03-04-20

നവ സാഹിതിയിലേക്ക് എല്ലാ സഹൃദയർക്കും ഹൃദ്യമായ സ്വാഗതം..🙏🌹🌹🙏
*******************************

വീട്
വിനോദ് കെ ടി
മറന്നു വെച്ച
മനസ്സെടുക്കാൻ
വീട്ടിലേക്ക്
കടക്കുമ്പോൾ കാണുക
പഴയ സുഹൃത്തിന്റെ
വിവാഹക്ഷണപത്രത്തിന്റെ കൂടെ
ഇറയത്ത് തിരുകി വെച്ച
നിലയിലാകും.
അല്ലെങ്കിൽ
ഓർമ്മപ്പായൽ പിടിച്ച
ഓട് നടുമുറ്റത്തേക്കുന്തിയിട്ട
ചാറ്റൽ മഴ
വരമ്പിനോട് പരിഭവം
പറയുന്നിടത്താവും.
മറ്റു ചിലപ്പോൾ
ഉണ്ണിക്കളിപ്പാട്ടത്തിന്റെ
പൊട്ടിയ ചക്രത്തിന്റെയോ
പമ്പരത്തിന്റെയോ
കൂടെക്കിടപ്പാകും.
ചിലപ്പോൾ
കാറ്റിനോടൊപ്പം
ഈറൻ മുടിയിഴകൾ
തഴുകി മാറ്റി
അവളുടെ പിൻകഴുത്തിൽ
ഉമ്മ വയ്ക്കുന്നിടത്താവും.

എന്തായാലും
വീണുകിടന്നാലും
ഉരുണ്ടു പോകാനായി
ആരും ചവിട്ടാതെ
വക്കിലമർത്തി
കാലു നോവുമെന്നു പേടിച്ചാരും
പുറത്തേക്കെറിയാതെ
മനസ്സിനെ മറന്നു വെയ്ക്കാൻ
വീടല്ലാതെ, ഏതിടമുണ്ട്
നിന്റെ  ഓർമ്മയിൽ?
*******************************

പുതിയ പര്യായങ്ങൾ
ഷീജ
കൊഴിഞ്ഞു വീഴുന്നുണ്ട്
ഓരോ ദിനവും
കണ്ണുകൾ തിരുമ്മി
എഴുന്നേൽക്കുമ്പോൾ കാണാം
ഉഗ്രശാസനയുടെ ചൂട്
ഉച്ചിയിൽത്തന്നെ....
അടുക്കളയിൽ
പിണങ്ങിയിരിക്കുന്ന
ചായപാത്രം
ഇന്നും വൈകി അല്ലേ
എന്നു കലമ്പുന്ന അരിയും
പല വ്യഞ്ജനങ്ങളും...
ചിരിയമർത്തുന്ന ഉമ്മറ വാതിൽ
വിരൽസ്പർശം
കാത്തു കിടക്കുന്ന
വർത്തമാന പത്രം ...
ഒരു മൂളലോടെ
ഇരുത്തി നോക്കുന്ന
ചാരുകസേര...
ചെടികൾ തലയാട്ടി
വിളിക്കുന്നുണ്ട്.
പൂക്കൾക്കാണെങ്കിൽ
കള്ളപ്പുഞ്ചിരി...
തൽക്കാലത്തേയ്ക്ക്
രക്ഷപ്പെട്ടെന്ന ഭാവം
പൂമ്പാറ്റകൾക്ക് ....
വാടകക്കാർ ഇട്ടിട്ടുപോയ
അമ്മിണിയും ജിമ്മിയും
വാലാട്ടി നിൽക്കുന്നുണ്ട്. ....
നീയിന്നും എന്നെ തൊടില്ലെന്ന
പരിഭവം പറഞ്ഞിരിക്കുന്നു
സൂസന്നയുടെ ഗ്രന്ഥപ്പുരയും
രണ്ടു സ്ത്രീകളുടെ കഥയും ....
താളം തെറ്റിയ ചിട്ടകളോടെ
യൊരവധിക്കാലം...
തിരിച്ചുപിടിക്കാനാവാതെ
പോകുന്നുണ്ട്
കാലം
മടിയുടെ പുതിയ പര്യായങ്ങൾ തേടി ഞാനും...
*******************************

മറവിയുടെ മറവിയിലേക്ക് മാഞ്ഞു പോകുന്നവൾ
സി.പി. അനിൽ കുമാർ
ഓരോ തീവണ്ടിയും വന്ന് പോവുമ്പോഴും ജനം പ്ലാറ്റ്ഫോമിൽ ഒഴുകിപ്പരന്ന് അപ്രത്യക്ഷമാവുകയും പിന്നെയും അവിടം നിറയുകയും ചെയ്തു. നീണ്ടു നീണ്ടു പോകുന്ന കാത്തിരിപ്പിന്റെ മുഷിപ്പിൽ നിന്നും മനസ്സും കണ്ണും തിരക്കിൽ അലിഞ്ഞു തീരാത്ത മുഖങ്ങളിൽ വെറുതെ അലഞ്ഞു നടന്നു. രണ്ട് സ്ത്രീകൾ മുന്നിൽ വന്ന് നിന്നപ്പോഴാണ് കണ്ടത്. ദൈവമേ, ഇനിയൊരിക്കലും കാണില്ലെന്നു കരുതിയവർ ഒന്ന്, വിളറി ശോഷിച്ച ഉമയുടെ കണ്ണുകളിൽ ചത്ത നക്ഷത്രങ്ങൾ.എന്നിട്ടും എന്നിട്ടുമിപ്പോഴും എന്റെ ഹൃദയം തൊണ്ടയിലേക്കു കയറി വരുന്നു. പക്ഷേ അവൾ അപരിചിതനെ എന്ന പോലെ നോക്കി നിൽക്കുക മാത്രം ചെയ്തു. ഹൃദയം കഠിനമായ വേദനയിൽ വിറങ്ങലിച്ചു. അസ്വസ്ഥതയും നിസ്സഹായതയും എഴുന്നേറ്റ് നിൽക്കാനാവാത്ത വിധം എന്റെ കാലുകളെ ദുർബലമാക്കി. വരണ്ടുണങ്ങുന്ന തൊണ്ടയിൽ നിന്നും വാക്കുകൾ എങ്ങിനെയോ പുറത്തേക്കു വീണു, ഉമ എന്നെ ഓർക്കുന്നു പോലുമില്ലേ ? മിന്നിത്തെളിയുന്ന ചുവന്ന അക്ഷരങ്ങളിൽ ശ്രദ്ധിച്ചു നിൽക്കുന്ന ഉമയുടെ തോളിൽപ്പിടിച്ച് അനിത പറഞ്ഞു.
" നിന്നെ ഓർമിക്കാതിരിക്കാനാവും രവീ അവൾ എല്ലാ ഓർമകളെയും മായ്ച്ചുകളഞ്ഞത്.അതോ, മറക്കാതിരിക്കാനോ ?"
മറവിയുടെ മറവിയിലേക്ക് മാഞ്ഞു പോകുന്ന വളെ നോക്കി നിൽക്കേ എന്റെ ഓർമകളിൽ കനലും കണ്ണീരും നിറഞ്ഞു. ഫെയ്സ്ബുക്ക് ഗ്രൂപ്പിലെ സാഹിത്യ ചർച്ചകൾക്കിടയിലാണ് ഉമയെ പരിചയപ്പെടുന്നത്. വഴക്കുകളുടെയും വെല്ലുവിളികളുടെയും ഇടയിൽ യുക്തിബോധത്തോടെ സംസാരിക്കുന്ന പെണ്ണിനെ ശ്രദ്ധിച്ചു. ഓരോ വിഷയങ്ങളിലുമുള്ള അറിവും അവതരിപ്പിക്കുന്ന രീതിയുമൊക്കെ അവളോട് ഒരാദരവ് എപ്പോഴോ മനസ്സിലുണ്ടാക്കിയിരുന്നു. പിന്നെ സൗഹൃദം ഫോൺ കോളുകളായി മാറിയപ്പോഴാണ് പരസ്പരം കൂടുതൽ അറിഞ്ഞത്. വേറിട്ട ചിന്താഗതികൾക്കും ജീവിത സമീപനങ്ങൾക്കുമിടയിലും എവിടെയൊക്കെയോ സമാനതകൾ. ഒറ്റപ്പെടലിന്റെ ഇരുളിൽ,പുസ്തകങ്ങളുടെ വെളിച്ചത്തിൽ സ്വയം മറക്കുന്നവൾ. മറ്റുള്ളവർക്കു വേണ്ടി ജീവിച്ച് സ്വയം ജീവിക്കാനായി മറന്നു പോയവൾ. കഥയുടെയും കവിതയുടെയും വരികൾക്കിടയിൽ മുറിഞ്ഞു പോയ ജീവിത സ്വപ്നങ്ങൾക്ക് വർണക്കാഴ്ച നൽകാൻ ശ്രമിക്കുന്നവർ. മരണത്തിന്റെ തണുത്ത കരങ്ങളെ എപ്പോഴൊക്കെയോ എത്തിപ്പിടിക്കാൻ ശ്രമിച്ചവർ. പുലരുവോളം കഥ പറഞ്ഞിരുന്ന രാവുകൾ. കാണാൻ മറന്ന സ്വപ്നങ്ങൾ. കാണാനുള്ള സ്വപ്നങ്ങളൊക്കെ കഥകളായി, കവിതകളായി പെയ്തൊഴിഞ്ഞ പകലുകൾ. ഒടുവിൽ ഏത് ദുഃഖത്തിലും പരസ്പരം കൂട്ടായി എന്നുമുണ്ടാകും എന്ന് തിരിച്ചറിഞ്ഞപ്പോഴേക്കും രണ്ട് ഭൂഖണ്ഡങ്ങൾക്കിടയിൽ മുങ്ങിമരിച്ചത് രണ്ടു വർഷങ്ങൾ. ജീവിതം കൈവിട്ടു പോകാതിരിക്കാൻ എല്ലാവരിൽ നിന്നും എല്ലാറ്റിൽ നിന്നും അകന്ന് ഒരു യാത്ര ഒഴിവാക്കാനാവില്ല എന്ന് തോന്നിയപ്പോഴാണ് അവളോട് ചോദിച്ചത് : "നീ വരുന്നോ എന്നോടൊപ്പം ഒരു യാത്രയ്ക്ക് ?"
അവൾക്കും രണ്ടാമതൊന്ന് ആലോചിക്കാനുണ്ടായിരുന്നില്ല.
" ഞാൻ വരാം രവീ, എനിക്കുമൊരു യാത്ര ആവശ്യമാണ് ....പക്ഷേ നീയെനിക്കൊരു ഉറപ്പു തരണം.എന്നോ ഉപേക്ഷിച്ചു കഴിഞ്ഞ എഴുത്ത് നീ അവിടെ വെച്ച് തുടങ്ങണം"
"നീ കൂടെയുള്ളപ്പോൾ ഒരു പക്ഷേ എനിക്ക് കഴിയുമായിരിക്കും."
വർഷം മുഴുവൻ മഴ പെയ്യുന്ന ആ മഴക്കാട്ടിലേക്കുള്ള യാത്ര പലപ്പോഴും മാറ്റിവെച്ച ഒരു സ്വപ്നമായിരുന്നു.
മഴക്കാടിനു നടുവിലെ റിസോർട്ടിൽ അവളെ നെഞ്ചോട് ചേർക്കുമ്പോൾ മലമടക്കുകൾക്കിടയിൽ ഒളിച്ചിരുന്ന കാറ്റ് ജനാല വിരികൾക്കിടയിലൂടെ അകത്തേക്ക് കടക്കാൻ ശ്രമിച്ചു കൊണ്ടേയിരുന്നു. മരച്ചില്ലകൾക്കിടയിൽ ചീവീടുകൾ എപ്പോഴും ചിലച്ചു കൊണ്ടേയിരുന്നു.പുറത്ത് ഇരമ്പിയാർക്കുന്ന മഴയിൽ അകത്ത് ഞങ്ങളും പെയ്ത് നിറഞ്ഞു.
പിന്നെ ലോകം രണ്ടു പേരിലേക്കും മാത്രം ഒതുങ്ങിപ്പോയ ദിവസങ്ങൾ, വർഷങ്ങളുടെ ജീവിതം തന്ന കരിപ്പാടുകൾ അവിടത്തെ മഴക്കാറ്റിലലിഞ്ഞു പോയി. മടങ്ങിപ്പോരുമ്പോൾ മഴക്കാടിനു നടുവിലെ റോഡിലൂടെ ടാക്സിയിൽ നെഞ്ചിൽ ചാരിയിരുന്ന് അവൾ പറഞ്ഞു: "രവീ, നീ എഴുതണം. ഇവിടത്തെ ചീവീടുകളും ഇലഞ്ഞി പൂമണമുള്ള രാവുകളും നിന്നെ എഴുതിപ്പിക്കും. എനിക്കുറപ്പുണ്ട്."
പിന്നീട് അവളുടെ ഫോൺ കോളുകൾ കുറഞ്ഞു വന്നു.മെയിലുകൾ അപൂർവ്വമായി. ഫോൺ വിളികൾ അവൾ ഒഴിവാക്കാൻ തുടങ്ങി.
"നിനക്കെന്തുപറ്റി?" എന്ന ചോദ്യത്തിന് അവൾ പുഞ്ചിരിക്കുക മാത്രം ചെയ്തു. പിന്നെ അടുത്ത അവധിക്കാലത്താണ് അവളോട് ചോദിച്ചത്. ഇത്ര അടുത്തുണ്ടായിട്ടും നീയെന്താണ് ഇങ്ങിനെ പെരുമാറുന്നത്?
അവൾ ഉറക്കെച്ചിരിച്ചു.
"രവീ, പ്രവാസിയുടെ ഉത്സവക്കാലങ്ങളല്ലേ അവധിക്കാലം, അതിൽ ഞാനൊരു അലോസരമാകുന്നില്ല. ഇതൊക്കെക്കഴിഞ്ഞ് നിന്റെ ഒറ്റ മുറിയിൽ നീ വീണ്ടും തനിച്ചാവില്ലേ അപ്പോൾ നിന്റെ ഏകാന്തതകൾക്ക് കൂട്ടിരിക്കാൻ ഞാൻ വരാം..
അവധി തീരുന്നതിന് രണ്ട് ദിവസം മുമ്പാണ് അവൾ വീണ്ടും വിളിച്ചത്
"രവീ, എനിക്ക് നിന്നെ അത്യാവശ്യമായി ഒന്ന് കാണണം. നാളെ അതു വഴി പോകുന്ന ട്രെയിനിൽ ഞാൻ വരുന്നുണ്ട്. നീ റെയിൽവ്വേ സ്റ്റേഷനിൽ വരണം
ട്രെയിൻ ഇറങ്ങി വന്ന ഉമ ആകെ മാറിയിരുന്നു. ക്ഷീണിച്ച് കണ്ണുകളൊക്കെ കുഴിഞ്ഞ് ..
സിമന്റു ബെഞ്ചിൽ അടുത്തിരുന്ന് ഉമ പറഞ്ഞു: "രവീ, എനിക്കെന്തൊക്കെയോ സംഭവിക്കുന്നു... മറവി വല്ലാതെ ബാധിയ്ക്കുന്നു. ചെയ്തു തീർക്കാൻ ഒരുപാടുണ്ട്. "കളിചിരികളൊക്കെ മാറ്റി വെച്ച് ഇനിയുള്ള കാര്യങ്ങൾക്കായി ജീവിതത്തിന് ഞാനൊരു ഷെഡ്യൂളുണ്ടാക്കുകയാണ്.കുറേ സീരിയസാകാനാണിനി തീരുമാനം. അതിനിടയിൽ നിനയ്ക്കായ് മാറ്റി വെക്കാൻ എനിക്കിനി സമയമുണ്ടാകുമോ എന്നറിയില്ല. നീ ക്ഷമിയ്ക്കണം ...
ട്രെയിൻ വിടാനുള്ള അറിയിപ്പ് മുഴങ്ങി.. പകച്ച് ഒന്നും മിണ്ടാനാകാതെ ഇരുന്ന എന്റെ കൈപിടിച്ച് അവൾ പറഞ്ഞു.
'രവീ, ഇനിയൊരു കൂടിക്കാഴ്ച ഉണ്ടായി എന്നു വരില്ല'
അകന്നു പോകുന്ന ട്രെയിനിനു പിന്നിലെ ഗുണന ചിഹ്നം.പിന്നെ ഉമയുടെ ഫോൺ കോളുകളും മെയിലുകളും അവസാനിച്ചു. വേണ്ടെന്നു വെച്ചു പോയവൾ മെല്ലെ ഓർമയുടെ പിന്നാമ്പുറങ്ങളിൽ സ്ഥാനം പിടിച്ചു.
"രവീ, ട്രെയിൻ വരാറായി എന്ന് തോന്നുന്നു."
അനിതയുടെ ശബ്ദമാണ് ഓർമകളിൽ നിന്ന് ഉണർത്തിയത്.
മെല്ലെ ഉമയുടെ അടുത്തേക്ക് ചെന്നു. അവളുടെ വരണ്ട കണ്ണുകൾ ദൂരെ എവിടെയോ തറച്ചു നിൽക്കുന്നു. അനിതയിൽ നിന്നും ഉമയുടെ വീൽച്ചെയറിന്റെ ഹാന്റിൽ കയ്യിൽ വാങ്ങി. അനിത ഉമയുടെ മറഞ്ഞു പോയ ഓർമകൾക്ക് കൂട്ടായി ഇനി ഞാനുമുണ്ടാകും. എന്നും.
വീൽ ചെയറിൽ ഉമയുമായി പുറത്തേക്ക് നടക്കുമ്പോൾ ഓർത്തു.. ഇത്രത്തോളം പരസ്പരം മനസ്സിലാക്കിയവരായിരുന്നിട്ടും എന്തിനാണ് ഉമേ നിന്റെ ഓർമകളിൽ നിന്നു പോലും എന്നെ പറഞ്ഞയച്ചത് ??
*******************************

ജാലക കാഴ്ചകൾ
ശ്രീലാ അനിൽ

എന്റെ ജാലകങ്ങൾ ഇത്ര വിശാലമായി തുറക്കാൻ കഴിയുമെന്ന് ഞാനറിഞ്ഞത് വാതിലുകൾ കൊട്ടിയടയ്ക്കപ്പെട്ടപ്പോഴാണ്
വീട്ടകത്ത് ഇത്രയേറെ അറകൾ തുറക്കപ്പെടുന്നില്ലെന്ന്
ഇവിടെ ഞാനറിയാത്ത ഇടങ്ങൾ ധാരാളം
ഉണ്ടെന്നും അറിഞ്ഞതും ഇപ്പോഴാണ്
ജാലകം കാട്ടിത്തരുന്ന ആകാശത്തിന്
ഇത്രയേറെ കാണാക്കാഴ്ചകളെ ഉള്ളിൽ നിറയ്ക്കാനാവുമെന്നറിയുന്നുമുണ്ടിപ്പോൾ

ഒറ്റക്കിളി ഊയലാടുന്ന തുഞ്ചാണിയറ്റം

ഇടയ്ക്കിടെ കുണുങ്ങിയിളകുന്ന മാവിലകൾ

ഞങ്ങളിവിടെ കുറെ കായായി നീളുന്നുവെന്ന് പറയുന്ന മുരിങ്ങപ്പൂവ്

പൂത്തു കെട്ടോ ഇനി മുള്ളു പഴമായ് ചുവക്കാമെന്ന് റെമ്പുട്ടാൻ

ഇടയ്ക്കിടെ ഞാൻ ഇവിടെ വരാറുണ്ടെന്നൊരണ്ണാറക്കണ്ണൻ
ഒന്നു കാതോർത്താൽ
എത്രയെത്ര ശബ്ദ ജാലങ്ങൾ
കാണാതെ പോയ എത്ര പക്ഷിക്കൂട്ടങ്ങൾ

ആകാശ മേഘങ്ങൾക്കിത്ര ഭംഗിയോ
നിറങ്ങളുടെ പൂരക്കാഴ്ച

ആകാശത്തേക്കു തുറക്കുന്ന
ഒരു കിളിവാതിലുണ്ടെങ്കിൽ ജീവിതത്തെ പൂട്ടാൻ ആർക്കാവും?
*******************************

ചെരുപ്പ്
മുബീന വിളത്തൂർ

മായാതെ, മറയാതെ ഇന്നും മനസ്സിൽ തെളിയുന്നൊരു നൊമ്പരം.
എന്റെ ചെറുപ്പത്തിൽ എല്ലാവരും ചെരുപ്പിട്ട് നടക്കുന്നത് കാണുമ്പോൾ എനിക്കും അതുപോലെ ഒരു ചെരുപ്പ് ഇടാനൊരു ആഗ്രഹം തോന്നി. ഞാൻ ഉമ്മയോട് ചോദിച്ചു.
"ഉമ്മാ, എല്ലാവർക്കുമുണ്ട് ചെരുപ്പ്, എനിക്ക് മാത്രമില്ല. എനിക്കും വേണം, വാങ്ങിത്തരോ ?"
പൊന്നു മോളുടെ ചോദ്യം കൂർത്ത മുനയുള്ള അമ്പായി തുളഞ്ഞു കയറി നെഞ്ച് പിളർന്നു. ഉമ്മയുടെ കണ്ണ് നിറഞ്ഞു. അതെല്ലാം മറച്ചുവെച്ചുകൊണ്ട് ഉമ്മ ചോദിച്ചു:
"എന്റെ തങ്കക്കുടത്തിന് ചെരുപ്പിട്ട് നടക്കാൻ കഴിയില്ലല്ലോ. പിന്നെ എന്തിനാണ് വെറുതെ ??!!"
'നടക്കാനല്ലുമ്മാ, കാലിൽ ഇട്ടിരിക്കാനാണ്'
 എന്റെ ആഗ്രഹം ഉമ്മാന്റെ ഉള്ള് തകർക്കുകയായിരുന്നുവെന്ന് അറിയില്ലായിരുന്നെനിക്ക്.ദിവസം കഴിയുന്തോറും എന്റെ ആവശ്യം ഉമ്മയെ ശല്യപ്പെടുത്തിക്കൊണ്ടേയിരുന്നു
ചെരുപ്പ്, ചെരുപ്പ് എന്ന പറച്ചിൽ വാശി പിടിച്ചുള്ള കരച്ചിലായി മാറിയപ്പോൾ മാറോട് ചേർത്തുപിടിച്ചു കൊണ്ട് ഉമ്മ പറഞ്ഞു.
'മോളേ,കരയണ്ട ട്ടോ. ഉമ്മ വാങ്ങിത്തരാം. നിന്റെ വയ്യാത്ത കുഞ്ഞിക്കാലിൽ ചെരുപ്പിട്ടിരിക്കുന്നത് കാണുമ്പോൾ ഈ ഉമ്മാക്ക് സങ്കടം സഹിക്കാൻ പറ്റില്ല. അതുകൊണ്ടാ'
'സാരമില്ല, ഉമ്മാന്റെ കുട്ടിക്ക് അങ്ങനെയൊരു പൂതിയുണ്ടെങ്കിൽ നടത്തിത്തരാലോ'
അന്നൊന്നും ഉമ്മ പറയുന്ന സങ്കടമെന്താണെന്ന് മനസ്സിലായിരുന്നില്ല.പിന്നെ കാലം ഒരു പാട് കഴിയേണ്ടി വന്നു എന്റെ കാലിന് ചെരുപ്പ് ചേരില്ല എന്നറിയാൻ. എന്റെയാ കുഞ്ഞു മോഹം സഫലമാക്കിക്കൊണ്ട് ഉമ്മ വാങ്ങിത്തന്നു ഒരു നീല വള്ളിച്ചെരുപ്പ്.
അത് കിട്ടിയപ്പോൾ എനിക്കുണ്ടായൊരു പൊലിവ് പറയാനോ എഴുതാനോ കഴിയില്ല. അത്രയ്ക്കും വലുതായിരുന്നു.
കുട്ടികൾക്ക് എത്ര ചെറിയ കളിപ്പാട്ടമാണ് കിട്ടുന്നതെങ്കിലും അവർക്കതൊരു വലിയ സംഭവമായിരിക്കുമല്ലോ..
അതുപോലെ എനിക്കും ഓർമ്മ വെച്ചതിനു ശേഷം ഒരിക്കൽ പോലും കിട്ടാത്തൊരു വസ്തു ആയപ്പോൾ അതിന് മധുരം ഇരട്ടിയായി എന്ന് മാത്രം,
അന്ന്,ആദ്യമായിട്ടും അവസാനമായിട്ടും ഞാൻ പാദങ്ങളിൽ ചെരുപ്പണിഞ്ഞു. തുള്ളിച്ചാടി ഈ ലോകത്തെ മുഴുവൻ കാണിക്കാനുളള കൊതിയുണ്ടായിരുന്നു. അങ്ങിനെ പറ്റിയില്ലെങ്കിലും കൺമുന്നിലൂടെ പോകുന്നവരെയൊക്കെ വിളിച്ചു വരുത്തി കാണിച്ചു കൊടുക്കുമായിരുന്നു. ഊണിലും ഉറക്കത്തിലും എന്ന് പറയുന്നതുപോലെ അഴിച്ചു വെക്കാതെ സദാ സമയം പെരുപ്പ് കാലിൽ തന്നെയായി.സദാസമയവും അതിന്റെ വലുപ്പവും ചെറുപ്പവും നിറവും നോക്കി എന്റെ ശ്രദ്ധ മുഴുവനും അതിൽ മാത്രമായിരുന്നു.
പക്ഷേ, എത്ര ശ്രമിച്ചിട്ടും ചെരുപ്പിട്ട കാലുകളെ ഒരുമിച്ചൊന്നു പിടിക്കാൻ പോലും പറ്റുന്നില്ലല്ലോ എന്ന് തോന്നിയപ്പോൾ ചെരുപ്പൂരി അലമാരയ്ക്കുള്ളിൽ നിധിപോലെ കാത്തുസൂക്ഷിച്ചു.
ഇപ്പോ അതെവിടെയാണെന്നറിയില്ല. എന്നാലും ഇപ്പോഴും എല്ലാം ഓർമ്മയിൽ തെളിയുന്നു.
എന്താണെന്നറിയില്ല, ഇത് എഴുതിക്കഴിഞ്ഞപ്പോഴേക്കും കണ്ണിൽ വെള്ളം പൊടിഞ്ഞതു പോലെ
അല്ലെങ്കിലും ചവിട്ടാതെ എനിക്കെന്തിനാ ചെരുപ്പ് ??!!
*******************************

കിഴക്കും പടിഞ്ഞാറുമില്ലാത്ത വീട്
രമണൻ ഞാങ്ങാട്ടിരി

കുന്നിറങ്ങി വരും വളഞ്ഞ വഴിക്കരയിൽ
കുഞ്ഞു കുഞ്ഞു വീടുകൾക്കിടയിൽ
കിഴക്കും പടിഞ്ഞാറുമില്ലാതെ
തണുപ്പും ചൂടു മില്ലാതെ
പതിഞ്ഞ ശ്വാസത്തിൽ
എന്നെത്തന്നെ നോക്കി
എന്റെ വീട്.

ആരാരും വരാനും പോകാനുമില്ലെന്ന്
ഓരോന്നാലോചിച്ചാലോചിച്ച്
ഒരെത്തും പിടിയുമില്ലെന്ന്
വല്ലാത്ത കാലമായിപ്പോയെന്ന്
തേങ്ങിത്തേങ്ങി തുറന്നടഞ്ഞ
വാതിലുകൾ
ജനാലകൾ...

വിശേഷങ്ങളൊന്നും
മിണ്ടിപ്പറയാത്തതെന്തെന്ന്
മധുരമില്ലാത്ത കാപ്പിക്കൊപ്പം
നന്നേ അരികിലല്ലാതവൾ.

ഇനിയെങ്ങും പോകേണ്ടെന്ന്
കരഞ്ഞ് കെട്ടിപ്പിടിക്കും പോലെ
എന്റെ കട്ടിൽ
കിടക്ക
എഴുത്തു മേശ
പഴയ പുസ്തകങ്ങൾ.

അങ്ങാടിയിലേക്കൊന്നിറങ്ങിയാലോയെന്ന്
അവളെന്നോ
ഇസ്തിരിയിട്ടു തൂക്കിയ
എന്റെ വരയൻ ഷർട്ട്.

കണ്ണാടി നോക്കുന്നില്ലേയെന്ന്
അവളെന്നോ അടയ്ക്കാൻ മറന്നു വെച്ച
പൗഡർ കുപ്പി .

ഇരിക്കുന്നില്ലേയെന്ന്
ഇരിപ്പുറയ്ക്കാതെ
മരക്കസേര !

ഇരുട്ടു വീണതും
ഇറയത്തു തന്നെ,വിളക്കും നീട്ടി
ആരെയൊക്കെയോ കാത്തിരിക്കും പോലെ
കുഞ്ഞു കുഞ്ഞു വീടുകളൊക്കെയും.
*******************************

ക്വാറന്റീൻ 2020
മുനീർ അഗ്രഗാമി

എത്ര തിരക്കുള്ള
മനുഷ്യനായിരുന്നു
വീട് പോലും അയാളെ മറന്നിരുന്നു.
പാതയോരത്ത് നിൽക്കുന്ന
മരങ്ങൾക്ക്
വേഗത്തിൽ പോകുന്ന
അയാളെ
ശരിക്കും പിടികിട്ടിയിരുന്നില്ല.

ജനിച്ചു വളർന്ന നാട്
അയാളെ കാണാൻ
മരിക്കും മുമ്പ്
അയാളുടെ അമ്മ
കാത്തിരുന്ന പോലെ
മരിക്കാതെ
അയാൾ വന്നിറങ്ങുന്നത്
നോക്കി നിന്നിരുന്നു..

അയാൾ വന്നോ വന്നോ എന്ന്
ചിതലുകളും എട്ടുകാലികളും
അച്ഛന്റെ ഫോട്ടോയുടെ
മുന്നിലും പിന്നിലും നിന്ന്
എത്രയോ നാൾ
തമ്മിൽ സംസാരിച്ചിരുന്നു.

പറക്കുമ്പോൾ
അയാളൊന്നിറങ്ങിയതാണ്
ആളുകൾ അയാളെ
പിടിച്ചു വീട്ടിൽ കൊണ്ടുവന്നു
ആരും അയാളോട്
പുറത്തേക്ക് വരാൻ പറയുന്നില്ല.
ആരും അയാളെ
കാണാൻ വരുന്നില്ല
മിണ്ടാനുള്ളവരെല്ലാം
അയാളോട് മിണ്ടിയതായി
സങ്കല്പിച്ചു.

വീട് ഇപ്പോൾ
അയാളെത്തന്നെ ശരിക്ക്
കാണുകയാണ്
ഒരു ഏകകോശ ജീവി
അയാളുടെ ഉള്ളിൽ നിന്ന്
തിരക്ക് കൂട്ടുന്നുണ്ട്.

എത്ര എളുപ്പമാണ്
കാര്യങ്ങൾ കീഴ്മേൽ മറിയുന്നത്.

വീട് വെറുതെ ഓരോന്ന്
ചിന്തിച്ച് ഉറങ്ങിപ്പോയി
അയാൾ ഉറങ്ങാതെ
വീടിനകത്ത്
ഒരേകകോശ ജീവിയെപ്പോലെ
അസ്വസ്ഥനായി.
അസ്വസ്ഥത
ഓരോ കോശത്തിലും
പെരുകിക്കൊണ്ടിരിക്കുന്നു.
*******************************

ഇതാണ് ഞാൻ എന്ന പതിവു പംക്തി അതിന്റെ അവസാന ഭാഗങ്ങളിലേക്ക് പ്രവേശിക്കുകയാണ്... ആത്മായനത്തിന്റെ എഴുത്തുകാരി അതിന്റെ പണിപ്പുരയിലാണ്.നമുക്ക് പ്രതീക്ഷയോടെ കാത്തിരിക്കാം..

Comments