28-03-20

 നവ സാഹിതിയിലേക്ക് എല്ലാ സഹൃദയർക്കും ഹൃദ്യമായ സ്വാഗതം..🙏🌹🌹🙏
*******************************
കാടാമ്പുഴക്കുള്ള ബസ്സ്.
രമണൻ ഞാങ്ങാട്ടിരി

കാടാമ്പുഴക്കുള്ള ബസ്സിൽ
നാലേ നാലാള്.
കാശ് വാങ്ങി
ഭക്തി ഗാനവും കേട്ട്
മിണ്ടാതിരുന്നു കണ്ടക്ടർ.
പൊന്നാനീ ...പൊന്നാനീ ...യെന്നും
പുത്തൻപള്ളിയെന്നും
പലവട്ടം വിളിച്ച്
കണ്ടക്ടറേയും കൊണ്ട്
പട്ടാമ്പി വിട്ടു
പൊന്നാനി ബസ്സ്.
ഗുരുവായൂര്ബസ്സിൽ
എത്ര പേരുണ്ടെന്ന്
കൊടുങ്ങല്ലൂരമ്മ.
ഇനിയൊരറിയിപ്പുണ്ടാകും വരെ
ദർശനമില്ലെന്ന്
ആടിപ്പാടി വന്ന
അമ്പാടിക്കണ്ണൻ.
കുട്ട്യോളുംകൂടിയില്ലാണ്ട്
കുന്നംകുളത്തേക്കിപ്പോ
ഓടീട്ടെന്താ കാര്യംന്ന്
മേരീമാതാ.
ദൈവങ്ങളൊക്കെയിപ്പോ
നമ്മളെപ്പോലെ 'യെത്തീ'മായെന്ന്
ഇഞ്ചി മിഠായിക്കാരൻ ഈനാശുവിനെ നോക്കി
നീട്ടിയൊരു കുരിശു വരച്ചു
ലോട്ടറിക്കാരൻ
കുഞ്ഞാക്ക.
കാടാമ്പുഴക്കുള്ള ബസ്സിപ്പോൾ
പോണോ പോണ്ടയോയെന്ന്
പതുക്കെപ്പതുക്കെ ....
*******************************


കൊറോണ കർഫ്യൂ  ഓർമ്മിപ്പിച്ചത്...
സിമി ശിവകുമാർ

രാവിലെ പത്രം തുറന്നപ്പോൾ ,ഇന്ന് കർഫ്യൂ ദിനമായതിനാൽ വീട്ടിലിരിക്കുന്ന നിങ്ങൾക്കെന്തൊക്കെ ചെയ്യാം എന്ന നിർദ്ദേശമാണ് ആദ്യ പേജിൽ  കണ്ടത് .... എന്തിന് പൂരിപ്പിച്ച് രസിക്കാൻ പദപ്രശ്നവുമായെത്തിയ പത്രവുമുണ്ട് ... ഒരു ദിവസം വീട്ടിലിരിക്കുന്നത് ഇത്രയ്ക്ക് ബുദ്ധിമുട്ട് പിടിച്ച കാര്യമാണോ എന്ന് അപ്പോഴാണ് ഞാൻ ചിന്തിച്ചത് ... 365 ദിവസം വീട്ടിലിരിക്കാൻ  പറഞ്ഞാലും , എന്നെ സംബന്ധിച്ച് ചിലപ്പോൾ  അതൊരു ബുദ്ധിമുട്ടാകാൻ തരമില്ല .....   അപ്പോഴാണ് ഇങ്ങനെ കുറച്ച് ദിവസം ഒരു പണിയുമില്ലാതെ വീട്ടിൽ ഇരുന്ന / കിടന്ന ദിവസങ്ങളെ ക്കുറിച്ച് ഓർമ്മയിൽ പരതിയത് ....     ഓർമ്മകൾ ഏഴാം  ക്ലാസ്സ് കാലഘട്ടത്തിലേയ്ക്ക് പോയി .U. S. S സ്കോളർഷിപ്പ് പരീക്ഷയ്ക്ക് തയ്യാറെടുത്ത് ഐ.എ.എസ്  എഴുതുന്ന മനോഭാവത്തോടെ നടന്നിരുന്ന സമയം. ഒരു ദിവസം  ബന്ധത്തിൽപ്പെട്ട ഒരു വല്യമ്മ  കല്യാണം ക്ഷണിക്കാനായി വീട്ടിൽ വന്നു.. ഈ വല്യമ്മ മുറുക്കാൻ ഉപയോഗിക്കുന്ന ശീലക്കാരിയാണ് 1987 കാലഘട്ടമാണ്.. ട്ടാ ..പാൻപരാഗ് ഉപയോഗം എന്ന് പറഞ്ഞ് ആരും ഇപ്പോൾ കേസിനൊന്നും പോകരുത് ... എന്നപേക്ഷ.. എൻ്റെ വീട്ടിലാണേ വെറ്റില മുറുക്കുന്ന ശീലക്കാരില്ല.  അതിഥികളുടെ ശീലത്തിനനുസരിച്ച് പെരുമാറുന്ന രീതിയാണ് എൻ്റെ അമ്മയുടേത് .. ഈ വല്യമ്മയ്ക്ക് അഹാരം കഴിച്ച് കഴിഞ്ഞാൽ വെറ്റില മുറുക്കണം.മുറുക്ക് സാമഗ്രികളാന്നും വീട്ടിലും ഇല്ല ... അമ്മയ്ക്ക് വിഷമമായി ...   അമ്മ എന്നെ നീട്ടിയൊരു വിളി ,എന്തെങ്കിലും കാര്യ സാദ്ധ്യത്തിന് മാത്രമേ അങ്ങനെ 'മോളേ'.." എന്ന് നീട്ടി വിളിക്കാറുള്ളൂ .കാരണം അന്ന് എന്നെ വിളിക്കുന്നതൊക്കെ കുരുത്തക്കേടിന് ശിക്ഷ ഉറപ്പിച്ചുള്ള വിളികളാണ് .അതിന് മോളേ എന്ന് വിളിക്കണ്ടല്ലോ .. അമ്മയുടെ ആ വിളി കേട്ടപ്പോഴെ എവിടെയോ ,എന്തിനോ പോകാൻ വേണ്ടിയുള്ള വിളിയാണെന്ന് മനസ്സിലായി.     പുളിഞ്ചി മരത്തിന് മുകളിൽ ഇരുന്ന ഞാൻ ഊർന്ന് താഴെ ഇറങ്ങി അമ്മയ്ക്ക് മുന്നിൽ ഫാളിൻ ആയി .വീട്ടിൽ അതിഥികൾ വരുന്ന ദിവസങ്ങളിലൊക്കെ  ഞാൻ ഭയങ്കര മര്യാദക്കാരിയാണ് .. " ആ  വീട്ടിലൊരു കൊച്ചുണ്ട് എന്ത് നല്ല സ്വഭാവമാണ് " എന്ന് ഈ അതിഥികൾ  മറ്റുള്ളവരോട് (പ്രത്യേകിച്ച് എൻ്റെ പ്രായക്കാരോട് ) പറയണം എന്നത് മാത്രമാണ് എൻ്റെ ഉദ്ദേശം .അല്ലാതെ യഥാർത്ഥ മര്യാദയൊന്നും അല്ല.. ..    അമ്മ നിർദ്ദേശം തന്നു അയൽവക്കത്തെ വീട്ടിൽ പോയി കുറച്ച് ചുണ്ണാമ്പും ,പുകയിലയും വാങ്ങണം...വെറ്റിലയും ,അടക്കയും വീട്ടിൽ കൃഷി ഉണ്ട്. (ബാർട്ടർ സമ്പ്രദായമാണു എൻ്റെ പ്രായത്തിന് മുകളിലുള്ളവരും ഗ്രാമങ്ങളിൽ താമസിച്ചവർക്കൊക്കെ ഓർമ്മേ ണ്ടാവും നെല്ല് കൊടുത്ത് പയർ വാങ്ങിയത് )    അയൽവക്കത്തെ വീട്ടിൽ 80 വയസ്സ് കഴിഞ്ഞ ഒരു മുത്തശ്ശി മാത്രമാണ് താമസം. മക്കളോടൊപ്പം താമസിക്കാതെ ഒറ്റയ്ക്ക് താമസിച്ച് സ്വന്തം കാര്യങ്ങളെല്ലാം ഒറ്റയ്ക്ക് ചെയ്യുന്ന സ്വയം പര്യാപ്തയായ ഒരു മുത്തശ്ശി....കൂട്ടിന് ഒരു പട്ടിയുണ്ട് . പേര് ഉണ്ണി (ഉണ്ണി നാമധേയരാരും പിണങ്ങരുത് ,ഈ പേര് ഞാനിട്ടതല്ല )     ഞങ്ങൾ ഉണ്ണി പട്ടീന്ന് വിളിക്കുന്ന ആനയുടെ കറുപ്പും, സിംഹത്തിൻ്റെ ഗാംഭീര്യവുമുള്ള നല്ല നാടൻ പട്ടി.. അമ്മൂമ്മയുടെ പുരയിടത്തി ൽ നിന്നോ  എന്തിന് ആ പരിസരത്ത് നിന്നോ ഒരില പോലും എടുക്കാൻ ആരും ധൈര്യപ്പെടില്ല.. അമ്മൂമ്മയുടെ ഈ അംഗരക്ഷകൻ അത്രയ്ക്ക് വീരനാണ് .അതുകൊണ്ട് തന്നെ ഈ അമ്മൂമ്മയ്ക്ക്  മറ്റാരോടും ഇല്ലാത്ത ഒരു വാത്സല്യം അവനോടുണ്ടായിരുന്നു .. അവർ തമ്മിലുള്ള ആശയവിനിമയമൊക്കെ കാണാൻ  ഗംഭീരമാണ്.....    അയൽവക്കകാരാണെങ്കിലും ഞാനും അവനും തമ്മിൽ അത്ര രസത്തിലായിരുന്നില്ല .. തരം കിട്ടുമ്പോഴൊക്കെ ഞാൻ അവനെ കല്ലെടുത്ത് എറിയുമായിരുന്നു ... കാരണം വേറൊന്നുമല്ല ,അമ്മൂമ്മ യുടെ പുരയിടത്തിലെ പറങ്കിമാവിൻ്റെ ശിഖരം ഞങ്ങടെ പുരയിടത്തിലേക്ക് ഞാന്ന് കിടപ്പുണ്ട് .അതിലുണ്ടാവുന്ന പച്ചണ്ടി പറിച്ച് കീറിത്തിന്നുക എന്നത് എൻ്റെ മര്യാദ പ്രവർത്തികളിൽ ഉൾപ്പെട്ടതായിരുന്നു .. ...ഈ ഉണ്ണി പട്ടിയാണ് പലപ്പോഴും അതിന് വിഘാതം സൃഷ്ടിച്ചിരുന്നത് ....അങ്ങനെ ഞങ്ങൾ ആ ജീവനാന്ത  ശത്രുക്കളായാണ് പെരുമാറിയിരുന്നത് ..  എന്തായാലും ഞാൻ ചുണ്ണാമ്പിനും ,പുകയിലയ്ക്കും വേണ്ടി അമ്മൂമ്മയുടെ വീടിന് മുന്നിലെത്തി .. മുന്നിലെ കാഴ്ച എന്നെ ഒരു സെക്കൻ്റുകൊണ്ട് സ്വർഗ്ഗം കാണിച്ചു..  അമ്മൂമ്മ,,, പഴങ്കഞ്ഞി നല്ല കാന്താരി മുളക് ഉടച്ച് ചേർത്ത് കുടിക്കുന്നു .കൂടെ തലേ ദിവസത്തെ മീൻ കറി മാങ്ങയും, മുരിങ്ങക്കായും ഇട്ട് വറ്റിച്ചത് ചട്ടിയുടെ അറ്റം പറ്റി ഇരിപ്പുണ്ട് ...അതൊന്നുമല്ല എന്നെ സ്വർഗ്ഗം കാണിച്ചത് ,അമ്മൂമ്മയുടെ അംഗരക്ഷകൻ കഴുത്തിൽ മാലയില്ലാതെ അഴിച്ച് വിട്ടനിലയിൽ അമ്മൂമ്മയുടെ അടുത്തുണ്ട്....ഞാൻ അമ്മൂമ്മയുടെ വീട്ടിലേയ്ക്ക് ഇറങ്ങുന്നതിന് മുൻപ് അമ്മൂമ്മയെ വിളിച്ച് ഏമാൻ്റ കാര്യം സമ്മതം വാങ്ങിയാണ്  ഇറങ്ങിയത് ...പക്ഷേ അമ്മൂമ്മയ്ക്കോ ,എനിക്കോ എവിടെയോ എന്തോ പന്തികേട് പറ്റി. ..അങ്ങനെയാണ് ഞാൻ  ഉണ്ണി ഏമാൻ്റെ മുന്നിൽ വിറങ്ങലിച്ച് ഇങ്ങനെ നിൽക്കേണ്ടി വന്നത് . ഒരു സെക്കൻ്റ് ആ കറുത്ത മുഖത്തെ ചുമന്ന കണ്ണുകൾ എന്നെ ഒന്ന് നോക്കി .അടുത്ത നിമിഷം എൻ്റെ നേർക്ക് കുതിച്ച് ചാടി. ഞാനും വിട്ടില്ല, മാക്സിമം പൊരുതുക എന്ന എൻ്റെ ശൈലിയിൽ  അടുത്തുണ്ടായിരുന്ന വൈക്കോൽ തുറുവിലേയ്ക്ക് ചാടിക്കയറി, അവനും പുറകെ ഉണ്ട് .എനിക്ക് രക്ഷയില്ല.വൈക്കോൽ തുറുവിൻ്റെ മുകളിലെത്തി, ഏതോ സിനിമയിൽ കണ്ട പോലെ ,മണ്ട ഇല്ലാത്ത അടയ്ക്കാമരമാണ്. മുകളിലേയ്ക്ക് കയറാനൊന്നും ഇല്ല. രണ്ടും കൽപിച്ച് വൈക്കോൽ തുറുവിൻ്റെ മുകളിൽ നിന്ന് അമ്മൂമ്മയുടെ ഓല വീടിൻ്റെ മുകളിലേയ്ക്ക് ചാടി.....ഉണ്ണി സിംഹം പുറകെ .. ഞങ്ങടെ യുദ്ധത്തിനിടയക്ക് അമ്മൂമ്മ താഴെ അങ്ങോട്ടും ഇങ്ങോട്ടും ഓടണുണ്ട്. ..വേറെ വഴിയില്ല ....വീടിന് മുകളിൽ നിന്നും താഴെ ചാടിയ ഞാൻ ഓട്ടം പിടിച്ചു.. പക്ഷേ ശത്രു എന്നെക്കാളും ധീരനും ,ശക്തിമാനുമാണ്.... " ഏതെങ്കിലും യക്ഷിയുടെ കയ്യിൽ നിന്നും ചുണ്ണാമ്പ് വാങ്ങുന്നതായിരുന്നു ഇതിലും ഭേദം എന്ന് ഞാനാ ഓട്ടത്തിനിടയ്ക്ക് ഓർത്തു...ശക്തനായ എതിരാളി എൻ്റെ കാലിൽ ഒരു പിടി പിടിച്ചു. ഞാൻ കീഴടങ്ങി .അതിനിടയ്ക്ക് എൻ്റെ നാണമില്ലാത്ത നിലവിളി കേട്ട് എൻ്റെ വീട്ടുകാരുൾപ്പെടെ ചുറ്റുവട്ടത്തുള്ളവരൊക്കെ ഓടി എത്തി .ഉണ്ണി പട്ടിയെ അനുനയിപ്പിച്ച് പറഞ്ഞയച്ചു .. ആ പോകുന്ന പോക്കിലും അവൻ എന്നെ ഒരു നോട്ടം .." എന്നോടാണോ കളി " എന്ന് പറയും പോലെ .. ഞാനും വിട്ടില്ല "പരാക്രമം സ്ത്രീകളോടല്ല വേണ്ടൂ" എന്ന ഭാവത്തിൽ ഞാനും തിരിച്ചൊന്നു നോക്കി .. നിരാലംബയും ,പരാജിതയുമായ  എന്നെ കൂടിയവരെല്ലാം ചേർന്ന് വീട്ടിലെത്തിച്ചു.. പ്രഥമ ശുശ്രൂഷ എന്ന ഇനത്തിൽ ആരുടേയോ വാക്കു കേട്ട എൻ്റെ അമ്മ കുരുമുളകിൻ്റെ ഇല തീക്കനിൽ വാട്ടി എൻ്റെ മുറി വിൽ വച്ചു അച്ഛനും ,ഏട്ടന്മാരും വീട്ടിലുണ്ടായിരുന്നില്ല.
കല്യാണം വിളിക്കാൻ വന്ന വല്യമ്മ കല്യാണം ക്ഷണിച്ച് ,ഊണും കഴിച്ച്  മുറുക്കാതെ മടങ്ങി....
കഥ ഇനിയാണ്... കുരുമുളക് ഇലയുടെ ചൂടിൽ രക്ത വാർച്ചനിന്ന മുറിവുമായി എൻ്റെ അന്നത്തെ ദിവസവും ,പിറ്റേ ദിവസവും പോയി .മൂന്നാമത്തെ ദിവസം അച്ഛൻ വന്നപ്പോൾ കളി മാറി .. അമ്മയ്ക്ക് നന്നായി രണ്ട് വഴക്ക് കൊടുത്തു വേദനയ്ക്കിടയിലും അതെനിക്ക് ഇഷ്ടപ്പെട്ടു.എന്നെ ആശുപത്രിയിൽ കൊണ്ട് പോയി .മുറിവ് ഇതിനകം പഴുത്തിരുന്നു ... അങ്ങനെ രണ്ടാഴ്ചയോളം ആശുപത്രി കർഫ്യൂവിലായി ..
ആ കർഫ്യൂവിനിsയ്ക്ക്  വേറൊരു തമാശ സംഭവിച്ചു ... എൻ്റെ ആശുപത്രി ശുശ്രൂഷകർ എൻ്റെ ഏട്ടന്മാരാണ് .. അവരെക്കാളും പ്രായത്തിൽ ഒരു പാട് ഇളയതായത് കൊണ്ട് അച്ഛനേയും ,അമ്മയേയും ക്കാളും ന്റെ കാര്യങ്ങളൊക്കെ അവരാണ്  ഏറ്റെടുത്തിരുന്നത് ... ആശുപത്രി കൂട്ടിരിപ്പുകാരായി എൻ്റെ രണ്ട് എട്ടന്മാർ ,ബന്ധുക്കളായ കുറേ ഏട്ടന്മാർ ,ഇവരുടെയൊക്കെ സുഹുത്തുക്കളായ മറ്റു കുറേ  ഏട്ടന്മാർ അങ്ങനെ ഒരു ചെറിയ പട തന്നെ ഉണ്ടായിരുന്നു ... ഈ പടയെ എല്ലാം കൂടി കൊണ്ടുപോയി ഉണ്ണി പട്ടിയെ കാണിച്ച് ഒന്ന്  പേടിപ്പിക്കണം എന്നൊരു ആന്തരിക ഭാവം എനിക്കുണ്ടായിരുന്നു .....  രാത്രി വീട്ടീന്ന് പായും തലയണയുമായി വന്ന് ആശുപത്രി മുറിയുടെ ആ തറയിൽ എല്ലാവരും വരിവരിയായി കിടന്നുറങ്ങും .. ഞാൻ രാജകീയ സുഖത്തിൽ കട്ടിലിലും .... ഇന്നത്തെ കാലത്തില്ലാത്ത ബന്ധങ്ങളുടെ ചില ഇഴയടുപ്പങ്ങളായിരുന്നു അതൊക്കെ ....
 ഇനിയാണ് തമാശ ,ആശുപത്രിയിലെ സാധനങ്ങളൊന്നും നശിപ്പിക്കരുത് എന്ന അറിയിപ്പുമായി ഒരു ബോർഡ് (ചില്ലിട്ടത്) മുറിയിൽതൂക്കിയിരുന്നു... ആശുപത്രിക്കൂട്ട് ചേട്ടന്മാരിലൊരാൾ ആരാണെന്ന് ഇന്ന് ഓർക്കണില്ല.വർഷങ്ങൾ ഒരുപാടായില്ലേ ?!     ഷർട്ട് ഊരി ആ ബോർഡിൽ തൂക്കി .. "oപ്പേ"ന്നൊരു സൗണ്ട് ആ ബോർഡും ,അത് തൂക്കിയിരുന്ന ആണിയും ആ ഷർട്ടുമിട്ട് നിലത്ത് കിടക്കുന്നു... .ഭാഗ്യത്തിന് ചില്ല് പൊട്ടിയില്ല .. തിരികെ തുക്കാൻ ശ്രമിച്ചിട്ടും നടക്കുന്നില്ല .. ആണി ഒന്ന് കൂടി ഉറപ്പിച്ചാലേ ഇരിക്കുള്ളൂ .. അതിന് പറ്റിയ തൊന്നും റൂമിലില്ല .... ഒരു ചേട്ടൻ പുറത്ത് പോയി ഒരു കല്ലുമായി വന്നു....
ആ സമയം റിപ്പർ ചന്ദ്രൻ്റെ ആക്രമണ കാലഘട്ടമാണ് .ടിയാൻ പോലീസിന് പിടികൊടുക്കാതെ ആൾക്കാരുടെ തലയ്ക്കടിച്ച് രസിക്കണ കാലം ... അതു കൊണ്ട് തന്നെ കല്ല് എടുക്കലൊക്കെ റിസ്ക്കാണ്..എങ്കിലും കിട്ടിയ കല്ലിൻ്റെ സഹായത്താൽ പുറത്തേയ്ക്ക് ശംബ്ദം കേൾക്കാതെ (രാത്രിയാണെന്നോർക്കണം) ബോർഡ് അടിച്ച് സെറ്റാക്കി .. കല്ലെടുക്കാൻ പോയ റിപ്പർ ജാഗ്രത കല്ല് തിരികെ കളഞ്ഞ ആൾക്ക് ഇല്ലായിരുന്നു... ടെറസിൽ നിന്ന് താഴെക്കിട്ട കല്ല് സെക്യൂരിറ്റി ചേട്ടൻ്റെ  തൊട്ടരികിലാണ് വീണത് ...
പിന്നെ ആകെ ബഹളമായി .. ആൾക്കാർ കൂടി ... ആരാണ് പാറക്കല് ഇട്ടതെന്ന് അറിയില്ല .. റിപ്പർ തന്നെയാണ് .. ഒരാൾ ഓടണത് ഞാനെൻ്റെ കണ്ണ് കൊണ്ട് കണ്ടു എന്ന് സെക്യൂരിറ്റി ചേട്ടൻ .. ആശുപത്രി സ്റ്റാഫും ,കൂട്ടിരിപ്പുകാരും ,എഴുന്നേറ്റ് നടക്കാൻ ആവതുള്ള രോഗികളും കൂടി ടോർച്ചും,, വടികളും ,കയ്യിൽ കിട്ടിയ ആയുധങ്ങളുമായി ആശുപത്രി പരിസരം മുഴുവൻ അരിച്ചുപെറുക്കി  ....റിപ്പറെ നേരിൽ ക്കണ്ട സെക്യൂരിറ്റി ചേട്ടൻ ഹീറോ ആയെങ്കിലും , പുള്ളിയ്ക്ക്  പിന്നെ ഒറ്റയ്ക്ക് രാത്രി  ഡ്യൂട്ടി ചെയ്യാൻ പേടിയായതു കാരണം എൻ്റെ റൂമിലെ അധികം വന്ന കുറേ കൂട്ടിരിപ്പുകാരെ പുള്ളിയ്ക്ക് കൂട്ടി നായി ഏർപ്പാടാക്കിയും  ,റൂമിൽ തിരിച്ചെത്തി ചിരിക്കണോ കരയണോ എന്ന ഭാവത്തിലിരുന്നു  എൻ്റെ ഏട്ടന്മാരോട്  ഇത് വീട്ടിൽ പറയില്ല എന്ന എൻ്റെ  ഉറപ്പിന്മേൽ അവരും ,കുറച്ച് വേദനയും ,കുറേ ഓറഞ്ചും ,അതിലും കുറേ മരുന്നുകളുമായി ഞാനും ആ രാത്രി വെളുപ്പിച്ചു ... എൻ്റെ കർഫ്യൂ കാലം പിന്നെയും കുറേ ദിനങ്ങൾ നീണ്ടു .....
എന്നെ കടിച്ചു എന്ന കാരണത്താൽ അമ്മൂമ്മ വഴക്ക് പറഞ്ഞതിനാൽ  അമ്മൂമ്മയെ ഒറ്റയ്ക്കാക്കി ഉണ്ണി പട്ടി നാടുവിട്ടതും, അങ്ങനെ അമ്മൂമ്മ ഒറ്റയ്ക്കായതിന് കാരണം ഞാനാണെന്ന കുറ്റബോധത്താൽ  സ്കൂളില്ലാത്ത ദിവസങ്ങളിലൊക്കെ അമ്മൂമ്മയുടെ  അടുത്ത്  പോയിരുന്ന്  ഉണ്ണി പട്ടിയ്ക്ക് പകരക്കാരിയാവാൻ ഞാൻ  ശ്രമിച്ചതും കർഫ്യൂവിൻ്റെ ഭാഗമല്ലാത്ത പിന്നാമ്പുറ കഥകൾ .... .
അതൊക്കെ അവിടെ നിക്കട്ടെ വൈറസിനെ പടരാൻ സഹായിക്കാതെ  സാമൂഹ്യബോധത്തോടെ വീട്ടിലിരുന്ന എല്ലാവർക്കും എൻ്റെ നമോവാകം ....
*******************************


പച്ച...
രമ.ജി.വി

കുറേ തിരഞ്ഞു
അക്കങ്ങൾയ്ക്കിടയ്ക്ക്
ഏതു ദിവസം ?
ഇരുപത്തിമൂന്ന്‌......
ഇരുപത്തിനാല്‌......
ഇരുപത്തിഏഴ്......
അങ്കലാപ്പുകൾ
കിതച്ചു നിന്നു
പത്രത്തിലുണ്ടാവൂലോ....
ഒന്നാമത്തെ താളിൽ
വലതുവശത്ത് മുകളിലായി
നെറ്റിപ്പട്ടം കെട്ടി
ഒതുക്കിവച്ചിരിക്കുന്നു
ഇരുപത്തിഅഞ്ച്
വെള്ളിയാഴ്ച...
വീണ്ടും തിരിഞ്ഞു
കലണ്ടറിന്റെ ഓരത്തേയ്ക്ക്
വെള്ളിയാഴ്ചയിലേയ്ക്ക്
ഇരുപത്തഞ്ചില്ലല്ലോ ....
അത്.....
ഇരുപത്തി ഏഴാണല്ലോ
ചിന്തകൾ ഞെരിഞ്ഞമർന്നു
ഓ... കണ്ടെത്തി '...
ഇരുപത്തി അഞ്ച്
ബുധനാഴ്ച
ഇനി എനിക്കെഴുതാം
പാലിന്റെ കണക്ക്......
ഇന്നും ഇന്നലെയും
രണ്ടു ഗ്ലാസ്
*******************************


ഞാൻ വീട്ടിലാണ്
ഷൗക്കത്ത് മെയ്തീൻ

 ചൈനക്കാരിയായ കൊറോണയ്ക്ക്,
  ഇന്ത്യാക്കാരനെഴുതുന്ന കത്ത്,.....
വെറുതെ വീട്ടിലിരുന്നപ്പോൾ ചുമ്മാ നിനക്കൊരു കത്തെഴുതണമെന്നു തോന്നി,...
ഇവിടെ ചൊറീം കുത്തിയിരിക്കുവല്ലേ...മെസഞ്ചറാണെങ്കിൽ ലോക്ക് ഡൗണുമാക്കി,....ചാറ്റിന്റെ അതിർത്തി അടച്ചു,...
ചൈന നമ്മുടെ അയൽവാസിയാണല്ലോ ....അയൽ വാസി കാണിക്കുന്ന തോന്ന്യാസത്തിന് രണ്ടെണ്ണം പറയണമെന്ന് തോന്നി,...
ഇത്രയും  അടുത്തിരുന്ന്  നീ കാണിച്ച ഈ ചെറ്റത്തരം  ലേശം കടന്ന കൈയ്യായി പോയി കേട്ടോ,...
സ്കൂളിൽ പഠിക്കുന്ന കാലത്ത്  നിങ്ങടെ നാട്ടിലെ ഒരു ഹ്യുയാൻസാങ്ങ്
വീട്ടുകാരോട് പിണങ്ങി,  തെണ്ടി തിരിഞ്ഞ്
 ഞങ്ങടെ നാട്ടിൽ  വന്നതായി ടീച്ചറന്മാർ  പറഞ്ഞ് കേട്ടിട്ടുണ്ട് ....
 അങ്ങേരെ  ചെറുപ്പം മുതലെ അറിയാം,...
അന്നു മുതൽ തുടങ്ങിയതാ ഞങ്ങടെ കഷ്ടകാലം ... ഈ ഹൂയാൻസാങ്ങ് കാരണം എത്ര അടി കിട്ടീട്ടുണ്ടെന്നറിയോ  ടീച്ചേഴ്സിന്റെ  കൈയ്യിൽ നിന്ന്,.....
അതെല്ലാം ഞങ്ങൾ ക്ഷമിച്ചു,....
അതുമല്ല
 'നിങ്ങടെ'' വൻ മതിൽ ''ഇല്ലേ ...
 ആ  കുന്ത്രാണ്ടം 
 അതാര് പണിതു,....
 പണിയാൻ വന്ന മേസ്ത്തിരിയുടെ പേര്  ,
 തിയതി,
  എത്ര കുട്ട ചാന്ത്,
  മേയ്ക്കാഡിനു വന്ന പെണ്ണുങ്ങളുടെ പേര് ,
  കരണ്ടീടെ നീളം വ്യാസം,
  മേസ്ത്തിരിയുടെ തൂക്കു കട്ടയുടെ  വണ്ണം ,
  ചരടിന്റെ നിറം  ,മാങ്ങാത്തൊലി   ....... ഇതെല്ലാം  ഉറക്കമൊഴിച്ച്  കാണാതെ പഠിച്ച ഞങ്ങളോട്  നീ ഇത് ചെയ്യരാതാർന്നു   കൊറോണേ ചെയ്യരുതാർന്നു,....
ഞാൻ  അന്നേ മനസിലോർത്തതാ  ഈ ചൈന  അത്ര ശരിയല്ലെന്ന്,.....
ഇവന്മാർ ഓരോന്ന് പണിയും, അതെല്ലാം ഇന്ത്യാക്കാര് കാണാതെ പഠിക്കണം .... അവസാനം പണിയും തന്നു   അകലം പാലിക്കാനുളള എട്ടിന്റെ  പണി,....
''ആ വൻ മതിലിൽ  ചാരി നിന്ന് വെറുതെ  ഒന്നാലോചിക്ക് ....''ഞങ്ങൾ  ഇന്ത്യക്കാർ  എന്തെങ്കിലും  ദ്രോഹം മനസാ വാചാ ചെയ്തിട്ടുണ്ടോ ...?
''ഞങ്ങളിവിടെ   ജാതീം മതോം പറഞ്ഞ് രാഷ്ട്രീയ കുതികാലും വെട്ടി തമ്മിൽ തല്ലി  ആരേയും ദ്രോഹിക്കാതെ നാട് നശിപ്പിച്ചോണ്ടിരിക്കുമ്പോൾ  എന്തിനാണ് വെറുതെ  പൗരത്വമില്ലാത്ത നീ കേറി വന്ന് പ്രശ്നമുണ്ടാക്കുന്നത്,.....!
പൗരത്വമില്ലാത്തവരെ  ഇവിടെ വേണ്ടാന്ന് ഞങ്ങടെ പ്രധാനമന്ത്രി പറഞ്ഞതും നീ അനുസരിച്ചില്ല,....
ചൈനേന്ന് കൊറോണ വന്നൂന്ന് ടിവിയിൽ എഴുതി കാണിച്ചപ്പം  ഞാൻ വിചാരിച്ചത്  വല്ല സിനിമ നടിയായിരിക്കുമെന്നാ...
ചെറിയ സ്കേർട്ടൊക്കൊ ധരിച്ച് മുടി സ്ട്രൈറ്റ് ചെയ്ത് നീണ്ടു വെളുത്ത സുന്ദരിയാണ് മനസിലേക്കോടി വന്നത്,...
പിന്നീട്    ചൈനയിലെ   ഞങ്ങടെ ന്യൂസ്  പ്രതിനിധി  പറഞ്ഞത് കേട്ടപ്പോഴല്ലേ   അമ്പടി   ജിന്നാജിക്കടി  നീ നമ്മളുദ്ദേശിച്ച  മസാല ദോശയല്ല
കരിഞ്ഞ  ഉണ്ണിയപ്പമാണെന്നു മനസിലായത്,..
ആ സമയത്താണ്   നിന്റെ പേര് മാറൽ ചടങ്ങ് നടത്തി  നിന്നെ കോവിഡ് 19 ആക്കിയത്,....  ഈ പേര് കേട്ടാൽ   നീ ഒരു പുരുഷനാണെന്നേ തോന്നു,...
'സത്യത്തിൽ നീ ആണും പെണ്ണും കെട്ട ജാതിയാണ് ....
ഇങ്ങനെയെല്ലാം പറഞ്ഞത് വേദന കൊണ്ടാണ്  കൊറോണേ,...
കാരണം,
നിനക്കറിയോ .....കഴിഞ്ഞ ക്രിസ്തുമസിന്  ലീവിൽ വന്ന്  കല്ല്യാണം കഴിച്ച ഒരു പ്രവാസിയാണ് ഞാൻ ..... പത്ത് ദിവസമേ  പെണ്ണിനൊപ്പം  കഴിഞ്ഞുളളു,....
പിന്നെ ലീവ് കിട്ടിയത്  ഇക്കഴിഞ്ഞ  ആഴ്ചയാണ്  ....അന്ന്  ഓടി വന്നതാ ....
അപ്പോഴാണ്   മുടിഞ്ഞ നിന്റെ വരവ്,
ഇന്ന്  വാ മൂടി കെട്ടികൊണ്ട്  പട്ടിക്കൂടിനടുത്തുളള റൂമിലിരിക്കുവാ ഞാൻ ...  പട്ടി പിണങ്ങി  വീട്ടിൽ നിന്ന് ഇറങ്ങി പോയി....
ഭാര്യ  അകലം പാലിച്ച്  നടക്കുന്നു,.....
ആരും  അന്വേഷിക്കുന്നതു പോലുമില്ല
എല്ലാവരുടേയും  ഉളളിൽ സംശയവും ഭയവുമാണ്,..  പരസ്പരം  അടുക്കാൻ പേടി,....
രാഷ്ട്രീയക്കാരാണ്  ജനങ്ങളെ പരസ്പരം അകറ്റിയതെങ്കിൽ , ഇന്ന്   അത് നീയേറ്റടുത്തു,....
എത്രയെത്ര  പ്രണയ ഒളിച്ചോട്ടങ്ങളുടെ മുന്നിലാണ് നീ വൻ മതിൽ തീർത്തത്,
ഇവിടെ  ജനം വൻ മതിൽ പണിതിരിക്കുന്നു....സ്വന്തം ജീവൻ  സേഫാക്കാനുളള വൻ മതിൽ ....
നിങ്ങൾ വർഷങ്ങൾ കൊണ്ടുണ്ടാക്കിയ വൻ മതിൽ ഞങ്ങൾ നിമിഷ നേരം കൊണ്ടുണ്ടാക്കി,....
അതിർത്തികളെല്ലാം വൻ മതിലാക്കി
ജനങ്ങളേയും, രാജ്യത്തേയും ഞെട്ടിച്ച  നിന്റെ ഈ സഞ്ചാരം അവസാനിപ്പിക്കു  കൊറോണേ....
ലോകം ചുറ്റി സഞ്ചരിച്ച  ആ ഹൃുയാൻസാങ്ങിന്റെ  അനന്തരവളാണോ  നീ ...?
ആണെങ്കിൽ ,
ദയവായി  നീ മടങ്ങുക...
ഞാൻ നിർത്തുകയാണ്,
''നീ  അകന്നാൽ
ഞങ്ങൾ അടുത്തു,''....
''ഞങ്ങൾക്കടുക്കാൻ
നീ അകന്നേ പറ്റു..''
ഗോ കൊറോണ...ഗോ....
*******************************


വിശ്രാന്തി..
ശ്രീലാ അനിൽ

അത്രമേൽ ചടുലമായ് സ്പന്ദിച്ചിരുന്നൊരാൾ
അത്രമേൽ ധീരമായ് ശബ്ദിച്ചിരുന്നൊരാൾ
അത്രമേലാർദ്രമായ് സ്നേഹിച്ചിരുന്നൊരാൾ
അത്രമേൽ പ്രിയമോടെ പ്രണയിച്ചിരുന്നൊരാൾ
അത്രമേൽ ഹൃദ്യമായ്ചുറ്റും നിറഞ്ഞൊരാൾ
അത്രമേൽ നോവും
നിമിഷങ്ങളിൽ ഉള്ളിൽ
പതിയുമൊരു പാട്ടിന്റെ താളം നിറച്ചൊരാൾ
ചുറ്റും പകരും
പ്രകാശപൂരത്തിലായ്
ജീവാംശമായി നിറഞ്ഞു വിടർന്നൊരാൾ
പെട്ടെന്നണഞ്ഞു
 കരിന്തിരിയാളവേ
 കൺകളടച്ചു
 നിശബ്ദമായ് തീരവേ
വിശ്രാന്തിതൻ
സ്വസ്ഥശാന്തതാ ലീനമാമേതോഅവസ്ഥ
തൻ മായയിൽ വീഴവേ
നീ ദ്രുതം പിൻ
വാങ്ങിയെങ്കിലും
നീയവശേഷിച്ചു  മറഞ്ഞുള്ള ഹർഷങ്ങൾ
നിൻ‌റെ വിശുദ്ധമാം
സാമീപ്യധാരകൾ
ശൂന്യമായ് മാറു
മിരവു പകലുകൾ. 
എന്നെ കുഴക്കുന്ന
ഏകാന്ത പർവ്വങ്ങൾ.  
എങ്ങോ അലയുന്ന വാക്കിൻ പൊരുളുകൾ  
പെയ്തു നനച്ചു
കുളിർന്ന  മേഘവർഷങ്ങൾ
പൂത്തു വിടർന്ന
വസന്ത നിറമേളങ്ങൾ
 ശിശിരശീതം നിൻ
 പുണരലിൻ ചെറുചൂടിൽ
 അലിയുന്ന വേളകൾ
നഷ്ടോഷ്ണ തീവ്രമാം മാത്രകൾ ഞാനിനിജീവിതഗന്ധിയായ് മാറ്റുന്നതെങ്ങനെ?
ഈ നിമിഷത്തിൻ ക്രിയാത്മക സത്തയിൽ നിന്നസാന്നിദ്ധ്യം  
എന്നെ പൊള്ളിച്ചിടും
ഇന്നല്ല,,,,,നാളെ നീ,,,,
വീണ്ടുമണയുമെന്നെന്നെ പറഞ്ഞു പഠിപ്പിച്ചിരുന്നിടാം പിന്നെയും
*******************************


ഇതും കഴിഞ്ഞുപോകും
ലാലു കെ ആർ

എല്ലാം കഴിഞ്ഞ്
തെരുവുകൾ വീണ്ടും
ശബ്ദിച്ചു തുടങ്ങും .
ഓടിപ്പോയ
ദൈവങ്ങളെയെല്ലാം
അവർ പിടിച്ചുകൊണ്ടുവരും.
കാശുമായ് വന്നില്ലെങ്കിൽ
നിന്നെ ഞങ്ങൾ
ഇവനെക്കൊണ്ട് തല്ലിക്കുമെന്ന്
ദൈവത്തെ ചൂണ്ടിക്കാണിച്ചവർ
നിങ്ങളോട് പറയും
നീണ്ടോരു പ്രാർത്ഥനയ്ക്കൊടുവിൽ
വികലാംഗനെഴുന്നേറ്റ്
നൃത്തം ചെയ്തു തുടങ്ങുമ്പോൾ
പ്രെയ്സ് ദ ലോഡ് വിളികളിൽ
ദിക്കുകൾ പൊട്ടും ,
നോട്ടുമാലകളിട്ട് ദൈവം
ചിരിച്ചു നിൽക്കും .
കമ്മറ്റിയാപ്പീസുകൾ
ഉഷാറാവും ,
ദേവസ്വം ഭാരവാഹികൾക്ക് വീണ്ടും
കുടവയറ് വെയ്ക്കും ,
ദേവിയുടെ ബാങ്കക്കൗണ്ട്
പിന്നെയും നിറഞ്ഞൊഴുകി
ദേവസ്വം പ്രസിഡന്റിന്റെ
അബ്കാരി ബിസിനസിനെ
പൂത്തു തളിർപ്പിക്കും .
മദ്രസയിലും
വേദപാഠക്ലാസിലും
ഗീതാ ക്ലാസിലും
കുഞ്ഞുങ്ങളെല്ലാം നിരന്നിരുന്ന്
വിഷമുണ്ടു തുടങ്ങും .
പാവം, ദൈവം മാത്രമപ്പോഴും
ഒന്നും മിണ്ടാതെ ....
തന്റെ പേരിൽ
ഗുണ്ടാപ്പിരിവ് വീണ്ടും
സജീവമായതറിയാതെ ....
*******************************


ഓപ്പറേഷൻ ചക്കയുപ്പേരി
രാജീവ് പണിക്കർ

അച്ഛനും അമ്മയും അമ്മായിയും കൂടി ഉച്ചയ്ക്ക് വർത്തമാനം പറഞ്ഞു കൊണ്ടിരിക്കുമ്പോൾ ആണ് അപ്രതീക്ഷിതമായി ആ ഫോൺ കോൾ വന്നത്....
അനിയന് വിവാഹ ആലോചനയുമായി വന്ന ഒരു പാർട്ടി രണ്ടു ദിവസം കഴിഞ്ഞ് വീടും ബന്ധുക്കളെയും എല്ലാം കാണാനായി വരുന്നുണ്ട് എന്ന തന്ത്രപ്രധാനമായ വിവരമായിരുന്നു ഫോണിൽ.
ഒരു നിമിഷം കൊണ്ട് മൂന്നാളും അലർട്ട് ആയി.
അമ്മ ചൂലും തുടയ്ക്കാനുള്ള മോപ്പും മറ്റുമായി സ്വയം സെറ്റ് ആയി.
അച്ഛൻ ഇരുന്നിടത്ത് തന്നെ ഇരുന്ന് പത്രവും മാഗസിനുകളും മറ്റും അടുക്കി പെറുക്കി വയ്ക്കുന്ന ജോലിയിൽ വ്യാപൃതനായി.
അമ്മായിയാകട്ടെ, എനിക്ക് എന്താ ചെയ്യാനുള്ളത് എന്ന ആലോചനയിൽ അൽപ നേരം ഇരുന്ന ശേഷം ഒന്നുമില്ല എന്ന തിരിച്ചറിവിൽ വീട്ടിലേക്ക് പോകാൻ ഇറങ്ങി.
വാതിലിനടുത്ത് എത്തി പുറത്തിറങ്ങും മുൻപ് ഒന്ന് തിരിഞ്ഞ് അമ്മായി അച്ഛനോട് ചോദിച്ചു...
"ഡാ..... നമുക്ക് ഒരു വെറൈറ്റി ആയാലോ?"
"എന്ത് വെറൈറ്റി?" അച്ഛൻ തലപൊക്കി.
"എല്ലാവരും ഇതുപോലത്തെ അവസരങ്ങളിൽ കണ്ണീക്കണ്ട ബേക്കറി ഐറ്റംസും ലഡൂം ഒക്കെയല്ലെ വാങ്ങി ഗസ്റ്റിന് കൊടുക്കുന്നത്.. നമുക്ക് ഇത്രേം സൗകര്യങ്ങൾ ഒക്കെ ഉള്ള സ്ഥിതിക്ക് ഒരു വെറൈറ്റി ആയിക്കൂടെ എന്ന്"
"ആയിക്കോട്ടെ... പക്ഷേ എന്താ ഒരു മാർഗ്ഗം?"
ബ്രഹ്മദത്തൻ നമ്പൂതിരിപ്പാട്, സണ്ണിയോട് ചോദിക്കുന്ന പോലത്തെ ആ ചോദ്യം കേട്ട് അല്പം ആവേശത്തോടെ അമ്മായി പറഞ്ഞു..
"നമുക്ക് ഒരു ചക്കയിട്ട്‌ വറുത്താലോ?"
ഒരു നിമിഷം, ആ കലക്കൻ ഐഡിയ ഉണ്ടാക്കിയ പ്രകമ്പനത്തിൽ വിജൃംഭിതനായി അച്ഛൻ ചാടിയെഴുന്നേറ്റു..
ഇൗ ഒരു നിമിഷത്തിന് വേണ്ടിയെന്നവണ്ണം രണ്ട് അലൂമിനിയം പൈപ്പുകൾ ഒന്നിനുള്ളിൽ മറ്റൊന്ന് എന്ന മട്ടിൽ സ്‌ക്രൂകൾ ഉപയോഗിച്ച് കണക്ട് ചെയ്ത് ഒരെണ്ണത്തിന്റെ അറ്റത്ത് ഒരു അരിവാൾ പിടിപ്പിച്ച് അച്ഛൻ തന്നെ ഉണ്ടാക്കിയ ഒരു തോട്ടി (കൊക്ക) അച്ഛന്റെ മനസ്സിലൂടെ കടന്നു പോയി....
ചുരുങ്ങിയ സമയം കൊണ്ട് അച്ഛനും അമ്മായിയും അമ്മയും ഓപ്പറേഷൻ ചക്കുപ്പേരി എന്ന പ്രോജക്ടിനായി ചക്കയിടാൻ വീടിന്റെ പുറകു വശത്തേക്ക് യാത്രയായി....
സീസണിൽ പറമ്പിൽ ധാരാളം ചക്ക ഉണ്ടാകും. ഏതാണ്ട് മുഴുവൻ പ്ലാവും അച്ഛൻ തന്നെ നട്ടതാണ്.. മൂന്നുപേരും കൂടി പറമ്പ് മുഴുവൻ നടന്ന് കൂട്ടത്തിൽ ഏറ്റവും നല്ല ചക്ക ഒരെണ്ണം താഴെ നിന്ന് തന്നെ സെലക്ട് ചെയ്തു.
തോട്ടിയുടെ അറ്റത്ത് അരിവാൾ നന്നായി ഒന്നുകൂടി മുറുക്കി, അച്ഛൻ തോട്ടി പൊക്കി മൂന്നുനാല് ചക്കകൾ കിടക്കുന്ന ഒരു കമ്പിൽ കൊളുത്തി.
അത്രയുമായപ്പൊഴാണ് അമ്മായി തോട്ടി കണ്ടത്.
"ഇൗ തോട്ടി കൊള്ളാലോ.. ഇതെവിടന്നാ വാങ്ങിയത്?"
ധൃതംഗപുളകിതനായ അച്ഛൻ അല്പം ഒരു ആത്മഹർഷത്തോടെ പറഞ്ഞു...
"ഞാൻ ഉണ്ടാക്കിയതാ..."
പിന്നെ നേരത്തെ നോക്കിവച്ച ചക്കയുടെ ഞെട്ടിൽ അരിവാൾ കൊളുത്തി ഒറ്റ വലി...
വീടിനു പുറകിലെ പറമ്പിൽ നിന്ന് അമ്മയുടെയും അമ്മായിയുടെയും ഉറക്കെയുള്ള അലർച്ച കേട്ട് മുറിക്കകത്ത് പാട്ടും കേട്ട് കിടന്ന ഞാൻ പറന്ന് സംഭവ സ്ഥലത്ത് എത്തുമ്പോൾ കുമ്പിടിയെ രണ്ടു സ്ഥലത്ത് ഒരുമിച്ച് കണ്ട കേശവൻ നായർ ഇരിക്കുന്ന പോലെ അച്ഛൻ പ്ലാവിന്റെ ചുവട്ടിൽ ഇരിപ്പുണ്ട്. അല്പം മാറി മൂന്ന് ചക്കകൾ നല്ല ഡിസൈനിൽ കിടക്കുന്നുമുണ്ട്.
"എന്നാ പറ്റീതാ?"
അലർച്ച നിർത്തി എന്തെങ്കിലും പറയാൻ ആരും കൂട്ടാക്കിയില്ല.
അതുകൂടി ആയപ്പോൾ ഞാൻ ഓടി അച്ഛന്റെ അടുത്ത് പോയി അച്ഛനോട് തന്നെ തിരക്കി.
"എന്ത് പറ്റിയതാ അച്ഛാ.."
അച്ഛൻ പതിയെ തല പൊക്കി എന്നെ നോക്കി. മുഖത്ത് എന്തൊക്കെയോ പോറിയ പോലെ മുറിവുകൾ കാണാനുണ്ട്. എന്തോ അത്യാഹിതം സംഭവിച്ച പോലെ മനസ്സിൽ സൈറൺ ഇടാൻ ആരംഭിച്ച എന്നോട് പതിഞ്ഞ ശബ്ദത്തിൽ അച്ഛൻ ചോദിച്ചു...
"നീയെന്താ ഇവിടെ? അല്ല, ഞാനെന്തിനാ ഈ പറമ്പിൽ ഇരിക്കണെ?"
എന്റെ പുറകിൽ നിന്നും അപ്പോഴേക്കും അയ്യോ എന്ന ആർത്തനാദങ്ങൾ ഉയർന്നു....
ഞാൻ തിരിഞ്ഞ് നിന്ന് ചോദിച്ചു..
"ആരെങ്കിലും ഒന്ന് പറയാമോ എന്താ പറ്റിയത് എന്ന്?"
"അച്ഛൻ ചക്ക വലിച്ചപ്പോ തലയിൽ വീണു മോനെ.." അമ്മായി കരച്ചി ലിനൊടുവിൽ പറഞ്ഞൊപ്പിച്ചു...
ഞാൻ ഭീകരമായി ഞെട്ടി. അച്ഛന്റെ തല എന്നെക്കൊണ്ട് പറ്റും പോലെ നോക്കി. തലയിൽ വീണ മട്ടില്ല. എന്നാൽ നെറ്റിയിൽ കൂടി ഇടിച്ച് മുഖത്ത് കൂടി ഉരഞ്ഞ് വീണിട്ടുണ്ട്. അതാണ് മുഖത്ത് മുറിവുകൾ. ഭാഗ്യം.
വലുതൊന്നും വന്നിട്ടില്ല.
അപ്പോഴേക്കും അവിടെ ഓടിയെത്തിയ അനിയനെയും കൂട്ടി ഞാൻ അച്ഛനെ പൊക്കി വീടിന്റെ ഉമ്മറത്ത് എത്തിച്ചു.
ഇതിനിടയിൽ എല്ലാം അച്ഛൻ ചോദിക്കുന്നുണ്ട്.
"ഞാൻ എന്തിനാ പറമ്പിൽ ഇരുന്നത്?"
ആയിടെയായി സ്ഥിരം അച്ഛൻ ഇട്ടുകൊണ്ടിരുന്ന ഒരു ക്വോഡ്രോയ് ഡിസൈൻ ഷർട്ട് അകത്ത് നിന്നും അനിയൻ കൊണ്ടുവന്ന് അച്ഛനെ ഇടീക്കാൻ നോക്കി. ആദ്യം വിസമ്മതിച്ചു കൊണ്ട് അച്ഛൻ പറഞ്ഞു..
"എന്റെ ഷർട്ട് മതീടാ.. അവിടെ സ്റ്റാൻഡിൽ കാണും. ഇത് ആരുടെയാ?"
"ഇത് അച്ഛന്‍റെയാ.."
"എന്റെയോ? ഇതോ? ഇതിപ്പോ എന്തിനാ ഞാൻ ഇടുന്നെ? ഇപ്പൊ നമ്മൾ എങ്ങോട്ടാ പോകാൻ പോകുന്നത്?"
"നമ്മൾ ആശുപത്രിയിൽ പോകാൻ പോകുവാ.. അച്ഛന്റെ മുഖത്ത് ചക്ക വീണു.. ഡോക്ടറെ കാണിക്കണം"
"ചക്കയോ? എപ്പോ?"
"ഇപ്പൊ.. അച്ഛനും അമ്മായിയും കൂടി ചക്ക ഇടാൻ പോയില്ലേ... അപ്പോ"
അപ്പോഴേക്കും അനിയൻ കാർ റെഡി ആക്കി അച്ഛനെ കയറ്റി.
അകത്ത് കയറുന്നതിനിടെ അച്ഛൻ ആകെ കൺഫ്യൂഷനിൽ ചോദിച്ചു..
"ഞാൻ എന്തിനാ ഇപ്പൊ ചക്ക ഇടാൻ പോയത്.. ചേച്ചി എപ്പോ വന്നു?"
"നാളെ കഴിഞ്ഞ് അവരു വരുമ്പോ ചക്ക വറുക്കണം എന്ന് പറഞ്ഞ് രണ്ടാളും കൂടി ചക്ക ഇടാൻ പോയില്ലേ അപ്പോ."
"ആരു വരും?"
"ഇവൻ പെണ്ണ് കാണാൻ പോയ വീട്ടിലെ ആളുകൾ"
"ആര് പെണ്ണ് കാണാൻ പോയി?"
"നമ്മൾ എല്ലാരും കൂടി ഇവന് വേണ്ടി പെണ്ണ് കാണാൻ പോയി"
"ഇവന് വേണ്ടിയോ? ഇവൻ ബോംബെയിൽ നിന്ന് എപ്പോഴാ വന്നത്?"
ഇൗ ചോദ്യത്തോട് കൂടി അച്ഛന് റിട്രോഗ്രേഡ് അമ്നീഷ്യ (അന്ന് അതിന്റെ പേര് അറിയില്ലായിരുന്നു) പോലെ എന്തോ കുന്തം സംഭവിച്ചിരിക്കുന്നു എന്ന് ഞങ്ങൾക്ക് മനസ്സിലായി..ഏതാണ്ട് രണ്ടു വർഷം മുൻപ് വരെയുള്ള കാര്യങ്ങൾ ഖുദാ ഗവാ!
ഡോക്ടർ പരിശോധിച്ച് മുറിവുകൾ എല്ലാം ക്ലീൻ ആക്കി മരുന്ന് വെച്ച് അൽപ നേരം കിടക്കാൻ ആവശ്യപ്പെട്ടു.
കിടക്കുമ്പോഴും എന്നെയും അനിയനും അടുത്ത് നിർത്തി അച്ഛൻ ചോദിക്കുന്നുണ്ട്..
"അല്ലടാ.. ഞാനിപ്പോ എന്തിനാ പുറകിൽ പറമ്പിൽ പോയി നിലത്തിരുന്നത്? ഇൗ ഷർട്ട് ആരുടെയാ? ആരാ പെണ്ണ് കാണാൻ പോയത്? ആരാ നാളെ വരുന്നത്?"
അൽപ നേരം ആൾ ഉറങ്ങുകയും ചെയ്തു.
ഉറക്കം എഴുന്നേറ്റ് ഒന്ന് നടു നിവർത്തിയ ശേഷം അച്ഛൻ അനിയനെ അടുത്ത് വിളിച്ചു..
"ഡാ... നീ ഒന്ന് ടൗണിൽ പോയി കുമാറിൽ നിന്ന് സ്വീററ്സ് എന്തെങ്കിലും വാങ്ങണം.. അവർ വരുമ്പോൾ എന്തെങ്കിലും കൊടുക്കണ്ടേ?"
പിന്നെ, പതിയെ കട്ടിലിൽ നിന്ന് ഇറങ്ങി ചെരിപ്പ് ഇട്ടുകൊണ്ട് എന്നോട് പറഞ്ഞു..
"ഇൗ ഷർട്ട് കഴുകാൻ ഇട്ടതല്ലെ? മുഷിഞ്ഞതാ.. എടുക്കുമ്പോ നല്ലത് ഒരെണ്ണം എടുത്തൂടായിരുന്നോ?"
പിന്നെ ഡോക്ടറെ അടുത്ത് വിളിച്ച് പറഞ്ഞു..
"തോട്ടിയുടെ അരിവാൾ മാറിക്കൊണ്ടതാ.. പെട്ടെന്ന് മാറാൻ പറ്റിയത് കൊണ്ട് തലയിൽ വീണില്ല.. മൂക്കിനു മുകളിൽ ആണ് വീണത്. നെറ്റിയിൽ മുള്ളുകൾ ഉരഞ്ഞു..ഇപ്പൊ കുഴപ്പം ഒന്നുമില്ല..."
ഡോക്ടർ ഒന്നുകൂടി നോക്കി പ്രശ്നം ഒന്നുമില്ല എന്ന് ഉറപ്പു വരുത്തി അച്ഛനെ ഡിസ്ചാർജ് ചെയ്തു.
രണ്ടു ദിവസം കഴിഞ്ഞ് പെൺ വീട്ടുകാർ വീടു കാണാൻ വന്ന് ഞങ്ങളുടെ സൽക്കാരം സ്വീകരിക്കുമ്പോൾ വിഭവങ്ങളുടെ കൂട്ടത്തിൽ ഒരു വെറൈറ്റി ഉണ്ടായിരുന്നു...
ചക്കയുപ്പേരി....
*******************************


ആ ദിനം....
ബീനാ കുമാരി

ഞായറിന്റെ  പര്യായമായി
എന്റെ  മൗനത്തെ നീ
മുഖരിതമാക്കി....
കൗതുകം കണ്ണുകൾ വിടർത്തി;
കനവ് വാക്കുകൾ
തൊട്ടെടുത്തു:
മുല്ലമൊട്ടുകൾ
ഇതൾ വിടർത്താതെ ....
സുഗന്ധങ്ങളിൽ
കുറുകി നിന്നൂ...
അടിവയറ്റിൽ  നിന്നൊരീണം
താരാട്ടു മറന്ന്
ഉറന്നലിഞ്ഞു ....
ഞാനോ...!
വരും ജന്മത്തിനായ്
സമാധിയിലാണ്ടു.. "!
*******************************


" അഴലേകിയ വേനൽ പോമുടൻ
മഴയാം ഭൂമിയിലാണ്ടു തോറുമേ
പൊഴിയും തരുപത്രമാകവേ,
വഴിയേ പല്ലവമാർന്നു പൂത്തിടും...."
               (ചിന്താവിഷ്ടയായ സീത)
അതെ,ഇതും കടന്നു പോവും....
 നമുക്ക് വീട്ടിനകത്ത് കാത്തിരിക്കാം, പ്രത്യാശയോടെ.....

Comments