21-12-19


ഇന്നത്തെ നവ സാഹിതിയിലേക്ക് എല്ലാ സഹൃദയർക്കും ഹൃദ്യമായ സ്വാഗതം..🙏🌹🌹🙏
ഗ്രൂപ്പംഗവും ആകാശവാണിയിലെ സ്ഥിരം ശബ്ദ സാന്നിധ്യവുമായ ജസീന റഹീമിന്റെ വൈവിധ്യ സമ്പന്നമായ അനുഭവാവിഷ്കാരം..." ഇതാണ് ഞാൻ..." തുടർന്ന് വായിക്കാം..👇🏻
🙏🌹🌹🙏
ആത്മായനം
ജസീന റഹീം

തല്ലും തലോടലും നിറഞ്ഞതായിരുന്നു ജീവിതമെന്നും.. ഏറെ വേദനിച്ചപ്പോഴൊക്കെ ചെറിയ സന്തോഷങ്ങളും തന്ന് ജീവിതമെന്നെ സാന്ത്വനിപ്പിച്ചിച്ചിരുന്നു..
2007 ൽ ഞാൻ ബി.എഡ് കഴിഞ്ഞിറങ്ങിയ ഉടനെയാണ് പി.എസ്.എസി വിവിധ ജില്ലകളിലേക്ക് മലയാളം ഹൈസ്കൂൾ അസിസ്റ്റന്റിന്റെ  വിജ്ഞാപനം പുറപ്പെടുവിച്ചത്.. അപ്പോഴേക്കും ബി.എഡ് റിസർട്ടും വന്നിരുന്നു. ഫസ്റ്റ് ക്ലാസ്സോടെ പാസായത് ആശ്വാസമായി. ഇല്ലാ പണം ചെലവാക്കി തിരുവനന്തപുരത്തയച്ച് ഹോസ്റ്റലിൽ നിർത്തി പഠിപ്പിച്ചിട്ട് ഒടുവിൽ  റിസൾട്ട് മോശമായാൽ ഉണ്ടാകുന്ന പുകിലുകൾ ഓർത്ത് വിഷമിച്ചെങ്കിലും റിസൾട്ട് വന്നപ്പോൾ സമാധാനമായി.
പി.എസ്.എസി ടെസ്റ്റിനായിസ്വന്തം ജില്ല തെരഞ്ഞെടുക്കണോ മറ്റേതെങ്കിലും ജില്ല വെക്കണോ എന്നാകെ സംശയമായി.. കൊല്ലത്തെക്കാൾ സാധ്യത ഇടുക്കിയാണെന്ന് പലരും പറഞ്ഞപ്പോൾ ..കൂട്ടുകാരൻ മനുവും ഇടുക്കിയാണ് തെരഞ്ഞെടുക്കുന്നതെന്നറിഞ്ഞപ്പോൾ പിന്നെ ഒന്നുമാലോചിച്ചില്ല. മലയാളം ഹൈസ്കൂൾ അസിസ്റ്റന്റ് പരീക്ഷയ്ക്കായി സുന്ദരിയായ ഇടുക്കിയെ തന്നെ തെരഞ്ഞെടുത്തു..
                                      വിദ്യാനികേതനിലെ അഭ്യസ്തവിദ്യരായ ഒരു കൂട്ടം ചെറുപ്പക്കാരായ അധ്യാപകർ ..എല്ലാവരും പി.എസ്.സി ജോലിക്കായി ശ്രമിച്ചു കൊണ്ടിരിക്കുകയായിരുന്നു..
ഇതിനിടയ്ക്ക് സൗദിയിൽ നിന്നും നാട്ടിലെത്തിയ ആൾ തിരികെ വീണ്ടും പോകാൻ ശ്രമങ്ങൾ തുടങ്ങിയിരുന്നു.. നാട്ടിലേക്ക് വരുമ്പോഴുള്ള സന്തോഷവും പ്രതീക്ഷയും നാട്ടിൽ നിൽക്കും തോറും അവനിൽ മങ്ങി വന്നു.. ഒരു തവണ കൂടി പോയിട്ട് ഒരു വർഷമാകുമ്പോൾ മടങ്ങി വരാമെന്നും അപ്പോഴേക്ക് എല്ലാം ഒരു തീരത്തണയും എന്നും ഞങ്ങൾ മോഹിച്ചു... ഗൾഫിൽ നിന്നും വന്ന ശേഷം ..ഒരു വർഷം കാണാതിരുന്ന് കണ്ടത് കൊണ്ടോ.. ദിവസവുമെഴുതിയിരുന്ന പ്രണയ ലേഖനങ്ങൾ കൂടുതൽ അടുപ്പിച്ചത് കൊണ്ടോ.. വളരെ ഗാഢമായി.. മറ്റൊന്നിനെ കുറിച്ച് പരസ്പരം ചിന്തിക്കാനാവാത്ത വിധം ഞങ്ങൾ അടുത്തിരുന്നു.. അത്രയേറെ സ്നേഹിച്ചിട്ടും ഒരു ദിവസം ഒന്നും മിണ്ടാതെ അവൻ പോയപ്പോൾ ഞാനാകെ തകർന്നു പോയി.. അവനിലൂടെയാണ് അഗാധമായ സ്നേഹത്തിന്റെ ഹൃദ്യഭാവങ്ങൾ ആദ്യമായി ഞാനറിഞ്ഞത് എന്നതിനാലും.. വീട്ടുകാർ പോലും അംഗീകരിച്ചൊരു ബന്ധമായ തിനാലും എന്നെ കാണാതെ,ഒന്നും പറയാതെ അവൻ ഖത്തറിലേക്ക് പോയത് മറ്റൊരാളിൽ നിന്ന് കേട്ടപ്പോൾ തളർന്ന്,ഷോക്കേറ്റ് ഞാൻ നിന്നു പോയി...
🙏🌹🌹🙏
ഭേദഗതി ചെയ്യാനാവാത്ത ബന്ധങ്ങൾ
യൂസഫ് നടുവണ്ണൂർ

                             
ഭേദഗതി ചെയ്യാനാവാത്ത
ചില ബന്ധങ്ങളുണ്ട്
കാറ്റിനും കാലത്തിനും മായ്ക്കാനാവാത്തത്.
കല്യാണിയേടത്തിയുടെ പുരയിൽ നിന്നും
ചകിരിപ്പോളയിൽ പുകഞ്ഞ്
എന്റെ അടുപ്പിൽ തെളിഞ്ഞ തീ
വിശപ്പുള്ള കാലത്തോളം
എനിക്ക് ഭേദഗതി ചെയ്യാനാവില്ല.
എന്റെ ഉമ്മാമയും
അങ്ങേ വീട്ടിലെ നാണിമുത്തശ്ശിയും
വെടിപറഞ്ഞൊന്നിച്ച്
മുറുക്കിച്ചോപ്പിച്ച
കോളാമ്പിയുടെ നിറം
എനിക്കൊരിക്കലും ഭേദഗതി ചെയ്യാനാവില്ല.
സുബഹി നമസ്കരിക്കാൻ
ഉപ്പാവയും
കുളിച്ചു തൊഴാൻ
ഗോപാലൻ നായരും
കൈകോർത്തു നടന്ന
പുലർകാലക്കുളിരിനെ
എനിക്ക് ഭേദഗതി ചെയ്യാനാവില്ല
ഓണത്തിന്റെ പൂപ്പൊലിയും
പെരുന്നാളിന്റെ ദിഖ്റും
ക്രിസ്തുമസ് കരോളും
ഇഴപിരിച്ചെടുത്ത്
ഭേദഗതി ചെയ്യാനെനിക്കറിയില്ല.
ഞാനും സുരയും
ഒരു കുടയിൽ നനഞ്ഞൊലിച്ച
മഴക്കാലത്തെ
നീന്തി തൊട്ട കരകളെ
മുങ്ങാം കുഴിയിട്ട ആഴങ്ങളെ
ഒന്നിച്ചുണങ്ങിയ വെയിലിനെ
ഭേദഗതി ചെയ്യാൻ പറയരുത് !
ഒരേ ബെഞ്ചിലിരുന്ന്
ഒരേ നെല്ലിക്ക കടിച്ച്
ഞങ്ങളൊന്നിച്ചു നുണഞ്ഞ മധുരം
ആരു പറഞ്ഞാലും
ഭേദഗതി ചെയ്യാനാവില്ല!
നിഴൽ ചുറ്റി അവളോടൊപ്പം
നടന്നു തീർത്ത
നിലാക്കാലങ്ങളെ
ഒരു തരത്തിലും ഭേദഗതി ചെയ്യാനാവില്ല.
ഒന്നോർക്കുന്നത് നന്ന്
പണ്ട്
ജാഥ പോലെ സ്കൂളിൽ പോകുമ്പോൾ
ഞങ്ങൾക്കുനേരെ
ചാടി വീണ വെളുത്ത പേപ്പട്ടിയെ
എറിഞ്ഞോടിച്ച കല്ലുകൾക്ക്
ഇപ്പോഴും ഒരു ഭേദഗതിയും വന്നിട്ടില്ല!
🙏🌹🌹🙏
തിരിച്ചറിയാത്തവർ...
അനഘ രാജ്

ഇന്നലെവരെ
ഒന്നായിരുന്നവർ
നുണതുപ്പിയ
വർത്തമാനത്തിന്റെ
പരിച്ഛേദങ്ങളിൽ
വെറുപ്പിന്റെ
കനൽത്തിറ കെട്ടിയാടുകയാണ്.
നമ്മളിൽനിന്ന്
എത്രപെട്ടന്നാണ്‌
ഞാനും നീയുമായി
തെന്നിമാറിയത് ?
എത്ര തീവ്രമായാണ് 
അർത്ഥമില്ലാത്ത
ചിഹ്നങ്ങൾ തുന്നിയ
കൊടിയടയാളങ്ങളിൽ
ഇരുകൂട്ടരായിനാം
പിരിഞ്ഞകന്നത്?
എത്ര വേഗത്തിലാണ്
പുകഞ്ഞു കത്തിയ പകയുടെ
കറുത്ത ഭൂഖണ്ഡത്തിലേക്ക്
മതാന്ധതയുടെ പാടചൂടി
നമ്മൾ കുടിയേറിയത് ?
നീയും നീയുമായി നിങ്ങളും
ഞാനും ഞാനുമായി ഞങ്ങളും
വെറിതിന്നു ചേരിതിരിഞ്ഞവർ
ഉള്ളിലൂറിനിറഞ്ഞ
ജീർണ്ണവിഷം വിസർജ്ജിച്ചു
ശുദ്ധരാകുന്നതിനിയെന്നാണ് ?.
നൊന്ത മതഭ്രാന്തിന്റെ
തീഫണങ്ങൾ ദംശിച്ചു
കരിനീലിച്ചുപോയവർ
ഏത് നസ്യം ചെയ്താലാണ് 
പാപ മുക്‌തരാവുക ?.
മതം ചോറൂട്ടുന്ന കാലം വരില്ലെന്ന് ,
ജാതി ജീവൻ തിരികെത്തരില്ലെന്ന്,
നിഴൽക്കൂത്തുകാരുടെ മുന്നിൽ
സ്വത്വബോധം അടിയറവുവെക്കുമ്പോൾ ,
ആഴ്ന്നിറങ്ങുന്ന കത്തിമുനയിൽ
ഉയിരുപിടഞ്ഞറ്റു പോകുമ്പോൾ
കാത്തിരിക്കുന്നവരുടെ കരളിൽ
നോവിന്റെ കനൽമഴപെയ്യുന്നത്
എനിക്കും നിനക്കുമൊരുപോലെയെന്ന്
എന്നാണിനി നമ്മൾ തിരിച്ചറിയുക ??!!
🙏🌹🌹🙏
സാമൂഹ്യം....
രാജശ്രീ

റോഹിംഗ്യൻ അഭയാർഥികൾ
എന്നെ ഒരു തരത്തിലും
ഉപദ്രവിക്കുന്നില്ല,
സ്വൈര്യം കെടുത്തുന്നുമില്ല.
അവരുടെ മലിനമായ
ജീവിത പരിസരം
എന്നോമൽ വീടിനടുത്തല്ല
തുറസ്സായ സ്ഥലങ്ങളിലെ
അവരുടെ വിസർജ്ജ്യത്തിന്റെ
നാറ്റവും പേറി ഒരു കാറ്റിനും
ഇവിടെ വീശാൻ കഴിയില്ല.
മതിൽക്കെട്ടിനുള്ളിലെ,
എന്റെ ബംഗ്ലാവിലെ
തീൻമേശയിലേക്ക്
ആർത്തിപൂണ്ട ഒരു റോഹിംഗ്യൻ
കണ്ണുകൾക്കും എത്തി നോക്കാൻ കഴിയില്ല
അവരും
അവർക്ക് നേരെയും
ഉതിർക്കുന്ന കലാപത്തീകൾ
എന്റെ നഗരപ്രാന്തത്തിലല്ല,
നിശാ ക്ലബ്ബുകളിലെ സൽക്കാരത്തിൽ
എന്റെ രാത്രികൾ ധന്യം
റോഹിംഗ്യൻ അഭയാർഥികൾ
എനിക്കൊരു പ്രശ്നമേയല്ല
ആ നരകയാതനകൾ
രസച്ചോർച്ചയില്ലാത്ത
വായനാനുഭൂതി
പത്രത്താളിലെ അവരുടെ പടങ്ങൾ
പോസ്റ്റ് മോഡേണിസ കല്പനകൾ
പകരുന്ന അത്യുഗ്രൻ കലാസൃഷ്ടി
റോഹിംഗ്യൻ അഭയാർഥികൾ
എന്റെ ജീവിതവഴിയിലെ മുള്ളുകളല്ല,
എങ്കിലും,
പാനൽ ചർച്ചയിൽ,
ഞാനുമൊരു പൊതു പ്രവർത്തക
അല്പം സാമൂഹ്യം ആവശ്യമല്ലേ ??!!
🙏🌹🌹🙏
വരകൾ
സ്വപ്നാ റാണി

ഒരു വരയ്ക്കു സമീപം
മറ്റൊന്നു വരച്ച്
ആദ്യത്തേതിനെ
ചെറുതാക്കി മാറ്റുന്ന കളി
ബാല്യത്തിന്റെതായിരുന്നു.
മറന്നു പോകരുത്
അത്തരം കളികളെന്ന്
 ബോധ്യമാകുന്നു.
 എപ്പോഴാണ്
 അതിരുകൾക്കുള്ളിൽ നിന്ന്
 പുറന്തള്ളപ്പെടുകയെന്ന്
 നിർവ്വചിക്കാനാവില്ലല്ലോ.
 ചില വരകൾ
 ചിലയിടങ്ങളിൽ വരയ്ക്കുമ്പോൾ
 ചിലരൊക്കെ
 കളത്തിനു പുറത്താകും.
 ഇടം നഷ്ടപ്പെടുന്നവരുടെ
 തേങ്ങലുകൾ
 വേലി പണിയുന്നവർക്ക്
 താരാട്ടുപാട്ടാകും.
 ജാഗ്രതയുടെ
 ഊന്നുവടികൾ കൊണ്ട്
 താങ്ങി നിർത്തപ്പെടേണ്ട
 ഒന്നായി
 നമ്മുടെ ഇടങ്ങൾ
 വിളംബരം ചെയ്യപ്പെട്ടു കഴിഞ്ഞിരിക്കുന്നു.
 സുന്ദര സ്വപ്നങ്ങൾക്കടുത്ത്
 ഭീതിയുടെ വലിയ വരകൾ
 വരച്ചു ചേർത്തു കൊണ്ടിരിക്കുന്നു.
🙏🌹🌹🙏
കുപ്പിവളകൾ ചിരിക്കുന്നു
ബേബി രാജു എടപ്പാൾ

മീനൂട്ടി തെരുവിന്റെ വക്കിൽ കുടിൽ കെട്ടി താമസിക്കുന്ന ഊരും പേരു മറിയാത്ത കടലുമ്മ എന്ന് സ്കൂൾ കുട്ടികൾ വിളിക്കുന്ന ചെറുകടലവറുത്ത് വിൽക്കുന്ന ഒരുമ്മയുടെ കൂടെ വളരുകയാണ്. തട്ടം ഇട്ടു കാണുന്ന ആ കടല വറുത്തു വിൽക്കുന്ന ഉമ്മ തട്ടം ഇട്ട തോണ്ട് ഉമ്മ..... കുറെ കാലമായി  അടുത്ത പാറമടയിൽ ജോലിക്കു വന്ന കൊല്ലംകോ ടുകാരി പെണ്ണുങ്ങൾടെ കൂട്ടത്തിലുണ്ടായിരുന്നു. കൂട്ടത്തിലുണ്ടായിരുന്ന ആണൊരുത്തൻ ടി.ബി.രോഗം വന്ന് ചുമച്ചു ചോര തുപ്പി തുപ്പി മരണപ്പെട്ടു. പിന്നെ കൂടെ വന്നവർ തിരികെപ്പോയിട്ടും അവർ പോയില്ല. കൂടെ ഉണ്ടായിരുന്ന കൃഷ്ണൻ മീനൂട്ടിക്ക് രണ്ടു വയസ് ഉള്ളപ്പോൾ ആണ് മരണപ്പെടുന്നത്. കടലുമ്മയും മീനൂട്ടിയും കൃഷ്ണനും എങ്ങനെ ഒരു കുടുംബമായി ജീവിച്ചെന്നൊന്നാർക്കും അറിയില്ല.
സ്കൂളിൽ കുഞ്ഞിരാമൻ മാസ്റ്റർ എങ്ങനെയാവോ.......റജിസ്റ്റർ ചെയ്തത് അതും അറിയില്ല മാഷ് ഒരു ജനനതിയ്യതി ഇട്ട് മറിയുമ്മ മകൾ മീനൂട്ടി എന്ന് ചേർത്തു  അത്ര തന്നെ....
മീനൂട്ടിക്ക് കുപ്പിവളകൾ വലിയ ഇഷ്ടം.. സ്കൂളിൽ നേരത്തെ എത്തി വളപ്പൊട്ടുകൾ ഗ്രൗണ്ടിൽ നിന്നും പെറുക്കി എടുക്കൽ വളരെ ഇഷ്ടം ....  ഒരു കൊച്ചു പെട്ടിയിൽ നിറയെ വളപ്പൊട്ടുകൾ പത്താം ക്ലാസ് പഠനം കഴിഞ്ഞപ്പോഴേക്കും അവൾ ശേഖരിച്ചു....
സ്വപ്നങ്ങൾ മുഴുവൻ വിവിധ നിറത്തിലുള്ള കുപ്പിവളകൾ...... കല്യാണം കഴിച്ച് അഞ്ചാറു പെൺകുട്ടികളുണ്ടായാൽ എന്തെങ്കിലും ജോലി ചെയ്ത് മക്കൾക്ക് കുറെ കുപ്പിവളകൾ വാങ്ങിക്കൊടുക്കാൻ അവൾ മോഹിച്ചു. ....ഒരു കൊച്ചു നോട്ടുപുസ്തകത്തിൽ ഡയറി എഴുതി സൂക്ഷിക്കുന്ന കൂട്ടത്തിൽ ആഗ്രഹവും എഴുതി വെച്ചു.....
കൊച്ചുങ്ങൾ വിവിധ നിറത്തിലുള്ള കുപ്പിവളകളണിഞ്ഞ് സ്വപ്നത്തിൽ അവൾക്കു ചുറ്റും നൃത്തം വെച്ചു..... അങ്ങനെ അങ്ങനെ ഒരു ദിവസം നാരായണൻ കുട്ടിയും തങ്കമാളും കൂടി വന്ന് പെണ്ണു ചോദിക്കലും കൊണ്ടു പോകലും എല്ലാം പെട്ടെന്ന്....
കഞ്ചാവും കള്ളും അടിമയാക്കിയ നാരായണൻകുട്ടിയുടെ കൂടെ ജീവിതം.... മീനൂട്ടിക്ക് മടുത്തു.  ഉണർവുള്ള നേരം നാരായണൻകുട്ടിയുടെ ചവിട്ടും തൊഴിയുമായിരുന്നു അവൾക്ക് അവിടെ ആകെ കിട്ടിയത്.തങ്കമ്മാൾ വീട്ടിലെ പണികളിൽ വീഴ്ച വന്നാൽ നല്ല തെറിയും വിളിക്കും.....
ഒരു വഴക്കിൽ അവളുടെ നിധിശേഖരം നോട്ടുബുക്കും വളപ്പൊട്ടുകളുടെ പെട്ടിയും പുറത്തേക്കെടുത്തെറിഞ്ഞു തങ്കമാൾ.... പിന്നെ മീനൂട്ടി അവിടെ നിന്നില്ല. പെട്ടിയുമെടുത്ത് അടുത്ത പാറ വെട്ടിത്തീർന്ന ക്വാറി ലക്ഷ്യമാക്കി നടന്നു. അടിയിൽ നിറയെ വെള്ളമുണ്ട്. എത്ര ആഴം....? അറിയില്ല.....
കണ്ട സ്വപ്നങ്ങൾ ഒന്നുകൂടെ കാണാൻ വിജനമായ ആ പ്രദേശത്തെ ഒരു മാവിൻ ചുവട്ടിൽ ചപ്പില മെത്തയിൽ നിവർന്നു കിടന്നു......അവസാനമായി കുപ്പിവളകളിട്ട നിറമുള്ള കൊച്ചു കൈകൾ .... കലപില ചൊല്ലി പാട്ടും കളിയുമായി ബഹളം കൂട്ടി.ഏറെ നേരം ക്ഷീണിച്ചു മയങ്ങിയ അവൾ ഉണർന്ന് ക്വാറിയുടെ അടുത്തേക്കു നടന്നു .... ചാടാൻ ആഞ്ഞ അവളെ ബലിഷ്ഠമായ രണ്ടു കൈകൾ തടഞ്ഞു.
തിരിഞ്ഞു നോക്കിയപ്പോൾ പിന്നിൽ റഷീദ്.... സ്കൂളിനടുത്ത് പണ്ട് താമസിച്ചിരുന്ന റഷീദ്..... ! അവൻ അവളെ അപ്പുറത്തു റോട്ടിൽ നിറുത്തിയിട്ടിരുന്ന അവന്റെ ലോറിയിൽ കയറ്റി വീട്ടിൽ കൊണ്ടുപോയി. ഒറ്റക്ക് താമസിക്കുന്ന റഷീദ് അവിവാഹിതൻ.. ലോറി ഡ്രൈവർ വണ്ടിയിൽ നിന്ന് പിടിച്ചിറക്കി വീട്ടിലേക്ക് അവളെ കൈ പിടിച്ചു കയറ്റുമ്പോൾ ലോറി നിറയെ വീട്ടു സാധനങ്ങൾ, കൂടെ വലിയ ഒരു പെട്ടി നിറയെ പല നിറമുള്ള കുപ്പിവളകൾ......
മീനൂട്ടിയുടെ സ്വപ്ന ജീവിതം .....അവിടെ കുപ്പിവളകൾ ..... വിവിധ വർണ്ണങ്ങളിൽ ആർത്തുചിരിച്ചുല്ലസിച്ചു. !!!
🙏🌹🌹🙏
രലോഭനം..
ടി.ടി.വാസുദേവൻ

പത്ത് എ. യിൽ
'പ്രലോഭനം '
എടുക്കുമ്പോഴാണ്
കനകദാസൻ മാഷിന്
പത്ത് ബി. യിൽ
'പ്രിയദർശനം'
എടുക്കുന്ന
കമലാക്ഷി ടീച്ചറുടെ
മെസേജ് വന്നത്.
' കാണണം '
'എനിക്കും കാണണം'
കനകദാസൻ മാഷ്
മറുപടിയയച്ച്
ലൈബ്രറിയിലേക്ക്
കമലാക്ഷി ടീച്ചറെ
കാണാൻ പോയി.
അപ്പോൾത്തന്നെയാണ്
പത്ത് എ. യിലെ ആൺകുട്ടികൾക്ക്
പത്ത് ബി. യിലെ പെൺകുട്ടികളെ
കാണണമെന്നു തോന്നിയതും.
അവരും
ലൈബ്രറിയിലെത്തി.
ലൈബ്രറിയിലെ
പ്രലോഭനവും
പ്രിയദർശനവും
കണ്ട കുട്ടികൾ
ഒന്നും ആലോചിക്കാതെ
രേവാ നദിയിൽ
ചാടി മരിച്ചു.
🙏🌹🌹🙏
(അമ്മായി)അമ്മ
ചിത്ര.പി.നായർ

ഏതൊരു പെൺകുട്ടിയെയും പോലെ വിവാഹം ഒരു പറിച്ചു നടീലായിരുന്നു എനിക്കും.നഗരത്തിൽ നിന്ന് ഗ്രാമത്തിലേക്ക്,ഏകാന്തത സുഖം പിടിച്ച  സ്വകാര്യതയിൽ നിന്ന് നാട്ടുമ്പുറത്തെ കുശലാന്വേഷണത്തിലേക്കും   കൂട്ടായ്മകളിലേക്കും ,ഹിന്ദി  പാട്ടും ഡാൻസും കഥയും കവിതയും സിനിമയും,കളിചിരിയും  മാത്രം മനസു   നിറഞ്ഞ ലോകത്തു നിന്ന് വലിയ ഉത്തരവാദിത്തങ്ങളിലേക്ക് ..അന്ന് ഉണ്ടായ അന്ധാളിപ്പിന്റെ  ഖനം കുറച്ചതു ഒരു അമ്മയുടെ (അമ്മായി അമ്മയുടെ)സ്നേഹമാണ്.
അവിടുത്തെ അമ്മക്ക് ഏതാണ്ട് എന്റെ അമ്മൂമ്മയുടെ  അടുത്ത് പ്രായമായിരുന്നു. 'അമ്മൂമ്മേ' എന്നു എന്റെ തെറ്റിയുള്ള വിളിയെ ചിരിയോടെ തിരുത്തിത്തന്നായിരുന്നു ഞങ്ങളുടെ അടുപ്പത്തിന്റെ തുടക്കം.വേർതിരിവില്ലാതെ തന്ന സ്നേഹത്തിൽ നാടൻ ഭക്ഷണം മുതൽ അറിയാത്ത കഥകൾ വരെ...ഭസ്മത്തിന്റെയും മുറുക്കാന്റെയും മണം ചേർന്നു   ഒരു അടുക്കള മണം,എപ്പോഴും നിറഞ്ഞ നിഷ്കളങ്കതയോടെയുള്ള ചിരി...ശത്രുക്കളില്ലാത്ത ,ആരെയും അറിഞ്ഞുകൊണ്ട് ദ്രോഹിക്കാനാകാത്ത മനസ്.എല്ലാവരോടും സ്നേഹം,സംസാരപ്രിയ,കഴിപ്പിക്കൽ അത്രമേൽ ഇഷ്ടമായ വ്യക്തി ..അമ്മയെ പെട്ടെന്ന് വിശേഷിപ്പിക്കാൻ ഈ ചെറിയ വാക്കുകളാകും നല്ലത്.മരണം വരെയും ' ഒരു സാധു,...
          എല്ലാ മക്കളോടും വന്നിട്ട് പോകുമ്പോൾ  അമ്മക്ക് ഒരു ആവശ്യമേ ഉണ്ടായിരുന്നുള്ളു..ആരും പോകണ്ട..പറ്റുന്നത്രേം ഇവിടെ നിന്നാൽ മതി....എല്ലാ അമ്മമാർക്കും മിക്കവാറും ഇതേ ആവശ്യമാവും..അല്ലെ..!!
ആശുപത്രി കാലത്തു വീട്ടിൽ തിരിച്ചെത്തി പ്ലാവിനോടും കൂവളത്തോടും പലഹാര പെണ്ണിനോടും സംസാരിച്ചു അവിടുത്തെ പൂജാമുറിയിൽ പൂജിച്ചു വരാന്തയിൽ ഇരുന്നു സ്വന്തം കട്ടിലിൽ കിടന്നു ഉറങ്ങാൻ എന്ന് പറ്റുമെന്ന്'അമ്മ  അന്വേഷിച്ചു കൊണ്ടേയിരുന്നു. രണ്ട് ദിവസം ആശുപത്രിയിൽ കിടന്നാൽ ആർക്കും അത് മാത്രമാകും പ്രാത്ഥന. അമ്മയെ അറിയാവുന്നതുകൊണ്ട് തന്നെ മരണം സുനിശ്ചിതമായ അവസാന നാളുകളിലും എല്ലാവരും കൂടെത്തന്നെയുണ്ടായിരുന്നു ..ആ കണ്ണുകൾ അടയും വരെയും ..
ഒടുവിൽമഴയുള്ള രാത്രിയിൽ  ആശുപത്രിയിൽ നിന്ന് വീട്ടിലേക്കു അമ്മയുടെ ഭൗതിക ശരീരം എത്തിക്കുമ്പോ പൂത്തു തറയിൽ വീണിരുന്ന പാരിജാത പൂക്കൾക്ക് അമ്മയുടെ നേര്യതിന്റെ മണവും നിറവുമായിരുന്നു ...ഇനി ഒരിക്കലും ജീവസുറ്റു കാണാൻ കഴിയാത്ത ആ ഭസ്മ മണം  അന്ന് വേദനയോടെ അനുഭവിച്ചു.
എത്ര പ്രായമായാലും മക്കൾക്ക് 'അമ്മ' നഷ്ടപ്പെട്ടാൽ അനാഥത്വവും തന്നെയാണ്..ജീവിച്ചിരിക്കുമ്പോൾ എന്നും കൂടെയുണ്ട് എന്ന തോന്നൽ കൊണ്ട് മറന്നു പോകുന്നൊരു സത്യം.. എന്ന്  വരും എന്ന് ചോദിയ്ക്കാൻ, ഒത്തുകൂടലിൽ ആഹ്ലാദിക്കാൻ,ആരോ ഉണ്ടെന്നു ഉറപ്പിക്കാൻ,'അമ്മ എന്ന ശക്തി ഉണ്ടായേ തീരൂ...
                നാളെ 'അമ്മ' മരിച്ചു ഒരു വർഷം തികയുകയാണ്..എല്ലായ്‌പോഴും  ഒത്തു കൂടുമ്പോ ചിരികളികൾക്കിടയിൽ അമ്മക്ക് പരാതിയുണ്ടായിരുന്നു..  അമ്മയോടു സംസാരിക്കുന്നതിനേക്കാൾ  എല്ലാരും കൂടുതൽ  തമ്മിൽ തമ്മിലാണ് സംസാരിക്കുന്നതെന്ന്..ശ്രോതാക്കളുടെ എണ്ണം പോരാന്ന്..ആരും വയറു നിറയെ കഴിക്കുന്നില്ലാന്ന്...ഇത്തവണ 'അമ്മ' ആവശ്യപ്പെടാതെ  ഞങ്ങൾ ഒത്തുകൂടുകയാണ്..അമ്മയെ മാത്രം ഓർത്തുകൊണ്ട്.ഇനി ഒരിക്കലും തിരക്ക് ഉണ്ടാകാത്ത അമ്മയുടെ വീട്ടിൽ , അമ്മയെന്ന തീരാനഷ്ടത്തെ,അഭാവത്തെ..  മനസ് മുഴുവൻ നിറച്ചു കൊണ്ട്...  .പ്രണാമം
🙏🌹🌹🙏
നല്+ മകൾ = നന്മകൾ
ശ്രീലാ അനിൽ

പണ്ടു നീ എന്നോയെൻ
വിരൽ തുമ്പുനീട്ടവേ
വീഴാതെ പിച്ച നടന്നിരുന്നു
മുത്തണി പാദസര നാദമായ്
നീയെന്റെ ചുറ്റിലും ഹർഷം നിറച്ചു നിന്നു
കുഞ്ഞുടുപ്പിൽ നിന്നു നീ പട്ടുപാവാട തൻ
ചാരു വർണങ്ങൾ  തേടിയപ്പോൾ
കുഞ്ഞിക്കുറുമ്പുകൾ
കൗമാരക്കാരിതൻ തെല്ലു കുസൃതിയായ് മാറിടുന്നു.
കണ്ണിൽ വിരിയുന്ന സ്വപ്നങ്ങൾ നിന്നിൽ
വർണചിറകുകൾ വീശി നിന്നു
ദാവണിപ്പെണ്ണായ് തോളോടുരുമ്മി
നാം കൂട്ടുകഥകൾ പറഞ്ഞിരുന്നു
എന്റെ ലോകങ്ങളിൽസൗഹൃദ
ത്തെന്നലായ് കൊച്ചു
 ചിരിതൂകി വന്നവൾ നീ
 വാക്കുകൾ കൊണ്ടു നീ തീർക്കുന്ന ലോകത്തിൽ എല്ലാം പകുക്കുന്ന
 കൂട്ടുകാർ നാം
ഇന്നു പുതിയൊരു പാട്ടിന്റെ ഈണം
ഹൃദ് താളമായി നീയങ്ങു ചേർത്തിടുമ്പോൾ
അമ്മമനസ്സിൽ നിന്നൊരേടടരുന്ന സങ്കടനോവിന്നു ഞാനറിവൂ
ഒരു വേള ആഹ്ലാദ സൗഭാഗ്യ
സന്തോഷം
മറു ഭാഗം നഷ്ടത്തിൻ വേദനകൾ
മകളേ നീ എവിടെയും
സ്വതന്ത്രയായ് പാറണം
കാലമതിനൊരു കാവലാകും
🙏🌹🌹🙏
നെല്ലിമരച്ചുവട്ടിലെ കൂട്ടുകാരി..
ജയരാജ്.കെ.ജി

കുറേക്കാലങ്ങൾക്ക് ശേഷമാണ് ഇന്നലെ ധന്യ വന്നത്. മോൾടെ സ്‌കൂളിൽ പി ടി എ മീറ്റിങ്ങിന് പോകുമ്പോഴേ എനിക്ക് അറിയാമായിരുന്നു ഞാൻ നിർബന്ധിച്ചാൽ അവളെന്റെ  കൂടെയിങ്ങ് പോരുമെന്ന്. വീട്ടിൽ തിരിച്ചെത്തി പെട്ടെന്ന് ചായയൊക്കെ വെക്കുമ്പോഴും അവൾ എന്നെ നോക്കിക്കൊണ്ട് അടുക്കളയിൽ തന്നെ നിന്നു. "ഞാൻ ജീവിച്ചിരുന്നെങ്കിൽ ഇപ്പൊ നിന്നെപ്പോലെ ഇങ്ങനെ രണ്ടുകുട്ടികളും കെട്ട്യോനും അടുക്കളയും ഒക്കെയായി ഏതോ ഒരു വീട്ടിൽ തിരക്കിലായിരിക്കും അല്ലെ" അവൾ വെറുതെ ചിരിച്ചപ്പോൾ പഴയപോലെ അവളുടെ ചിരി നുണക്കുഴിയിൽ അലിഞ്ഞുപോയി. അതുകേട്ടപ്പോൾ എന്റെ കണ്ണിലെവിടെയോ ഒരു നനവ് പടർന്നു.
ഇന്നെന്റെ മോളുപഠിക്കുന്ന അതേ ഗവർണമെന്റ് സ്‌കൂളിൽ തന്നെയായിരുന്നു ഞാനുമവളും ഒരുമിച്ച് പഠിച്ചിരുന്നത്. ആഴത്തിലുള്ള ജന്മബന്ധങ്ങളായി സൗഹൃദങ്ങൾ പൂക്കുന്ന സ്‌കൂൾ കാലം.. എല്ലാവർഷവും ഒരേ ക്ലാസ്സിൽ ഒരേ ബഞ്ചിൽ ഇരിക്കാനുള്ള ഭാഗ്യം ഞങ്ങൾക്ക് കിട്ടുകയും ചെയ്തു, ഏഴാം ക്‌ളാസിലേക്ക് സ്‌കൂൾ തുറക്കും വരെ..
ഉച്ചകഴിഞ്ഞുള്ള ക്ലാസുകൾക്ക് തണുപ്പേകിക്കൊണ്ട് കിഴക്കേമുറ്റത്തെ നെല്ലിമരം ചാഞ്ഞുനിൽക്കുന്ന ഏഴ് എ ഞങ്ങളുടെ ഇഷ്ടപ്പെട്ട ക്ലാസ്സ്മുറിയായിരുന്നു. അവിടെ ജനലിനോട് ചേർന്നിരിക്കുമ്പോൾ ചാഞ്ഞുവന്ന് കഴുത്തിലും തോളിലുമായി മഴനൂലുകൾ നൽകിയ ചെറുചുംബനങ്ങൾക്ക്  കൂട്ടിനായ് നെല്ലിയുടെ കുഞ്ഞിലകളും ഉണ്ടാകുമായിരുന്നു. പച്ചയും മഞ്ഞയും കലർന്ന കുഞ്ഞിലകൾ. ഇളംകുളിരുള്ള ആ നിമിഷങ്ങളിൽ ഞങ്ങൾ മുട്ടിയുരുമ്മിയിരുന്ന് മഴയെയും മാഷേയും മാറിമാറിനോക്കും. മാഷ് പറയുന്നതിനേക്കാൾ മഴപറയുന്ന കാര്യങ്ങളായിരുന്നു ഞങ്ങൾക്ക് കൂടുതൽ മനസ്സിലായത്.
ഊട്ടിയിൽ നിന്ന് ലീവിൽ വന്ന അച്ഛന്റെ ഷേവിങ്ങ് കിറ്റിൽ നിന്നൊരു ബ്ലേഡ് എടുത്ത് ബോക്സിൽ വെച്ചാണ് ഞാൻ ഒരു ദിവസം ക്ലാസ്സിൽ എത്തിയത്. അതിൽ ഒരു പകുതി ധന്യക്ക് കൊടുത്തത് പെൻസിൽ മൂർച്ചകൂട്ടാൻ ആയിരുന്നുവെങ്കിലും അവളതുവെച്ച് ഡെസ്‌ക്കിലെ അവളുടെ ഭാഗം ചുരണ്ടിച്ചുരണ്ടി വൃത്തിയാക്കിയെടുത്തു. മുൻതലമുറകൾ വർഷങ്ങൾ കൊണ്ട് ബാക്കിവെച്ചുപോയ ചെളിയമർന്ന ആ ഡെസ്കുകൾക്ക് ഇങ്ങനെയൊരു പൂർവനിറം ഉണ്ടെന്ന് ആലോചിക്കാൻപോലും പറ്റില്ലായിരുന്നു. ഇരുണ്ടമാനംപോലെ മുൻപിൽ കറുത്തു നീണ്ടുകിടക്കുന്ന ഞങ്ങളുടെ ഡെസ്ക്കിൽ മേഘങ്ങളില്ലാതെ സൂരുൻ തിളങ്ങിനിൽക്കുന്ന ഒരു ആകാശചീന്തുപോലെ ധന്യയുടെ മുൻപിലെ ഡെസ്ക്കിന്റെ ഭാഗം തെളിഞ്ഞുനിന്നു. "എന്റെ ഈ പത്തുസെന്റിൽ ആരും കൈവെക്കരുത്" ചിരിയോടെ പറയുമ്പോൾ തന്നെ അവൾ ആ ഭാഗത്തിന് ഒരു കുഞ്ഞു ബോർഡർ വരച്ചു. ഒരു ആശാരിയുടെ കരവിരുതോടെ..അതിന്റെ ഒരു വശത്തുനിന്നും ഒരു മരക്കൊമ്പ് നീണ്ടുനിന്നു. അതിന്മേൽ രണ്ടു കുഞ്ഞുപക്ഷികളെക്കൂടി വരച്ചു ചേർത്തു "ഇത് നമ്മളുടെ നെല്ലിമരം, ഇരിക്കുന്ന പക്ഷികൾ നമ്മൾ രണ്ടാളും", എന്നെ ചേർത്തുപിടിച്ച് അവളത് പറഞ്ഞപ്പോൾ എന്റെ ഉള്ളം തുടിച്ചു; ഇടതുവശത്ത് ഇരിക്കുന്നത് തന്നെയാവും ഞാൻ. അച്ഛന്റെ ബ്ലേഡിന്റെ കൂർത്ത അറ്റം ചേർത്ത് അവൾ അടിയിൽ എഴുതി, "By Dhanya K". ആ ഇംഗ്ലീഷ് അക്ഷരങ്ങൾക്ക് ചിത്രത്തെക്കാൾ ആഴം കൂടുതൽ ആയിരുന്നു... "നമ്മൾ അടുത്തകൊല്ലം ഇവിടുന്നുപോയാലും ഇനിവരുന്നവർ നമ്മളെ ഓർക്കണം", നുണക്കുഴിയിലേക്ക് പടർന്നിരുന്നു അവളുടെ പുഞ്ചിരി അപ്പോഴും.
മഴമൂത്ത ജൂണിന്റെ അവസാനത്തെ ആഴ്ച, തിങ്കളും ചൊവ്വയും അവൾ ക്ലാസിൽ വരാത്തപ്പോഴും ഞങ്ങൾ പറഞ്ഞത് കരകവിഞ്ഞൊഴുകുന്ന പുഴയിൽ അവരുടെ മരപ്പാലം ഒലിച്ചു പോയതുകൊണ്ടാവാം എന്നാണ്. ആ ആഴ്ച്ച മുഴുവൻ അവൾ കളാസ്സിൽ വന്നതേയില്ല. വൃത്തിയോടെ അതിരുകെട്ടിത്തിരിച്ച അവളുടെ പത്തുസെന്റിലെ നെല്ലിമരക്കൊമ്പിലിരിക്കുന്ന കുഞ്ഞുപക്ഷികളെ ഞാൻ ഇടക്കിടെ തഴുകിക്കൊണ്ടേയിരുന്നു.
അടുത്ത തിങ്കളാഴ്ച രാവിലെ കണ്ടത് എഴ് എ ചേർന്നിരുന്ന കിഴക്കേനെല്ലിയുടെ കൊമ്പ് പൊട്ടിക്കിടക്കുന്നതാണ്. . ക്‌ളാസ് മാഷ് രാവിലെ ഒരു പ്രത്യേക വിവരം എന്ന നിലയിലാണ് ആ കാര്യം പറഞ്ഞത്. "നമ്മളുടെ ക്ലാസ്സിലെ ധന്യ കെ കഴിഞ്ഞ വെള്ളിയാഴ്ച കോളറ വന്ന്‌ മരിച്ചു.. ചടങ്ങെല്ലാം ശനിയാഴ്ച തന്നെ കഴിഞ്ഞു; നമ്മൾക്കെല്ലാം ഒരു നിമിഷം അവളുടെ ഓർമകൾക്ക് മുൻപിൽ പ്രാർത്ഥിച്ചുനിൽക്കാം". പ്രാർത്ഥന കഴിഞ്ഞപ്പോൾ എല്ലാവരും കളിക്കാൻ പൊയ്ക്കോളാൻ മാഷ് പറഞ്ഞത് കുട്ടികളുടെ മനസ്സിൽ നിന്നും ആ ദുഃഖം മാഞ്ഞുപോട്ടെ എന്നുകരുതിയാവാണം.
പത്തുസെന്റിലെ പക്ഷികളുടെ മുകളിൽ കൈവെച്ച് ഞാൻ കമഴ്ന്നുകിടന്നു. ശനിയാഴ്ചയും ഞായറാഴ്ച്ചയും നടന്ന ഒരുപാട് കാര്യങ്ങൾ എനിക്ക് നിന്നോട് പറയാനുണ്ടായിരുന്നല്ലോടീ. എവിടെയാണ് നീ? നിന്നെ വെള്ളപുതപ്പിച്ച് കിടത്തിയത് ഞാൻ എങ്ങനെയാണ് സങ്കൽപ്പിക്കുക.. നിന്റെ കൂടെ ആ തുണിക്കടിയിൽ ഞാനും ഉണ്ടായിരുന്നെങ്കിൽ നമുക്ക് എന്തൊക്കെ സംസാരിക്കാമായിരുന്നു അല്ലെ? മണ്ണിന്റെ അടിയിൽ ശ്വാസംമുട്ടാതെ നിനക്കെങ്ങനെ കിടക്കാൻ കഴിയും. കഴിഞ്ഞ ആഴ്ച മുഴുവൻ നീയെന്നെ ഓർത്തിരിക്കില്ലേ? നിന്റെ വേദനകൾ ഒന്നുമറിയാതെ ഞാൻ നിന്നെ കാത്തിരുന്നല്ലോ.. എനിക്കുറപ്പാണ്, മണ്ണിന്റെ അടിയിൽ കിടന്നും നീ എന്നെ ഓർക്കുന്നുണ്ടാവും.. നീ എവിടെപ്പോകാനാണ്..? ഇവിടെ മഴനൂലുകൾ  നെല്ലിയിലകളുടെ കൂട്ടുകൂടി വരുന്ന ഈ നീല ജനാലഴികൾക്കപ്പുറംനിന്ന് നീ പുഞ്ചിരിക്കുന്നതും നുണക്കുഴികൾ വിടരുന്നതും എനിക്കിപ്പോഴും കാണാമല്ലോ ... നെല്ലിമരച്ചുവട്ടിൽ നിൽക്കാതെ നീയിവിടെ എൻറെ അരികിൽ വന്നിരിക്കൂ.. പറഞ്ഞാലൊന്നും തീരാത്ത എത്ര കാര്യങ്ങളാണ് പങ്കിടാനുള്ളത്!!
ഉള്ളുപൊള്ളുന്ന വിഭ്രാന്തിയുടെ നെരിപ്പോടുകളായിരുന്നു പിന്നെ കുറെ ദിവസം. ആരും ഒന്നും അറിഞ്ഞില്ല, നിർത്താതെ ഒഴുകുന്ന എന്റെ കണ്ണുകൾ ആരും ശ്രദ്ധിച്ചില്ല.
ടീച്ചേഴ്സ് റൂമിൽ ആരുമില്ലാത്ത ഒരു ദിവസം കണ്ടുപിടിച്ചാണ് ഞാൻ ഞങ്ങളുടെ ക്‌ളാസ്മാഷിന്റെ അടുത്ത് ചെന്നത്...
"മാഷേ, എനിക്കൊരു കാര്യം പറയാനുണ്ട്, "
എന്റെ വിതറിയ വാക്കുകൾക്കൊപ്പം അറിയാതെ അടർന്നുവീണ വലിയ നീർമുത്തുകളിൽ ഒന്ന്‌ മാഷിന്റെ കയ്യിലും വീണുപോയി. അതിൻറെ പൊള്ളലേറ്റാവാം മാഷെന്നെ ചേർത്തുപിടിച്ചു..
"എന്താ മോളേ ?"
"ധന്യ ഇരുന്നിരുന്ന സീറ്റ് മറ്റാർക്കും കൊടുക്കരുത് മാഷേ, അത് ഒഴിഞ്ഞുതന്നെ കിടന്നോട്ടെ, എന്നെയും നമ്മളുടെ ക്ളാസും വിട്ടുപോകാൻ ഓൾക്കാവില്ല മാഷേ"..
വലിയ വെള്ളച്ചാട്ടത്തിന്റെ ഇടയിലൂടെയാണ് നോക്കിയതെങ്കിലും മാഷിന്റെ കണ്ണിലും ഒരുറവ പൊടിയുന്നത്  ഞാൻ കണ്ടു.
"ഒരിക്കലുമില്ല, എനിക്കറിയാം നിങ്ങൾ അടുത്ത കൂട്ടുകാരികളായിരുന്നുവെന്ന്, അത് ഒഴിഞ്ഞുതന്നെ കിടന്നോട്ടെ.., " മാഷിന്റെ ശബ്ദവും ഇടറിയിരുന്നു.
തല പാതി കുമ്പിട്ട് ഞാൻ ക്ലാസ്സിലേക്ക് തിരിച്ച് നടക്കുമ്പോൾ നെല്ലിയിലകൾക്കൊപ്പം സ്‌കൂൾ വരാന്തയിലേക്ക് പാറിവന്ന മഴത്തുള്ളികളിൽ എന്റെ ചൂടുനീർമുത്തുകൾ ചേർന്നലിഞ്ഞത് ആരും കണ്ടില്ല.
എട്ടും പത്തും പന്ത്രണ്ടും കഴിഞ്ഞ് കാലം യൗവനത്തിലേക്ക് നടത്തിച്ചപ്പോൾ എല്ലാവരും അവളെ മറന്നു. വല്ലപ്പോഴും വഴിക്കുവെച്ചു കണ്ടാൽ ദാമോദരൻ മാഷ് 'എന്താ മോളെ സുഖാല്ലേ" എന്ന് മാത്രം ചോദിച്ചു.
പിന്നെ വർഷങ്ങൾ കഴിഞ്ഞു മോളെ സ്‌കൂളിൽ ചേർക്കാൻ പോയപ്പോഴാണ് ഞാൻ വീണ്ടും ഏഴ് എയിൽപ്പോയത്. എന്റെ ഉള്ളിലൊരു കൊളുത്തിവലി ഉണ്ടായിരുന്നു. കാലം ഒരു മാറ്റവും വരുത്തിയിരുന്നില്ല ഞങ്ങളുടെ വിദ്യാലയത്തിന്. നീലപ്പെയിന്റടിച്ച ജനാലയഴികൾക്കിപ്പുറം നിന്ന്‌ ഞാൻ നോക്കി..., ഞങ്ങളുടെ ഡെസ്‌ക്കിലെ ധന്യയുടെ പത്ത് സെന്റ് സ്ഥലം വീണ്ടും ചെളിപിടിച്ചിരുന്നു. സാരിയുടെ തലപ്പിൽ ഇത്തിരി വെള്ളമാക്കി ഞാൻ അവിടെ അമർത്തിത്തുടച്ചു, കുഞ്ഞതിരുകൾ തീർത്ത ആ സ്ഥലത്ത് നെല്ലിമരത്തിന്റെ കൊമ്പും അതിലിരിക്കുന്ന പക്ഷികളും തെളിഞ്ഞുവന്നു. അതിന്റെ അടിയിൽ ആ പേരും, by Dhanya K. "അമ്മയെന്താ ഇത്ര ആവേശത്തിൽ ചെയ്യുന്നത്?" മോളുടെ ചോദ്യത്തിന് ഞാൻ ഇടതു വശത്തിരിക്കുന്ന പക്ഷിയെക്കാണിച്ചു ചോദിച്ചു, "ഇതാരാന്ന് അറിയ്യോ"?
"ഇല്ല"
"ഇതാണ് ഞാൻ, നിന്റെ 'അമ്മ", ഇതു ധന്യ ആന്റി' ..
പുറത്തേക്ക് ഇറങ്ങിയപ്പോഴാണ് ആ വിളികേട്ടത്.. എടീ...
സന്തോഷം കൊണ്ട് ഞാൻ നോക്കി നിന്നു.. നെല്ലിയുടെ കീഴിൽ ധന്യ നിൽക്കുന്നു. "ഇപ്പോഴെങ്കിലും നീ വന്നല്ലോ.. എത്ര കാലമായെന്നോ ഞാൻ കാത്തുനിൽക്കുന്നു.."
എനിക്കൊന്നും മിണ്ടാൻ പറ്റാതെ നിന്നു, ഉമിനീർവറ്റിപ്പോയപ്പോലെ. അവളുടെ നുണക്കുഴിയിൽ അപ്പോഴും ആ പുഞ്ചിരി അലിഞ്ഞുചേർന്നു.
"നിന്റെ മോളാ"?
"ഉം'
ഞാൻ ചിരിച്ചു.
അങ്ങനെയാണ് ഞാൻ ആദ്യമായി അവളെ ഇവിടെ വീട്ടിലേക്ക് കൂട്ടിയത്. ഓട്ടോറിക്ഷയിലിരുന്നും അവൾ എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു, ഇടക്കിടെ മോൾടെ കവിൾ പിടിച്ച് അവളുടെ കവിളിനോടുരുമ്മി. അന്ന് രാത്രി ഉറങ്ങാൻ കിടന്നപ്പോൾ അവൾ പറഞ്ഞു. "നീ ഉണരുംമുമ്പേ ഞാൻ പോകും. നീ എപ്പോൾ വന്നാലും ഞാൻ ഉണ്ടാകും, ആ ക്ലാസിലോ, നെല്ലിയുടെ ചുവട്ടിലോ ഒക്കെയായി. ദാമോദരൻ മാഷ്ടെ യാത്രയായപ്പിന് നീ വന്നില്ലല്ലോ.. ഞാൻ ഉണ്ടായിരുന്നു. പുതിയ കുട്ടികളും മാഷമാരും വന്നും പോയുമിരിക്കും. ഞാൻ അവിടെത്തന്നെയുണ്ടാകും, വേറെ എവിടെപ്പോകാൻ. "
ഇപ്പൊ ഇടക്കിടെ ഞാൻ സ്‌കൂളിൽ പി.ടി. എ മീറ്റിങ്ങിനൊക്കെ പോകുമ്പോൾ അവളെ കാണും. എപ്പോഴും നെല്ലിയുടെ ചുവട്ടിലോ ക്ലാസ്സിലോ ഞങ്ങൾ കുറേസമയം ഇരിക്കും. ചിലപ്പോൾ നിർബന്ധിച്ചാൽ എന്റെ കൂടെ വീട്ടിൽ വരും. ഇന്നും ഇതാ ഞാൻ കുളികഴിഞ്ഞു വന്നപ്പോഴേക്കും ഒന്നും പറയാതെ അവൾ പോയി.. അവൾ പോയതാണോ, അല്ല ജീവിതത്തിന്റെ പുത്തനൊഴുക്കുകളിൽ ഞാൻ നിന്നെ മറന്നതോ? ഇല്ല അതൊരിക്കലും എനിക്കാവില്ല. നീയുണ്ടാവുമല്ലോ ആ നെല്ലിച്ചുവട്ടിൽ.. ഞാൻ വരാം.
🙏🌹🌹🙏
വെള്ളപ്പൂമ്പാറ്റ..
ബഹിയ വി എം

ചെറുപ്പത്തിൽ പറഞ്ഞുകേട്ടിട്ടുണ്ട്
പച്ച തത്തമ്മ പണം കൊണ്ടു തരുമെന്ന്
ദേഹത്ത് വന്നിരുന്നാൽ
പണക്കാരിയാകാമെന്ന്!!
പിന്നീടു വളർന്നപ്പോൾ
പച്ചത്തത്തമ്മ പച്ചക്കുതിരയായി
പണം തരുമെന്നത്
നേർച്ചക്കടം വീട്ടാനുണ്ടെന്നായി !!
എങ്കിലും
മറക്കാത്ത ഒന്നുണ്ട്,
കുറ്റിച്ചുടിയാന്റെ കൂവൽ
അത് മരണത്തിന്റെ അലാറമത്രേ !!
ആരെങ്കിലും ഒന്ന് പറഞ്ഞു തരാമോ ?
വെള്ളപ്പൂമ്പാറ്റ എന്തിന്റെ സൂചനയെന്ന് ?
മനസ്സിൽ മരണവും ജീവിതവും
തീരാ നൂലാമാല കോർത്ത നേരം
എന്റെ അരികിൽ
എന്റെ കട്ടിലിൽ
പറന്നു വന്നത്
ഒരു വെള്ളപ്പൂമ്പാറ്റയാണ്
അതെന്തിനെ സൂചിപ്പിക്കുന്നെന്ന്
എനിക്കാരു പറഞ്ഞു തരും..??
🙏🌹🌹🙏

Comments