത്തതിനാൽ ഉമ്മ എൻ്റൊപ്പമായിരുന്നു കിടപ്പ്... ഉണരുന്നത് വാപ്പ കിടക്കുന്ന മുറിയിൽ നിന്നും..
  അന്നും പതിവ് പോലെ ഞങ്ങൾ നേരത്തേ കിടന്നു.. കണ്ണിലേക്ക് മയക്കം കടന്നു വന്നതേയുണ്ടായിരുന്നുള്ളൂ... മുറിയുടെ തറയിലേക്ക് എന്തോ ചെറിയ സാധനം വന്നു വീഴുന്ന ഒച്ച കേട്ട് ഉമ്മ ഉണർന്നു.. ജനലിൻ്റെ അഴികളിൽ ചവിട്ടി ഒരാൾ മുകളിൽ കയറാൻ ശ്രമിക്കുന്ന കാഴ്ച കണ്ട് അസാമാന്യ ധൈര്യശാലിയായ ഉമ്മ പതിയെ ഒച്ചയുണ്ടാക്കാതെ എണീറ്റ് അടുത്ത മുറിയിൽ പോയി മെല്ലെ വാപ്പായെ വിളിച്ചുണർത്തിക്കൊണ്ടുവന്നു... വാപ്പ അവൻ്റെ ജനലിൽ വച്ച കാലിൽ പിടിച്ചു... അങ്ങോട്ടുമിങ്ങോട്ടും പിടിവലിയായി.. വാപ്പാടെ കൈ ജനലഴികളിൽ പെട്ടു.. വേദന താങ്ങാനാവാതെ വാപ്പ പിടിവിട്ട നേരം കള്ളൻ ഓടി രക്ഷപ്പെട്ടു... പിന്നീടങ്ങോട്ട് ഭയം മൂലം ഉറക്കമറ്റ രാവുകളും പകലുകളുമായിരുന്നു.. പകലുകളെ പോലും ഞാൻ ഭയന്നിരുന്നു.
*******************************

ലൗ വിത്ത് ഡ്രാമ
ബഹിയ

ചിലർ അങ്ങിനെയാണ്;
ഞാൻ നിന്നെ സ്നേഹിക്കുന്നെന്ന്
ഇടക്കിടെ ഓർമ്മിപ്പിച്ചു കൊണ്ടേയിരിക്കും.
ഇടക്കിടെ ഫോണിൽ വിളിച്ച്
ഉണ്ടോ ഉടുത്തോ ഉറങ്ങിയോ
കരഞ്ഞോ ചിരിച്ചോ എന്നൊക്കെ
ജീവിതം പാടെ സ്നേഹമൊഴിച്ചിളക്കി
നിലാപ്പായസം വെച്ചുതരും.
ചിലർ അങ്ങിനെയാണ്;
ഞാൻ നിന്നെ സ്നേഹിക്കുന്നെന്ന്
ഇടക്കിടെ ഓർമ്മിപ്പിച്ച്
കൂടെയുണ്ട് കൂടെയുണ്ടെന്നോതി,
നമ്മുടെ കുഞ്ഞു കുഞ്ഞു കുറവുകളുടെ,
നോവുകളുടെ,
സ്വപ്നങ്ങളുടെ...
പായൽ നിറഞ്ഞ കുളത്തിൽ നിന്നും
അവരിലേക്കോരോ
തോടുകൾ വെട്ടിച്ചു കളയും.
ചിലർ അങ്ങിനെയാണ്;
ഞാൻ നിന്നെ സ്നേഹിക്കുന്നെന്ന്
ഇടക്കിടെ ഓർമ്മിപ്പിച്ചു
നമ്മിൽ നിന്നും ഒഴുക്കിവിട്ട ഉറവയെ
അഴുക്കെന്നും മാലിന്യമെന്നും
യഥേഷ്‌ടം വിധിച്ചു കളയും അവർ.
കണ്ണുനീരുണ്ടായതു നിന്റെ തെറ്റ്,
സ്നേഹിച്ചു പോയത് നിന്റെ കുറ്റം,
മോഹിച്ചു പോയത് നിന്റെ പാപം...
ചിലർ അങ്ങിനെയാണ്;
ഞാൻ നിന്നെ സ്നേഹിക്കുന്നെന്ന്
ഇടക്കിടെ ഓർമ്മിപ്പിച്ച്
നമ്മുടെ ഹൃദയത്തിൽ നോവുണർത്തുന്നവർ...
പച്ചമുറിവിൽ
പച്ചമുളകുപോലെ
എരിവു നീറ്റി
വ്രണങ്ങൾ സമ്മാനിക്കുന്നവർ...
അവർ അങ്ങിനെയാണ്...
അവരെ തിരിച്ചു നോവിച്ചേക്കരുത്...
കാരണം, അവർ അവരാണ്.
അവർ നമ്മെ സ്നേഹിക്കുന്നവരാണ്...
നാമോ, സ്നേഹിക്കാൻ അറിയാത്തവരും!
*******************************

ഗുരുവിനെ തേടി
മുഹമ്മദ് അലി.എം

രാവിലെ മകനെ സ്ക്കൂളിൽ കൊണ്ടുവിട്ടു, ഓഫീസിലേക്ക് കാറോടിച്ചു പോകുകയായിരുന്നു ഞാൻ.
"ഞാൻ  എന്റെ പ്രിയപ്പെട്ട ഗുരുവിനെ അന്വേഷിക്കുകയാണ്".
രാജ്യത്തെ പ്രധാന മലയാളം റേഡിയോയിൽ പ്രഭാത പരിപാടിയിൽ ഒരു പ്രേക്ഷകൻ പറഞ്ഞ കാര്യം കേട്ട് കാറോടിക്കുന്നതിനിടെ  കൗതുകത്തോടെ  ബാക്കി കൂടി കേൾക്കാൻ ഞാൻ ഒന്നുകൂടി പരിപാടിയിലേക്ക് ശ്രദ്ധിച്ചുകൊണ്ട് ഡ്രൈവിങ് തുടർന്നു.
"താങ്കളുടെ പേരെന്താണ്", അവതാരക ആ പ്രേക്ഷകനോട് ചോദിച്ചു ,
"സാദിഖ്", ഞാൻ നഗരത്തിൽ നിന്നും മാറി ഇരുന്നൂറ്റമ്പത് കിലോമീറ്ററോളം അകലെ മരുഭൂമിയിൽ ഒരു വീട്ടിൽ നിന്നുമാണ് വിളിക്കുന്നത്, ഈ റേഡിയോ തുടങ്ങിയ അന്ന് മുതൽ ഞാൻ നിങ്ങളുടെ ചാനലിലേക്ക് വിളിക്കുകയാണ്, പക്ഷെ ഒരിക്കലും എനിക്ക് നിങ്ങളുമായി സംസാരിക്കാൻ അവസരം ലഭിച്ചില്ല.  ഒന്നുകിൽ ആരും ഫോണെടുക്കില്ല, അല്ലെങ്കിൽ എപ്പോളും ഫോൺ തിരക്കിലായിരിക്കും."
തികച്ചും സാധാരക്കാരന്റെ ഗ്രാമീണ ഭാഷയിൽ സംസാരിക്കുന്ന അയാളുടെ ശബ്ദം ഇടക്ക് പതറിയത് പോലെ...
"ഓ, ഞങ്ങൾ ക്ഷമ ചോദിക്കുന്നു, എന്തായാലും ഇപ്പോളെങ്കിലും താങ്കൾക്ക് ഞങ്ങളെ കിട്ടിയല്ലോ, അതിൽ സന്തോഷിക്കുക, താങ്കൾ താങ്കളുടെ ഗുരുവിനെ അന്വേഷിക്കുകയാണെന്ന് തുടക്കത്തിൽ പ്രറഞ്ഞിരുന്നു, എന്താണ് താങ്കളുടെ ആ ഗുരുവിന്റെ പേര് ? അദ്ദേഹം ഇപ്പോൾ ഈ രാജ്യത്ത് ഉണ്ടാവുമെന്ന് താങ്കൾ കരുതുന്നുണ്ടോ ? ഞങ്ങൾ എന്ത് സഹായമാണ് താങ്കൾക്ക് ചെയ്യേണ്ടത് ?"
 ഇത്തവണ അവതാരകയുടെ കൂടെയുള്ള അവതാരകനാണ് സാദിഖിനോട് ഈ ചോദ്യം ചോദിച്ചത്.
"അത് , ആ മാഷിന്റെ പേര് സുബ്രഹ്മണ്യൻ മാഷ്", അയാൾ തുടർന്നു , "മാഷ് ഇപ്പൊ എവിടെയുണ്ടെന്നൊന്നും എനിക്കറിയില്ല, എന്നാൽ എനിക്ക് മാഷിനെ ഒന്ന് കാണണമെന്ന അതിയായ ആഗ്രഹമുണ്ട്.   ഈ റേഡിയോ കേൾക്കുന്ന ആർക്കെങ്കിലും ഒരു പക്ഷെ മാഷിനെ കണ്ടെത്താൻ എന്നെ സഹായിക്കാൻ സാധിച്ചാലോ ?
എന്നെകൊണ്ട് പറ്റുന്ന രീതിയിൽ കഴിഞ്ഞ നാൽപ്പത് വർഷങ്ങളോളമായി അദ്ദേഹത്തെ അന്വേഷിച്ചു കൊണ്ടിരിക്കുന്നു.   എനിക്കിതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല"
"താങ്കളുടെ നാടെവിടെയാണ് ? മാഷിന്റെ നാട് എവിടെയാണെന്ന് താങ്കൾക്കറിയുമോ ? അവതാരക ചോദിച്ചു
"എന്റെ നാട് കോഴിക്കോട് , മാഷിന്റെ നാട് പാലക്കാടാണെന്നാണ് എന്റെ ഓർമ്മ",  സാദിഖ് പറഞ്ഞു
"എന്ത് കൊണ്ടാണ് താങ്കൾ അദ്ദേഹത്തെ ഇത്ര കാലമായി അന്വേഷിച്ചു നടക്കുന്നത്", അവതാരകൻ ചോദിച്ചു.
അയാൾ തന്റെ സ്ക്കൂൾ പഠനകാലത്തെ അനുഭവം പങ്കുവെച്ചു ..
"സുബ്രഹ്മണ്യൻ മാഷ് , എന്നെ ഏഴാം ക്ലാസ്സിൽ പഠിപ്പിച്ചിരുന്നു.  അന്നൊന്നും എനിക്ക് സ്ക്കൂളിൽ പഠിക്കാനുള്ള നെലയൊന്നുമുണ്ടായിരുന്നില്ല.  പെരീല് പൈസയൊന്നുമില്ലാത്ത കാലം, എല്ലാ വിഷയങ്ങൾക്കും കൂടി എനിക്കാകെ ഉണ്ടായിരുന്നത് ഒരൊറ്റ നോട്ടു ബുക്കായിരുന്നു.   കണക്കും, സയൻസും, മലയാളവും, ഇംഗ്ളീഷും എല്ലാം ഞാൻ ആ നോട്ടുബുക്കിൽ തന്നെ എഴുതുന്നത് ശ്രദ്ധയിൽപ്പെട്ട , ഗൗരവക്കാരനായ നമ്മുടെ കണക്ക് മാഷ്, എന്റെ നോട്ട്ബുക്കുകൾ പിടിച്ചു വാങ്ങി കീറിപ്പറിച്ചു എറിഞ്ഞു കളഞ്ഞു!, തൊട്ടടുത്ത പിരിയഡ്, മലയാളം പഠിപ്പിക്കുന്ന സുബ്രഹ്മണ്യൻ മാഷിന്റേത് !, എല്ലാരും നോട്ടുപുസ്തകത്തിൽ എഴുതുമ്പോൾ , ഒന്നും എഴുതാതെയിരിക്കുന്ന എന്നെ ശ്രദ്ധിച്ച മാഷ്, എന്റെയടുത്ത് വന്നു കാര്യമന്വേഷിച്ചു, സങ്കടം കൊണ്ട് ഒന്നും പറയാൻ പറ്റാതെ ഞാൻ നിന്നു വിതുമ്പിയപ്പോൾ, അടുത്തിരുന്ന കൂട്ടുകാരൻ മാഷോട് സംഭവിച്ച കാര്യം പറഞ്ഞു. മാഷ് വല്ലാതായി, അന്നത്തെ ക്ലാസ്സിൽ കൂട്ടുകാരന്റെ നോട്ടുബുക്കുകളൊന്നിൽ നിന്നും കടലാസ് പറിച്ചെടുത്ത് എഴുതാൻ മാഷ് പറഞ്ഞു ".
ഇത്രയും പറയുമ്പോളേക്കും, ആയിരക്കണക്കിനാളുകൾ കേൾക്കുന്ന റേഡിയോയിലാണ് താൻ സംസാരിക്കുന്നതെന്ന് പോലും മറന്നു, അയാളുടെ സംസാരം സങ്കടം കാരണം മുറിഞ്ഞു കൊണ്ടിരുന്നു!
അവതാരകർ സമാധാനിപ്പിക്കുകയും ബാക്കി കൂടി പറയാൻ പ്രോത്സാഹിപ്പിച്ചു കൊണ്ടിരുന്നു.. അയാൾ തന്റെ സംസാരം തുടർന്നു.
"പിറ്റേന്ന് സുബ്രഹ്മണ്യൻ മാഷ് ക്ലാസ്സിൽ വന്നു,  ഓരോ വിഷയത്തിനും ആവശ്യമായ ഓരോ നോട്ടുപുസ്തകങ്ങൾ എനിക്ക് സമ്മാനിച്ചു.  അത്രയും നോട്ടുബുക്കുകൾ ഒരുമിച്ചു എന്റേതായി, ഞാൻ ആദ്യമായി എന്റെ മാറോടു ചേർത്തു .. കരിമ്പനടിച്ച കുപ്പായമിട്ട, എന്റെ ചുമലിൽ പിടിച്ചു കൊണ്ട്. സന്തോഷം കൊണ്ട് തിളങ്ങുന്ന കണ്ണുകളോടെ സുബ്രഹ്മണ്യൻ മാഷ് എന്നോട് പറഞ്ഞു..
"സാദിഖ് , നീ നന്നായി പഠിക്കെടാ , നോട്ടുബുക്കില്ലാഞ്ഞിട്ട് നിന്റെ പഠിപ്പ് മുടങ്ങരുത്, അറിവ് ഒരു സമ്പാദ്യത്തിനും പകരമാവില്ലെടാ" എന്ന്..
"നിങ്ങൾ കേൾക്കൂ, ഞാൻ ഒരു പാടൊന്നും പഠിച്ചില്ല, വലിയ പണക്കാരനുമല്ല, എന്നാലും, അന്ന് എന്നെ സഹായിച്ച മാഷിന് ഒരു ചെറിയ സമ്മാനമെങ്കിലും എന്റെ കൈകൊണ്ട് നൽകാൻ ഇന്നെനിക്ക് കെൽപ്പുണ്ട്.   മാഷിനെക്കുറിച്ച് ഞാനോർക്കാത്ത ഒരു ദിവസം പോലുമില്ല!, മാഷിനെ കണ്ടെത്താൻ നിങ്ങൾ , ഈ റേഡിയോയിലൂടെ എന്നെ സഹായിക്കണം."  ഇത്രയും പറയുമ്പോളേക്കും കരച്ചിൽ കൊണ്ട് വാക്കുകൾ കിട്ടാതെ അയാൾ സംസാരം നിർത്തി.
"ഞങ്ങൾ ഈ കാര്യം അന്വേഷിക്കുന്നതായിരിക്കുമെന്ന്" പറഞ്ഞു, അപ്പോൾ തന്നെ വിഷയത്തിൽ ഒരു അനൗൺസ്‌മെന്റ് നടത്തി അവതാരക. 
തുടർന്ന് സാദിഖിനോടായി പറഞ്ഞു, മാഷിനെ സംബന്ധിച്ച വിവരങ്ങൾ കണ്ടെത്തി, ഞങ്ങൾ ഈ പ്രരിപാടിയിലൂടെ തന്നെ പ്രക്ഷേപണം ചെയ്യാൻ ഉറപ്പായും ശ്രമിക്കും, നിങ്ങൾ എല്ലാ ദിവസവും പരിപാടി തുടർന്നു കേൾക്കൂ കേട്ടോ, അപ്പൊ ശരി "..
പരിപാടിയിൽ മറ്റ് പ്രേക്ഷകരുടെ സന്ദേശങ്ങൾ വന്നത് അവതാരകർ  വായിച്ചു കൊണ്ടിരിക്കെ എന്റെ ചിന്ത സാദിഖിലേക്ക് സഞ്ചരിച്ചു.   നാല് പതിറ്റാണ്ടുകൾക്കിപ്പുറവും തന്റെ പ്രിയ ഗുരുനാഥനെ ഓർത്തുകൊണ്ടിരിക്കുന്ന, തന്റെ സ്നേഹസമ്മാനം നല്കുവാനും , ആവശ്യമെങ്കിൽ എന്തെങ്കിലും പ്രതുപകാരം ചെയ്യാൻ സന്നദ്ധമായ ആ മനസ്സും ഞാൻ കണ്ടിട്ടില്ലാത്ത, കാണാനിടയില്ലാത്ത സാദിഖിൽ തൽപ്പരനാക്കി.. ഗുരുശിഷ്യബന്ധം അത്രമേൽ ദൃഢമായതും മൂല്യവത്തായതുമാണെന്ന് എനിക്കറിയാമായിരുന്നു.  അതെന്നും കാത്തു സൂക്ഷിക്കുന്നവരാണ് യഥാർത്ഥ ഗുരുവും ശിഷ്യനും......
*******************************

കൊറോണക്കാലത്തെ    പ്രണയം
സുരേഷ് കുമാർ ജി

എവിടെയോ നി-
ന്നൊളിച്ചു സൂക്ഷിച്ചൊരാ
കുതുകമെങ്ങാനു
മായിരുന്നീടണം
പടരുവാനിട
യാകാഞ്ഞ കൊണ്ടതു
പ്രണയമാണെ
ന്നറിഞ്ഞിരുന്നില്ല നാം....!
(ഒടുവിലിത്രമേൽ
ചുറ്റിവരിഞ്ഞിതു
ഹൃദയകോശങ്ങളെ
മുറുക്കും വരെ,
വഴികളൊക്കെ
യടഞ്ഞു പോകും വരെ,
ഇവിടെയേകാന്ത
ത്തടവിലാകും വരെ....!)
ഇനിയുമെത്ര
മുഖം മൂടി കൊണ്ടു നാം
അനുദിനം നമ്മെ
ത്തന്നെ മറയ്ക്കണം
അകലമെത്ര നാം
തമ്മിൽ കരുതണം
എവിടെയൊക്കെ
ത്തൊടാതെ സൂക്ഷിക്കണം..!
അത്രയൊന്നു -
മടുത്തില്ലൊരിക്കലും
കണ്ടതേയി -
ല്ലെവിടെ വെച്ചെങ്കിലും
എങ്കിലും ജീവ
തന്തുവിലൂടെ നിൻ
ബന്ധുര സ്മൃതി
ചുംബിച്ചതാവണം..
അന്തരംഗമ -
തല്ലായ്കിലെങ്ങനെ
എന്തുകൊണ്ടു
തുടുത്തു പോയിങ്ങനെ...?
മേനിയാകെപ്പടർ -
ന്നുഷ്ണവാതമായ്
തീയെരിക്കെ, സിരാ
പടലത്തിലൂ-
-ടാരൊരാൾ പകർ -
-ന്നീടുവാൻ പിന്നെയും
-ജീവദായക -
-മാമൗഷധത്തിനെ ...?
ബന്ധനസ്ഥമാ
മിപ്പഞ്ജരത്തിലേ -
യ്ക്കെത്തി നോക്കി
യിരിക്കുന്ന ലോകമേ
കണ്ടെടുത്തു
കഴിഞ്ഞിട്ടുണ്ടാവുമോ
പണ്ടു ഞങ്ങൾ
നടന്നതിൻ രേഖകൾ...!
*******************************

അമ്മക്കിളി
അമ്മു സന്തോഷ്

"അമ്മയോട് ഞാൻ പലതവണ പറഞ്ഞിട്ടുണ്ട് ഞാൻ കോളേജിൽ ആയിരിക്കുമ്പോൾ ഇങ്ങനെ വിളിച്ചോണ്ടിരിക്കരുത് എന്ന് ..ഞാനെന്താ ചെറിയ കുട്ടിയാണോ?കൂട്ടുകാരൊക്കെ എന്നെ കളിയാക്കുകയാ. അമ്മയ്‌ക്കെന്താ മനസിലാകാതെ ?കഴിച്ചോ ?എത്തിയോ ?എപ്പോ ഇറങ്ങും ?ലേറ്റ് ആയി വണ്ടി ഓടിക്കുമ്പോൾ മെല്ലെ ഓടിക്കണേ..അമ്മയ്ക്ക് നാണമാവില്ലേ? എന്റെ ക്ലാസ്സിൽ വേറെയുമുണ്ട് കുട്ടികൾ. അവരുടെ അമ്മമാരൊന്നും ഇത് പോലെയല്ലല്ലോ ?"
"അതെന്റെ വിഷയമല്ല അപ്പു ..ഞാൻ ഇങ്ങനെയാ. എനിക്ക് അതിൽ നാണക്കേടുമില്ല .നീയെ എന്റെ മോനാ. ഞാൻ പ്രസവിച്ച എന്റെ മോൻ ..ഞാൻ വിളിക്കും ..ഓരോ അപകടങ്ങളുടെ വാർത്ത കേൾക്കുമ്പോൾ കയ്യും കാലും വിറയ്ക്കുകയാ .രാവിലെ പോയിട്ടു വൈകുന്നേരം വരും വരെ ഉള്ളിൽ തീയാണ് ."
'ദേ അമ്മെ ഞാൻ മൊബൈൽ ഓഫ് ചെയ്തു വെയ്ക്കും കേട്ടോ അല്ലെങ്കിൽ അമ്മയുടെ നമ്പർ ബ്ളോക് ചെയ്തു വെയ്ക്കും നോക്കിക്കോ "
മീര അവന്റെ ചുമലിൽ ഒറ്റ അടി കൊടുത്തു
"ധൈര്യമുണ്ടെങ്കിൽ ചെയ്യടാ കാണട്ടെ ..എന്റെ മോനത്ര മിടുക്കൻ ആണെങ്കിൽ ചെയ്തു കാണിക്ക് .ഇനി ഇവനെ ആശുപത്രിയിൽ വെച്ച് മാറിപ്പോയ്ക്കാണുവോ മനുവേട്ടാ ?"മീര മനുവിനെ നോക്കി
മനു ചിരിച്ചു അയാൾ പ്ലേറ്റിലിരുന്ന ഇഡലി ഒരു കഷ്ണം മുറിച്ചു സാമ്പാറിൽ മുക്കി ..
"അതിനു വഴിയില്ല മീര. അന്ന് നീ മാത്രേ അവിടെ പ്രസവിച്ചുള്ളു "അയാൾ ചിരിച്ചു
"കേട്ടല്ലോ ..നീ എന്റെ മോൻ തന്നെ. അപ്പൊ ഞാൻ ഫോൺ വിളിക്കും ..എനിക്ക് പേടിയാണ് "
"അപ്പൊ ഞാൻ ഗോവക്ക് പോകുമ്പോളും 'അമ്മ ഇങ്ങനെ വിളിച്ചു കൊണ്ടിരിക്കുമോ ?"
"ഗോവയ്ക്കാര് പോകുന്നു ?നീ വല്ല മൂന്നാറിലോ പൊന്മുടിയിലോ പോ "
"അച്ഛാ ഇത് കേട്ടോ ഞാൻ എത്ര തവണ പറഞ്ഞതാണ് ..ഞങ്ങൾകൂട്ടുകാർ ഗോവയ്ക്ക് ഒരു ത്രീ ഡേ ടൂർ പ്ലാൻ ചെയ്ത കാര്യം ?
"അത് നടക്കില്ല അപ്പു "മീരയുടെ മുഖം ചുവന്നു
"അതിനു അമ്മയുടെ സമ്മതമൊന്നും വേണ്ട എന്റെ അച്ഛൻ സമ്മതിച്ചാൽ മതി "
അവനും വിട്ടുകൊടുത്തില്ല.
മനു ധർമ്മസങ്കടത്തിലായി
മീര അയാളെ ഒന്ന് രൂക്ഷമായി നോക്കി. പിന്നെ അടുക്കളയിലേക്കു പോയി
അപ്പു ബൈക്കെടുക്കുമ്പോൾ മനുവും ഒപ്പം വന്നു .
."എന്നെ ഒന്ന് ബസ് സ്റ്റോപ്പിൽ വിട്ടേക്ക് അപ്പു "
വഴിയിലൊരിടത്തു എത്തിയപ്പോൾ മനു ആ ചുമലിൽ ഒന്ന് കൈ അമർത്തി.
"ഇവിടെ ഒന്ന് നിർത്തിക്കെ ഒരു കാര്യം പറയാൻ ഉണ്ട് "
അപ്പു ബൈക്ക് നിർത്തി
"നിനക്ക് തിരക്ക് ഉണ്ടോ? "
"ഇല്ല അച്ഛാ
എന്താ പറഞ്ഞോ. "
"പഴയ ഒരു കാര്യമാണ് 'നിനക്ക് ഒരു രണ്ടു വയസ്സൊക്കെ ഉള്ളപ്പോളാണ്. ഒരു ദിവസം ഞാൻ കടയിൽ പോയപ്പോ ഒപ്പം നീയും വന്നു .കൂട്ടുകാർക്കൊപ്പം സംസാരിച്ചു സംസാരിച്ചു നീ എന്റെ പിടി വിട്ടു പോയ കാര്യം അറിഞ്ഞില്ല ..നാട്ടുകാരും പോലീസും ഒക്കെ തിരച്ചിൽ തുടങ്ങി ..അന്ന് നിന്റെ 'അമ്മ എന്റെ നെഞ്ചിലും മുഖത്തും ഒക്കെ ആഞ്ഞഞ്ഞടിച്ചു ഭ്രാന്തിയെപ്പോലെ അലറി കരഞ്ഞു പറഞ്ഞു നിന്നെ കിട്ടിയില്ലെങ്കിൽ എന്റെ മുന്നിൽ തലയടിച്ചു അവള് മരിച്ചു
കളയുമെന്ന് "അയാൾ കണ്ണ് നിറഞ്ഞതു തുടച്ചു
"മൂന്നു രാത്രിയും പകലും അവൾ ഒരിറ്റു വെള്ളം പോലും കുടിക്കാതെ ദൈവങ്ങളുട മുന്നിൽ കരഞ്ഞു കൊണ്ടേയിരുന്നു .എനിക്ക് അവളുടെ മുന്നിൽ ചെല്ലാൻ പേടിയായിരുന്നു .നാലാം ദിവസം തമിഴ്‌നാട്ടിലെ ഒരു നാടോടിക്കൂട്ടത്തിൽ നിന്ന് നിന്നെ പോലീസിന് കിട്ടി . മൊട്ടയടിച് അകെ പ്രാകൃതമായി ...പക്ഷെ അപ്പോളേക്കും നിന്റെ അമ്മ ഐസിയുവിൽ ആയി കഴിഞ്ഞിരുന്നു .രക്തസമ്മർദ്ദമൊക്കെ താഴ്ന്നു ഹൃദയമിടിപ്പിന്റെ തളം തെറ്റി അങ്ങനെ ..നിന്നെ കണ്ട മാത്രയിൽ ട്യൂബൊക്കെ വലിച്ചെറിഞ്ഞു കളഞ്ഞു ഒരു മുഴുഭ്രാന്തിയെ പോലെ നിന്നെ കെട്ടിപിടിച്ചുമ്മ വെയ്ക്കുന്ന അവളുടെ ചിത്രമുണ്ട് ഇപ്പോളും നെഞ്ചില് ".അയാളുടെ ശബ്ദം ഇടറി.
"പിന്നെ ഞങ്ങൾ ആ നാടുപേക്ഷിച്ചു ..അവളുടെ പേടി മാറി അവൾ നോർമൽ ആകാൻ പിന്നെയും ഏറെ നാളെടുത്തു.ഒരിക്കലും ആ കാര്യം ഓർമിപ്പിക്കരുത് എന്ന് ഡോക്ടറും പറഞ്ഞു ..അല്ലെങ്കിൽ ഇത് ഞാൻ നിന്നോട് നേരെത്തെ പറഞ്ഞേനെ "
"എന്ത് കൊണ്ടാണ് നിന്റെ അമ്മ ഒരു സാധാരണ അമ്മയല്ലാത്തത് എന്ന് നിനക്കിപ്പോൾ മനസ്സിലായില്ലേ ?സ്വന്തം കുഞ്ഞിനെ നഷ്ടപ്പെട്ട ആധി അറിഞ്ഞു പോയ ഒരു അമ്മയാണ് മോനെ അവൾ ..ഒരിക്കൽ നീറി നീറി ഉരുകിപ്പോയ ഒരു 'അമ്മ .മുഴുവൻ ശ്രദ്ധയും സ്നേഹവും കരുതലും നിനക്ക് തരാൻ ഇനിയൊരു കുഞ്ഞിനെ പോലും വേണ്ടെന്നു വെച്ച ഒരു അമ്മ .അങ്ങനെ ഒരു അമ്മ പുണ്യമാ അപ്പു ..നീ ഗോവയ്ക്ക് പോകണ്ട എന്ന് ഞാൻ പറയില്ല, വലിയ കുട്ടിയായി നീ. അവൾക്കു പക്ഷെ അത് മനസിലാവില്ല. പാവം പേടിയാ അതിന്. നീ പൊയ്ക്കോ. അമ്മയെ ഇടയ്ക്കു വിളിച്ചാൽ മതി "
അപ്പു ഒഴുകുന്ന തന്റെ കണ്ണുകൾ തുടയ്ക്കാൻ മറന്നു അനങ്ങാതെ നിന്ന് പോയി.
കോളേജിൽ ഇരിക്കുമ്പോളും അവന്റ മനസിൽ അമ്മയായിരുന്നു .അമ്മ എന്നും തന്റെ ബെസ്റ്റ് ഫ്രണ്ട് ആയിരുന്നു. ഓവർ കോൺഷ്യസ് ആകുന്നത് കാണുമ്പോൾ ഓരോന്ന് പറഞ്ഞു പോകുന്നതാണ്. അവൻ ഫോൺ എടുത്തു. അമ്മയെ വിളിച്ചു
ഫോൺ ഓഫ് ..ഇതെന്താ പതിവില്ലാതെ? ഇങ്ങോട്ട് വിളിച്ചുമില്ലല്ലോ
ഉച്ചക്കും നോക്കി വീണ്ടും ഫോൺ ഓഫ് എന്ന് കണ്ടപ്പോൾ സമാധാനം ഇല്ലാതെ അവൻ കോളേജിൽ നിന്നിറങ്ങി.
വീട്ടിലെത്തുമ്പോൾ അമ്മ തുണി കഴുകിക്കൊണ്ടിരിക്കുന്നു അവൻ ഒന്ന് ദീർഘനിശ്വാസം വിട്ടു
"അമ്മയെന്തിനാ ഫോൺ ഓഫ് ചെയ്തു വെച്ചേക്കുന്നേ ?പേടിച്ചു പോയല്ലോ "
"എന്തോ..
കേട്ടില്ല? "മീര അടുത്തക്കു വന്നു
"അല്ല പിന്നെ പേടിക്കില്ലേ?"
"മകനായ നിനക്ക് പേടി വന്നു അല്ലെ ?അപ്പൊ നിന്നെ പ്രസവിച്ച അമ്മയ്ക്ക് എന്ത് മാത്രം പേടി വരും ?നീ എന്താ പറഞ്ഞെ എന്നെ ബ്ളോക് ചെയ്യും ന്നു അല്ലെ ?"
അവൻ ആ കവിളിലൊന്നു നുള്ളി
"ഞാൻ അങ്ങനെ ചെയ്യുവോ എന്റെ പൊന്നിനെ ?'അവൻ ഒരു കള്ളച്ചിരി ചിരിച്ചു
"അയ്യടാ പഞ്ചാര. മേലിൽ പറഞ്ഞാലുണ്ടല്ലോ "
"പറയില്ല സോറി .."അവൻ മെല്ലെ അവളെ ഒന്ന് ചുറ്റിപ്പിടിച്ചു .
"എന്നാൽ ഈ തുണി ഒക്കെ വിരിച്ചിട്ട് വാ. ചോറ് തരാം "
"ങേ തുണി വിരിക്കാനോ ഞാനോ? അമ്മെ......"
"വിരിച്ചിട്ടു വാടാ ചെക്കാ പുഴമീൻ ഉണ്ട്. ചോറ് തരാം ന്നു "
"ആണോ ?എന്ന ദേ വിരിച്ചു തീർന്നു "അവൻ ബാഗു മാറ്റി വെച്ച് തുണികൾ വിരിച്ചു തുടങ്ങി.
"നന്നായിട്ടുണ്ടോ ?"അവൻ കഴിക്കുന്നത് നോക്കി മീര ചോദിച്ചു
"പിന്നില്ലാതെ ? എന്റെ 'അമ്മ എന്തുണ്ടാക്കിയാലും ഉഗ്രനല്ലേ ?""ദേ നോക്കിക്കേ " ഒരു ഉരുള ചോറ് അവൻ അവളുടെ വായിൽ വെച്ച് കൊടുത്തു.
മീരയുട കണ്ണുകൾ ഒന്ന് നിറഞ്ഞു
"നീ എപ്പോളാ ഗോവയ്ക്ക് പോണെ?"
"അതെ അമ്മെ, എന്റെ കൂട്ടുകാരൻ ഗോകുലില്ലേ ?അവന്റ വീട്ടിലെന്തോ പ്രശനം. ഞങ്ങൾ ആ ട്രിപ്പ് ക്യാൻസൽ ചെയ്തു "അവൻ അമ്മയുടെ മുഖത്തു നോക്കാതെ പറഞ്ഞു .
"കള്ളം പറയാൻ അമ്മേടെ മോൻ ഇത് വരെ പഠിച്ചിട്ടില്ല "മീര ആ മുടിയിൽ തലോടി ..പിന്നെ നെറ്റിയിൽ പതിയെ ചുണ്ടമർത്തി.
"'അമ്മ തൈര് എടുത്തു കൊണ്ട് വരാം കേട്ടോ "
'അമ്മ അടുക്കളയിലേക്കു പോകുന്നത് നോക്കിയിരിക്കെ അവന്റെ കണ്ണ് നിറഞ്ഞു
തന്നെ ഓർത്ത് എത്ര നീറിയിട്ടുണ്ടാകും പാവം
എത്ര ഉരുകിയിട്ടുണ്ടാകും ..എത്ര കരഞ്ഞിട്ടുണ്ടാകും.ഈ ജന്മത്തിൽ ഇതിനൊക്കെ എന്ത് പകരം കൊടുത്താൽ മതിയാകും !
അവൻ വേഗം കണ്ണ് തുടച്ചു .തന്റെ കണ്ണീർ അമ്മ കാണരുത്. ആ കണ്ണും നിറയും.
അമ്മ കരയാതിരിക്കട്ടെ.
എന്നും അമ്മ സന്തോഷം ആയിരിക്കട്ടെ ..
അമ്മയുടെ സന്തോഷത്തിൽ കൂടുതൽ തനിക്ക് എന്താ വേണ്ടേ ?
തന്നെ ഓർത്തു മാത്രം ജീവിക്കുന്ന പാവം അമ്മക്കിളിയല്ലേ അത് ?
*******************************

പഴമയിലെ സത്യം
കലാ വാസുദേവൻ

കിണ്ടിവെള്ളമതു കണ്ടിടാം സദാ -
പണ്ടു പൂമുഖവരാന്ത തന്നിലായ്
പുത്തനാം പതിവിലാണ്ട ലോകമി-
ന്നിത്തരം പഴമ വീണ്ടെടുത്തു പോയ്
വൃത്തിയേറുമൊരു നല്ല ഭക്ഷണം
വീണ്ടുമേകി തനുശക്തമാക്കിടാം
കാലപാശമഖിലം പതിച്ചിടാ-
തിക്കൊറോണ തടയിട്ടു നിർത്തിടാം
ഹസ്തദാന പരിരംഭണങ്ങളും
ഹേതുവെന്നതറിയുന്നു നമ്മളും
കൂപ്പുകൈയൊടു നമിച്ചിടാം നമു-
ക്കുത്തമം പഴയ രീതിയല്ലയോ?
*******************************

കോറോണ ആദ്യ ലക്ഷണം,,
ദേവിക ഗോപൻ നായർ

ഒരു സാധാരണക്കാരൻ
നാഴി പാല് വാങ്ങിയത്
കട്ടനിലേക്ക്
ചുരുക്കി,,
പത്രം കുറച്ചീസം
വേണ്ടാട്ടോ
വിരുന്ന് പോവാ,,
തലേ ദിവസത്തെ
പഴങ്കഞ്ഞി
മുളകു ചുട്ടരച്ച ചമ്മന്തി
ബസ്സിലൊന്നും പോണില്ല
വീട്ടിലെ വാഹനം പൂജ വെച്ചു
നടന്നാൽ ആരോഗ്യം
ഉച്ചയൂണിന് ഒറ്റ ക്കറി
വിശന്നാലതും വേണ്ട
കുട്ട്യോൾക്ക് നാലു മണിക്ക്
ഇലയടയും കൊഴുങ്കട്ടയും
നല്ലൊരു ചക്ക വെട്ടി
തോരനൊന്ന് അത്താഴ കഞ്ഞിക്ക്,,
നാളെയെന്തെന്ന്
ഓർത്തിട്ടെന്തോ
ഉറക്കമപ്പടി
പോയെന്നേ,,
*******************************

സുഖം...
പ്രീതി രാജേഷ്

കടുപ്പത്തിലൊരു നോട്ടം
പതിഞ്ഞുകൊണ്ട്
എണീറ്റുവന്ന പുലരികൾ തൊട്ട്
അടുക്കളയിൽ തീയൂതി കത്തിച്ചും
ചായ ആറ്റിയും
തിളച്ചു മറിയുന്ന
ചോറിന്റെ വേവ് നോക്കിയും
വിയർപ്പുതുണികളെ
വേച്ചു വേച്ചു കല്ലിലിട്ടുരച്ചു
കഴുകി വിരിക്കുമ്പോഴൊക്കെയും
നടുവിന് ഒരു പിടിത്തമുണ്ടെന്നു
അയലത്തെ ജാനുചേച്ചിയോടും
ഉണക്കമീൻ വിൽക്കാൻ വരുന്ന
ചിരുത ചേച്ചിയോടും
പലപ്പോഴും പറഞ്ഞിരുന്നു
പറഞ്ഞു വരുമ്പോഴൊക്കെയും
ചൂടുവെള്ളം മുക്കി തുടച്ചാൽ
ഭേദം കിട്ടുമെന്ന് പറഞ്ഞത്
സോപ്പും പൊടിക്കാരൻ
ലോറൻസ് ചേട്ടനാണ്
തിരക്കുകൾക്കിടയിൽ
അമ്മയ്ക്ക് സുഖമാണോ എന്ന്
മനസ്സിൽപോലും ചോദിച്ചില്ല
പ്രഭാത ഭക്ഷണം,  ഉച്ചഭക്ഷണം
എല്ലാം നേരത്തിനു കിട്ടിയതാ
രാത്രി ഭക്ഷണം മാത്രം
കിട്ടാതെ വരുമ്പോഴാണ്
അമ്മയ്‌ക്കെന്താ പറ്റിയതെന്ന്
ചോദിച്ചു തുടങ്ങിയത് തന്നെ...,
*******************************

പണ്ടെന്നോ വായിച്ചു കേട്ട ഒരു കഥ ഇപ്പോൾ മനസ്സിൽ നിറയുകയാണ്.....
മരണത്തെ മുന്നിൽക്കണ്ട രാജാവ് മകനെ അരികിൽ വിളിച്ചു. നീ യുവാവാണ്. കരുത്തനാണ്. ബുദ്ധിമാനാണ്. എന്നേക്കാൾ നന്നായി നീ രാജ്യം ഭരിക്കും. എനിക്കറിയാം.എങ്കിലും...
എന്നെങ്കിലും നീ തളർന്നാൽ.മരണം മാത്രമാണ് പോംവഴി എന്ന് ഉറപ്പാക്കിയാൽ. അപ്പോൾ. അപ്പോൾ മാത്രം. ഈ വാൾപ്പിടി ഊരിയെടുക്കുക. രക്ഷാമാർഗ്ഗം അവിടെയുണ്ട്... ആ വാക്കുകളും ശ്വാസവും നിലച്ചു... കൈകൾ അയഞ്ഞു... രാജാവ് മരിച്ചു...
ഏറെക്കാലം മകൻ ഭരണം തുടർന്നു.പ്രതിയോഗികളില്ലാതെ. പരാജയമറിയാതെ...
അങ്ങനെയിരിക്കെ ശത്രുക്കൾ കടന്നു കയറി.അവർ കോട്ടകൾ തകർത്തു. കൈനിലകൾ തകർത്തു.സൈന്യം ആട്ടിൻകൂട്ടങ്ങളെപ്പോലെ ചിതറിയോടി. ശത്രുവിന്റെ വാൾത്തലയിൽ നിന്ന് എങ്ങനെയോ രക്ഷപ്പെട്ട രാജാവ് ഒരു മലമുകളിൽ അഭയം തേടി...
സൈന്യമില്ലാതെ.ബന്ധുബലമില്ലാതെ വിജനതയിൽ അയാൾ ഉറക്കെക്കരഞ്ഞു. മുന്നിൽ മരണം മാത്രം...
പെട്ടെന്നയാൾ അച്ഛനെയോർത്തു. രക്ഷാമാർഗ്ഗം ഓർത്തു.വാൾപ്പിടി ഊരിയെടുത്തു.അതിൽ ഒതുക്കി വച്ച കടലാസുചുരുൾ നിവർത്തി ഇങ്ങനെ വായിച്ചു...
"ഇതും കടന്നു പോവും''
അയാൾക്കു മുന്നിൽ ഒരു വാതിൽ തുറക്കുകയായിരുന്നു. ഈ പരാജയം താൽക്കാലികം മാത്രം.ഇത് കടന്നു പോവും.ഈ വാതിലിനപ്പുറത്ത് വിജയമാണ്. ജീവിതമാണ്...
അയാൾ പതുക്കെ താഴ് വരയിലേക്കിറങ്ങി. ചിതറിയ സൈന്യത്തെ കൂട്ടിയിണക്കി. ജനങ്ങളുടെ പിന്തുണയോടെ ശത്രുവിനെ ആക്രമിച്ചു കീഴടക്കി...
യുദ്ധം ജയിച്ച് കൊട്ടാരത്തിലെത്തി സിംഹാസനത്തിൽ ആസനസ്ഥനായി അയാൾ വാൾപ്പിടി ഊരിയെടുത്ത് ആ വാക്യം ഒരിക്കൽക്കൂടി വായിച്ചു...
"ഇതും കടന്നു പോവും..."
*******************************

അതെ,ഈ കൊറോണക്കാലവും കടന്നു പോവും
"നമ്മൾ അതിജീവിക്കും...
നമുക്ക് അധികാരികളുടെയും ആരോഗ്യമേഖലയിലുള്ളവരുടെയും വാക്കുകൾക്ക് വില കൽപിക്കാം..
ചങ്ങലകൾ ഭേദിക്കാം...
കാർമേഘങ്ങളൊഴിഞ്ഞ് തെളിഞ്ഞ ആകാശത്തിനായി നമുക്ക് കാത്തിരിക്കാം എന്ന പ്രാർത്ഥനയോടെ
ഇന്നത്തെ നവ സാഹിതി വിഭവങ്ങൾ നിങ്ങൾക്കായി...

Comments