22-02-20

ഇന്നത്തെ നവ സാഹിതിയിലേക്ക് എല്ലാ സഹൃദയർക്കും ഹൃദ്യമായ സ്വാഗതം..🙏🌹🌹🙏

 ഗ്രൂപ്പംഗവും ആകാശവാണിയിലെ സ്ഥിരം ശബ്ദ സാന്നിധ്യവുമായ ജസീന റഹീമിന്റെ വൈവിധ്യ സമ്പന്നമായ അനുഭവാവിഷ്കാരം..." ഇതാണ് ഞാൻ..." തുടർന്ന് വായിക്കാം..
ഇടവേളയ്ക്കു ശേഷം പ്രണയ സംഘർഷക്കടലിൽ വീണ്ടും മുങ്ങിയാണ്ട് നായിക...
ഇതാണ് ഞാൻ
ആത്മായനം
ജസീന റഹീം
പി.എസ്.സി പരീക്ഷ കഴിഞ്ഞ് മടങ്ങിയ ശേഷം പരീക്ഷയെത്തന്നെ മറന്ന് പിന്നെയും സ്കൂളും.. ട്യൂട്ടോറിയലും..കത്തുകളും.. ഫോൺ വിളികളുമായി മാസങ്ങൾ കടന്നു പോയ്ക്കൊണ്ടിരുന്നു.. ഇതിനിടയിൽ ആലപ്പുഴ ജില്ലയിൽ മലയാളം എച്ച്.എസ്.എ പാർട്ട് ടൈമിന്റെ പരീക്ഷയും പി.എസ്.സി വിളിച്ചു. ആലപ്പുഴ ടൗണിലെ ഒരു സ്കൂളായിരുന്നു സെൻറർ.. പ്രതീക്ഷകളൊന്നുമില്ലാതെ ആ പരീക്ഷയും വെറുതെ പോയെഴുതി ..
   ഖത്തറിലേക്കൊരാൾ പോയിട്ട് ഒരു വർഷം കഴിഞ്ഞു..ഇതിനിടയിൽ ചേട്ടന്റെയും പെങ്ങളുടെയും കല്യാണങ്ങൾ നടന്നു.. അവന്റെ അഭാവത്തിലും രണ്ടു കല്യാണങ്ങൾക്കും ഞാൻ പങ്കെടുത്തു... കല്ല്യാണങ്ങൾ രണ്ടും കഴിഞ്ഞതോടെ അവൻ ഉടനെ നാട്ടിലെത്തുമെന്നും ഞങ്ങൾക്കും ഒന്നിക്കാമെന്നും മോഹങ്ങൾക്ക് ചിറകേറി.. ഉടനെ വരാമെന്ന് പറയുന്നതല്ലാതെ വരവിന്റെ മട്ടൊന്നും കാണാതെ പ്രണയം പരിഭവങ്ങളിലേക്കും .. ആവലാതികളിലേക്കും.. പിണക്കങ്ങളിലേക്കും തെന്നിമാറുമ്പോൾ.. ബന്ധുക്കളുടെ പരിഹാസങ്ങളും വീട്ടിലെ സമ്മർദ്ദങ്ങളുമെല്ലാം കൂടി സംഘർഷക്കടലിലാണ്ടുപോയി ഞാൻ.. ആ സംഘർഷങ്ങൾ.. സങ്കടപ്പെയ്ത്തായി അവനിലേക്കൊഴുകിയിറങ്ങുമ്പോൾ അവനാകെ ആധിപിടിച്ച് എന്നെ ഫോണിൽ വിളിക്കുകയും സമാധാനിപ്പിക്കുകയും നിറയെ കത്തുകൾ എഴുതുകയും ചെയ്തു... അതിനൊന്നും ആശ്വസിപ്പിക്കാനാവാത്ത വിധം തീമഴ ഞാൻ നനഞ്ഞു കൊണ്ടിരുന്നു.. തമ്മിൽകണ്ടിട്ട് ഒരു  വർഷത്തിലേറെയായത് എന്റെ സങ്കടങ്ങളുടെ ആക്കം കൂട്ടി...
ഇടുക്കിയിൽ പോയെഴുതിയ പരീക്ഷയെ പാടെ മറന്നു തുടങ്ങിയൊരു ദിവസമാണ് എഴുത്തുപരീക്ഷയുടെ റിസൾട്ടു പ്രസിദ്ധീകരിച്ച തൊഴിൽ വാർത്തയുമായി മനു കാത്തിരുന്നത്.. ഞങ്ങൾ രണ്ടു പേരും ലിസ്റ്റിൽ കയറിയിരിക്കുന്നു.. മനുവിനെ സംബന്ധിച്ച് അത് പ്രതീക്ഷിച്ചതാണെങ്കിൽ എന്റെ കാര്യം അവിശ്വസനീയമായിരുന്നു...
അടുത്ത കടമ്പ ഇൻറർവ്യൂ ആയിരുന്നതിനാൽ കൂടുതൽ പേടി തോന്നി.ഇന്റർവ്യു പാസായില്ലെങ്കിൽ ആദ്യ ലിസ്റ്റിൽ കിട്ടിയ ഇടം പാഴായി പോകുമല്ലോയെന്ന പേടി... 
ഇന്റർവ്യു കട്ടപ്പന പി.എസ്.സി ഓഫീസിനടുത്തുള്ള റസ്റ്റ് ഹൗസിലായിരുന്നു നടന്നത്.തലേദിവസം രാവിലെ തന്നെ ഞങ്ങൾ മൂവർ സംഘം ..ഞാനും വാപ്പായും മനുവും കട്ടപ്പനയിലേക്ക് പുറപ്പെടുകയും വൈകിട്ട് ലോഡ്ജിൽ തങ്ങി പിറ്റേന്ന് രാവിലെ ഇന്റർവ്യൂവിനായി റസ്റ്റ് ഹൗസിലേക്ക് തിരിക്കയും ചെയ്തു.. ഓരോരുത്തർ അകത്തേക്ക് കയറി പോകുമ്പോഴും തിരിച്ചിറങ്ങി വരുമ്പോഴും അവശേഷിക്കുന്നവരുടെ ഹൃദയമിടിപ്പ് കൂടി .ഒടുവിൽ എന്റെ പേര് വിളിച്ചു.. നാവൊക്കെ വരണ്ട് വല്ലാത്തൊരു ഭീതിയോടെ ആത്മവിശ്വാസം തെല്ലുമില്ലാതെ ഇന്റർവ്യൂ ബോർഡിന്റെ മുന്നിലേക്ക് ... അവർ എന്തൊക്കെയോ ചോദിച്ചു... ഞാനെന്തൊക്കെയോ പറഞ്ഞു.. ഒടുവിൽ തങ്ങളെ കുട്ടികളായി സങ്കൽപ്പിച്ച് ഒരു ക്ലാസ്സെടുക്കാമോ എന്നായി.. 
എടുക്കാതെ മറ്റു പോംവഴി ഇല്ലാത്തതിനാൽ  സുഗതകുമാരിയുടെ രാത്രിമഴയിലെ വരികൾ അറിയാവുന്ന ഈണത്തിൽ ചൊല്ലി ക്ലാസ്സാരംഭിച്ചു... നാലഞ്ചു മിനിട്ടായപ്പോൾ മതി എന്നവർ ആംഗ്യം കാട്ടി... തുടർന്ന് പൊക്കോളാൻ അനുവാദം തന്നു. ആശ്വാസത്തോടെ ഞാൻ പുറത്തേക്കിറങ്ങി... ഇന്റർവ്യൂ കഴിഞ്ഞ് ഉച്ചയോടെ ഞങ്ങൾ കട്ടപ്പന വിട്ടു.ഇത്തവണ വീണ്ടുമെത്താമെന്നൊരു പ്രതീക്ഷയോടെയായിരുന്നു കാറ്റിന്റെ കയ്യിൽ മുഖം ചേർത്ത് ഞാൻ ബസിലിരുന്നത്..

അനുപമയുടെ തിരുക്കുറിപ്പുകൾ..
നീതി
തലേ ദിവസം വൈകുന്നേരം കിരൺ വാങ്ങിച്ചു കൊടുത്ത പച്ചക്കറികൾക്കിടയിൽ നിന്നും അവിയലിനുള്ള കഷണങ്ങൾ തിരഞ്ഞെടു ക്കുകയായിരുന്നു അനുപമ .അവിയൽ കഴിച്ചിട്ട് കുറച്ചു നാളായെന്ന് കിരൺ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു .രാവിലെ വാങ്ങിച്ചു കൊ
ണ്ടു വന്ന ചെമ്മീൻ സിങ്കിൽ തൻ്റെ ഊഴം 
കാത്തിരിക്കുന്നുണ്ട് ..
ഒന്നു കൈയൊഴിഞ്ഞിട്ട് വേണം പുസ്തകവാ യനയോ എഴുത്തോ നടത്താൻ .മനസിൽ 
ആശയങ്ങളും ഭാവനയും തമ്മിൽ സംഘട്ടനം
നടക്കുന്നുണ്ട് .വീട്ടുജോലിയിൽ നിന്നൊളി ച്ചോടാനൊക്കില്ലല്ലോ ? എങ്കിലും തലച്ചോർ സമരസപ്പെടുന്ന മട്ടില്ല .ഇത്തിരി എഴുതിയിട്ട് മീൻ മുറിക്കാം ..
അവിയലിനുള്ള കഷണങ്ങൾ നുറുക്കിയത് 
പെട്ടെന്ന് അടുപ്പത്ത് വെച്ച് ചോറിന്നുള്ള 
അരി കഴുകി തിളച്ച വെള്ളത്തിലേക്കിട്ട് 
ഓടിപ്പോയി ഡയറിയും പേനയുമെടുത്ത് 
രണ്ടു മൂന്നു വരിയെഴുതി .അപ്പോഴേക്കും 
ഫോൺ ബെല്ലടിച്ചു .ഉറ്റ സ്നേഹിത .വിശേഷ
ങ്ങൾക്കിടയിൽ അവൾ ചോദിച്ചു 
"ഈയിടെയായി നീയൊന്നും എഴുതാറില്ലേ ?
ഞാൻ കുറേ നാളായി എന്തെങ്കിലും വായിച്ചി
ട്ട് ."
മറുപടി പറയും മുന്നേ അടുക്കളയിൽ നിന്ന് 
എന്തോ കരിയും മണം മൂക്കിലെത്തി .
"ഈശ്വരാ അവിയൽ കരിഞ്ഞുന്നാ തോന്ന ണെ ഞാൻ നിന്നെ പിന്നെ വിളിക്കാട്ടോ" ..
ഫോൺ വെച്ചവളോടി .ഭാഗ്യത്തിന് അധികം 
അടിയിലെത്തിയിട്ടില്ല .തീയണച്ച് വേറേ പാത്ര
ത്തിലേക്ക് അവിയലിനെ മാറ്റി .എന്നിട്ട് 
ചെമ്മീൻ നന്നാക്കാൻ തുടങ്ങി .. എല്ലാം കഴിഞ്ഞ് വീണ്ടും പുസ്തകമെടുത്തു .അ പ്പോഴാണോർത്തത് അലക്കിയ തുണികൾ വിരിക്കാനുണ്ടല്ലോയെന്ന് ..അത് കഴിഞ്ഞ് വന്ന് വീണ്ടും എഴുതാനിരുന്നു .മനസിലുള്ളത് ഇപ്പോ പകർത്തിയില്ലെങ്കിൽ പിന്നെ മറന്നു പോകും .പൂർണ്ണത  കിട്ടാത്തതു പോലെ യാണ് . എഴുതാനെടുത്തതും ആരോ വിളി ക്കും പോലെ .
"ചേച്ചി ചേച്ചി ".....
അവൾ ചുറ്റും നോക്കി .ആരാണത് ?
"എന്നെ ഒന്ന് ഈ മുറിയുടെ വാതിൽക്കൽ നിന്ന് അകത്തേക്കോ അല്ലെങ്കിൽ വീട്ടി
ലേക്കോ അയക്കാമോ ? കുറച്ചു ദിവസായി 
ഇതേ നിൽപ് നിൽക്കാൻ തുടങ്ങിയിട്ട്" ..
പെട്ടെന്ന് ഒരു പുരുഷശബ്ദം കേട്ടു ,
"ദേ എന്നെ ജയിലേക്കയക്കുന്നെങ്കി പെട്ടെ ന്നാട്ടേ .ഞാനാ ആശാരിയെ കുത്താനോങ്ങി നിൽക്കുവാണ് .എന്നെക്കൊണ്ട് എന്തെങ്കി ലും ചെയ്യിക്കൂ ".
ആദ്യം മേഘയെ മുറിക്കകത്തേക്ക് കടത്തിവി
ട്ട് അയാളുമായി കൂടിക്കാഴ്ച നടത്തട്ടെ .എ ന്നിട്ട് ബാക്കി .. അത്രയും എഴുതുമ്പോഴേക്കും കാളിങ്ങ് ബെല്ലടി ച്ചു .അനുപമ ചാടിയെഴു ന്നേറ്റു .
"കിരണാവും പാവം ക്ഷീണിച്ചു വരികയല്ലേ ?
ചായയോ സംഭാരമോ കൊടുത്തിട്ട് വരാം" .
"ദേ പെണ്ണുമ്പിള്ളേ  ഇത്തിരി ദയ കാണിക്കൂ .
ഞാനീ ആശാരിയെ കുത്തണോ വേണ്ടേ ?
ഇതേ നിൽപു നിൽക്കാൻ തുടങ്ങിയിട്ട് ഒരു
മാസമായി ".
അത് കേട്ടതായി ഭാവിക്കാതെ ചിന്തകൾ മിനുക്കിയെടുത്ത വാക്കുകൾ മനസ്സിൻ്റെ അകത്തളങ്ങളിലേക്ക്  വലിച്ചെറിഞ്ഞു കൊ ണ്ട് അനുപമ അടുക്കളയിലേക്ക് നടന്നു.
ചായകൊടുത്ത് കിരണിൻ്റെ വിശേഷങ്ങളി
ലേക്ക് ഊളിയിടുമ്പോൾ ഡയറിത്താളിൽ 
ബന്ധനസ്ഥരാക്കപ്പെട്ട കഥാപാത്രങ്ങൾ ഇടക്കിടെ മനസിനെ അലോസരപ്പെടുത്തി ക്കൊണ്ടിരുന്നു .എങ്കിലും കിരണിനെ  വിഷമിപ്പിക്കാതെ അവൾ എല്ലാം കേട്ടിരുന്നു .
കിരൺ ഉച്ചമയക്കം തുടങ്ങിയപ്പോൾ മേഘ പരിഭവം നിറഞ്ഞ സ്വരത്തിൽ പറഞ്ഞു ,
"ചേച്ചീ ,ഇനി ഞാനെന്തു ചെയ്യണമെന്നു പറയൂന്നേ .. എത്ര നേരമാ അന്യപുരുഷൻ്റെ മുറിയിൽ ഒറ്റയ്ക്കിരിക്കുന്നത് ?"
"മേഘാവൃതമായ മാനത്തേക്ക് നോക്കി സ്വന്തം പിതാവിൻ്റെ സാന്നിദ്ധ്യം അനുഭവപ്പെട്ട
ആ നാലു ചുമരുകൾക്കുള്ളിൽ താൻ തളച്ചി
ടപ്പെടുമോയെന്ന് മേഘ ആശങ്കപ്പെട്ടു .
കുളിമുറിയിൽ നിന്ന് അയാൾ ഇറങ്ങി വന്നതും മേഘയെക്കണ്ട് പരിഭ്രാന്തനായി ..."
'അയ്യോ ,നാളെ കാലത്തേക്കുള്ള ദോശയക്കു ള്ള അരിയും ഉഴുന്നുംവെള്ളത്തിലിട്ടില്ലല്ലോ '.
അനുപമ ഡയറിക്കകത്ത് പേന വെച്ച് അടു ക്കളയിലേക്കു നടന്നു .അരിയും ഉഴുന്നും കു തിരാനിട്ട് തിരിഞ്ഞ് നടക്കുമ്പോഴാണ് കട്ടിലി ൽ മടക്കി വെക്കാനുള്ള തുണികൾ കണ്ണിൽ പെട്ടത് .അത് മടക്കി എടുത്തു വെക്കുമ്പോഴേ ക്കും  കിരൺ എഴുന്നേറ്റ് വന്നു .കുട്ടികൾ സ്കൂളിൽ നിന്നും വരുമ്പോഴേക്കു അത്താഴ ത്തിനുള്ളതൊരുക്കണം .എങ്കിലേ അവരെ കൂടെ പഠിപ്പിക്കാനിരിക്കാനാവൂ .
രാത്രിയാണ് എല്ലാ ജോലിയും കഴിഞ്ഞ് സ്വ സ്ഥമായിരുന്നെഴുതുന്ന സമയം .. പകലിൻ്റെ അസ്വാസ്ഥ്യങ്ങളെല്ലാമൊഴിഞ്ഞ്  രാവിൻ്റെ മാറിൽ ചാഞ്ഞിരുന്ന് പകൽ മുഴുവൻ മനസി ലിട്ട് രാകി മിനുക്കിയ അക്ഷരങ്ങളെ ഡയറി യിലേക്കു തുറന്നു വിടുമ്പോൾ കിട്ടുന്ന സ ന്തോഷം ... മാസങ്ങൾ ചുമന്ന് നടന്ന് ചിന്തക ളുടെ ഭാരമൊഴിഞ്ഞ ആശ്വാസത്തോടെ ഉറ ങ്ങാം .അവൾ ഡയറി തുറന്ന് എഴുതിത്തുടങ്ങി .
"അവളുടെ വിറയാർന്ന ശുഷ്ക ശരീരത്തിലേ
ക്കയാൾ പടർന്നു .അയാളുടെ വികാരങ്ങളു ടെ കടിഞ്ഞാൺ നഷ്ടപ്പെട്ടിരുന്നു .അരുതെ ന്നു പറയാനാവാതെ അവളുടെ ചുണ്ടുകളെ അയാൾ ചുംബനം കൊണ്ട് ബന്ധിച്ചിരുന്നു" .
ഇത്രയുമായപ്പോഴേക്കും പകൽ മുഴുവൻ ഓടിനടന്ന് വിശ്രമമില്ലാതെ ജോലി ചെയ്ത  ക്ഷീണിച്ച അവളുടെ ,കണ്ണുകളിലേക്ക് ഉറ ക്കം വിരുന്നെത്തിയിരുന്നു .മനസിലിട്ടു കൊണ്ടു നടന്ന കഥാപാത്രങ്ങളോരോന്നും 
പടിയിറങ്ങിപ്പോകുന്നത് പാതി മയക്കത്തിൽ 
അവളറിഞ്ഞു ..പതിയേ പേന ഡയറിക്കുള്ളി
ൽ വെച്ച് ഡയറി അടച്ച് വെച്ചവൾ കിടന്നു ..
അടച്ചു വെയ്ക്കപ്പെട്ട ഡയറിക്കുള്ളിൽ 
വീർപ്പുമുട്ടുന്ന കഥാപാത്രങ്ങൾ അപ്പോഴും അസ്വസ്ഥരായി മുറവിളി കൂട്ടുന്നുണ്ടായിരു ന്നു .

ഒളിച്ചുകളി
സ്വപ്നാ റാണി
എപ്പോഴാണ്
നമ്മളീ ഒളിച്ചുകളി
അവസാനിപ്പിക്കുക?
കള്ളനെന്നും പോലീസെന്നും
ഇരുട്ടെന്നും വെളിച്ചമെന്നും
മഴയെന്നും വെയിലെന്നും
ജീവിതമെന്നും മരണമെന്നും
ദ്വന്ദ്വങ്ങളുടെ
ഘോഷയാത്രയിൽ നിന്ന്
പുറത്തു കടക്കുക?
നമ്മൾ കെട്ടിയ
കൂടാരങ്ങളിലൊക്കെയും
വിള്ളലുകളുടെ
വെയിൽ വിതാനങ്ങൾ
അലങ്കരിച്ചു തുടങ്ങിയിരിക്കയാണ്.
വഴിയോരങ്ങളിൽ
ഉടൽ മറച്ചുവച്ച നാഗങ്ങൾ
വിഷ സഞ്ചികളുമായി കാത്തിരിപ്പുണ്ട്.
കാടും കടലുമറിയാത്ത
സാന്ദ്രതകൾ,
വിശപ്പിന്റെ ഗഹ്വരങ്ങൾ പോലെ
നമ്മെ വിഴുങ്ങുമഗ്നിയായ്
ചുറ്റിലും നിന്നാർത്തു കയറി വരുമ്പോൾ
നീയെന്നും ഞാനെന്നുമുള്ള
സംജ്ഞകൾക്ക്
എത്രനാളിനി
ചിത്ര പടങ്ങളിലൊതുങ്ങാനാവും!

ഓർമ്മയിലൊരു ശിവരാത്രി...
ഗിരി ബി വാരിയർ
"നിന്റെ മാലേന്ന് താഴെ വീഴണ പൂക്കള് പറക്കലാവും ശിവരാത്രി ആയിട്ട്‌ തേവരുടെ ജോലി ഇന്ന്...".  ഞാൻ കെട്ടുന്ന മാല നോക്കി മുത്തച്ഛൻ പരിഹസിക്കും. 
മുത്തച്ഛാ, ഇത്‌ കെട്ടീട്ട് ഒറക്കണില്ല്യാ.. ഊരിപ്പോണൂ. ഞാനെന്താ ചെയ്യാ.." മാലകെട്ടാൻ പഠിക്കുന്ന ഞാൻ  മുത്തച്ഛനോട് ഞാൻ പറയും.
"നീയാ ഹരി കെട്ടണ മാല നോക്ക്‌, അങ്ങിന്യാ മാല വേണ്ടേ ..." മാധേടത്തിയുടെ ഇളയ മകൻ  ഹരി കെട്ടിക്കൊണ്ടിരിക്കുന്ന മാല ചൂണ്ടിക്കാണിച്ച് മുത്തച്ഛൻ പറയും. 
"അത്‌ സാരല്ല്യാ, ഞാൻ ശര്യാക്കിക്കോളാം.. തേവർക്ക് ഒരു മാലെങ്കിലും കെട്ടണം.." അമ്മമ്മ എന്നെ പ്രോത്സാഹിപ്പിക്കാനായി   പറയും.
പണ്ട്‌ ശിവരാത്രി വാര്യത്തെ വലിയൊരു ഉത്സവമായിരുന്നു. 
മുത്തച്ഛനായിരുന്നു നിറമാലക്കുള്ള മാലകെട്ടിന് ‌ നേത്ര്യത്വം നൽകിയിരുന്നത്‌.  ഒരാഴ്ച്ച മുൻപേ ഒരുക്കങ്ങൾ തുടങ്ങും. ശിവരാതിയുടെ തലേന്നാൾ മുതൽ പുഷ്പങ്ങൾ ശേഖരിക്കാൻ തുടങ്ങും.  
പുലർച്ചെ എല്ലാവരും  ത്രൈലോക്യമംഗലം ശിവക്ഷേത്രത്തിൽ എത്തും.  തൈക്കാട്ടുശ്ശേരി എന്ന ഗ്രാമത്തിന്റെ നാഥനായ തേവരുടെ അനുഗ്രഹം വാങ്ങാൻ ‌ ഭക്തർ ആ ദിവസം തിരുനടയിൽ എത്തും.
അമ്പലത്തിലെ കാലത്തെ കഴകവ്യത്തികൾ എല്ലാം കഴിഞ്ഞ്‌ എല്ലാവരും തറവാട്ടിൽ ഒത്തുചേരും.  
മിക്കവാറും ഇഡ്ഡലിയാണ് പ്രാതലിന് പതിവ്‌.   അലുമിനിയത്തിന്റെ ഇഡ്ഡലിപ്പാത്രത്തിൽ വിറകടുപ്പിന്റെ ആവിയിൽ വെന്ത ഇഡ്ഡലിയും, അമ്മിയിൽ അരച്ച നാളികേരചട്നിയും കൂട്ടിയുള്ള പ്രാതൽ ഓർക്കുമ്പോൾ ഇന്നും വായിൽ കപ്പലോടും 
പ്രാതൽ കഴിച്ചു കഴിയുമ്പോഴേക്കും  മുത്തച്ഛൻ മാലകെട്ട് തുടങ്ങിക്കാണും.  നടപ്പുരയുടെ വടക്ക് വശത്ത്‌ ചുമരിൽ ചാരിയാണ് മുത്തച്ഛന്റെ ഇരിപ്പിടം. നടുവിൽ പുഷ്പങ്ങൾ കൂട്ടിയിട്ടിട്ടുണ്ടാവും. 
ബിംബത്തിന്മേലേക്ക് മാല, ശ്രീകോവിലിന് ഉള്ളിൽ തൂക്കാനുള്ള  മാലകൾ, അമ്പലത്തിനകത്ത് അലങ്കരിക്കാനുള്ള മാലകൾ, പുറത്ത്‌ തൂക്കാനുള്ള മാലകൾ എന്നിങ്ങനെ വേർത്തിരിച്ചാണ് മാലകെട്ടുന്നത് 
അമ്മമ്മ,  ത്രുശ്ശൂരമ്മാമൻ, അമ്മ, അച്ഛൻ, എന്റെ ചെറിയമ്മ ലീലേച്ചി ഭർത്താവ്‌ വിശ്വെട്ടൻ, അമ്മമ്മയുടെ അനുജത്തി മാധേടത്തി ഭർത്താവ്‌ ഉണ്ണ്യേട്ടൻ അവരുടെ മക്കൾ മോഹനനും  ഹരിയും ഇവരായിരുന്നു മുതിർന്ന മാലകെട്ടുകാർ. ഗീതേച്ചിയും ഞാനും സപ്പോർട്ടിങ് മാത്രം.  
ഗിര്യേ ആ വെള്ളപ്പൂവ് എടുത്തുതാ, തെച്ചിപ്പൂ എടുത്ത് മുത്തച്ഛന് കൊടുക്ക്, അല്ലെങ്കിൽ കൊറച്ചു വെള്ളം കൊണ്ടത്താ..അങ്ങിനെപോകും എന്റെ ജോലികൾ.  
ഉണ്ണ്യേട്ടൻ ഗുരുവായൂരിൽ നിന്നും താമരമൊട്ട്‌ കൊണ്ടുവരാറുണ്ട്, താമരമാല തേവർക്ക് ദീപാരാധനയ്ക്ക് ചാർത്താൻ ആണ്.  
മുത്തച്ഛനും വിശ്വേട്ടനും എന്തെങ്കിലും ഒക്കെ തമാശകൾ പറഞ്ഞ്‌ ആ സഭ രസികരമാക്കാറുണ്ട്.  ആകാശത്തിന് കീഴെയുള്ള എല്ലാ വിഷയങ്ങളും അപ്പോൾ ചർച്ച ചെയ്യും. ഇടയിൽ ചില ഐതിഹ്യങ്ങൾ പറഞ്ഞ്‌ അമ്മമ്മയും കൂടെച്ചേരും.  ത്രുശ്ശൂരിൽ നിന്നും പുറത്തിറങ്ങുന്ന എക്സ്പ്രസ്സ് പത്രത്തിന്റെ പത്രാധിപൻ ആയിരുന്നു ത്രുശ്ശൂരമ്മാമൻ. ‌ ചെവി ഒട്ടും കേൽക്കാത്ത അദ്ദേഹം മാത്രം ഒന്നുമറിയാതെ ഒരു മൂലയിൽ മാലകെട്ടുന്നതിൽ വ്യാപൃതനായിരിക്കും. 
നൂറ്റിയൻപതിലധികം മാല കെട്ടാറുണ്ട്‌.  വൈകീട്ട്‌ നാലരയോടെ ഈ മാലകൾ എല്ലാം കൊണ്ട്‌ പോയി അമ്പലം അലങ്കരിക്കും.  പിന്നെ ദീപരാധന തൊഴുത്‌ പണികളെല്ലാം കഴിഞ്ഞ്‌ വാര്യത്ത്‌ എത്തുമ്പോൾ മുറ്റത്ത് നിന്നേ അടുക്കളയിൽ അത്താഴത്തിനുള്ള  കൊഴുക്കട്ട വേവുന്ന മണം മൂക്കിലടിക്കാൻ തുടങ്ങും. അതും കഴിച്ച്‌ തിരികെ തലോരിലുള്ള വീട്ടിലേക്ക്‌.
എല്ലാവരും മൺമറഞ്ഞുപോയി, മാധേടത്തിയും, ലീലേച്ചിയും വിശ്വേട്ടനും അച്ഛനും പിന്നെ ഞങ്ങൾ അന്നത്തെ കുട്ടികളും മാത്രം ബാക്കിയായി.  
ഓരോ ശിവരാത്രിയും മനസ്സിൽ ആ ദിവസങ്ങളെ തിരികെ കൊണ്ടുവരും, ഒരിക്കലും  തിരിച്ചുവരാത്ത ആ നല്ല ദിവസങ്ങളെക്കുറിച്ചോർക്കും...

മൗനം
ആച്ചു ഹെലൻ
വാല്മീകം പോലെന്റെ മൗനം
 ഉറഞ്ഞു നിനക്കുചുറ്റം 
 ഉയർന്നു കൊണ്ടിരിക്കുന്നു 
വീർപ്പുമുട്ടിക്കുന്ന
ആയിരം  ഉത്തരമില്ലാ ചോദ്യങ്ങൾ അവക്കുള്ളിൽ ഞെരുങ്ങിക്കിടക്കുന്നു 
മൗനം പരസ്പരം
 കാഴ്ചയെ പോലും ഇല്ലാതാക്കുന്നു 
മനസ്സെത്താത്ത കാഴ്ച നിരർത്ഥമല്ലേ ?
മുരടിച്ചു പഴകിച്ച
ക്ഷമാപണങ്ങൾക്കിപ്പൊ
ചേന പൂത്ത ഗന്ധം.
വാക്കുകൾ ഉരഞ്ഞു 
മുറിവേൽപ്പിച്ച ഹൃദയം 
വൃഥാ ജീവനെ അറിയിക്കാൻ മാത്രം  മിടിച്ചുകൊണ്ടിരിക്കുന്നു .
കാമം മാത്രം കൊതിക്കുന്ന നിന്നിൽ 
പ്രണയം ചാപിള്ളയാകുന്നു .
എന്റെ ലോകം ഇരുളടഞ്ഞു അവസാനിക്കുമ്പോഴും 
ഇനിയും പറിച്ചെറിയാനാകാത്ത ഒരു സ്നേഹകണം 
എന്നിൽ എവിടെയോ
പിൻവിളിയായി
മുറവിളി കൂട്ടുന്നു .

അവൾ
ഭദ്ര വേണുഗോപാൽ
മരിച്ചു കിടക്കുമ്പോഴും 
അവളുടെ ചുണ്ടിൽ ഒരു ചിരി ബാക്കിയായിരുന്നുവോ?
നെഞ്ചിൽ കനത്ത 
ഒരു നിലവിളി തൊണ്ടയിൽ കുരുങ്ങിയാണോ
 അവൾ മരിച്ചത്?
സങ്കടങ്ങളപ്പാടെ 
വിഴുങ്ങി
ചിരിച്ചു നിൽക്കാൻ 
അവളെന്നാണ് പഠിച്ചത്?
പാതി തുറന്ന കണ്ണുകളിൽ 
നിറം കെട്ടുപോയ 
 സ്വപ്നങ്ങൾ
  മരവിച്ചു നിൽക്കുന്നു
എന്തോ പറയാൻ വെമ്പിയ 
നാവിൻ തുമ്പ് പല്ലുകൾക്കും ചുണ്ടുകൾക്കിടയിൽ ശ്വാസം 
 മുട്ടി  മരിച്ചിരിക്കുന്നു.
തേഞ്ഞു പോയ  
 വിരൽത്തുമ്പുകളുടെ 
 ബാക്കി അടുക്കള - 
 ത്തിണ്ണയിലും കണ്ടില്ല
വീണ്ടു കീറിയ
 കാൽപ്പാദങ്ങളിൽ  
 അവൾ നടന്നു തീർത്ത
ദൂരങ്ങളത്രയും അടയാളപ്പെടുത്തിയിരിക്കുന്നു.
തിങ്ങിനിറഞ്ഞു കനത്ത മുടിയിഴകൾ കാലത്തിന്റെ കനത്ത പ്രഹരത്തിൽ തലയിലെഴുത്ത് വായിക്കാൻ തക്കവണ്ണം കൊഴിഞ്ഞു മാറിയിരിക്കുന്നു.
പാതിയും ചളുങ്ങിയ രണ്ട്
 സ്വർണ്ണനൂൽ വളകൾ അഗ്നി 
 കുടിച്ച് നിറം കെട്ടിരിക്കുന്നു.
ഏറെ നനച്ചു നിറം മങ്ങിയ
 സാരി അവളുടെ കെട്ടുപോയ സ്വപ്നങ്ങളെ
 ഓർമ്മിപ്പിക്കുന്നു.
വാതിലുകൾ പോലും
 അടയ്ക്കാൻ മറന്ന്
  തിടുക്കത്തിൽ അവൾ എങ്ങോട്ടാണ് നടന്നു മറഞ്ഞത്?
ഒരു ചുംബനത്തിന്റെ നനവു പോലുമില്ലാതെ കരിവാളിച്ച
അവളുടെ ചുണ്ടുകളിൽ കുരുങ്ങി
മൃതിയടഞ്ഞു പോയി ഉത്തരങ്ങൾ

വെറുതെ..
രവി കുമാർ മാനമ്പിള്ളി
മോർച്ചറിയിൽ
പോസ്റ്റുമോർട്ടത്തിനായ്
തണുത്തു മരവിച്ച്
നീണ്ടും നിവർന്നു കിടക്കുമ്പോഴും
മനസ്സിൽ ഒരത്യാഗ്രഹം
ഒരു പോറലും ഏൽപ്പിക്കാതെ
ഒരു തുള്ളി രക്തം ചിന്താതെ
എന്റെ ഹൃദയം
ഒരു വെള്ളിത്താലത്തിലെടുക്കുക
മഹസ്സറിൽ....
ഈ ഹൃദയം നിറയെ
ബന്ധങ്ങളോടും
ബന്ധനങ്ങളോടുമുള്ള 
സ്നേഹം മാത്രമാണെന്ന്
ഒരു വരി കൂടി എഴുതിച്ചേർക്കുക
അങ്ങിനെ അവസാനിക്കട്ടെ
ഒരാത്മഹത്യാ കുറിപ്പിന്റെ
ബാക്കിപത്രം.....
*(പ്രവാസിയായിരുന്ന പിതാവിന്റെ മരണാനന്തരം ഡയറിത്താളുകൾക്കിടയിൽ നിന്ന് മകൾ കണ്ടെടുത്ത കവിത)*

സമാന്തരം
യൂസഫ് നടുവണ്ണൂർ
അന്ന് കാസ്സിൽ
സമാന്തര രേഖകൾക്ക്
ഉദാഹരണം പറഞ്ഞു തന്നത്
നീയാണ്
ഞാനും നീയും!
അന്നു തന്നെയാണ്
നക്ഷത്രങ്ങളില്ലാത്ത നിരവധി രാത്രികൾ
ഞാൻ
നിൻ്റെ കണ്ണുകളിൽ കണ്ടതും !

 വായിക്കുക ..
ആസ്വദിക്കുക...
വിലയിരുത്തുക...
അഭിപ്രായങ്ങൾ പങ്ക് വെയ്ക്കുക...
🙏🌹🌹🌹🙏

Comments