14-12-19

ഇന്നത്തെ നവ സാഹിതിയിലേക്ക് എല്ലാ സഹൃദയർക്കും ഹൃദ്യമായ സ്വാഗതം..🙏🌹🌹🙏
ആലത്തിയ ൂർ: ഗ്രൂപ്പംഗവും ആകാശവാണിയിലെ സ്ഥിരം ശബ്ദ സാന്നിധ്യവുമായ ജസീന റഹീമിന്റെ വൈവിധ്യ സമ്പന്നമായ അനുഭവാവിഷ്കാരം..." ഇതാണ് ഞാൻ..." തുടർന്ന് വായിക്കാം..👇🏻
"പട്ടുറുമാലു വേണ്ട,
      അത്തറിൻ മണം വേണ്ട,
   നെഞ്ചിലെ ചൂടു മാത്രം
മതിയിവൾക്ക് ..

ഒടുവിൽ, ആ പഴയ പൊടി മീശക്കാരനിതാ പെർഫ്യൂമുകളുടെ പ്രണയ സുഗന്ധവുമായി തൊട്ടു മുന്നിൽ...
ആസ്വാദകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഇന്നത്തെ അധ്യായം വായിക്കാം...🌹👇🏻
🙏🌹🌹🙏
ഇതാണ് ഞാൻ...
ആത്മായനം
ജസീന റഹീം

ചവറ നിന്നും ബസിൽ കുണ്ടറയിലേക്ക് വരുമ്പോൾ ബസിന് വേഗത പോരെന്ന് തോന്നി.. ഒന്നര മണിക്കൂറോളം യാത്ര...ബസിറങ്ങി ഓട്ടത്തിനു തുല്യമായി നടന്ന് ഉമ്മായെക്കാൾ മുന്നെ ഞാൻ വീട്ടിലേക്ക് .. വീടെത്തിയപ്പോൾ വാതിലിൽ തന്നെ വാപ്പ കാത്തു നിൽപ്പുണ്ടായിരുന്നു.. വാപ്പ എപ്പോൾ വന്നുവെന്ന് ഞാനന്തം വിട്ടു. വാപ്പ വീട്ടിലുണ്ടെന്ന് ഉമ്മ പറഞ്ഞതുമില്ല.ഇളയ മകളുടെ പ്രേമം ഉമ്മായിൽ നിന്ന് കേട്ടറിവല്ലാത അതുവരെയും വാപ്പ ആളിനെ കണ്ടിട്ടുണ്ടായിരുന്നില്ല.. വാപ്പായുടെ പ്രതികരണമെന്തായിരിക്കുമെന്നോർത്ത് എന്റെ നെഞ്ചിടിപ്പേറി.. ഓടി വന്ന ഞാൻ വാതിൽക്കൽ തറഞ്ഞു നിന്നു..
" കുറേ നേരമായി നിന്നെ കാത്ത് ഒരാളിരിക്കുന്നു.. " എന്ന് പറഞ്ഞ് വാപ്പ മുറ്റത്തേക്കിറങ്ങി.. ഞാൻ ആകാംക്ഷയോടെ അകത്തേക്കും..
                   വെളുത്തു മെലിഞ്ഞ നേർത്ത മീശയുള്ള എന്റെയാ പഴയ ക്ലാസ്മേറ്റിനെയല്ല .. ഫോട്ടോയിൽ കണ്ടതിനെക്കാൾ വണ്ണവും വയറുമൊക്കെ വച്ച ഏതോ വിദേശ പെർഫ്യൂമിന്റെ മണമുള്ള ഒരു ശരാശരി ഗൾഫുകാരനെയാണ് ഞാൻ കണ്ടത്.. പഴയ നിറം മങ്ങിയെങ്കിലും കൂടുതൽ ഭംഗി വച്ചിരുന്നു..
"നീയിതെവിടെ വായിനോക്കി നടക്കുന്നത്..?"
എന്ന ചോദ്യത്തിന് " ഇതെന്തൊരു തടിയാ.. "ണെന്ന് ചോദിച്ച് വയറിനിട്ടൊരു ഇടിയായിരുന്നു എന്റെ മറുപടി..
അപ്പോഴേക്കും വാപ്പായും ഉമ്മായും അകത്തേക്ക് വന്നു.വാപ്പ വന്നപ്പോൾ അകത്ത് അപരിചിതനായ ആണൊരുത്തനെ കണ്ടതും.. "ഞാനാ..റഹീമാ.." ന്ന് അപരിചിതൻ ചിരകാലപരിചയത്തോടെ സ്വയം വെളിപ്പെടുത്തിയതും ഭക്ഷണം കഴിക്കാൻ നിർബന്ധിച്ചപ്പോൾ "ജസി വരട്ടെ.. ന്ന് " പറഞ്ഞതുമൊക്കെ വാപ്പ ഉമ്മയോട് പറയുന്നുണ്ടായിരുന്നു.
ഒന്നും കഴിയ്ക്കാതെയാണീ കാത്തിരിപ്പെന്നറിഞ്ഞപ്പോൾ ഞാൻ കഴിക്കാൻ നിർബന്ധിച്ചു.. പിന്നെ ഞാൻ അടുത്തിരുന്ന് അവനെ നിർബന്ധിച്ച് കഴിപ്പിച്ചു..
         കൃത്യം ഒരു വർഷത്തിന് ശേഷമായിരുന്നു ഞങ്ങൾ വീണ്ടും കണ്ടത്.. ഒരു വർഷക്കാലം എന്തെല്ലാം മാറ്റങ്ങളാണ് സംഭവിച്ചത് എന്ന് ഞങ്ങൾ അത്ഭുതപ്പെട്ടു.. എന്റെ ബി.എഡ് കഴിഞ്ഞപ്പോഴേക്കും ഗൾഫുകാരനായി ഒരുമിച്ചൊരു ജീവിതം സ്വപ്നം കണ്ട് പ്രതീക്ഷകളോടെയുള്ള വരവ്.. മാറ്റങ്ങൾ ഞങ്ങൾ രണ്ടു പേർക്കും ആശ്വാസമേകി..
വെറുതെ നോക്കിയിരുന്നും.. അർഥമില്ലാതെ എന്തൊക്കെയോ പറഞ്ഞും കുറച്ചു സമയം കൂടി ഞങ്ങൾ ഒന്നിച്ചിരുന്നു.. വാപ്പായും ഉമ്മായും എന്തു പറയുമെന്ന തോന്നലിൽ അവൻ പോകാൻ തിടുക്കം കാട്ടി .. കുറച്ചു നേരം കൂടി ഇരിക്കാൻ ഞാനവന്റെ കൈകളിൽ നഖമാഴ്ത്തി.. പിന്നെ വരാമെന്ന് പറഞ്ഞ് എന്നെ ചേർത്ത് പിടിച്ച് ആശ്വസിപ്പിച്ച് അവൻ യാത്ര പറഞ്ഞിറങ്ങി..
           പിന്നെയുള്ള ആറു മാസക്കാലം അവൻ നാട്ടിൽത്തന്നെയുണ്ടായിരുന്നു.. സൗദി മതിയാക്കി പുതിയ വിസ തേടിയുള്ള ആദ്യ വരവിൽ കല്യാണമുണ്ടാകുമെന്ന് എന്റെ വീട്ടുകാർ കരുതി.. കാരണം എനിയ്ക്കപ്പോൾ പ്രായം ഇരുപത്തിമൂന്നായിരുന്നു.. എന്നാൽ അവന്റെ സാഹചര്യങ്ങൾ അറിയാവുന്ന ഞാൻ വീട്ടുകാരുടെ നിർബന്ധങ്ങൾക്ക് വഴങ്ങാതെ എന്റെ ഒറ്റയാൾ പോരാട്ടം തുടർന്നു വന്നു..
                      നാട്ടിലുണ്ടായിരുന്നു ആറു മാസത്തിനിടയിൽ ഞങ്ങൾ പലതവണ കണ്ടു.. സ്കൂളിൽ ഉച്ച ഇടവേളകളിൽ അവന്റെ വിളികൾ എന്നെ തേടിയെത്തി.
                                 വിദ്യാനികേതൻ ട്യൂട്ടോറിയലിനോട് ചേർന്നായിരുന്നു ബാലസ്വാമിയുടെ ബൂത്തും വീടും .സ്വാമിയുടെ വീടുമായി വാപ്പായ്ക്ക് വളരെ അടുത്ത ബന്ധമുണ്ടായിരുന്നു. സാമ്പത്തിക കാര്യങ്ങളിൽ എന്നും ഓടിച്ചെല്ലാവുന്ന ഒരേയൊരു ആശ്രയമായിരുന്നു ബാലസ്വാമി.വാപ്പ പണ്ട് കാറോടിച്ചിരുന്ന കാലത്ത് വാപ്പ ഓടിച്ചിരുന്ന കാറിലായിരുന്നു ബാലസ്വാമിയുടെ വിവാഹയാത്ര.
                                            എന്റെ പ്രണയം അപ്പോഴേക്കുംഎല്ലാവരും അറിയുകയും ചെയ്തിരുന്നു. സ്വാമിയുടെ ബൂത്തിൽ നിന്നായിരുന്നു പലപ്പോഴും ഞാനവനെ വിളിച്ചിരുന്നത്.. സ്വാമിയുടെ ബൂത്തിലെ ജീവനക്കാരി ശ്രീജ ജാസിന്റെ അടുത്ത കൂട്ടുകാരിയും ക്ലാസ്മേറ്റുമായിരുന്നു.. പിന്നീട് വിദ്യാനികേതനിലും എം.ഇ.എസിലും ജോലി ചെയ്ത മൂന്നു വർഷക്കാലവും എന്റെ ഹൃദയം സൂക്ഷിപ്പുകാരിയുമായി ശ്രീജ..
                                                       പുതിയ വിസ തേടലും വീട്ടിലെ തിരക്കുകളുമായി അവൻ നാട്ടിലുള്ളപ്പോൾ ഞാനെന്റെ ജോലിയുമായി രാവിലെ മുതൽ വൈകിട്ട് വരെ തിരക്കുകളിൽ മുഴുകി.. അവൻ ഗൾഫുകാരനായി സുഗന്ധത്തിൽ മുങ്ങി നാട്ടിൽ വന്നപ്പോൾ മുതൽ വിട്ടു മാറാതെ ആ സുഗന്ധം എന്നെയും ചൂഴ്ന്ന് നിന്നു.
.🙏🌹🌹🙏
കനൽ
ശ്രീലാ അനിൽ

പ്രണയത്തിന്
തീ പിടിക്കുന്നത്
മൗനം കൊണ്ട് പൊതിയുമ്പോഴാണ്
പരസ്പരമുതിർക്കുന്ന
നിശ്വാസങ്ങൾ പോലും
പ്രണയത്താൽ
തപിച്ചിരിക്കും
ഉളളു നീറ്റിയുള്ള വെപ്രാളത്തിൽ
ആരാവും ആദ്യമെന്നു....
തോൽക്കാൻ ....
അങ്ങനെ ജയിക്കാൻ
വെമ്പുകയാവും
ഒരു വാക്കിന്റെ ,,,
ഒരു നേർത്ത മൂളലിന്റെ
നനവിൽ
ആ കവചം
അടർന്നണയും
അണഞ്ഞ കനലുകൾ
ഇവിടെ
കരിക്കട്ടകളാവുന്നില്ല
മറിച്ച്
നനുത്ത ചുംബനങ്ങളാകും
അവ അണഞ്ഞ അഗ്നിയെ
പിന്നെയും പിന്നെയും
വിളിച്ചുണർത്തും
അവ പ്രണയത്താൽ
കുതിർന്നിരിക്കും
അതിനാൽ തുടുത്തിരിക്കും
ചുവന്നിരിക്കും
.🙏🌹🌹🙏
തിരുത്തേണ്ടാത്ത കവിത
ടി.ടി.വാസുദേവൻ

പ്രണയത്തെപ്പറ്റി
എഴുതുന്ന കവിത
തിരുത്താനില്ല.
മൗനത്തിലും
അത്
സ്വരമുതിർക്കും.
ചുംബനച്ചെപ്പിൽ
ആവർത്തിച്ച്
സ്ഫുടം ചെയ്ത
വാക്കാണത്.
പരിരംഭണത്തിലമർന്ന
ധ്വനിയുണ്ടതിന്ന്.
ഏതുറക്കത്തിലും
തഴുകിയുണർത്തുന്ന
ഈണമുണ്ടതിൽ.
നീ
പ്രണയത്തെപ്പറ്റി
എഴുതുമ്പോൾ
തിരുത്താനൊന്നുമില്ല.
വാക്കുകൾക്ക്
കിളിർത്തു വരുന്ന
മുളപ്പിന്റെ ചാരുത !
വേരുകൾ
എത്ര ആഴത്തിലാണെങ്കിലും
ജലോപരിതലത്തിലെ
താമരത്തിളക്കം .
ഗതി, ഘടകം,
വ്യാക്ഷേപകം,
നൂൽബന്ധമില്ലാതെ
വാക്കുകൾ
ചേർന്ന് ചേർന്ന് .
ആഹാ!
.🙏🌹🌹🙏
ഇന്ന് ....
ബീനാ കുമാരി

പനിച്ചൂടിന്റെ ആലസ്യത്തിൽ നിന്ന്
ക്ലാസ് മുറിയുടെ ഉർവ്വരതയിലേക്ക് ....
ഇന്ന് ഉച്ചവരെ എന്റെ ലോകം
ഈ പന്ത്രണ്ടാം നമ്പർ മുറിയിൽ - ..!സ്വാഗതമോതുന്ന കോലാഹലങ്ങളിൽ -
ഞാൻ വീണുരുണ്ടു:
പരീക്ഷാർത്ഥികളുടെ ആശങ്കയ്ക്കും
ആകാംക്ഷയ്ക്കുമപ്പുറം -
നിസംഗതയുടെ ഓളങ്ങൾ
ആ മുഖങ്ങളിൽ ഞാൻ വായിച്ചു '
എന്റെ ഭാരങ്ങളെ ഞാൻ പതിയെ
മേയാൻ വിട്ടു തുടങ്ങി...
അവ ഇഴഞ്ഞിഴഞ്ഞ്, ക്രമേണ ശരവേഗത്തിൽ
മിന്നൽപ്പിണരുകളായി
എന്നെ പൊതിഞ്ഞു നിന്നു...!
പെട്ടെന്ന് ....
എന്റെ ചിന്തകളെ മുറിച്ചുള്ള ഒരു ഹർഷം  മിഴിമുനകളിൽ ഉടക്കി നിന്നു....!
അതു കുട്ടിക്കുറുമ്പിൽ നിന്നോ ....
പരിഹാസത്തിൽ നിന്നോ...?   തിരിച്ചറിയാനാവാത്ത ഒരു സന്ദേഹം
മനസ്സിൽ കിടന്നുരുണ്ടു....'
ബോധാ ബോധങ്ങൾക്കപ്പുറമുള്ള -
മാലാഖച്ചിരിയാണതെന്ന് '...
ഉള്ളം പിന്നെ നെടുവീർപ്പിട്ടു....!
ക്ഷണ മാത്രയിൽ ഞാനവനടുത്തെത്തി :  ഉത്തര പേപ്പറിൽ അക്ഷരങ്ങൾ
വിചിത്രങ്ങളായ പൂക്കളായ്,
എന്നെ  കൊഞ്ഞനം കുത്തി:
ആ പൂക്കളുടെ അരികുകൾ,
മനസിനെ കുത്തി മുറിവേൽപ്പിച്ചപ്പോൾ
ഒരു നിലവിളിപ്പക്ഷി
ഉള്ളിലെവിടെയോയിരുന്നു ചിലച്ചു....!!
ഒടുവിൽ,
ഉത്തര ഷീറ്റുകൾ കൂട്ടിക്കെട്ടാൻ
കഴിയാതെ നീ ,
എന്റെ മുമ്പിൽ പകച്ചപ്പോൾ ....
അല്ലയോ കുഞ്ഞേ,
മദമാത്സര്യങ്ങൾ നിറഞ്ഞൊരീലോകത്ത്:
ജീവിതത്തിന്റെ രണ്ടറ്റവും
എങ്ങനെ കൂട്ടിക്കെട്ടും എന്നു തേങ്ങിപ്പോയീ.... ഒരു നിമിഷം ...!
ഈശ്വരനിശ്ചയങ്ങൾക്കു മുമ്പിൽ....
മനുഷ്യന്റെ അഹന്തയെവിടെ...??!!
.🙏🌹🌹🙏
ജീവിക്കാൻ മറന്നവർ
അനീഷ് അനു

കയ്യിൽ എരിയുന്ന സിഗരറ്റിനെ നിരഞ്ജൻ അലക്ഷ്യമായി ദൂരേക്കെറിഞ്ഞു. ചൂട് കട്ടൻ ചായ ഗ്ലാസ്സിലേക്ക് പകർന്നു അവൾ എന്തിനായിരിക്കും കാണാമെന്നു പറഞ്ഞത്. നാളുകൾ ആയിരിക്കുന്നു പരസ്പരം ഒന്ന് കണ്ടിട്ട് ഫോൺ സന്ദേശങ്ങൾ പോലും വല്ലപ്പോഴും ആയിരിക്കുന്നു.  ഒരു കാലത്ത് ഒരു നേരം ഒന്ന് വിളിച്ചില്ലെങ്കിൽ അത് പറഞ്ഞു അടിയുണ്ടാക്കിയിരുന്നവരാണ് ഹ ഹ ഓർത്തിട്ട് തന്നേ ചിരി വരുന്നു. വൈകിട്ട് നാല് മണിക്കാണ് ബീച്ചിൽ അവൾ എത്താമെന്ന് പറഞ്ഞിരിക്കുന്നത് ഓഫീസ് വർക്കുകൾ പെട്ടെന്ന് തീർത്ത് ഫ്ലാറ്റിലേക്ക് തിരിച്ചു. മണൽകാറ്റുകൾ നിറഞ്ഞ ഈ മരുഭൂവിലേക്ക് എത്തിപെടുന്നതിനു മുൻപ് ഒരുപാട് സ്വപ്‌നങ്ങൾ പരസ്പരം കണ്ടവരായിരുന്നു തങ്ങൾ എല്ലാം ഒരു ഓർമ്മകൾ മാത്രമായിരിക്കുന്നു.
കുളികഴിഞ്ഞു ഡ്രസ്സ്‌ മാറി ഇറങ്ങാൻ നേരം അവൻ കണ്ണാടിയിലേക്ക് ഒരു മാത്ര നോക്കി,  താടിയൊക്കെ നരച്ചു തുടങ്ങിയിരിക്കുന്നു, മുഖത്ത് നിന്ന് പഴയ തിളക്കം നഷ്ടമായി തുടങ്ങി. ഒരു അപവാദം പോലെ തടി മാത്രം വല്ലാതെ കൂടിയില്ല. നാട്ടിൽനിന്നും ഇങ്ങോട്ട് പറിച്ചെറിയപ്പെട്ടിട്ട് ആറ് വർഷങ്ങൾ പിന്നിട്ടിരിക്കുന്നു..നഷ്ടപ്രണയത്തിന്റെ ജീവിച്ചിരിക്കുന്ന രക്തസാക്ഷികൾ. ഫ്ലാറ്റ് ലോക്ക് ചെയ്തു വേഗം താഴേക്ക് ഇറങ്ങി, കാറെടുത്തു നേരെ ബീച്ചിലേക്ക്.
ആർത്തലക്കുന്ന തിരമാലകൾക്ക് നേരെ ഒരു ചെറുപുഞ്ചിയോടെ അവനിരുന്നു. വണ്ടി പാർക്ക്‌ ചെയ്തു അവൾ വരുന്നത് അവനു ദൂരെ നിന്നേ കാണാമായിരുന്നു വീണ്ടും തടിച്ചുവോ ഏയ് ഇല്ലാ തോന്നിയതാണ്.  താൻ പലകുറി തൂലികയിൽ എഴുതിയ മിഴികൾക്ക് മങ്ങലേറ്റിരിക്കുന്നു അവരിപ്പോൾ സ്ഥിരം കണ്ണാടിക്കൂടുകളിൽ ബന്ധനസ്ഥരായിരിക്കുന്നു. ആരോടോ ഉള്ള വാശി പോലെ മുടിയിഴകൾ പാറിപറന്നുകൊണ്ടിരുന്നു. ആ കൈ വിരലുകൾക്ക് ഇപ്പോഴും ആ സൗമ്യതയുണ്ടാകുമോ ഇല്ലാ മാറിയിട്ടുണ്ടാകും. വോൾട്ടേജ് ഇല്ലാത്ത ചിരിയും സമ്മാനിച്ചു കൊണ്ട് അവൾ അരികിലേക്ക് വന്നു.  കടലിനഭിമുഖമായി കുറച്ചു നേരം അങ്ങനെയിരുന്നു.
"എന്താടോ ഈ കടലിന്റെ ഭംഗി കാണാനാണോ ഇങ്ങോട്ട് വരാൻ പറഞ്ഞത് "
"അല്ല നിരഞ്ജൻ,  ഇവ്ടെ വരുമ്പോൾ അല്ലേ എനിക്കിത്തിരി നേരം സ്വസ്ഥമായിരിക്കാൻ പറ്റുള്ളൂ. "
"മ്മ് പറയൂ എന്താണ് പുതിയ വിശേഷം"
"വിശേഷങ്ങൾ ഒക്കെ പഴയത് തന്നെയാടോ"
"ആർക്കാണ് പുതിയ സഹായം വേണ്ടത് വീട്ടുകാർ, കുടുംബക്കാർ,  അതൊ നാട്ടുകാർക്കോ"
"ഊഹിച്ചുവല്ലേ"
"ഊഹിച്ചതല്ല അതാവും എന്ന് ഉറപ്പായിരുന്നു"
"മ്മ് അവർക്ക് ഇവടെ വന്നു ഒന്ന് കറങ്ങണം അതിന് വിസയും ടിക്കറ്റ് ഞാൻ എടുത്തു കൊടുക്കണം"
"ആർക്ക് "
"വേറെ ആർക്കാ കൂടെപ്പിറപ്പുകൾക്ക്"
"ഹ ഹ നല്ല കോമഡി, സ്വന്തം കൂടപ്പിറപ്പ് ഇവ്ടെ ജീവിതം ഇല്ലാണ്ട് കിടന്ന് അന്തമില്ലാതെ ജീവിക്കുമ്പോൾ, സുഖവാസത്തിനു അവർ വരുന്നു കുടുംബസമേതം മനോഹരം"
"മ്മ്മ്"
"നിനക്ക് പറ്റില്ലെന്ന് പറഞ്ഞൂടാരുന്നോ"
"നിരഞ്ജൻ, ഞാൻ"
"ഇല്ലെടോ നിനക്ക് അതിന് കഴിയില്ല,  അങ്ങനെ കഴിയുമായിരുന്നേൽ ഇപ്പോ നീ എന്റെ കൂടെ ജീവിച്ചേനെ"
"മ്മ്"
"ഇനി എന്ന് തീരും നിന്റെ പ്രാരാബ്ധം,  എത്ര വർഷമായി ഈ മരുഭൂമിയിൽ, ആർക്ക് വേണ്ടിയാ ഇനിയും ഈ വണ്ടിക്കാളയെ പോലെ. എല്ലാവരും സെറ്റിൽ ആയി,  കല്യാണം കഴിച്ചു കൊടുത്തു വീട് വെച്ചു എല്ലാരും അത്യാവശ്യം നല്ല രീതിയിൽ എത്തി. എന്നിട്ടു നീ നിന്റെയൊരിഷ്ടം പറഞ്ഞപ്പോൾ അത് ആരെങ്കിലും അംഗീകരിച്ചുവോ? "
"ഇതിന്റെ മറുവശം തന്നെയല്ലേ അവിടെയും,"
"അതേ പക്ഷെ നീ ഇറങ്ങി വന്നാൽകൊണ്ട് പോകാൻ ഞാൻ ഒരുക്കമായിരുന്നു അന്നും ഇന്നും"
"അങ്ങനെ ചെയ്യാൻ പറ്റാത്തതല്ലേ എന്റെ തോൽവി" അവളവന്റെ തോളിലേക്ക് ചാഞ്ഞു.
"ഇനി ആർക്ക് വേണ്ടിയാ ജീവിക്കുന്നെ,  കുടുംബത്തിന്റെ അഭിമാനം അന്തസ്സും ഒന്നും കെട്ടിപിടിച്ചു കൊണ്ട് സ്വർഗത്തിൽ പോയാൽ അവിടെ പട്ടുമെത്ത വിരിച്ചു കിടക്കാം എന്നോർത്താണോ"
"ഇനി എന്തിനാ വെറുതെ നിരഞ്ജൻ മറ്റുള്ളോരെ കൊണ്ട് പറയിപ്പിക്കാൻ"
"എന്നാ ശെരി നമ്മുക്ക് പോകാം ഞാൻ നിന്നേ ഡ്രോപ്പ് ചെയ്യാം"
"അങ്ങനല്ല ഞാൻ പറഞ്ഞത്"
"എങ്ങനല്ല ഇനിയെന്നാണ് നീ ഒന്ന് സ്വയം ജീവിക്കാൻ പഠിക്കുക? കൈക്കോട്ടിന്റെ സ്വഭാവം മാത്രമുള്ളവർക്ക് എത്രകിട്ടിയാലും മതിയാകില്ല അവർ ചോദിച്ചു കൊണ്ടേയിരിക്കും"
"അറിയാം നിരഞ്ജൻ,  പക്ഷെ ഞാൻ ഞാനെന്തോ ഇങ്ങനെയാണ്"
"മ്മ് അവർക്കുള്ള താമസമല്ലേ അത് ഞാൻ ശെരിയാക്കാം വില്ല ഒന്ന് ഒഴിഞ്ഞു കിടപ്പുണ്ട്, ടിക്കറ്റ് ഒക്കെ അവരോട് എടുത്തോളാൻ പറ വിസക്ക് തന്നെ ലക്ഷങ്ങൾ പൊട്ടും. നീ ഇവ്ടെ പറിച്ചു എടുക്കുവോന്നും അല്ലാലോ"
"മ്മ് അങ്ങനെ ചെയ്യാം ലെ "
"ആം.,  പിന്നെ വേറെ എന്തുണ്ട് വിശേഷം"
"വേറെ എന്താ,  അമ്മ വിളിക്കാറില്ലേ?  ഇനി എന്നാ നാട്ടിലോട്ട് "
"അമ്മ വിളിക്കും പരസ്പരം പറയാൻ അധികം ഇല്ലാത്തോണ്ട് കുഴപ്പമില്ല, നാട്ടിലേക്ക് പോയിട്ട് ഇപ്പോ രണ്ടു വർഷം ആയില്ലേ പോകണം എപ്പോ എന്നൊന്നും ഇല്ലാ, പച്ചപ്പ്‌ നിറഞ്ഞ വിഷത്തേക്കാൾ ഭേദം മരുഭൂമിയാണ്, ഇവ്ടെ മുൻപല്ലുകൊണ്ട് ചിരിച്ചു കടപ്പല്ലുകൊണ്ട് ഞെരിക്കുന്നവർ കുറവാണ്"
"നെയ്തുകൂട്ടിയ സ്വപ്നങ്ങൾ കൈവിട്ട നാടിനോടുള്ള നിന്റെ വെറുപ്പ് എനിക്ക് ഊഹിക്കാം"
"നാടിനോടില്ല ജീവിതത്തെ തല്ലികെടുത്തിയവരോട് മാത്രം"
"മ്മ്,  വാ കുറച്ച് ദൂരം നടക്കാം"
"മ്മ് ശെരി"
അവളുടെ കൈ പിടിച്ചു കുറച്ചു ദൂരം നടന്നു. ആ പഴയ തണുപ്പ് ഇപ്പോഴും ആ വിരലുകൾക്കുണ്ട്,  ഒരുമിച്ചു കണ്ട സ്വപ്‌നങ്ങൾ അയവിറത്തു കൊണ്ട് ഒരു നടത്തം. അസ്തമയസൂര്യൻ കടലിൽ വീണുടഞ്ഞപ്പോൾ അവൾ തിരികെ മടങ്ങാനൊരുങ്ങി.
"ഇനിയൊരു ജീവിതത്തിന് ബാല്യമില്ലെങ്കിലും ഞാൻ വരും വൈകാതെ നമുക്ക് ഒരുമിച്ചു ജീവിക്കാൻ" മടങ്ങാൻ നേരം അവൾ ചെവിയിൽ മന്ത്രിച്ചു വല്ലാത്തൊരു ഉറപ്പുണ്ടായിരുന്നു ആ വാക്കുകൾക്ക്.
ബീച്ചിൽ നടന്നു കൊണ്ടിരുന്ന കമിതാക്കൾക്ക് നേരെ തിരിഞ്ഞു കൊണ്ടവൻ പറഞ്ഞു.
"പ്രേമിച്ചു സമയം കളയാതെ ജീവിച്ചു തുടങ്ങേടൊ, അല്ലെങ്കിൽ ഇത് പോലെ നഷ്ടപ്രണയത്തിന്റെ സ്മാരകങ്ങളാവേണ്ടി വരും". അത്രയും പറഞ്ഞുകൊണ്ടവൻ തിരികെ നടന്നു തന്റെ സ്വപ്‌നങ്ങളിലേക്ക്..
.🙏🌹🌹🙏
സ്വസ്ഥം...
യൂസഫ് നടുവണ്ണൂർ

എവിടെയോ കാറ്റിരമ്പുന്നുണ്ട്
അതിർത്തിയിലല്ല
എന്റെ തൊടി.
ഞാൻ ചെടികളെ പരിചരിച്ച്
അതിന്റെ പൂമണത്തിൽ
ലയിച്ചങ്ങനെ.....
ശല്യപ്പെടുത്തല്ലേ!
എന്റെ തീൻമേശയിലെ
ചോറിന് തൂവെള്ള നിറമാണ്
ഇപ്പോൾ ചോന്നിരിക്കുന്നത്
ഇന്ന് കൂട്ടാൻ
മുളക് കറിയായിരുന്നു!
അറിയാമോ
തീരെ നേരമില്ല
അക്കുത്തിക്കുത്ത് കളിച്ച്
ഹാഷ് ടാഗുകളിൽ
മിസൈൽ പായിക്കാനുണ്ട്.
.🙏🌹🌹🙏
പിണക്കം
റൂബി നിലമ്പൂർ

പിണങ്ങുമ്പോൾ മാത്രം രണ്ടുപേർക്കിടയിൽ
അടഞ്ഞുപോകുന്ന ചില വാതിലുകളുണ്ട്...
ഓരോ നെടുവീർപ്പിലും
ഒറ്റയാക്കപ്പെടുന്ന ഇടനാഴിയിലേക്ക് തുറക്കുന്ന വാതിലുകൾ..
നീ പോയ വഴിയേ,
ഉണ്ടോ, ഉറങ്ങിയോ... എന്ന
വേവലാതിയുടെ പാട വന്നടിയുന്ന പകലുകൾ..
തിരിഞ്ഞും, മറിഞ്ഞും..
കണ്ണടയ്ക്കാനാവാത്ത
ചീവീട് കരയുന്ന രാത്രികൾ
കാറ്റിന്റെ ഉണങ്ങാനിട്ട ചിറകുകൾ അപ്പോൾ.. മാഞ്ഞുപോയ  ചുംബനങ്ങളുടെ മലർക്കെത്തുറന്നിട്ട ആകാശ കവാടങ്ങളിലേക്ക് കൈചൂണ്ടും...
പണ്ടെപ്പോഴോ കോറിയിട്ട വരികൾ..
കൺപീലികളിൽ നനഞ്ഞു പെയ്യും...
ഒറ്റയാക്കപ്പെടുന്നവന്റെ ചോർന്നുപോവുന്ന ഉൾക്കരുത്ത്, മരണത്തിന്റെ പാതിവഴിയോളം നടത്തിക്കും...
മലനിരകളിൽ മഞ്ഞുരുകുമ്പോൾ മാത്രം
തെളിയുന്ന തുരുത്തുകളിലേക്ക് മുടന്തിയാണെങ്കിലും യാത്രക്കൊരുങ്ങും...
ഇടർച്ചകളോളം ചങ്ക്
 തൊടുന്ന ചില
 ഏറ്റുപറച്ചിലുകളെ കൂടെക്കൂട്ടും
ഒരുവനിലേക്ക്  മാത്രം തുറക്കുന്ന ഒറ്റയടിപ്പാതയുടെ അടഞ്ഞ വാതിലുകളിൽ മുട്ടും....
.🙏🌹🌹🙏
മൈതാനം നിറഞ്ഞാടിയ ഹമീദ്ക്ക...
സനു മലപ്പുറം

"എത്രയെത്ര പ്രതിഭകളേയാണ് പട്ടിണിയും പ്രാരാബ്ധവും മൈതാനങ്ങളില്‍ നിന്ന് തുടച്ച് മാറ്റിയത്....''
വൈകുന്നേരം അങ്ങാടിയിലേക്ക് പോവുന്ന വഴിയില്‍ വെച്ചാണ് ഹമീദ്ക്കാനെ കണ്ടത്,
കയ്യിലെ സഞ്ചിയില്‍ വീട്ടിലേക്കുള്ള സാധങ്ങളാണെന്ന് തോന്നുന്നു,
എന്നെ കണ്ടപ്പോള്‍ നോക്കിയൊന്ന് ചിരിച്ചു,
പഞ്ഞമില്ലാത്ത ചിരിയൊന്ന് ഞാനും തിരിച്ചു കൊടുത്തു...
കുറച്ചു ദൂരം കൂടെ പിന്നിട്ട ശേഷം തിരിഞ്ഞ് നോക്കിയപ്പോള്‍ ഹവായി ചെരിപ്പും കള്ളിമുണ്ടും ഒരു പഴയ കറ നെറഞ്ഞ ബനിയനും ധരിച്ച് വേച്ചു വേച്ചു നടന്നു നീങ്ങുന്ന മൂപ്പരെ കണ്ടപ്പോള്‍ മനസ് ഏതാനും വര്‍ഷങ്ങള്‍ പിറകിലേക്ക് പോയി...
കാല്‍പന്തുകളിയുടെ മക്കയായ മലപ്പുറത്തെ സെവന്‍സിന്‍റെ അരങ്ങുകളിൽ ഊരകത്തുകാരന്‍ ഹമീദ് വാണിരുന്ന കാലം.
തൊട്ടാല്‍ പൊള്ളുന്ന ഷോട്ടുകളും എതിരാളികളെ ഇമവെട്ടിത്തുറക്കുന്നതിനുള്ളില്‍ വെട്ടിയൊഴിഞ്ഞ് ചീറ്റപ്പുലി പോലെ കുതിച്ച് കണങ്കാലുകള്‍ക്കിടയില്‍ കാല്‍പന്തിനെ ആവാഹിച്ച് വെച്ച് കാല്‍പെരുമാറ്റങ്ങള്‍ കൊണ്ടും മെയ്‌വഴക്കം കൊണ്ടും കാണികളുടെ കണ്ണുകളെ മൂപ്പര് ത്രസിപ്പിച്ചിരുന്ന ആ പ്രതാപകാലഘട്ടം.
ഹമീദ്ക്ക ഗ്രൗണ്ടിലുണ്ടെന്നറിഞ്ഞാല്‍ പിന്നെ കാണികള്‍ ആ ടീമാണ്. എത്ര താഴിട്ട് പൂട്ടിയ പ്രതിരോധ കോട്ടയായാലും അത്ര ചെറു ലാഘവത്തോടെയാണ് മൂപ്പരത് പൊളിച്ച് സ്കോറ് ചെയ്യാറ്.
ഡീ കോര്‍ട്ടര്‍ കടക്കാന്‍ ഇമ്മിണി പുളിക്കും എന്ന് കാരണവന്മാര് ചൂണ്ടിപ്പറയാറുള്ള സൂപ്പര്‍ അഷ്റഫ് എന്ന ബാവാക്കയെ പോലും മൂപ്പരുടെ കട്ടയായ വെളുമ്പന്‍ തുടകളും അവ്വണ്ണമുള്ള കൈകളും ഏതോ വശ്യ മാന്ത്രികതയുടെ കാണാ ഇന്ദ്രജാലം പോലെ കാഴ്ചക്കാരനാക്കി നിര്‍ത്തി കഴുകന്‍ മൊയ്തീന്‍ എന്ന തമ്പി മൊയ്തീന്റെ ഗോള്‍പോസ്റ്റിലേക്ക് സായിപ്പിന്‍റെ പീരങ്കി ചീറ്റുന്ന തീ പോലെ പന്ത് തൊടുത്ത് വിടുന്ന കാഴ്ചയെല്ലാം ഏത് കാണിക്കാണ് മറക്കാനാവുക...
അന്ന് അനൗണ്‍സര്‍ ലത്തീഫ്ക്കയാണ് ഹമീദ്ക്കാന്‍റെ കളിയെക്കുറിച്ച് കസര്‍ത്തി പറഞ്ഞിരുന്നത്.
ഹമീദ്ക്കാക്ക് മുമ്പോ പിന്‍പോ സെന്‍റര്‍ ഫോര്‍വേര്‍ഡ് എന്ന ആ പൊസിഷന്‍ അത്രയും മനോഹരമായി മറ്റാരെങ്കിലും കളിച്ചിട്ടുണ്ടോ എന്നെനിക്കറിയില്ല.
കളിക്കളത്തില്‍ പകരക്കാരനില്ലാത്ത ഒരു മായാജാലക്കാരനായി മൂപ്പരങ്ങനെ വാഴുന്നതിനിടയ്ക്കാണ് കളിക്കളത്തോടും കാല്‍പന്തിനോടും വിടപറഞ്ഞ് ഏതൊരു കാല്‍പന്ത് പ്രേമിയുടേയും ഹൃദയം തകര്‍ത്ത് മൂപ്പര് കടല് കടന്നത്.
കളിക്കളത്തില്‍ പന്ത് കൊണ്ട് കസര്‍ത്ത് കാട്ടി പൊടിപാറിച്ച് കളിക്കുന്ന ഹമീദ്ക്കാന്‍റെ കളി കാണുകയെന്നല്ലാതെ മൂപ്പരെ വീട്ടിലേ ദാരിദ്ര്യമോ കെട്ടിക്കാറായ രണ്ട് പെങ്ങമ്മാരേയോ ഒരു മഴ പാറ്റിയാല്‍ പോലും ചോര്‍ന്നൊലിക്കണ പൊളിയാറായ മൂപ്പരെ വീടോ ഒന്നും ആരും കണ്ടിരുന്നില്ല.
പ്രാരാബ്ധം പേറി കടല് കടന്ന മൂപ്പര് പിന്നെ നാടിനൊരു വിരുന്നുകാരന്‍ മാത്രമായി... പതിയെ പതിയെ മലപ്പുറത്തെ സെവന്‍സിന്‍റെ കളിയരങ്ങുകളും കളിക്കാരുമെല്ലാം മാറി മാറി വന്നു.പിന്നീടൊരിക്കലും ആ കാലുകള്‍ കാല്‍പന്തിനെ മുത്തിയില്ല,ആ കാലുകള്‍ ഏത് കളിക്കളത്തിലും കവിത രചിച്ചില്ല
എങ്കിലും എണ്ണം പറഞ്ഞ കൊലകൊമ്പന്മാരെപ്പോലും വിറപ്പിച്ച ഹമീദ്ക്കാന്‍റെ ആ സ്ഥാനം മറ്റാരാലും നികത്താന്‍ കഴിയാതെ അവിടെ ഒഴിഞ്ഞു തന്നെ കിടപ്പുണ്ട് ഇന്നും.....
.🙏🌹🌹🙏
ആത്മഗതം
ഷീബ ദിൽഷാദ്

വാനിനു സ്വന്തമീ പുലരികൾ
വിഹഗങ്ങളുമുദയാർക്കനും
മേഘശകലങ്ങളും മാഘചന്ദ്രനും
മുഴുകുന്നു ഞാനീ മുഗ്ധതയിലെങ്കിലും
ക്ഷണമാഴുന്നു സങ്കടവാരിധിയിൽ സദാ!!
ഉഴറുന്നു കയ്പുനീരിറ്റുവീണൊരീ
നീല മുന്തിരി നുണയുമ്പോൾ
മഞ്ഞിൻ കൂടാരമായുറയുന്നു
ഹൃദയത്തിൻ പൂക്കാലമൊക്കെയും
എന്തു ചൊല്ലേണ്ടൂ സ്വാതന്ത്ര്യമേ
വിളിച്ചുവെന്നോ, ശീതം
പൊതിഞ്ഞൊരീ പാഴ്മരത്തേയും
ഒന്നു വസന്തത്താൽ തളിർക്കുവാൻ
തുടിയ്ക്കുന്നു ചിത്തമെങ്കിലും
ഞെട്ടറ്റു വീഴുന്നു കഠിനകാലത്തിൻ
താഡനമേറ്റു വാടിപ്പോയൊരെൻ
വല്ലരികൾ,കടും പച്ചക്കാഴ്ചകൾ....
.🙏🌹🌹🙏
തിരുവെഴുത്തുകൾ
നരേന്ദ്രൻ.എ.എൻ

മൈതാനത്തിന്റെ വിശാലതയിൽനിന്ന്
അവർ അവന്റെ നേർക്കു വിരൽചൂണ്ടി.
ഒരാളല്ല,പലർ.ശതകോടികൾ...
സ്വർഗ്ഗത്തിൽ അപ്പോൾ മൗനം കനത്തു....
മൗനത്തിന്റെ അശാന്തതക്കുമേൽ
അവന്റെ ഇടിനാദം മുഴങ്ങി...
മേയ കൂൾപാ, മേയ കൂൾപാ,
മേയ മാക്സിമ കൂൾപാ...
വിശപ്പു കൊണ്ടുതിർന്നു മരിച്ചവർ,
അനീതിയിൽ നീർപ്പോളപോലെ വറ്റിപ്പോയവർ,
പരാജയത്തിന്റെ നിഴലിൽ നിന്ന്
ഉൻമാദത്തിന്റെ ഇരുട്ടിലേക്കു മടങ്ങിപ്പോയവർ,
അടുക്കി വക്കും തോറും തകർത്തെറിയപ്പെട്ട ബാബേലിന്റെ അസ്ഥിഖണ്ഡങ്ങൾ...
എന്റെ തെറ്റ്, എന്റെ തെറ്റ്,
എന്റെ വലിയ തെറ്റ്...
അവന്റെ കണ്ണീർ ഇരമ്പിയൊഴുകി.
അതു നരകത്തിലെ അഗ്നിയെ നനച്ചുകെടുത്തി.
സ്വർഗ്ഗത്തിന്റെ പാൽപ്പുഴയെ അശുദ്ധമാക്കി.
തകർന്ന നരകത്തിന്റെ ചുമരുകൾക്കിടയിലൂടെ അവർ പുറത്തേക്കിറക്കപ്പെട്ടു.
വിശപ്പു കൊണ്ടു മോഷ്ടിച്ചവർ,
ദാരിദ്യം കൊണ്ടു വ്യഭിചരിച്ചവർ,
നിവൃത്തികേടുകൊണ്ട് തൂങ്ങി മരിച്ചവർ...
തകർന്ന സ്വർഗ്ഗത്തിന്റെ ചുമരുകൾക്കിടയിലൂടെ അവർ
പുറത്തേക്കു വലിച്ചെറിയപ്പെട്ടു.
പ്രാർത്ഥനയുടെ മുഖം മൂടിക്കുള്ളിൽ ചെകുത്താനെ ഒളിച്ചു കടത്തിയവർ...
ഇനി പൊട്ടിക്കാൻ മുദ്രകളില്ല.
നിവൃത്തിയാവാൻ തിരുവെഴുത്തുകളും...
പ്രത്യാശയുടെ മഴവില്ലിനു താഴെ അവൻ
മനുഷ്യന്റെ നേരെ കൈനിട്ടി.
അവർ ഒരിക്കൽക്കൂടി ആർത്തുവിളിച്ചു.
ഹലേലൂയ്യ, ഹലേലൂയ്യ...
.🙏🌹🌹🙏

Comments